2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

സി.പി.എമ്മിന്റെ ദളിതുപീഢനം !

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ....അങ്ങനെ ഒട്ടേറെ മഹത്വ്യക്തികള്‍ നടത്തിയ സാമുദായിക നവോത്ഥാനപരിശ്രമങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും, ഹൈന്ദവമൂല്യവാദിയായ സ്വാ‍മിവിവേകാനന്ദന്‍ പോലും
ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ, ഭ്രാന്തില്‍ നിന്നും ഒരു
പരിധിവരെ മോചിപ്പിക്കാന്‍ സാധിച്ചു. ജാതിചിന്ത മനസ്സില്‍ നിന്നും ഒഴിഞ്ഞു പോയില്ലെങ്കിലും ‘പീഢനകലക’ളായ തൊട്ടുകൂടായ്മ, ഭ്രഷ്ട്, തീണ്ടല്‍, ശാരീരികപീഢനം തുടങ്ങിയവയൊക്കെ അവസാനിപ്പിക്കാനും ബാഹ്യതലത്തില്‍ മാനവിക മൂല്യങ്ങളെ  മാനിച്ചു കൊണ്ട് ജീവിക്കുവാന്‍
വിമ്മിഷ്ടത്തോടെയെങ്കിലും മലയാളി തയ്യാറായി. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇന്നും ഇക്കാര്യത്തില്‍ കാര്യമായി മുന്നേറാനാട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ രൂപം കൊള്ളാനും അവരുടെ സന്ദേശം സമൂഹം ഉള്‍ക്കൊള്ളുവാനും
കാരണം സാമൂഹികവും സാംസ്ക്കാരികവുമായ ഈ ഉണര്‍വാണ്. ആത്മീയവും സാംസ്ക്കാരികവുമായ ഈ മുന്നേറ്റത്തെ എറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയത് കമ്മ്യൂണിസ്റ്റ് കക്ഷികളാണെന്നാണ് വെയ്പ്പ്.(വിപ്ലവകരമായ ഒരു സാമൂഹിക നവോത്ഥാനം ഇവിടെ നടന്നിട്ടില്ല എന്നത് വാസ്തവം)

നമ്മുടെ അയല്‍ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ജാതി പീഢനം പ്രത്യേകിച്ച് ദളിതര്‍ക്കു നേരെയുള്ള ക്രൂതകള്‍ അവിരാമം
മുന്നേറിക്കോണ്ടിരിക്കുന്നു. അവിടെ, പ്രമുഖ കമ്മ്യൂണിസ്റ്റ് കക്ഷിയായ CPM, ദളിതരേയും സവര്‍ണ്ണരേയും വേര്‍തിരിച്ചു കൊണ്ട് സവര്‍ണ്ണര്‍ കെട്ടിയുയര്‍ത്തിയ അയിത്ത മതില്‍ രണ്ടിടത്തു പൊളിച്ചതായി നാമറിഞ്ഞു എന്നാല്‍ ഈ കാര്യം മുഖ്യധാരാ മാധ്യമങ്ങളൊന്നും കൊട്ടിഘോഷിച്ചുമില്ല. CPM വിരുദ്ധമായ മാധ്യമ സിന്‍ഡിക്കേറ്റായിരിക്കാം അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തമസ്ക്കരിക്കുന്നത്. ഈ വലിയ കാര്യത്തെ   മുന്‍നിറുത്തിക്കൊണ്ട്, ‘ജനജാഗ്രത’യെന്ന പ്രോ-സി. പി. എം ബ്ലോഗില്‍ പോസ്റ്റു വരികയും പ്രമുഖ CPM ബ്ലോഗറന്മാരും അനുഭാവികളും, CPM സവര്‍ണ്ണാഭിമുഖ്യമുള്ള പാര്‍ട്ടിയാണെന്ന ദളിതു-പിന്നോക്ക വിമര്‍ശനങ്ങളെയും മുന്‍വിധികളെയും,
വ്യംഗ്യമായി ചില ന്യൂനോക്തികളുപയോഗിച്ച് തോണ്ടിക്കൊണ്ട് കമന്റുകളുമിട്ടിരുന്നു. അതെ, CPM, ദളിതര്‍ക്കും ആദിവാസികള്‍ക്കും  വേണ്ടി ചെയ്യുന്ന ആത്മാര്‍ത്ഥമായ കാര്യങ്ങള്‍, അവര്‍ തിരിച്ചറിയുന്നില്ലെങ്കില്‍ ആര്‍ക്കാണു ദേഷ്യം വരാത്തത് !

പക്ഷെ വളരെ പഴക്കമുള്ള, CPM നുമേലുള്ള ഈ ആരോപണം അസ്ഥാനത്തൊന്നുമല്ലെന്ന്, കേരളത്തില്‍ അവര്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. തമിഴ്നാട്ടില്‍ കാണിക്കുന്നത് പാര്‍ട്ടി വളര്‍ത്താനുള്ള ചില ഗിമ്മിക്കുകള്‍ മാത്രമാണ്. ദളിതരും പിന്നോക്കരും ഉള്‍പ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗത്തെ കൈയിലെടുത്ത്, പാര്‍ട്ടി വളര്‍ന്നു കഴിഞ്ഞാല്‍, അവരെ വിറകുവെട്ടികളും വെള്ളം കോരികളുമാക്കി നിലനിര്‍ത്തുക എന്ന തന്ത്രം തന്നെയാണ് അവര്‍ ഇവിടുത്തെയും പോലെ അവിടെയും പ്രയോഗിക്കുവാന്‍ പോകുന്നത്.  സി പി എം സവര്‍ണ്ണതാല്പര്യങ്ങള്‍   സംരക്ഷിക്കുന്നവര്‍ മാത്രമല്ല, ദളിതുവിരുദ്ധര്‍ കൂടിയാണ് (കേരളത്തില്‍ ദളിതരെ അപേക്ഷിച്ചു നോക്കുമ്പോള്‍ പ്രമുഖ ജാതിയായ ഈഴവരും ഇന്ന് അര്‍ത്ഥസവര്‍ണമാരാണ്). ശക്തമായ ഈ ആരോപണത്തിനുള്ള വര്‍ത്തമാനകാലത്തെ ഏറ്റവും നല്ല ഉദാഹരണമാണ് പയ്യന്നൂരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി CPM- ന്റെയും CITU- വിന്റെയും നേതൃത്വത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ‘ചിത്രലേഖാവധം ’!!

ചിത്രലേഖയെന്ന ദളിതുയുവതി, ശ്രീഷ്കാന്ത് എന്ന തീയന്‍/ചോവ യുവാവുമായി പ്രണയത്തിലായി, അയാളെ വിവാഹവും കഴിച്ചു. പോരെ പൂരം! ചിത്രലേഖയുടെ ഭര്‍‌ത്താവായ, ശ്രീഷ്കാന്തിന്റെ സഹോദരിയുടെ ഭര്‍‌ത്താവ് P.A.രവീന്ദ്രന്‍, പോലീസ് മന്ത്രിയുടെ പേഴ്സണല്‍‌ സ്റ്റാഫില്‍‌ പെടുമ്പോള്‍‌, തീയന്മാര്‍ ഈ അപമാനം ഒരുവിധം സഹിച്ചാല്‍ തന്നെ പാര്‍ട്ടിക്കു സഹിക്കാന്‍ പറ്റുമോ ? CPM ന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ വിപ്ലവം വരുന്ന കാലത്ത്, മാനുഷരെല്ലാരുമൊന്നായി തീരുന്ന മുഹൂര്‍ത്തത്തില്‍ സാക്ഷാത്ക്കരിക്കേണ്ട ‘മതേതരജാതിരഹിത സോഷ്യലിസ്റ്റ് പ്രണയം’ ഇന്നേ പ്രാവര്‍ത്തികമാക്കിയാല്‍ എങ്ങനെ ക്ഷമിക്കും?! അതോടെ ‘ചിത്രലേഖാവധം ബാലെ’ ആരംഭിക്കുകയായി. CITU  എന്ന തൊഴിലാളിവര്‍ഗ്ഗ ബഹുജന സംഘടനയെ ആരാച്ചാരാക്കി, പൂച്ച എലിയെ കൊല്ലും പോലെ കടിച്ചും മാന്തിയും കീറിയും വിണ്ടും അനങ്ങുമ്പോള്‍ തട്ടിക്കളിച്ചും രസിച്ചും കൊണ്ടിരിക്കുകയാണ് CPM. ആരെങ്കിലും ചോദിച്ചാല്‍ CPM നുകൈയ്യൊഴിയാന്‍ എളുപ്പമാണ്, കാരണം CITU-വിലുള്ള തൊഴിലാളികളെല്ലാം CPMകാരല്ലെന്ന സാങ്കേതിക ന്യായം പറയാം. ഇതു പച്ചക്കള്ളമാണെന്നു ഏതു പൂച്ചക്കുഞ്ഞിനും അറിയാം.

