2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

ഓണം സവര്‍ണവും അവര്‍ണവും

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിനു് ഒരു നൂറുവര്‍ഷത്തെ പഴക്കം പോലുമില്ല. ഹിന്ദുക്കള്‍ എന്നു വിളിക്കപ്പെടുന്ന അവര്‍ണര്‍ വളരെ സമീപകാലത്തു മാത്രമാണ് ഓണം ആഘോഷിക്കാന്‍ തുടങ്ങിയതെന്നും തന്റെ ചെറുപ്പകാലത്ത് ഓണം സവര്‍ണ ഹിന്ദുക്കള്‍ മാത്രമാണു് ആഘോഷിച്ചിരുന്നതെന്നും  ഈ. എം. എസ് പണ്ട് ദൂരദര്‍ശനിലൂടെ വെളിപ്പെടുത്തിയിരുന്നു. 1961-62 കാലത്ത് പട്ടം താണുപിള്ള ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചു. കര്‍ക്കിടകമാസത്തെ പുണ്യമാസമായി പ്രഖ്യാപിച്ചു്, ആ കാലയളവില്‍ കേരളീയരെ മുഴുവന്‍ രാമായണം വായിപ്പിച്ചാല്‍ അതു് ഹൈന്ദവ ഏകീകരണത്തിനു് ഉപകാരപ്പെടുമെന്നു് സംഘപരിവാറികള്‍ മനസ്സിലാക്കി, 1981 - കാലത്ത് വിശാലഹിന്ദു സമ്മേളനത്തില്‍ അത്തരം തീരുമാനം കൈക്കൊണ്ടു നടപ്പാക്കിയതുപോലെയായിരുന്നു പട്ടം താണുപിള്ളയും സര്‍ക്കാരിന്റെ മേല്‍ക്കൈയ്യില്‍ ഓണമെന്ന സവര്‍ണാഘോഷത്തെ മുഴുവന്‍ കേരളീയരുടെയും മേല്‍ കെട്ടിയേല്പിച്ചത്. കേരളീയര്‍ക്കും അല്ലെങ്കില്‍ മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ചരിത്രം രചിക്കുകയോ പഠിക്കുകയോ അതെന്താണെന്നു് അറിയുകയോ ചെയ്യുന്ന പാരമ്പര്യം പൌരാണിക കാലംമുതലെ വശമുള്ള കാര്യമല്ല. പകരം ആരും സൃഷ്ടിച്ചുകൊടുക്കുന്ന ഏതു മിത്തിനെയും ഏത് അത്ഭുതകരമായ വിഡ്ഢിത്തത്തെയും ചരിത്രമായി വിശ്വസിച്ചു ആചരിക്കുന്ന സ്വഭാവം നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു പോയ ജൈവികഗുണമാണു്. സമീപകാലത്ത് ഇവിടെ അവതരിപ്പിച്ച അക്ഷയതൃതീയ പൌരാണിക കാലം മുതല്‍ക്കേ നാം സ്വര്‍ണം വാങ്ങാന്‍ തെരെഞ്ഞെടുത്തിട്ടുള്ള പുണ്യകാലമായി ഭൂരിപക്ഷ മലയാളികളും വിശ്വസിച്ചു പോരുന്നതും ഈ ജനിതകത്തകരാറുകൊണ്ടാണു്.

