2010, ജൂലൈ 31, ശനിയാഴ്‌ച

കൈവെട്ടും മുസ്ലീം പ്രതിനായകത്വവും !

       കൈവെട്ടു കേസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവുന്നുണ്ട്. മുസ്ളീമിനെ എല്ലാവരും എന്തുകൊണ്ടൊക്കെയോ പേടിക്കുന്നു. ഈ വിഷയത്തില്‍ , വൈകാരികത ഒഴിവാക്കി  തികച്ചും ഗൗരവത്തോടെ കണ്ടത്, ജബ്ബാര്‍ മാഷുടെ പോസ്റ്റില്‍  കമന്റിട്ട്, അതു ക്രോഡീകരിച്ച കെ.എം.വേണുഗോപാലിന്റെ പോസ്റ്റാണ്. എണ്‍പതുകള്‍  മുതല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളീല്‍ രൂപപ്പെടുന്ന ചില വ്യതിയാനങ്ങളെ തമസ്കരിക്കുകയോ, അസന്നിഹിതമാക്കുകയോ വഴി, ഭരണകൂടവും ഭരണവര്‍ഗ്ഗ ജാതിസമൂഹവും ഒന്നിച്ചു കളിക്കുന്ന കളി കണ്ടെടുക്കാന്‍ പ്രാപ്തിയോ പ്രത്യശാസ്ത്ര ബോധമോ ഇല്ലാത്ത കേവല 'നീതിമാന്മാര്‍' നടത്തുന്ന സര്‍ക്കസ്സുകള്‍ കണ്ടാല്‍ പൊതുസാമൂഹ്യബോധത്തെ അപ്പാടെ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്നു തോന്നും. യുക്തിവാദത്തിന്റെ ഒരു പരിമിതി, കാര്യങ്ങളെ യാന്ത്രികമായി സമീപിക്കുകയും, അതിന്റെ സാമൂഹ്യബലതന്ത്രം ഒഴിവാക്കുകയും ചെയ്യും. ദൈവമുണ്ടന്നും ആ ദൈവമാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നുമുള്ള ചിലരുടെ ബോധ്യങ്ങളെ അതേ യുക്തികൊണ്ടു തിരിച്ചടിക്കുന്ന യുക്തിവാദത്തിന്‌ സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ആവും എന്നു ഞാന്‍ കരുതുന്നില്ല.


        വിടെ കൈവെട്ടുമായി ഉയര്‍ന്ന ചര്‍ച്ചകളില്‍ (ഒരുകാരണവശാലും ഇത്ര നീചമായ ആക്രമണത്തെ ആരു ചെയ്താലും പിന്തുണക്കുന്നില്ല) ഇസ്ളാമിന്റെ പൊതുസ്വഭാവമായി ചുരുക്കി കാണാനുള്ള  വ്യഗ്രത പരിശോധിക്കേണ്ടതാണ്‌. ശ്രീ കുരീപ്പുഴയുടെ ഒരു പഴയ കവിത, പ്രസക്തമാകുന്നു.'വരണ മാല്യവുമായി ദമയന്തി സ്വയം വരമണ്ഡപത്തില്‍ എത്തിയപ്പോള്‍ അഞ്ചു നളന്മാര്‍’. അഞ്ചു പേരും വ്യജന്മാരായിരുന്നത്രേ! ഇതുപോലാണ്‌ മുഖ്യമന്ത്രിയും, യുക്തിവാദികളും, സംഘപരിവാരങ്ങളും, മതേതര പുരോഗമന വാദികളും ഒരേ പോലെ സംസാരിച്ച വേറേ ഏതെങ്കിലും സന്ദര്‍ഭമുണ്ടായിട്ടുണ്ടോ..?
           