2001- ലായിരുന്നു ചിത്രലേഖയുടെയും  ശ്രീഷ്കാന്തിന്റെയും  വിവാഹം. ശ്രീഷ്കാന്തിനെ വീട്ടില്‍ നിന്നും പുറത്താക്കി. അന്നു രാത്രി  CPM-കാര്‍  ചിത്രലേഖയുടെ അമ്മാവന്റെ വീട്ടില്‍ നിന്നും ശ്രീഷ്കാന്തിനെ കട്ടിലോടു കൂടി വെളിയിലിട്ട് തല്ലിച്ചതച്ച്, പിടിച്ചുകൊണ്ടുപോയി. കൂടാതെ അയാളുടെ വണ്ടി എടുത്തു കൊണ്ടു പോകുകയും ചെയ്തു. മറ്റൊരവസരത്തില്‍ രാത്രിയില്‍
പണികഴിഞ്ഞു വരുമ്പോള്‍ അയാളെ വളഞ്ഞുവെച്ചു തല്ലുകയും മൂക്കിന്റെ പാലം ഇടിച്ചു തകര്‍ക്കുകയും ചെയ്തു. ഇയാള്‍ DYFI പ്രവര്‍ത്തകനായിരുന്നു. ജേഷ്ഠന്‍ CITU നേതാവായിരുന്നു. അച്ഛന്‍ CPM, ‘നടക്കുതാഴ’ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. അടിമുടിസര്‍വ്വം കമ്മ്യൂണിസ്റ്റുകളായ ഒരു കുടുംബം പോലും ഒരു പുലച്ചിയുമായുള്ള മിശ്രവിവാഹം ഉള്‍ക്കൊള്ളാനാവാതെ, അയാളെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ എന്തുതരം മനുഷ്യത്വമായിരിക്കും ഇവര്‍ക്കുള്ളത്. എന്നിട്ടും അവര്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന പേരില്‍ ഊറ്റം കൊള്ളുന്നു.

പയ്യന്നൂരിലെ എടാട്ട് തുരുത്തിറോഡ് എന്ന സ്ഥലത്തു ജീവിക്കുന്ന ചിത്രലേഖ, ജനകീയാസൂത്രണം വഴി ഓട്ടോ ഡ്രൈവിംഗ് പഠിച്ച്, P.M.R.Y- വഴി ലോണെടുത്ത് 2004-ല്‍ ഓട്ടോ വാങ്ങി. എടാട്ട് സ്റ്റാന്‍ഡില്‍ കിടന്ന് ഓടുവാന്‍ വേണ്ടി, CITU-വില്‍ മെംബര്‍ഷിപ്പ് എടുത്താല്‍ മാത്രം വണ്ടിയോടിക്കാന്‍ അനുവദിക്കൂ എന്നറിഞ്ഞതു കൊണ്ട്, അതിന് അപേക്ഷിച്ചു. മൂന്നുമാസം താമസം വരുത്തിയ ശേഷം മനസ്സില്ലാമനസ്സോടെ മെംബര്‍ഷിപ്പു കൊടുത്തു.

എന്നാല്‍ അതോടെ പീഢനങ്ങളും ആരംഭിച്ചു. ആദ്യം ഭര്‍ത്താവ് ശ്രീഷ്കാന്താണ് വണ്ടിയോടിക്കാന്‍ തുടങ്ങിയത്. അപ്പോള്‍
പുറകിലത്തെ ചില്ല് തല്ലി പൊട്ടിച്ചു. ഫോണ്‍ വഴികിട്ടുന്ന ട്രിപ്പ് കൊടുക്കാതായി. ഒരുതരം ഒറ്റപ്പെടുത്തലും വിവേചനവും!, പണി കിട്ടാതെ പട്ടിണി കിടക്കേണ്ടി വന്നപ്പോള്‍ താന്‍ വരത്തനായിട്ടായിരിക്കും പ്രശ്നങ്ങള്‍ എന്നു വിചാരിച്ച്
നാട്ടുകാരിയായ ഭാര്യ തന്നെ വണ്ടിയോടിക്കട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ ചിത്രലേഖ വണ്ടിയോടിക്കാന്‍ തുടങ്ങി.

“ ഓ.... പൊലച്ചി നന്നായിപ്പോയല്ലോ, പൊലച്ചി വണ്ടിയോടിക്കാന്‍ തൊടങ്ങിയല്ലോ...”എന്നെല്ലാം സഹപ്രവര്‍ത്തകരും മറ്റും പരിഹസിക്കാനും അസഭ്യം പറയാനും തുടങ്ങി. എല്ലാം സഹിച്ചു കൊണ്ട് അവര്‍ ജോലി ചെയ്യുവാന്‍ തുടങ്ങി. ഭര്‍ത്താവ് പയ്യന്നൂരില്‍ വാടകയ്ക്ക് വണ്ടിയോടിക്കാനും
പോയി.

2005 -ല്‍  CITU, നടത്തിയ നവമിപൂജയില്‍ രണ്ടുപേരുടെയും വണ്ടികള്‍ പൂജിക്കുവാന്‍ കൊടുത്തു. വെളുപ്പിന് പൂജ കഴിഞ്ഞ് വണ്ടിയെടുക്കാന്‍ ചെന്നപ്പോള്‍ ചിത്രലേഖയുടെ വണ്ടിയുടെ റെക്സിന്‍ ബ്ലേഡുപയോഗിച്ച് കീറിയിട്ടുണ്ടായിരുന്നു. CPM- ന്റെ അറിയപ്പെടുന്ന ഗുണ്ടയായ മറ്റൊഒരു ഓട്ടോ ഡ്രൈവറായിരുന്നു റെക്സിന്‍ കീറിയത്. കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, വേണ്ടി വന്നാല്‍ ‘നിന്നെയും കത്തിക്കും’എന്നാ‍ണ്. യൂണിയനോട്
പരാതിപ്പെട്ടപ്പോള്‍ അവരും കൈയ്യൊഴിഞ്ഞതിനാല്‍ പോലീസില്‍ പരാതി കൊടുത്തു. പോലീസില്‍ പ്രതിയെ വിളിപ്പിച്ചപ്പോള്‍ എല്ലാ CITU ഓട്ടോ ഡ്രൈവറന്മാരും നേതാവും പഞ്ചായത്തു മെംബറുമെല്ലാം സ്റ്റേഷനിലെത്തി, അവള്‍ തന്നെ കീറിയതാണെന്നും മദ്യപിക്കുന്നവളും വേശ്യയുമാണെന്നുംഒപ്പുശേഖരണം നടത്തി പരാതികൊടുത്തു. എങ്കിലും പോലീസ്, ഇനിയും ഇങ്ങനെ ഉണ്ടാകില്ലെന്ന് പറഞ്ഞ് ചിത്രലേഖയെ ഒപ്പിടുവിച്ച് മടക്കി അയച്ചു.