ഓണം ഒരു പൊതസ്വരൂപത്തോടുകൂടിയ ആഘോഷമേയല്ല. മറിച്ച് അതിനു് ഓരോ സാമൂഹിക വിഭാഗങ്ങളും വ്യത്യസ്ഥമായ ഉള്ളടക്കവും അടിത്തറയുമാണു് കാണുന്നത്. ദേശീയോത്സവമാകുന്നതിനു് മുമ്പ് കേരളത്തിലെ ബ്രാഹ്മണര്‍ മഹാബലിയെ വരവേല്‍ക്കാനുള്ള ആഘോഷമായിട്ടല്ല, മറിച്ച് മഹാബലിയെ ചവിട്ടി പാതളത്തിലാക്കിയ വാമനന്റെ വിജയമായിട്ടാണു് ഓണം ആഘോഷിക്കുന്നത്. ഇന്നും അതങ്ങനെയൊക്കെ തന്നെയാണു്.  കേരളത്തില്‍ ബ്രാഹ്മണരുള്‍പ്പെടുന്ന പാരമ്പര്യ സവര്‍ണ കുടുംബങ്ങളിലെ അറപ്പുരകളിലിരിക്കുന്ന വാമന വിഗ്രഹത്തെ പൂജിച്ച ശേഷമാണു് ഓണപ്പുടവ കൊടുക്കുന്നതും മറ്റ് ആഘോഷപരിപാടികള്‍ തുടങ്ങുന്നതും. കേരളത്തില്‍ പല സ്ഥലങ്ങളിലും വാമനനു് ക്ഷേത്രങ്ങളുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു വാമനനാണു് എറണാകുളത്തെ തൃക്കാക്കരയപ്പന്‍. ഓണപ്പൂക്കളത്തിന്റെ ഒത്ത നടുക്കു് വാമനനിരിക്കുന്നുവെന്നാണു് ആചാരപരമായ സങ്കല്പം. ഓണത്തപ്പനായി കരുതുന്നത് മഹാബലിയെയല്ല, വാമനനെയാണു്. അപ്പോള്‍ സവര്‍ണ ജനവിഭാഗം  അസുര (മദ്യപാനികളല്ലാത്ത/അവര്‍ണ) ചക്രവര്‍ത്തിയായ  മഹാബലിക്കു് മേല്‍ ബ്രാഹ്മണനായ വാമന്‍ നേടിയ വിജയമാഘോഷിക്കുന്നതാണു് ഓണം. പി.കെ. ഗോപാലകൃഷ്ണന്റെ 'കേരളത്തിന്റെ സാംസ്കാരിക ചരിത്രം' എന്ന ഗ്രന്ഥത്തില്‍ (പേജ് 320) അതെക്കുറിച്ച് പറയുന്നു. "സംഘകാലത്തു തന്നെ തമിഴകത്ത് ഓണം ആഘോഷിച്ചിരുന്നതായി മധുരകാഞ്ചിയില്‍ പറയുന്നു. ഏഴു ദിവസത്തേക്കായിരുന്നു അവിടെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനമൂര്‍ത്തിയുടെ സ്മരണയുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു അന്നും ഓണം ആഘോഷിച്ചിരുന്നത്. ഈ ഓണാഘോഷം തന്നെയാണ് വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരണത്തോടുകൂടി കേരളത്തില്‍ സാര്‍വത്രികമായിത്തീര്‍ന്നത്. " അപ്പോള്‍ കഥയറിയാതെയും പരിശോധിക്കാതെയും അവര്‍ണര്‍ ഇത് കൊണ്ടാടുന്നുവെന്നു മാത്രം