         വിടെ വേറേ ഒരുകാര്യം കൂടി പരിഗണിക്കണം. സെപ്റ്റമ്പര്‍ 11-ന്റെ കാലം കഴിഞ്ഞ നാളുകളില്‍ തന്നെ ആഗോള ഭീകരന്മാരായി സ്ഥാനകയറ്റം കിട്ടിയ ഇസ്ളാമിന്‌ ഇന്ത്യന്‍ സമൂഹത്തില്‍ ഈ പദവി കിട്ടുന്നത് മണ്ഡല്‍ കാലത്തു തന്നെയാണന്നാണ്‌. സച്ചാര്‍ കമിറ്റി റിപ്പോര്‍ട്ടനുസരിച്ച് ദലിതുകളിലും പിന്നോക്കമായ മുസ്ളീം സമൂഹത്തിന്‌ ചില പരിഗണന വേണമെന്ന വാദം കേരളീയ പൊതുസമൂഹം എങ്ങനെ നേരിട്ടു എന്നാണ്‌. മുസ്ളീം സമൂഹത്തിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക്  മുസ്ളീം ലീഗെന്ന രാഷ്ട്രീയ കക്ഷിയുടെ നിലപാട് സാധാരണ മുസ്ലീംയുവത  തള്ളികളഞ്ഞത് ബാബറീ മസ്ജിത് തകര്‍ന്നതോടെയാണ്‌. ആ വിഷയത്തിന്‍  മേല്‍ പറഞ്ഞ അഞ്ചു നളന്മാരുടേയും നിലപടുകളും ഏതാണ്ട് ഒന്നു തന്നെയായിരുന്നു. എന്താണിതിനു കാരണം..?


         പൊതുസമൂഹത്തില്‍ മേല്‍ തട്ടിലുള്ള ബുദ്ധിജീവി സമൂഹം, രണ്ടായി പിളരുകയും സംഘര്‍ഷപ്പെടുകയും ചെയ്യുന്നത് രണ്ടു കാരണങ്ങളാലാണ്‌. ദേശീയത സംബന്ധിച്ച സന്ദിഗ്ദ്ധത, മതേതര പുരോഗമന ബോധ്യപ്പെടുത്തല്‍. ഇതു മറികടന്നത് ദലിതര്‍ ഉയര്‍ത്തിയ നവീന ജ്ഞാനബോധത്തിന്റേയും സിദ്ധാന്ത രൂപീകരണത്തിലൂടെയുമായിരുന്നു. എന്നാല്‍ ഇസ്ളാമിനെ സംബന്ധിച്ച് അങ്ങനെയൊന്നുണ്ടായില്ല. വടക്കെയിന്ത്യയില്‍ ശക്തി പ്രാപിച്ച ദലിത്-പിന്നോക്ക സമൂഹങ്ങളുടെ ശാക്തീകരണം ഇവിടെ സംഭവിക്കാഞ്ഞത് പരിശോധിക്കേണ്ടതല്ലേ?
            
         റ്റൊന്നു പരിശോധിക്കേണ്ടത്, താലിബാനിസം എന്ന വാക്കാണ്‌. വിപ്ളവം എന്ന വാക്കിന്‌ മാന്യതയുള്ള നാട്ടിലാണന്നോര്‍ക്കുക. മനുഷ്യന്റെ അധിനിവേശയുക്തിക്കെതിരെ എല്ലാകാലത്തും (അത് ആഭ്യന്തരമോ-വംശീയമോ-വിദേശീയമോ)സങ്കല്പങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഗാന്ധിജിയുടെ സങ്കല്പത്തില്‍ രാമരാജ്യവും, മഹാത്മാ ഫൂലെയുടെ സങ്കല്പത്തില്‍ ബലിരാജ്യവും, രാം മനോഹര്‍ ലോഹ്യയുടെ സങ്കല്പത്തില്‍ സോഷ്യലിസവും, കമ്മ്യൂണിസ്റ്റു സങ്കല്പത്തില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും, മനുവാദി പരിഷകളുടെ സങ്കല്പത്തില്‍ ബ്രാഹ്മണ്യ -ചാതുര്‍വര്‍ണ്യവുമാണങ്കില്‍, ഇസ്ളാം മതമൗലിക വാദികള്‍ക്കത് ഇസ്ളാം ഭരണകൂടമായിരിക്കും . ഇതിന്റെ വിശാലമായ പരിപ്രേഷ്യത്തില്‍ , ഇന്ത്യന്‍ ജനത നടന്നടുത്ത ചരിത്രത്തില്‍ ഏതെങ്കിലുമൊന്നിനു മാത്രം വിജയമെന്ന ഉട്ടോപ്യയെ ഇക്കാലത്ത് വേവിച്ചെടുക്കാമെന്ന വ്യാമോഹം ആരെ പറ്റിക്കാനാണ്‌.
 