പിറ്റേന്ന് സ്റ്റാന്റിലെത്തിയ ചിത്രലേഖയെ അസിസ്റ്റന്റ് യൂണിയന്‍ സെക്രട്ടറിയും മറ്റും ചേര്‍ന്ന് വണ്ടിയില്‍ നിന്നും വലിച്ചു പുറത്തിട്ടു മര്‍ദ്ദിച്ചു. വണ്ടി പാര്‍ക്കിംഗ് ലൈനില്‍ നിന്നും തള്ളിമാറ്റി. തന്നെ ഓടിക്കാനാനുവദിച്ചില്ലെങ്കില്‍ ആരും വണ്ടിയോടണ്ട എന്ന പ്രതിഷേധ നിലപാടെടുത്ത ചിത്രയെ “പൊലച്ചി, നായിന്റെ മോളെ, നീ ബാക്കിയുണ്ടെങ്കിലല്ലെ നിനക്ക് വണ്ടിയോടിക്കാന്‍ പറ്റൂ, നിന്നെയൊക്കെ കൊന്നാല്‍ ആരാ ചോദിക്കാന്‍ വരുക” എന്നു പറഞ്ഞ് രമേശന്‍ എന്നയാള്‍, അയാളുടെ ഓട്ടോ ഇടിപ്പിച്ചു അവരെ കൊല്ലാന്‍ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാല്‍ കാലിലൂടെ വണ്ടികയറി അവര്‍ ആശുപത്രിയിലായി. പ്രതിയെ പോലീസ് പിടിച്ചു കൊണ്ടു പോയി. രമേശനെ പോലീസ് മര്‍ദ്ദിച്ചു
എന്നു പ്രതിഷേധിച്ച് പാര്‍ട്ടിക്കാരെല്ലാവരും പോലീസ് സ്റ്റേഷന്‍ വളഞ്ഞു. ഈ കേസില്‍ രമേശനെ 25,000 രൂപ പിഴയും ഒരു മാസം കഠിന തടവിനും വിധിച്ചു. ശിക്ഷ അയാള്‍ അനുഭവിച്ചോയെന്ന് അറിയില്ലെന്നാണ് ചിത്രലേഖ പറയുന്നത്.

രണ്ടു മാസത്തിനു ശേഷം അര്‍ത്ഥരാത്രിയില്‍ വീട്ടുമുറ്റത്തു കിടന്ന അവരുടെ ഓട്ടോ തീയിട്ടു നശിപ്പിക്കപ്പെട്ടു. കുറച്ചുമാസം കഴിഞ്ഞ് ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആളെ വിട്ടു. എന്നാല്‍ ഈ ഗൂഢാലോചന അറിയിക്കാന്‍ വന്ന അനിയത്തിയുടെ ഭര്‍ത്താവിനാണ് ആളുമാറി വെട്ടേറ്റത്. വണ്ടി കത്തിച്ചതിന്
പട്ടിജാതി വികസന വകുപ്പില്‍ നിന്നും കിട്ടിയ 10,000 രൂപയുടെ ധനസഹായം അനിയന്റെ ചികിത്സയ്ക്ക് ചിലവായി. ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ പേടിയോടെയാണെങ്കിലും അല്പം പ്രതികരണശേഷിയുള്ളവര്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സുല്‍ഫത്ത് ടീച്ചര്‍ കണ്‍വീനറായ കമ്മിറ്റി ഭീഷണിക്കിടയിലും പൊതുയോഗം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ടീച്ചറുടെയും ചിത്രലേഖയുടെയും പേരില്‍
അശ്ലീലപോസ്റ്ററുകള്‍ യോഗസ്ഥലത്ത് പാര്‍ട്ടിക്കാര്‍ ഒട്ടിച്ചു. പോലീസ് ഇതിനെതിരെ സ്വമേധയാ കേസെടുത്തു.
ആക്ഷന്‍ കമ്മിറ്റി വാടകയ്ക്ക് ഇവര്‍ക്ക് ഓട്ടോയെടുത്ത് കൊടുക്കുകയും  7,500 രൂപയോളം പിരിവെടുത്തു  കൊടുക്കുകയും ചെയ്തു. പിന്നെ കമ്മിറ്റി പിരിച്ചുവിട്ടു. കുറച്ചു വ്യക്തികള്‍ ചേര്‍ന്ന് പുതിയ ഓട്ടോ വാങ്ങികൊടുത്തു. എന്നാല്‍ കൂട്ടത്തില്‍ പാര്‍ക്കുചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ ആരും വണ്ടിയില്‍
കയറാന്‍ വരാത്ത അവസ്ഥയില്‍ പയ്യന്നൂര്‍ ടൌണില്‍ മുന്‍സിപ്പാലിറ്റി പെര്‍മിറ്റിന് അപേക്ഷ കൊടുത്തു. അവിടെയും കാര്‍ഡിനായി CITU വിനെ സമീപിച്ചപ്പോള്‍ രാഷ്ട്രപതി വന്നു പറഞ്ഞാലും തരില്ലായെന്നാണറിയിച്ചത്. പിന്നീട് BMS, INTUC തുടങ്ങിയവരുടെ ഭൂരിപക്ഷ തീരുമാന പ്രകാരം നാലുമാസം കാത്തിരുന്ന ശേഷമാണ് കാര്‍ഡ് കിട്ടുന്നത്. പിന്നെ കുറേനാള്‍ കുഴപ്പമൊന്നുമില്ലാതെ പോകുകയായിരുന്നു.

2010 ജാനുവരി 20 രാവിലെ, പയ്യന്നൂരിലെ പെരുമ്പയിലുള്ള മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ ചിത്രലേഖ ഓട്ടോ കൊണ്ടു വന്നു നിറുത്തി. ഭര്‍ത്താവ് മകനു മരുന്നു വാങ്ങാന്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി. അവിടെയുണ്ടായിരുന്ന ഒരു ഓട്ടോക്കാരന്‍ വന്നു പറഞ്ഞു  “വണ്ടിയെടുത്ത് മാറ്റ് നായിന്റമോളെ...ആരോടു ചോദിച്ചിട്ടാ ഇവിടെ വണ്ടി വെച്ചത് ” ട്രിപ്പ് ഓടാന്‍ വന്നതല്ലെന്നും മരുന്ന്
വാങ്ങി ഉടനെ പോകുമെന്നു പറഞ്ഞിട്ടും കേള്‍ക്കാതെ യൂണിയന്‍കാര്‍ മനഃപൂര്‍വ്വം വളഞ്ഞു വെച്ച് പ്രശ്നമുണ്ടാക്കി പോലീസിനെ വിളിപ്പിച്ചു. മദ്യം കുടിച്ചിട്ട് ലഹളയുണ്ടാക്കിയെന്ന് യൂണിയന്‍കാര്‍ പരാതിപ്പെട്ടതനുസരിച്ച് കേസെടുത്തു. ചിത്രയോ ഭര്‍ത്താവോ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ അവരെ മര്‍ദ്ദിക്കുകയും ഉന്തിതള്ളി ജീപ്പിലിട്ട് ചിത്രയുടെ കരണത്തും നെഞ്ചത്തും അടിക്കുകയുക് ചെയ്തു. അടിവയറ്റില്‍ ബൂട്ടിട്ടു ചവിട്ടി. വനിതാ പോലീസാണിതു ചെയ്തത്. കൂടാതെ മുഴുവന്‍ യൂണിയന്‍കാരും ജീപ്പു വളഞ്ഞ് അവരെ രണ്ടു പേരേയും
അടിച്ചു. ഭര്‍ത്താവിനോട് അയാളെയും അവളെയും കത്തിക്കുമെന്നു പറഞ്ഞു. യൂണിയന്‍കാരും പോലീസും  ചേര്‍ന്നുള്ള ഒത്തുകളിയായിരുന്നു അവിടെ നടന്നത്.