ഭരണകൂടത്തിന്റെ സഹായത്തോടെ ഓണം ആഘോഷിക്കപ്പെടുകയും കേരളത്തിലെ കലാസാഹിത്യസാംസ്ക്കാരിക രംഗത്തെ ശൂദ്രപ്രമാണിമാര്‍ സവര്‍ണ നൊസ്റ്റാള്‍ജിയയോടെ സമൂഹത്തിനു് മുമ്പില്‍ വര്‍ഷങ്ങളായി ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉച്ചിഷ്ടങ്ങളും അവരുടെ അമേധ്യങ്ങളുമാണു് ഓണത്തിനു് രൂപവും പൊലിമയും നല്‍കിക്കൊണ്ടിരിക്കുന്നത്. അല്ലാതെ കേരളത്തിലെ പട്ടികജാതിക്കരനോ ആദിവാസിയോ ഓണമാഘോഷിച്ചിരുന്നതിന്റെ ചരിത്രം ഓര്‍ത്തെടുക്കാന്‍ അത്തരത്തിലൊന്നു് അവര്‍ക്കില്ലായിരുന്നുവെന്നതാണു് സത്യം. ഓണത്തിനു് ഒരു നൂറുവര്‍ഷത്തിലേറെ പഴക്കമില്ലെന്നതിനു് മറ്റൊരു യുക്തിയും ഉപോല്‍ബലകമായുണ്ട്. മാറുമറക്കാനും തുണിയുടുക്കാനും അവര്‍ണമലയാളികള്‍ക്കു്  അവസരമുണ്ടായിട്ട് നൂറുകൊല്ലം പോലുമായിട്ടില്ല. അപ്പോള്‍ ആദിവാസിയും ദലിതനും എന്തിനു് പിന്നോക്കക്കാരനും ഏതു കോടിവസ്ത്രമുടുത്താണു്, അവരുടെ പെണ്ണുങ്ങള്‍ ഏത് സെറ്റ് സാരിയുടുത്താണു് ഓണമാഘോഷിച്ചിരുന്നതെന്നതിനു് ഉത്തരം കിട്ടിയാലെ ഓണമെന്നത് പണ്ടുമുതലേ അവര്‍ണരുടെ ആഘോമായിരുന്നുവെന്നു പറയാനാകുകയുള്ളു. കൂടാതെ ചരിത്രത്തില്‍ അവര്‍ എന്നു മുതലാണു് സദ്യ കണികാണാന്‍ തുടങ്ങിയതെന്നും പരിശോധിക്കപ്പെടണം.

1960 കള്‍ക്കു ശേഷമുള്ള വറുതികാലങ്ങളില്‍ ദാരിദ്ര്യം നിമിത്തം അവര്‍ണജനത വയറുനിറച്ചുണ്ണുന്നത് അപൂര്‍വമായിരുന്നു. ദേശീയോത്സവമായ ശേഷം ഓണക്കാലത്ത് ലഭിച്ച സൌജന്യറേഷന്‍ കഴിച്ച്, ഊഞ്ഞാലാടി, പുതുവസ്ത്രം ധരിച്ച്, പൂക്കളമിട്ട് പതുക്കെപ്പതുക്കെ ഓണമെന്ന സവര്‍ണാഘോഷത്തെ നെഞ്ചോടുചേര്‍ക്കാന്‍ തുടങ്ങി. അതിനു് മുമ്പ് സമ്പന്നരായ സവര്‍ണവിഭാഗങ്ങളുടെ മാത്രം ആഘോഷമായിരുന്നു ഓണം. കൈയ്യില്‍ കിട്ടുന്ന ഏതാഘോഷവും അര്‍മാദിച്ചു തീര്‍ക്കുകയെന്നല്ലാതെ, പ്രത്യേകിച്ച് ബിവറേജ് ഔട്ടലെറ്റുകള്‍ വ്യാപകമായിത്തീരി‍ന്നിരിക്കുന്ന വര്‍ത്തമാന കാലത്ത്, അതിന്റെയൊന്നും അന്തസ്സാരം പരിശോധിക്കേണ്ട ബാധ്യത അവര്‍ണ വിഡ്ഢികള്‍ക്കില്ലല്ലോ ! (സ്മാളടിക്കുന്ന കാര്യത്തില്‍ ഇന്നു് സവര്‍ണര്‍ പിറകോട്ടും അസ്തിത്വ ദുഃഖം അനുഭവിക്കുന്ന അവര്‍ണര്‍ മുമ്പോട്ടുമാണു്. ആയതിനാല്‍ വര്‍ത്തമാനകാലത്ത് സുരര്‍ അവര്‍ണരും അസുരര്‍ അഥവാ മദ്യമുപയോഗിക്കാത്തവര്‍ സവര്‍ണരുമാണു്. ചരിത്രത്തിന്റെ മറ്റൊരു ദുര്യോഗം)