         രിത്രത്തില്‍ ഇത്ര ഭീകരന്മാരായ, മനുഷ്യന്‌ പുല്ലിന്റെ വിലപോലും കല്പിക്കാത്ത ഹിന്ദുമതമെന്ന ജന്തുക്കളാണ്‌, ഇപ്പോള്‍ ന്യായവുമായിറങ്ങിയിരിക്കുന്നത്. യുദ്ധപ്പുകയും ആര്‍ത്തനാദങ്ങളുമില്ലാത്ത ഒരു മനുഷ്യാവസ്ഥയെ സ്വപ്നം കണ്ട ബുദ്ധ-ജൈന മതങ്ങളെ കുടില തന്ത്രത്തിലൂടെ പിഴുതെടുത്തുകളഞ്ഞ ഭീകരന്മാരെല്ലാം. ബ്ലോഗിന്റെ ഇത്തിരി വെളിച്ചത്തില്‍ സ്വാത്വികാഭിനയം കാഴച്ചവെക്കുമ്പോള്‍  കൈയ്യടിച്ച് ‘ഹാ ഹാ....... ഗംഭീരം’എന്നു പറയാന്‍  എന്തോ മനസ്സനുവദിക്കുന്നില്ല.

2010, ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയം

കേരളത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധത ഇന്നു യഥാര്‍ഥത്തില്‍ ഒരുതരം ഹിസ്റീരിയയായി പരിണമിച്ചിരിക്കുന്നു. ഈ കോലാഹലം ദലിത്-ഒ.ബി.സി (ഈഴവസമുദായങ്ങള്‍) സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച തകര്‍ക്കുക ലക്ഷ്യംവച്ചുകൊണ്ടുള്ള നീക്കമാണ്. മുസ്ലിം വിരുദ്ധതയുടെ പുകമറ സൃഷ്ടിച്ച് ദലിത്-ഒ.ബി.സി ജനവിഭാഗങ്ങളെ സവര്‍ണരുടെ ചട്ടുകങ്ങളാക്കി മാറ്റുക എന്നതാണ് സവര്‍ണ രാഷ്ട്രീയനേതൃത്വത്തിന്റെ തന്ത്രം. ഇതിനു നായര്‍-സവര്‍ണ നസ്രാണി നിയന്ത്രണത്തിലുള്ള ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കുന്നു. ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളും ഇതില്‍ പങ്കാളികളാണ്. സവര്‍ണ നിയന്ത്രിത മാധ്യമ ഭീകരത ഇവര്‍ക്കു കൂട്ടായിട്ടുണ്ട്. ഇതില്‍ അച്ചടിമാധ്യമങ്ങളും ചാനലുകളുമുണ്ട്. ചില നാമമാത്ര ഒ.ബി.സി മാധ്യമങ്ങളെ ഇക്കൂട്ടര്‍ വിലയ്ക്കെടുത്തിട്ടുമുണ്ട്. തകര്‍ന്നു കൊണ്ടിരിക്കുന്നവരെ ചുളുവിലയ്ക്കു തരപ്പെടുത്താവുന്നതാണല്ലോ. 'വെര്‍ബല്‍ ഡയേറിയ' ബാധിച്ച ചാനല്‍വായാടികള്‍ അന്തരീക്ഷത്തെ മുച്ചൂടും ദുഷിപ്പിക്കുന്നു. കലികാലവൈഭവം! മറ്റെന്തു പറയാന്‍?
മുസ്ലിംകള്‍ പ്രതിസ്ഥാനത്തു വരുന്ന അവസരത്തില്‍ ഇവര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയ സംഭവം തികച്ചും നീചവും നികൃഷ്ടവുമാണ്. അത് അപലപിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ഇതിനു സമാനമായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ പലപ്പോഴും നടന്നിട്ടുണ്ട്. ആ സമയത്തു മുസ്ലിം ഇതരര്‍, വിശിഷ്യാ സവര്‍ണരും അവരുടെ പിണിയാളുകളും, പ്രതിസ്ഥാനത്തു വരുമ്പോള്‍ ഭരണകൂടവും മാധ്യമങ്ങളും മട്ടു മാറ്റുന്നു. അപ്പോള്‍ അവര്‍ തികച്ചും ഉദാസീനരാണ്. ദലിത്-ഒ.ബി.സികള്‍ പ്രതിസ്ഥാനത്തു വരുമ്പോള്‍ പക്ഷേ, മുസ്ലിം അവസ്ഥതന്നെയാണ് അവരും നേരിടുക.