ഏകദേശം രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ഹാജരാക്കിയ ദമ്പതികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാക്കി കേസെടുത്ത് ജാമ്യത്തില്‍ വിടാന്‍ പറഞ്ഞിട്ടും വഴങ്ങിയില്ല. യൂണിയന്‍കാര്‍ മുഴുവന്‍ തമ്പടിച്ചിരുന്ന സ്റ്റേഷനില്‍, വൈകിട്ട് ആറുമണിക്ക് ശേഷം പോലീസ് മോണിറ്ററിംഗ് കമ്മിറ്റി മെംബര്‍ അയ്യപ്പന്‍മാഷ് വന്ന ശേഷമാണ് ഇവരെ വിടുന്നത്. വീടിന്റെ പണിക്കു വേണ്ടി കടം വാങ്ങിയ 10,000 രൂപ ഓട്ടോയിലുള്ള കാര്യം പോലീസിനെ ഓര്‍മ്മിപ്പിച്ചിട്ടും ഓട്ടോ സ്റ്റേഷനിലേക്കെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല്ല. അങ്ങനെ പതിനായിരവും പോയി. യൂണിയന്‍കാരല്ലാത്ത ചിലര്‍ വന്ന് ചിത്രയെ തല്ലുന്നത് മൊബയിലില്‍ ഫോട്ടോ എടുത്തപ്പോള്‍ പോലീസ് അവരുടെ കോളറിനു പിടിച്ചു മൊബൈല്‍ വാങ്ങി ഫോട്ടോ മായ്ച്ചു കളഞ്ഞു.  ബൂട്ടിട്ട് അടിവയറ്റില്‍ ചവിട്ടെറ്റതിനാല്‍ ബ്ലീഢിംഗ് ഉണ്ടായി. ഒരു ദിവസം ആശുപത്രിയില്‍ കിടന്നു.കാശില്ലാത്തതിനാല്‍ അടുത്ത ദിവസം തിരിച്ചു പോരുന്നു. അങ്ങനെ ഇപ്പോള്‍ അവരെ പണിയെടുത്തു ജീവിക്കാന്‍ വയ്യാ‍ത്ത അവസ്ഥയിലാക്കി. ഈ സംഭവം അന്നു റിപ്പോര്‍ട്ടു ചെയ്തത് നേര് ’ നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയും മറ്റു ചില അന്തിപ്പത്രങ്ങളും മാത്രമാണ്. മറ്റ് മുഖ്യധാരക്കാരാരും സംഭവം അറിഞ്ഞില്ല. പോലീസും പത്രക്കാരും കൂടി എഴുതിയത് “മദ്യലഹരിയില്‍ ബഹളം വെച്ചതിനും ഗതാഗതം സ്തംഭിപ്പിച്ചതിനും കേസെടുത്തു” എന്നായിരുന്നു.

ഇതിനു മുന്‍പ് ശ്യാമള എന്ന വനിതയുടെ ഓട്ടോയും കത്തിച്ചിട്ടുണ്ട്. ദളിതയായ എലിസബത്ത്, റഹ്മത്ത് ഇവരെല്ലാവരും പീഢനങ്ങളും  ശല്യവും സഹിക്കാനാവാതെ പണിയുപേക്ഷിച്ച് പോയവരാണ്. എല്ലാവര്‍ക്കുമെതിരെ
ഒരേ ആയുധമാണ് യൂണിയന് പ്രയോഗിക്കാനുണ്ടായിരുന്നത്. അസന്മാര്‍ഗി, വേശ്യ, മദ്യപിക്കുന്നവള്‍...അങ്ങിനെ !
  
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഗെയില്‍ ഓംവേദത്ത്, ദില്ലി യൂണിവേസിറ്റിയിലെ പ്രൊ.നിവേദിതാ മേനോന്‍, രണ്ടു പ്രാദേശിക പൊതുപ്രവര്‍ത്തകരായ വി.ഗീത, കെ.കെ.പ്രീത എന്നിവരുടെ സംഘം പയ്യന്നൂരും പരിസരത്തും ചിത്രലേഖ, സാക്ഷികള്‍, ഓട്ടോ യൂണിയന്‍, പോലീസ് എന്നിവരില്‍ നിന്നും നടത്തിയ തെളിവെടുപ്പില്‍ യൂണിയന്റെയും പോലീസിന്റെയും ഭാഷ്യങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍, ഈ മേഘലയിലെ ദളിതുവനിതാ ഓട്ടോ തൊഴിലാളികള്‍ക്കു നേരെ ക്രൂരമായഭീഷണിപ്പെടുത്തല്‍, ലൈംഗിക പീഢനം, ലൈംഗിക വിവേചനം, ജാത്യാവഹേളനം, സദാചാരപരമായ ദുരാരോപണങ്ങള്‍ എന്നിവ യൂണിയന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും അവരുടെ ഓട്ടോകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹികജീവിതത്തിന്റെയും പൊതുവ്യവഹാരങ്ങളുടെയും അതിരിനു വെളിയില്‍ ജീവിക്കേണ്ട ഹീനജാതികളായ ദളിതര്‍ പൊതുതൊഴിലില്‍ കൈവെക്കുമ്പോഴുള്ള അസഹിഷ്ണുത, ജാതിപരമായ അയിത്തം, ഭ്രഷ്ട് ഇവയ്ക്കൊപ്പം ലിംഗപരമായ വിവേചനവും അസഹിഷ്ണുതയും,മിശ്രവിവാഹം ചെയ്തതിലുള്ള വൈരാഗ്യം തുടങ്ങി അനേകകാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും ഈ വേട്ടയ്ക്കു പിന്നില്‍.
      
കേരളത്തില്‍ ജാതി ഒരു സംഘര്‍ത്മാക സാമൂഹിക ഘടകമാണോ, ഇവിടെ ജാതി പീഢനം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് ബൂലോകത്തുള്ള ഭൂരിപക്ഷ സവര്‍ണ്ണപക്ഷക്കാരും വെച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞുപോയ പലസംവാദങ്ങളിലും പലരുടെയും കണ്ടെത്തല്‍ ഇത്തരത്തിലായിരുന്നു. എന്നാല്‍ അവിരാമം ദളിതുപീഢനം കേരളത്തിലും നടക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. കാര്യങ്ങള്‍ അറിയുന്നുണ്ടെങ്കിലും അവര്‍ കണ്ണടച്ചിരുട്ടാക്കുന്നത് സംവരണം അട്ടിമറിക്കുകയെന്ന മറ്റൊരു ലക്ഷ്യത്തോടെയാണ്.

ഇന്ത്യയിലെ ജാതിവ്യവസ്ഥ ‘ശ്രേണീകൃത’മാവുന്നത് തൊഴിലിനേയും  തൊഴിലെടുക്കുന്നവരെയും ഉച്ചനീചാവസ്ഥകള്‍ക്കുള്ളില്‍ അടയാളപ്പെടുത്തി വിഭജിക്കുന്നതു കൊണ്ടാണ്. ജാതിയില്‍‌ മുകളിലേക്ക് ആഢ്യത്വവും, കീഴോട്ട് മ്ലേച്ഛത്വവുമാണ്. അതുതന്നെ തൊഴിലിന്റെ കാര്യത്തിലും. തൊഴിലില്‍‌ ജാതിക്കപ്പുറം ലിംഗപരവുമായ തീര്‍‌പ്പും ശക്തമാണ്. ജാതിപരമായ അയിത്തം

ഭ്രഷ്ട്, തീണ്ടല്‍, തൊടീല്‍ തുടങ്ങിയ സനാതനധര്‍മ്മത്തിന്റെ മിച്ചമൂല്യങ്ങള്‍ ഭാരതീയന്റെ മനസ്സില്‍ നിന്നും ഒരിക്കലും വിട്ടൊഴിയുന്നില്ല. അതു സാധ്യമാകണമെങ്കില്‍ സനാതനമൂല്യങ്ങളും ഹൈന്ദവമതവും തകര്‍ന്നേ മതിയാകു. വര്‍ഗ്ഗസമരം ഇതിനൊരു പരിഹാരമാകുന്നില്ലെന്നു മാത്രമല്ല
ഹൈന്ദവമൂല്യങ്ങള്‍ക്കൊപ്പം ഫാഷിസം കൂടി ചേരുമ്പോഴുള്ള
മാനസികാവസ്ഥയിലാണ് സഖാക്കള്‍. ഒരുകാലത്ത് സ്ത്രീകള്‍‌ സൈക്കിള്‍‌ ചവിട്ടുന്നത് കൌതുകത്തിനപ്പുറം അഹങ്കാരമായി കണക്കാക്കുന്ന സമൂഹമായിരുന്നു നമ്മള്‍‌. ഇതിന്റെ ബാക്കിയാണ് ആട്ടോറിക്ഷാ ഡ്രൈവറാകുന്ന സ്ത്രീകളോട് പുരുഷകേസരികളുടെ അസഹിഷ്ണുത. എന്നാല്‍ ഇതു ദളിതയായതിനാല്‍‌ തീവ്രത കൂടി നുരഞ്ഞു പൊങ്ങുന്നുവെന്നു മാത്രം.

 ഇന്ത്യയില്‍‌ ആദ്യമായി കര്‍‌ഷകതൊഴിലാളിക്ക് സംഘടയുണ്ടാവുന്നതും, വിലപേശല്‍‌ ശക്തിയാവുന്നതും കേരളത്തിലാണ്, കുട്ടനാട്ടില്‍. കമ്മ്യൂണിസ്റ്റു മേല്‍ക്കൈയില്‍‌ അതു രൂപംകൊള്ളുമ്പോള്‍‌ ‌ ജാതി-ജന്മിത്വവിരുദ്ധവും, മനുഷ്യാവകാശപരവുമായ നിലപാടില്‍‌ ഉറച്ചു നിന്നിരുന്നു. അതിനാല്‍ പുരോഗമനപരമായ ഇടതു ചേരിയില്‍ വന്‍‌തോതില്‍‌ ബുദ്ധിജീവികളും, കലാകാരും, സാമൂഹ്യ പ്രവര്‍‌ത്തകരും അണി നിരക്കുകയും കമ്മ്യൂണിസ്റ്റുകളായി മാറുകയും ചെയ്തു. നാട്ടില്‍‌ ചെറുതും വലുതുമായ എല്ലാ സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുക്കാന്‍‌ തക്ക പ്രാപ്തരും ധീരരുമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍. അതുകൊണ്ട്
നിലവിലുണ്ടായിരുന്ന ജാതിസംഘടനകള്‍‌ വിട്ട് ദലിത്-പിന്നോക്ക ജനസമൂഹങ്ങള്‍‌ കമ്മ്യൂണിസ്റ്റു പാര്‍‌ട്ടിയില്‍‌ അഭയം തേടി. എഴുപതുകളുടെ അവസാനംവരെ ഇതു തുടര്‍‌ന്നു. എണ്‍‌പതില്‍‌ മുന്നണിഭരണത്തിലൂടെ മാര്‍‌ക്സിസ്റ്റുകള്‍‌ അധികാരം കൈയേറിയതു മുതല്‍‌ വ്യവസയ-സര്‍‌വ്വീസ് മേഖലയിലെ ട്രേഡുയൂണിയനുകള്‍‌ ശക്തമായി. അവര്‍ പാര്‍‌ട്ടിയിലെ‌ നിര്‍‌ണ്ണായക സ്ഥാനമായി. ബൂര്‍ഷ്വാസംഘടിത തൊഴിലാളി വര്‍‌ഗ്ഗത്തിന്റെ മുഷ്ക്ക് കേരളം കണ്ടുതുടങ്ങി. പാര്‍‌ലമന്ററി ജനാധിപത്യം പ്രായോഗിക പരിപാടിയാകുമ്പോള്‍-പോലും, തൊഴിലാളിവര്‍‌ഗ്ഗ സര്‍‌വ്വാധിപത്യമെന്ന ആത്യന്തികലക്ഷ്യം  സ്വപ്നങ്ങളില്‍‌ നുരയുന്നതു കൊണ്ടാകാം, പ്രാഥമിക ജനാധിപത്യ മര്യാദകള്‍‌ പോലും പാലിക്കാന്‍‌ കഴിയാതെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടരെ ചവിട്ടിയരച്ചു പോകുന്നത്.

അതേ കാലത്താണ്, വടക്കേമലബാറില്‍‌ ആറെസ്സെസ്സ്--മാര്‍‌ക്സിസ്റ്റു സംഘട്ടനങ്ങളുടെ തുടര്‍‌കഥയുണ്ടാവുന്നത്. അതിലൂടെ പോലീസ് വേട്ടയും, പ്രതിരോധവും, അരാജകത്വവും. അങ്ങനെയാണ് പാര്‍‌ട്ടിഗ്രാമങ്ങള്‍- എല്ലാകക്ഷികള്‍‌ക്കും ഉണ്ടാവുന്നത്. അതില്‍‌ അകപ്പെടാതെ നോക്കാന്‍‌ സാധാരണക്കാരനാവില്ല. മതമൌലീകവാദികള്‍‌ ഊരുവിലക്കിയാല്‍‌ ആരെങ്കിലും കാണും, പാര്‍‌ട്ടി വിലക്കിയാല്‍‌ ഒരാളും അടുക്കില്ല.

ചിത്രലേഖയുടെ വിവരം അന്വേക്ഷിക്കാന്‍‌ ചെന്ന അയ്യപ്പന്‍ മാഷ് , സ്റ്റാന്റില്‍‌ ചെന്ന് ഒരോട്ടോ വിളിച്ച് ചിത്രലേഖയുടെ വീട്ടില്‍‌ പോകണമെന്നു പറഞ്ഞു. പത്തുമുപ്പതു പേര്‍‌ വളഞ്ഞ് അടുത്ത ചോദ്യം‘കൈയും കാലും വേണോ, അതോ അവടെ വീട്ടില്‍‌ പോണോ?’ മാഷു പറഞ്ഞത്, ഇതെല്ലാം വേണം.
തൊഴിലാളിവര്‍ഗ്ഗ സ്നേഹം  വഴിഞ്ഞൊഴുകുന്നതു കാണണമെങ്കില്‍‌ അവിടെ പോകണം. സ്വയം തൊഴില്‍‌ പദ്ധതിപ്രകാരം, ലോണെടുത്ത് ഓട്ടോ വാങ്ങി ഓടിച്ച് കുടുംബം പുലര്‍‌ത്താന്‍‌ ശ്രമിച്ച ദരിദ്ര ദലിത് യുവതിയെ ശത്രുസൈന്യത്തോടെന്നപോലെ പെരുമാറുന്ന തൊഴിലാളി മനസ്സിനെ നമ്മള്‍‌ എങ്ങനെ വായിച്ചെടുക്കും. പക്ഷെ പ്രാദേശിക ജനതയുടെ പിന്തിരിപ്പന്‍ ജാതി- ജന്മി സാംസ്ക്കാരികാവസ്ഥയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് പറഞ്ഞ് പാര്‍ട്ടിയ്ക്ക് ഒരിക്കലും കൈയ്യൊഴിയാനാവില്ല. ഒരു ബദല്‍ സംസ്ക്കാരത്തിന്റെയും സാമൂഹിക തുല്യതയുടെയും പ്രത്യയശാസ്ത്രം വിളിച്ചു കൂവുന്ന പാര്‍ട്ടിയുടെ കേരളനേതൃത്വത്തിന് മൃഗീയമായ മനുഷ്യത്വരഹിതമായ അവരുടെ സഖാക്കളുടെ പ്രവൃത്തി അറിഞ്ഞില്ലെന്നു പറയാന്‍ കഴിയില്ല. എന്തു കൊണ്ട് ഈ അതിക്രമത്തെ നിയന്ത്രിച്ചില്ല എന്നുള്ളതിന് സമാധാനം പറയാന്‍ ബാധ്യതയുണ്ട്. അതുപോലെ ബൂലോഗത്തെ കമ്മ്യൂണിസ്റ്റ് സിംഹങ്ങള്‍ക്കും അനുഭാവികള്‍ക്കും. കള്ളന്മാരല്ലെങ്കില്‍ അവര്‍ വാതുറക്കുമെന്നു പ്രതീക്ഷിക്കാം !!


ഈ വരുന്ന മാര്‍ച്ചു മാസം 12 ആം തീയതി (തീരുമാനം ആയില്ല.) പയ്യനൂരുവെച്ചു കൂടുന്ന കണ്‍‌വന്‍‌ഷനില്‍‌, കാഞ്ചഇളയ്യാ, ചന്ദ്രഭാനുപ്രസാദ് എന്നിവരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍‌. ജാതിക്കും മതത്തിനും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ, സാംസ്ക്കാരികവും രാഷ്ട്രീയവുമായി പോരാടുകയുകയും മാതൃകാ ജീവിതത്തിന് ആഹ്വാ‍നം ചെയ്യുന്നത് തങ്ങള്‍ മാത്രമണെന്നത്  വെറും ഗീര്‍വാണവും പുറംപൂച്ചും മാത്രമാണെന്നും തെളിയിച്ചു കഴിഞ്ഞു. എന്തുതരം നവോത്ഥാനമാണ് CPM സാംസ്ക്കാരിക കേരളത്തില്‍ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയത് ? സ്വന്തം അണികളിലും അനുയായികളിലും എന്ത് മാനവിക മൂല്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ CPM  ഊട്ടിയുറപ്പിക്കാനായത്?തങ്ങളില്‍ ജാതിമതചിന്തകളില്ലെന്നും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന വീരശൂര പരാക്രമികളാണ് തങ്ങളെന്നും യാതൊരു ഉളുപ്പുമില്ല്ലാതെ വിളിച്ചു പറയാന്‍ ലജ്ജയെന്നൊരു സാധനമുണ്ടോ സഖാക്കള്‍ക്ക് ?! ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലും !

കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിലെ ഉള്‍പ്പിരിവ് വ്യക്തമാണ്. രാഷ്ട്രീയക്കാര്‍ രണ്ടു ഇസത്തിന്റെ അടിസ്ഥാനത്തില്‍ പല ചേരിയിലാണെങ്കിലും ദളിതുവിരുദ്ധതയുടെ കാര്യത്തില്‍ ഒറ്റചേരിയിലാണ്. കോണ്‍ഗ്രസ്സ്, ബിജെപ്പി, ജനദാദള്‍, കമ്മ്യൂണിസ്റ്റുകള്‍ . കടുവകള്‍ വലതായാലെന്ത് ? ഇടതായാലെന്ത് ? നിറം സവര്‍ണ്ണം തന്നെ ! അതായത് കോരനു കുമ്പിളില്‍ കഞ്ഞി !!
--------------------------------------------------------------------------
(അവലംബം:-പത്ര വാര്‍ത്തകള്‍, മാധ്യം വാരിക 2010 ഫെബ്രുവരി 8, ബ്ലോഗ് വായന-http://keralaletter.blogspot.com/2010/02/dalits-ight-against-
bias.html)
---------------------------------------------------------------------------

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

ഭൂസമരങ്ങള്‍ - ഒറിജിനലും മിമിക്രിയും



         കീഴാളവിഭാഗങ്ങളുടെ നിലനില്പിനു വേണ്ടിയുള്ള ഭൂസമരം എഴുപതുകളോടുകൂടി കത്തിയമര്‍‌ന്നെങ്കിലും രണ്ടായിരത്തിന്റെ പകുതിയില്‍‌ വീണ്ടും ജ്വലിച്ചുതുടങ്ങി. ആദിവാസികളുടെയും ദളിതുകളുടെയും ഭൂസമരങ്ങള്‍; മുത്തങ്ങ മുതല്‍ ചെങ്ങറവരെ നീളുന്നവ ! നേടുക അല്ലെങ്കില്‍ മരിക്കുക എന്ന ലക്ഷ്യത്തോടെ, നഷ്ടപ്പെടുവാന്‍ യഥാര്‍ത്ഥത്തില്‍ ചങ്ങലകളല്ലാതെ മറ്റൊന്നുമില്ലാത്തവരുടെ ആത്മാര്‍ത്ഥമായ സമരങ്ങള്‍ !  ഇപ്പോഴിതാ അവയ്ക്കൊക്കെ അനുകരണങ്ങളും ! ഭരണകക്ഷിയിലെ സി.പി.എം.നേതൃത്വം കൊടുക്കുന്ന ആദിവാസി ക്ഷേമ സമിതി, കെ.എസ്.കെ.ടി.യു  എന്നീ സംഘടനകളുടെ നേതൃത്വത്തില്‍‌ ഭൂമിപിടിച്ചെടുക്കല്‍‌ നടക്കുന്നു. ചില സംശയങ്ങള്‍‌ ചോദ്യരൂപത്തില്‍.

1.ഭൂമിയുടെ അവകാശികളാര് ?  ഈ ഭൂമിയില്‍‌ വസിക്കുന്ന എല്ലാ ജീവജാലങ്ങളുമല്ലേ ? അങ്ങിനെയെങ്കില്‍ ജീവിക്കുവാന്‍ ഒരിടത്തിന് കീഴാള ജനതയ്ക്കും അവകാശമില്ലേ ?! 

 2.കൃഷിയോഗ്യമായ ഭൂമിയുടെ ഉടമസ്ഥത ആര്‍‌ക്കൊക്കെ ? കൃഷി സംസ്കാരവും, ജീവിതവൃത്തിയുമായവര്‍‌ക്കല്ലേ ?

3.ഭൂമിയുടെ ക്രയവിക്രയം പാടുണ്ടോ? അതിനുള്ള അധികാരം ആര്‍‌ക്ക് ?

4.ചരിത്രത്തിന്റെ എല്ലാ ഘട്ടത്തിലും, അധികാരം ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നോ ?

5.വാസയോഗ്യവും കൃഷിയോഗ്യവുമായി ഭൂമിയെ പരിവര്‍‌ത്തിപ്പിച്ച സാമൂഹ്യബന്ധങ്ങളില്‍‌, അധിനിവേശം എങ്ങനെയൊക്കെയാണ്  പ്രതിപ്രവര്‍‌ത്തിച്ചത് ?

6.ഭൂമിയൊരു ‘പ്രാഥമിക മൂലധന’മായതെന്നുമുതല്‍‌?

7.ഇപ്പോള്‍ മാത്രം അന്യാധീനപ്പെട്ടു പോയ ഭൂമി ഭൂസ്വാമിമാരില്‍ നിന്നും കൈയേറ്റക്കാരില്‍ നിന്നും പിടിച്ചെടുക്കാനുണ്ടായ ചേതോവികാരമെന്താണ് ? ആദിവാസികളേയും ദളിതരേയും മുന്‍നിറുത്തി നടത്തുന്ന   ഭൂസമരത്തില്‍  പിടിച്ചെടുക്കുന്ന ഭൂമി ആത്മാര്‍ത്ഥമായും അവര്‍ക്കു തന്നെ വീതിച്ചു നല്‍കാനാണോ ?

         സംശയങ്ങള്‍‌ നീട്ടാം. വളരെ പ്രസക്തമായ ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടു മാത്രമേ നിലവിലെ ഭൂപ്രശ്നം ചര്‍‌ച്ച ചെയ്യാനാവൂ. കുത്തക കമ്പനികളും, വ്യക്തികളും ഭൂമിയുടെ നല്ലൊരു പങ്ക് കൈവശം വെച്ചനുഭവിക്കുന്നതായി സര്‍‌ക്കാരിനു ബോധ്യമുള്ളപ്പോള്‍‌, കൃഷിയും കൈതൊഴിലും മറ്റ് കരാര്‍‌ തൊഴിലിലും ചെയ്തു ജീവിക്കുന്ന മഹാഭൂരിപക്ഷവും (അവരില്‍‌-മഹാഭൂരിപക്ഷവും, ദലിത്-പിന്നോക്ക ജനതയാണന്നു കൂട്ടിവായിക്കുക) കോളനികളിലും, റോഡ്/തോട്/റെയില്‍‌വേ പുറമ്പോക്കിലും, വഴിയോ വെള്ളമോ കിട്ടാത്ത ഉള്‍‌പ്രദേശങ്ങളിലോ ആണ് ജീവിക്കുന്നത്. ദളിതര്‍ അടുക്കള പൊളിച്ച് മാറ്റി അവിടെ ശവമടക്കേണ്ടിവരുന്ന  കേരളീയ ജീവിതപരിസരത്ത്, ഭൂമിയൊരു ചര്‍‌ച്ചാവിഷയം പോലുമാകാതിരിക്കുന്നത് എന്തുകൊണ്ടെന്നു പരിശോധിക്കേണ്ടതല്ലേ? ആഢ്യതയിലും അധികാര-സമ്പന്നതയിലും കഴിഞ്ഞിരുന്ന  സവര്‍ണ്ണ വിഭാഗങ്ങളിലെ ഒരു ന്യൂനപക്ഷം അല്പമൊന്നു ക്ഷയിച്ചാല്‍ അവര്‍ക്കു സംവരണത്തിനു വേണ്ടി ഉറക്കെ ശബ്ദിക്കുന്ന വിപ്ലവകക്ഷികളുള്ള നാട്ടില്‍ ഈ മൌനം അര്‍ത്ഥഗര്‍ഭമല്ലെ ?!  ഒന്നോര്‍‌ക്കുക, ഇന്ത്യയില്‍‌ ഭൂമിയൊരു ‘വിഷയ’മാവുന്നത്, രണ്ടേ രണ്ടു സംസ്ഥാനങ്ങളില്‍‌ മാത്രമാണ്. കേരളത്തിലും, പശ്ചിമബംഗാളിലും. ഇന്ത്യ റിപ്പബ്ലിക്കാവുകയും പാര്‍ലമെന്ററി
ജനാധിപത്യം എല്ലാ ജനങ്ങള്‍‌ക്കും വോട്ടവകാശം അനുവദിക്കുകയും ഭാഷാടിസ്ഥാനത്തില്‍‌ സംസ്ഥാനങ്ങള്‍‌ രൂപപ്പെടുകയും ചെയ്തശേഷം‌  നടന്ന തിരഞ്ഞെടുപ്പിലൂടെ ‍‌‘കമ്മ്യൂണിസ്റ്റു സര്‍‌ക്കാര്‍‌’ അധികാരത്തില്‍‌ വന്നു. ആ സര്‍‌ക്കാരിന്റെ പ്രഥമ പരിഗണനയായിരുന്നു ‘ഭൂപരിഷ്ക്കരണം’. അതുവരെ ഭൂവുടമസ്ഥത, ബ്രഹ്മസ്വം-ദേവസ്വം, ജന്മികള്‍, പാട്ടകരാറെടുത്ത വന്‍‌കിട തോട്ടമുടമകള്‍‌, എന്നിവര്‍‌ക്കായിരുന്നു. മധ്യമ ജാതികളായിരുന്ന ‘കര്‍‌ഷകര്‍‌’ എന്നു വിളിക്കപെടുന്നവര്‍‌ പാട്ടത്തിനെടുത്ത്, കര്‍‌ഷകതൊഴിലാളികള്‍‌ എന്ന കീഴാളജാതി സമൂഹങ്ങളെ കൊണ്ട് പണിചെയ്യിച്ച് ജന്മിമാര്‍‌ ‘ഉണ്ടുറങ്ങി’യ കാലത്തിനു മഹത്തായ പ്രഹരമേല്പിച്ച്, ഭൂപരിഷ്കരണം നടപ്പിലാക്കി. കൃഷിഭൂമി കര്‍‌ഷകനാവുകയും(കര്‍ഷക തൊഴിലാളിക്കല്ല), ഭൂപരിധി-പതിനെഞ്ചേക്കറായി നിജപ്പെടുത്തുകയും, കുടികിടപ്പിന് 10/05/03- സെന്റു വീതം എന്നിങ്ങനെ വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു. സര്‍‌ക്കാര്‍‌ പിടിച്ചെടുത്ത മിച്ചഭൂമി, ‘മിച്ചമുണ്ടായിരുന്ന മനുഷ്യര്‍‌’ക്കു കൊടുക്കുവാനായിരുന്നു. പക്ഷേ,പിടിച്ചെടുത്ത ഭൂമിയുടെ പത്തു ശതമാനം പോലും ഈ മിച്ചമനുഷ്യര്‍‌ക്കു കൊടുക്കാനായില്ലെന്നത് സര്‍‌ക്കാരിന്റെ കണക്ക്. പിന്നെ  അതിനുള്ള പരിഹാരമായി കണ്ടത്, കോളനികളുണ്ടാക്കി മിച്ചമനുഷ്യരെ അവിടേക്ക് ‘ഒതുക്കുക’. അങ്ങനെ, കേരളത്തില്‍  ‍‌‘ലക്ഷം വീട് ’, ‘ഹരിജന്‍‌ കോളനി’, അഥവാ ‘അംബേദ്ക്കര്‍‌ കോളനി’, എന്നിവ സ്ഥാപിച്ചുകൊടുത്തു. പൊതുസമൂഹത്തില്‍ ലയിച്ച് അവരുടെ സാംസ്ക്കാരിക ഭദ്രതയ്ക്ക് ഗ്ലാനി ഭവിപ്പിക്കാതിരിക്കുകയെന്ന സനാതനമൂല്യസംരക്ഷണവും ഈ ഒതുക്കലിന്റെ ഉപോല്‍പ്പന്ന നേട്ടമാണ്. ഇന്ന് മിച്ചമനുഷ്യരിലെ, രണ്ടാം തലമുറയ്ക്കോ, മൂന്നാം തലമുറക്കോ കിടപ്പാടമില്ലെന്ന അവസ്ഥ വന്നു. കേരളത്തില്‍ രാഷ്ട്രീയകക്ഷികളുടെ തിരിമറിയലുകളിലൂടെ ഭരണം തുടര്‍‌ന്നു. പിന്നീട് മുന്നണികളായി, ഭരണകക്ഷികളും-പ്രതിപക്ഷകക്ഷികളുമായി. ആര്‍‌ക്കും അലോരസമുണ്ടാക്കാതെ കാലം പോയ്ക്കൊണ്ടിരുന്നു. ഇപ്പോള്‍ ‘ആദിവാസി ഭൂസംരക്ഷണനിയമം’ ആദിവാസിക്കു പൂര്‍ണ്ണമായും ഗുണമില്ലാത്തതാക്കാനുള്ള പരിഷക്കരണങ്ങള്‍ക്ക് കോടതിയില്‍ നിന്നും പച്ചക്കൊടി വീശലും വരെ എത്തിനില്‍ക്കുന്ന വര്‍ത്തമാന കാലം !