പ്രജാക്ഷേമതല്പരനായിരുന്ന അവര്‍ണരുടെ  ചക്രവര്‍ത്തി കൊല ചെയ്യപ്പെട്ടതിന്റയും അദ്ദേഹം നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നതിന്റെയും ഓര്‍മ്മ പുതുക്കലെന്നുള്ള നിലയില്‍  ഓണാഘോഷത്തെ പുതുക്കിപ്പണിത് അവര്‍ണര്‍ ഓണത്തെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഓണാഘോഷം മാറ്റിത്തീര്‍ക്കണമെങ്കില്‍ അവര്‍ണര്‍ ഓണത്തപ്പനായ വാമനനമ്പൂതിരിയെ ഭര്‍ത്സിക്കുകയും വാമനക്ഷേത്രങ്ങളിലെ വാമനവിജയാഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യണം. കൂടാതെ പൂണൂലിട്ട വാമനന്റെ ഒരു കോലമുണ്ടാക്കി അത് വര്‍ണാഭമായി അലങ്കരിച്ച് അതില്‍ ചെരുപ്പുമാല അണിയിക്കുകയും അതിനെ ചാട്ടവാറുകൊണ്ടിക്കുകയും ചെയ്യുന്ന തരത്തില്‍ പുതിയ ഓണക്കളികളുണ്ടാക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ നല്ലവനായിരുന്ന അവര്‍ണരുടെ രാജാവിനു് പ്രാധാന്യം വരികയും അദ്ദേഹത്തെ ഹിംസിച്ച ബ്രാഹ്മണവാമനന്‍ അവഹേളിക്കപ്പെടുകയും ചെയ്യുകയുള്ളു. അങ്ങനെയേ ഒരു മിത്തിനെ അവര്‍ണാനുകൂലമായി മാറ്റിമറിക്കാനാകുകയുള്ളു. കൂടുതല്‍ ഭാവനയുള്ളവര്‍ മെച്ചപ്പെട്ട ഓണക്കളികള്‍ നിര്‍ദേശിക്കട്ടെ. അടുത്ത ഓണാഘോഷം നമുക്കു് ആ രീതിയില്‍ സംഘടിപ്പിക്കണം.

( ശ്രീ. സണ്ണി എം കപിക്കാടിന്റെ ഓണത്തെപ്പറ്റിയുള്ള വീഡിയയില്‍ http://www.youtube.com/watch?v=YEL84Kq9VcA നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണു് ഈ കുറിപ്പ് തയ്യാറാക്കിയത്. അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊള്ളട്ടെ )

7 അഭിപ്രായങ്ങൾ:

  1. പ്രജാക്ഷേമതല്പരനായിരുന്ന അവര്‍ണരുടെ ചക്രവര്‍ത്തി കൊല ചെയ്യപ്പെട്ടതിന്റയും അദ്ദേഹം നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നതിന്റെയും ഓര്‍മ്മ പുതുക്കലെന്നുള്ള നിലയില്‍ ഓണാഘോഷത്തെ പുതുക്കിപ്പണിത് അവര്‍ണര്‍ ഓണത്തെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഓണാഘോഷം മാറ്റിത്തീര്‍ക്കണമെങ്കില്‍ അവര്‍ണര്‍ ഓണത്തപ്പനായ വാമനനമ്പൂതിരിയെ ഭര്‍ത്സിക്കുകയും വാമനക്ഷേത്രങ്ങളിലെ വാമനവിജയാഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യണം. കൂടാതെ പൂണൂലിട്ട വാമനന്റെ ഒരു കോലമുണ്ടാക്കി അത് വര്‍ണാഭമായി അലങ്കരിച്ച് അതില്‍ ചെരുപ്പുമാല അണിയിക്കുകയും അതിനെ ചാട്ടവാറുകൊണ്ടിക്കുകയും ചെയ്യുന്ന തരത്തില്‍ പുതിയ ഓണക്കളികളുണ്ടാക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ നല്ലവനായിരുന്ന അവര്‍ണരുടെ രാജാവിനു് പ്രാധാന്യം വരികയും അദ്ദേഹത്തെ ഹിംസിച്ച ബ്രാഹ്മണവാമനന്‍ അവഹേളിക്കപ്പെടുകയും ചെയ്യുകയുള്ളു. അങ്ങനെയേ ഒരു മിത്തിനെ അവര്‍ണാനുകൂലമായി മാറ്റിമറിക്കാനാകുകയുള്ളു. കൂടുതല്‍ ഭാവനയുള്ളവര്‍ മെച്ചപ്പെട്ട ഓണക്കളികള്‍ നിര്‍ദേശിക്കട്ടെ. അടുത്ത ഓണാഘോഷം നമുക്കു് ആ രീതിയില്‍ സംഘടിപ്പിക്കണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചെരുപ്പ് മാലയും ,ചാട്ടവരും ഉപയോഗിക്കുന്നതിനു മുന്‍പ് പ്രസ്തുത വൈകാരിക വിക്ഷോഭത്തിന് ഇടയാക്കിയ കഥയുടെ ആധികാരികമായ ഗ്രന്ഥം ഏതെന്ന് ഒന്ന് പരാമര്‍ശിച്ചാല്‍ നന്നായിരുന്നു .