ഇതു കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഈ അവസ്ഥ ദര്‍ശിക്കുന്നുണ്ട്. കേരളത്തില്‍ സാമാന്യം ഊര്‍ജസ്വലമായ മുസ്ലിം പ്രസ്ഥാനം ഉള്ളതുകൊണ്ട് നേരിയ പ്രതിരോധം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ യാതൊരു പ്രതിരോധവുമില്ല.
19, 20 നൂറ്റാണ്ടുകളിലെ ഐതിഹാസികമായ മലബാര്‍ കാര്‍ഷികകലാപങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിലെ മുസ്ലിം പ്രസ്ഥാനങ്ങള്‍. 1599ലെ ഉദയംപേരൂര്‍ സുഹനദോസ്, ശ്രീനാരായണ-മഹാത്മാ അയ്യങ്കാളി-പണ്ഡിറ്റ് കറുപ്പന്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, വൈകുണ്ഠസ്വാമികള്‍, വക്കീല്‍ പി കുമാരന്‍ എഴുത്തച്ഛന്‍ എന്നിവര്‍ നട്ടുനനച്ചു വളര്‍ത്തിയെടുത്തതാണ് ദലിത്-ഒ.ബി.സി രാഷ്ട്രീയപ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹിക വിപ്ളവപ്രസ്ഥാനങ്ങളും. ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളാണ് ഇവര്‍. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സവര്‍ണര്‍ക്കു കാര്യമായ പങ്കില്ല. അവരുടെ അല്ലറചില്ലറ സംഭാവനകളെ അവഗണിക്കുന്നുമില്ല. നമ്പൂതിരി-അമ്പലവാസി, നായര്‍-നസ്രാണി നേതൃത്വമാണ് സ്വാമി വിവേകാനന്ദന്‍ വിവരിച്ചതുപോലെ കേരളത്തെ ഭ്രാന്താലയമാക്കിയത്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് ഇപ്പോള്‍ മുസ്ലിം വേട്ടയിലൂടെ സവര്‍ണ പ്രമാണിമാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ പ്രബുദ്ധകേരളത്തിന് ഉത്തരവാദിത്തമുണ്ട്. ശ്രീനാരായണ-അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ പ്രസ്ഥാനങ്ങളെ ഇടതുപക്ഷ സവര്‍ണര്‍ 'ഹൈജാക്ക്' ചെയ്തതുകൊണ്ടാണ് ഈ സ്ഥിതിവിശേഷമുണ്ടായത്. കേരളത്തെ ഇക്കൂട്ടര്‍ ധൈഷണിക മരുഭൂമിയാക്കി. വെറുതെയാണോ കേരളത്തില്‍ പുല്ലുമുളയ്ക്കാത്തത്! കേരളത്തില്‍ കൃഷിയില്ല; വ്യവസായമില്ല; ശാസ്ത്രസാങ്കേതിക വിദ്യയുടെ വികസനമില്ല. ബ്രാഹ്മണ മതമൂല്യങ്ങളുടെ മേധാവിത്വം എല്ലാറ്റിന്റെയും കഴുത്തറുത്തുകളഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ (എസ്.എന്‍.ഡി.പി യോഗം) ചെയര്‍മാനും ഡോ. ഫസല്‍ ഗഫൂര്‍ ജനറല്‍ സെക്രട്ടറിയുമായ, 56 സമുദായങ്ങളുടെ പ്രാതിനിധ്യമുള്ള സംവരണ സമുദായ മുന്നണി ഉണര്‍ന്നുപ്രവര്‍ത്തിച്ച് ഈ സ്ഥിതിവിശേഷത്തിനു മാറ്റം വരുത്തണം. അത് അവരുടെ ചരിത്രപരമായ കടമയാണ്. ദലിത്-ഒ.ബി.സി-സ്വത്വരാഷ്ട്രീയം ശക്തിപ്പെടുത്തുക എന്നതു മാത്രമാണ് ഇതിനുള്ള പോംവഴി. ദലിത്-ഒ.ബി.സി-സ്വത്വരാഷ്ട്രീയം ശക്തിപ്പെടുന്നതോടെ ഇന്നു നാം കാണുന്ന ആഭാസങ്ങളും കോപ്രായങ്ങളും തനിയെ നിന്നുകൊള്ളും.
                      (പ്രഫ. ടി.ബി.വിജയകുമാര്‍)

2010, ജൂലൈ 19, തിങ്കളാഴ്‌ച

ഭീകരവാദികളോട് ഇരട്ടത്താപ്പ് !

ത്യധികം ഗൌരവും ദേശീയ പ്രാധാന്യമുള്ള ഒരു സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത 17-07-2010-ശനിയാഴ്ച ദേശീയവും പ്രാദേശീയവുമായ ഒട്ടുമിക്ക പത്രങ്ങളിലും വരികയുണ്ടായി.

ഇതായിരുന്നു വാര്‍ത്ത :-
ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഹിന്ദുതീവ്രവാദികള്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്‌.എസ്‌. ബന്ധമുള്ള ഹിന്ദു ഭീകരസംഘടനകള്‍ ശ്രമിച്ചെന്ന്‌ അന്വേഷണ ഏജന്‍സികള്‍. ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്‌ടര്‍ ആര്‍.പി.സിംഗും മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതി, ദയാനന്ദ്‌ പാണ്ഡെയും തമ്മിലുള്ള ഫോണ്‍ സംഭാഷണം
ചോര്‍ത്തിയതില്‍നിന്നാണ്‌ സി.ബി.ഐക്ക്‌ ഇക്കാര്യം വ്യക്‌തമായത്‌.
2007-ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അന്‍സാരിയെ വധിക്കാനായിരുന്നു ഹിന്ദു തീവ്രവാദികളുടെ പദ്ധതിയെന്നു സി.ബി.ഐ. കരുതുന്നു. അജ്‌മീര്‍ ദര്‍ഗ സ്‌ഫോടനം, മലേഗാവ്‌, ഹൈദരാബാദ്‌ മെക്ക മസ്‌ജിദ്‌ സ്‌ഫോടനം എന്നിവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദു തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്നാണു ഡോ.സിംഗ്‌ ഇതിന്റെ ഭാഗമാണെന്നു കണ്ടെത്തിയതെന്ന്‌ സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ പാണ്ഡെയെ കഴിഞ്ഞവര്‍ഷം അറസ്‌റ്റ് ചെയ്‌തിരുന്നു. ഡോ.സിംഗിനെയും ചോദ്യം ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. നോട്ടപ്പുള്ളിയായതോടെ ഡോ.സിംഗിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ സി.ബി.ഐ. ചോര്‍ത്തിയപ്പോഴാണ്‌ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ശ്രമം നടന്നതായി വ്യക്‌തമായത്‌. അന്‍സാരിയെ അപായപ്പെടുത്താന്‍ 15 ലിറ്റര്‍ പെട്രോളുമായി പോയെങ്കിലും ഒന്നും നടന്നില്ലെന്ന വിവരമാണു ഡോ.സിംഗും പാണ്ഡെയും തമ്മില്‍ 2008-ല്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നു സി.ബി.ഐ. ചോര്‍ത്തിയെടുത്തത്‌. മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതി ലഫ്‌. കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌, പാണ്ഡെ, ഡോ. സിംഗ്‌, കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി. മുന്‍ എം.പി: ബി.എല്‍.ശര്‍മ പ്രേം എന്നിവര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള ഏതു ശ്രമത്തിനും താനുണ്ടെന്നും അതിനായി ചാവേറാകാന്‍ തയാറുള്ള 100 പേരെ വേണമെങ്കിലും ജമ്മുവില്‍നിന്നു സംഘടിപ്പിച്ചു തരാമെന്നും ഡോ.സിംഗ്‌ കൂടിക്കാഴ്‌ചയില്‍ പുരോഹിതിനോടു പറയുന്നതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്‌.
സ്ഫോടനക്കേസുകളില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ആര്‍.എസ്‌.എസ്‌. മുഖംമിനുക്കല്‍ തുടങ്ങി. ഇതിന്റെ ഭാഗമായി തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള, മധ്യപ്രദേശില്‍നിന്നുള്ള ആറു പ്രചാരകരെ അകറ്റിനിര്‍ത്താന്‍ ആര്‍.എസ്‌.എസ്‌. നേതൃത്വം തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വലംകൈയും സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നു സംശയിക്കപ്പെടുന്നയാളുമായ ആര്‍.എസ്‌.എസ്‌. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌ജി എന്ന ഇന്ദ്രേഷ്‌കുമാറിനെ സംരക്ഷിക്കാനും മറ്റു മുതിര്‍ന്ന പ്രവര്‍ത്തകരായ അശോക്‌ വാര്‍ഷ്‌ണേയിക്കും അശോക്‌ ബെരിക്കും നിയമസഹായം നല്‍കാനും ആര്‍.എസ്‌.എസ്‌. തയാറായേക്കുമെന്ന്‌ അറിയുന്നു.

ഹിന്ദു ഭീകരസംഘടനകള്‍ക്കു ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന സ്‌ഫോടനങ്ങള്‍ ഇവയാണ്‌: നന്ദേഡ്‌ (2006), ഡല്‍ഹി ജമാ മസ്‌ജിദ്‌ (2006), മലേഗാവ്‌ (2006), സംഝോത എക്‌സ്പ്രസ്‌ ട്രെയിന്‍ ഹരിയാന (2007), അജ്‌മീര്‍ ദര്‍ഗ (2007), മെക്ക മസ്‌ജിദ്‌ (2007), കാണ്‍പുര്‍ (2008), ഡല്‍ഹി മെഹ്‌റോളി (2008), മലേഗാവ്‌, മൊഡാസ ഗുജറാത്ത്‌ (2008), ഗോവ (2009).
                                                          (മംഗളം 17-07-2010)

മലയാള മനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതേ ഇല്ല. മാതൃഭൂമിയാകട്ടെ ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തതായി വാര്‍ത്തയിട്ടു. അതിനു കാരണം ഹിന്ദുഭീകരവാദികള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ രഹസ്യങ്ങള്‍ പ്രതിയായ ദയാനന്ദ് പാണ്ഡേയുടെ ലാപ്പ്ടോപ്പില്‍ നിന്നും ഒളിക്യാമറാ വെച്ച് പിടിച്ച് ഹെഡ്ലൈന്‍ ടുഡേയുടെ ടി.വി ചാനലില്‍ കാണിച്ചതില്‍ പ്രതിഷേധിച്ചാതാണത്രെ! അല്ലാതെ ഗൂഢാലോചനയെ സംബന്ധിച്ച് യാതൊരു വിശദാംശങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.

ദേശാഭിമാനിയാകട്ടെ ഉപരാഷ്ട്രപതിക്കു നേരെയുള്ള വധശ്രമ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്ത ഇട്ടിട്ടുണ്ട്. അതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആര്‍.എസ്.എസ്സുകാരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പ്രതിഷേധിച്ചാണത്രെ അക്രമണം. ഉപരാഷ്ട്രപതിയുടെ വധശ്രമത്തിന്റെ ഗൂഢാലോചന ചാനലില്‍ കാണിച്ചതിനായിരുന്നു എന്ന വ്യക്തമായ കാര്യം മറച്ചു വെയ്ക്കുന്നു.

എന്നാല്‍ ഹൈന്ദഭീകരതയുടെ നിഗൂഢപദ്ധതിയെ പറ്റിയുള്ള വിശദമായ വാര്‍ത്ത മംഗളം കൂടാതെ മാധ്യമം, തേജസ്, ദീപിക, തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു.
മലയാളികളുടെ  ഹൃദയസ്പന്ദനമായ മനോരമയും ജീവശ്വാസമായ മാതൃഭൂമിയും ഗൂഢാലോചന വാര്‍ത്ത പ്രസിദ്ധീകരിക്കാഞ്ഞതു കൊണ്ടാണോ എന്തോ ബൂലോകത്തെ ജനാധിപത്യവാദികള്‍, മതേതരവാദികള്‍, വിപ്ലവകാരികള്‍, യുക്തിവാദികള്‍, ശാസ്ത്രവാദികള്‍, മനുഷ്യാവകാശ വാദികള്‍ തുടങ്ങിയവരാരും ഹീനമായ ഈ പ്രവര്‍ത്തിയെ സംബന്ധിച്ച് പ്രതികരിച്ചതായി കണ്ടില്ല. എന്നാല്‍ മുസ്ലിംഭീകരതയുടെ മകുടോദാഹരണമായ കൈവെട്ടു കേസില്‍ ആവര്‍ത്തിച്ചു പ്രതികരിച്ചു കൊണ്ടിരിക്കുന്നുണ്ട് പലരും. ഉപരാഷ്ട്രപതിയുടെ വധശ്രമം കൂടാതെ സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളിലും വിവിധ സ്ഫോടനങ്ങളിലും ഉള്ള പങ്കും, അത് മുസ്ലിംഭീകരതയുടെ തലയില്‍ കെട്ടിവെച്ചിരുന്ന കാര്യവും പുറത്തുകൊണ്ടു വന്നിട്ടും ആര്‍ക്കും പ്രതികരണമൊന്നുമില്ല. മുഖ്യധാരാ മാധ്യമങ്ങളും നമ്മുടെ പൊതുബോധവും എത്രമാത്രം സവര്‍ണവത്ക്കരിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ ?


ഇനി കാര്യങ്ങള്‍ ഒന്നു തിരിച്ചിട്ടു ചിന്തിക്കുക. ഉപരാഷ്ട്രപതി ഒരു ഹിന്ദുവും (കൃസ്ത്യാനിയായാലും മതി) വധിക്കാന്‍ പദ്ധതിയിട്ടത് ഇസ്ലാമിക ഭീകരവാദികളുമായിരുന്നെങ്കില്‍ മാധ്യമങ്ങളിലും ബൂലോകത്തും എന്തായിരുന്നേനേ കോലാഹലം!! എത്രകാലമായിരുന്നേനേ കോലാഹലം !!!!......അതെ ഭീകരവാദം ആരു ചെയ്താലും അത് മുസ്ലിമിനല്ലാതെ മറ്റാര്‍ക്കു കൊടുക്കാന്‍ കഴിയും നമുക്ക് ?!