           ഒരു നാള്‍‌, സി.കെ.ജാനുവെന്ന അടിയാത്തി പെണ്ണ് (വിദ്യാഭ്യാസമോ, കുടുംബമഹിമയോ, കാണാന്‍‌ ശേലോ ഇല്ലാത്ത) ആദിവാസികളുമൊത്ത് സമരത്തിനു വന്നു. തലസ്ഥാനത്ത് കുടില്‍‌ കെട്ടി, ഭരണക്കാരുമായുള്ള ഒത്തുതീര്‍‌പ്പു നടത്തിയെടുക്കാന്‍‌, മുത്തങ്ങയില്‍‌ സര്‍‌ക്കാര്‍‌ഭൂമി കൈയേറി കുടില്‍‌ കെട്ടി. അടിച്ചും വെടിവെച്ചും അവരെ തുരത്തി. ളാഹ ഗോപാലന്റെ നേതൃത്വത്തില്‍‌ ചെങ്ങറയില്‍ സാധുജനങ്ങള്‍, ഹാരിസണ്‍‌ കമ്പനിയുടെ പാട്ടകാലാവധി കഴിഞ്ഞ തോട്ടത്തില്‍‌ കൈയേറി കുടിലുകള്‍‌ കെട്ടി. അതും ഉപായത്തില്‍‌ ഒഴിപ്പിച്ചു. ഇത്തരം സമരങ്ങളുടെ തുടര്‍‌ച്ചയെന്ന നിലയില്‍‌ ഭൂപ്രശ്നം നിലനിര്‍‌ത്തുന്നത് എന്തുകൊണ്ടും നല്ലകാര്യം തന്നെ. കോടതിയുടെ നൂലാമാലകളില്‍‌ കാലങ്ങളോളം കുരുങ്ങി കിടക്കേണ്ടതാണോ ഭൂപ്രശ്നം?

            ടാറ്റായുടെ മൂന്നാറിനെ നോക്കുക. പൂഞ്ഞാര്‍‌ രാജാവ്, മന്‍‌റോസായിപ്പിന്, തോട്ടമുണ്ടാക്കാന്‍‌ 1877-ല്‍‌ പാട്ടത്തിനു കൊടുത്ത 1,27,000  ഏക്കര്‍, സായിപ്പു മറിച്ചുകൊടുക്കയും, 99-വര്‍‌ഷം കാലാവധി കഴിഞ്ഞ 1976-ല്‍‌ കേരളത്തില്‍‌ ജനകീയ സര്‍‌ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍, ഈ ഭൂമിയുടെ അവകാശികളെന്ന നിലയ്ക്ക്  പൂഞ്ഞാര്‍‌ രാജാവകാശികള്‍‌ ട്രസ്റ്റു രൂപീകരിച്ച് കക്ഷി ചേരുകയാണ്. ഇവിടെ ഇവരുടെ അര്‍ഹത പരിശോധിക്കാന്‍ ചരിത്രത്തിലൂടെ അല്പം പുറകോട്ടു പോകേണ്ടിവരും. രാജവാഴ്ച്ചയുടെ കാലത്ത്  തിരുവിതാംകൂര്‍ മഹാരാജാവ്, മധുരയില്‍‌ നിന്ന് ഒരു ശൂദ്ര കുടുംബത്തെ തിരുവിതാംകൂറിന്റെ വടക്കേ അതിരില്‍‌ ക്ഷത്രിയരാക്കി കൊണ്ടുവന്നു താമസ്സിപ്പിച്ചു. നിബിഢവനവും, കോടമഞ്ഞു മൂടിയമലകളും, പുഴകളും, കുറേ ഗോത്രജനതയും മാത്രമുണ്ടായിരുന്നുള്ളു. ബ്രട്ടന്റെ കണ്ണില്‍‌ , യൂറോപ്പ്യന്‍‌ കാലാവസ്ഥയും, തോട്ടവിളയ്ക്കുള്ള സാധ്യതയും തെളിഞ്ഞപ്പോള്‍, അവര്‍ ഈ സ്ഥലം ചെറിയ തുകയ്ക്ക് പാട്ടത്തിനെടുത്തു. ഗോത്ര ജനതയെ തുരത്തി തോട്ടമുണ്ടാക്കി. അതിന്, കിഴക്കും പടിഞ്ഞാറുമുള്ള കീഴാള/അടിമ ജനതയെ കങ്കാണിമാരുടെ സഹായത്താല്‍‌ വേട്ടയാടികൊണ്ടുവന്നു. രൂക്ഷമായ കാലാവസ്ഥയും, പടര്‍‌ന്നുപിടിച്ച് മലമ്പനിയും (തുള്ളപനി) കൊണ്ട്  ചത്തുകെട്ടി  പോയവരെത്ര?, ആര്‍‌ക്കറിയാം. അവരുടെ അഞ്ചാം തലമുറയിലേയും ആറാം തലമുറയിലേയും ജീവികള്‍‌, ഇന്നും ലായങ്ങളിലും, പുറമ്പോക്കിലെ തകര ഷീറ്റടിച്ച കൂരകളിലും കഴിയുന്നു. ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങളുന്നയിച്ചുകൊണ്ടെ മുന്നേറാനാവൂ. സത്യത്തില്‍‌  ഈ ഭൂമിയുടെ അവകാശികള്‍‌ ആരാണ് ? രാജാവു കൊണ്ടുവന്നു താമസ്സിപ്പിച്ച ക്ഷത്രിയരുടെ പിന്മുറക്കാരായ, കേസില്‍ കക്ഷി ചേര്‍ന്ന പൂഞ്ഞാറുകാരോ, ആ മണ്ണില്‍ അദ്ധ്വാനിക്കുക മാത്രം ചെയ്ത് അടിമളായി പൊലിഞ്ഞു പോയവരുടെ പിന്മുറക്കാരോ ? എന്തിന്റെ അടിസ്ഥാനത്തിലാണ് ഭൂവുടമസ്ഥത ജനകീയ സര്‍ക്കാര്‍ അടയാളപ്പെടുത്തുന്നത് ? ആരൊക്കെയാണ് മൂന്നാ‍റിനെ പ്രകൃതിവിരുദ്ധമാക്കിയത്. തീര്‍‌ച്ചയായും, തമിഴും, മലയാളവും ഇടകലര്‍‌ത്തി സംസാരിക്കുന്ന കറുത്ത മനുഷ്യരല്ല. അവരെന്നെങ്കിലും ഭൂമിയുടെ അവകാശികളായിരുന്നുവോ ? ഗവേഷിക്കാവുന്ന വിഷയം.

              ഇന്ന് സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെ ചട്ടുകങ്ങളായ, ദലിത് ആദിവാസി പോഷക സംഘനകളെ കൊണ്ടു നടത്തിക്കുന്ന അശ്ലീല ഭൂസമരങ്ങള്‍ ചിലരോട് കണക്കു തീര്‍ക്കാനുള്ള ശ്രമം മാത്രം, അത് അവര്‍ കൈയ്യേറിയ ഭൂമിയാണെങ്കില്‍ പോലും !

                    ഈ ‘കണ്ണന്‍‌ തേവന്‍’ എന്ന് ടാറ്റയുടെ തോട്ടത്തിനെങ്ങനെ പേരുവന്നു ? അത് അയാളുടെ മക്കളുടെ പേരു വല്ലതുമാണോ..? അതോ പൂഞ്ഞാറ്റിലെ മണ്മറഞ്ഞ ഏതെങ്കിലും തമ്പ്രാക്കന്മാരുടെ ..? ഏതായാലും സായിപ്പന്മാര്‍‌ക്കാര്‍ക്കും ആ പേരുള്ളതായി അറിവില്ല !