      ഇല്ലാതാക്കൂ
    2. @ Manu Pillai,
      നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഓണത്തിന്റെ അടിസ്ഥാനത്തിലാണു് വൈകാരികവിക്ഷോഭം പുറപ്പെട്ടിരിക്കുന്നത്. അല്ലാതെ ഗ്രന്ഥങ്ങളെ ആധാരമാക്കിയല്ല.

      ഇല്ലാതാക്കൂ
    3. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അടുത്ത കാലങ്ങളില്‍ നടക്കുന്ന ഓണം ആഗോള ,സ്വദേശീയ കുത്തകളുടെ ഒരു സ്പോണ്‍സേര്‍ഡ് പരിപാടിയാണ് . ഇതാണ് സമീപ ഭാവിയില്‍ തന്നെ കടുത്ത അവര്‍ണ,സവര്‍ണ്ണ വ്യെത്യാസം ഉണ്ടാക്കാന്‍ പോകുന്നത് . അതിനു ഇവര്‍ക്ക് മുന്‍പില്‍ നമ്പൂതിരി, നായര്‍ ,ഈഴവ ,പുലയ വ്യെത്യാസം ഒന്നും കാണാന്‍ പോകുന്നില്ല. ഈ സാമ്പത്തിക കൊള്ളയ്ക്ക് കുഴലൂത്ത് നടത്തുവാന്‍, കൃത്യമായ പദ്ധതികളിലൂടെ , അനുകൂലമായി നയങ്ങളില്‍ സ്വാധീനം ചെലുത്തുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ആളുകളെ വിന്യസിച്ചിട്ടുണ്ട് . ഇതിനെ യാഥാര്‍ധ്യത്തോടെ സമീപിക്കാന്‍ കഴിഞ്ഞാല്‍ നന്ന് .

      ഇല്ലാതാക്കൂ
  2. ബാലരമ എന്നാ ഗ്രന്ഥത്തെ അടിസ്ഥാനം ആക്കി നാളെ മായാവിയും ദൈവം ആകും

    മറുപടിഇല്ലാതാക്കൂ
  3. ഓണം എന്ന ഈ സാമൂഹികദുരാചാരമൊക്കെ എത്രയും പെട്ടന്ന്‍ നിരോധിച്ചിരുന്നുവെങ്കില്‍ ചുമ്മാ ഊര്‍ജ്ജം പാഴാക്കിക്കളയുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. പരാജയപ്പെട്ടവരുടെ ഉത്സവമായി ഓണം ആഘോഷിക്കണം. കേരളത്തിലെ കച്ചവടക്കാര്‍ എല്ലാ വിശേഷ ദിവസങ്ങളും ആഘോഷമാക്കുകയാണ്.സാധാരണ ജനം ദിവസവും കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം