2010, മാർച്ച് 17, ബുധനാഴ്‌ച

ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.

 ചിത്രലേഖയെന്ന ദളിതുയുവതി പയ്യന്നൂരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജാതിപരവും തൊഴില്‍പരവുമായ അയിത്തവും പീഢനങ്ങളും ‘സി.പി.എമ്മിന്റെ ദളിതുപീഢനം’എന്ന എന്റെ പോസ്റ്റിലും കൂടാതെ ‘സത്യാന്വേഷി’, ‘ചിത്രകാരന്‍ ’എന്നിവരുടെ പോസ്റ്റുകളിലും വന്നിരുന്നു.


                                         (ചിത്രലേഖ )
                                ( ഭര്‍ത്താവ് ശ്രീഷ്കാന്ത് )
2010 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പയ്യന്നൂര്‍ ടൌണിലുള്ള കാവേരി ആഡിറ്റോറിയത്തില്‍ വെച്ച്, തനിക്കെതിരെ അക്രമത്തിനിറങ്ങിയ  രാഷ്ട്രീയ-തൊഴില്‍ പ്രസ്ഥാനങ്ങളോട്, പണിയെടുത്തു നിര്‍ഭയമായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടുന്ന, ദരിദ്രയും ദലിതയുമായ ചിത്രലേഖയുടെ ധീരതയ്ക്ക് പിന്തുണ കൊടുക്കുവാനും തുടര്‍ന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതുവരെ അവര്‍ക്കും കുടുംബത്തിനും സഹായം എത്തിക്കാനുമായിരുന്നു കണ്‍വെന്‍ഷന്‍.


                                  ( എ.വാസു -അദ്ധ്യക്ഷപ്രസംഗം)


                                  (ചന്ദ്രബാന്‍ പ്രസാദ് ഉത്ഘാടന പ്രസംഗം )


    (എസ്.സിതാര,കെ.അജിത, എ.വാസു, സിവിക് ചന്ദ്രന്‍, രേഖാരാജ് )
ഈ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത് പ്രത്യേകിച്ച് ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നില്ല. വിവിധ ദേശങ്ങളില്‍ നിന്നുമുള്ള നാല്പതോളം വരുന്ന വനിതകളാണ് ഇതിന്റെ സംഘാടകര്‍. ശ്രീ ഗ്രോ വാസുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂ‍പീകരിച്ചാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.  സി.പി. എം പോലുള്ള വലിയ പ്രസ്ഥാനങ്ങളോട് ഏറ്റുമുട്ടുന്നതില്‍ ഭയമുള്ളതുകൊണ്ട് ഈ വനിതകള്‍ക്ക് ആവശ്യമായ പിന്തുണ അണിയറയില്‍ നിന്നും കൊടുക്കുവാന്‍ ചില രാഷ്ട്രീയേതര പ്രസ്ഥാനങ്ങളുണ്ടായിരുന്നു. ലേഖാരാജ്, രേഷ്മ ഭരദ്വാജ്, ജസീല.സി.വി, ബോബി തുടങ്ങിയ യുവതികളാണ്  ഊര്‍ജ്ജസ്വലതയോടെ  പ്രവര്‍ത്തിച്ചത്.


                                                ( ബോബിയും രേഖാരാജും )


                                                      (ചിത്രലേഖയും മകളും)
കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം മാര്‍ച്ച് 9, 10 എന്നി രണ്ടു ദിവസങ്ങളിലായി പയ്യന്നൂര്‍ പ്രദേശങ്ങളിലാകെ ലേഖാരാജിന്റെ  നേതൃത്വത്തില്‍ വനിതകളുടെ ഒരു വാഹന പ്രചരണജാഥ നടത്തിയിരുന്നു. ജാഥയുടെ അവസാനം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ശ്രീമതി.കെ. അജിത മറ്റും സംസാരിച്ചു. വാഹന പ്രചരണത്തിനിടയില്‍ വനിതാപ്രവര്‍ത്തകരുടെ നേരെയും ഓട്ടോ തൊഴിലാളികളും ജനങ്ങളും തട്ടിക്കയറുകയും അവരുടെ നാടിനെ ജാതിസ്പര്‍ദ്ധയുടെ കേന്ദ്രമായി പ്രചരിപ്പിക്കുന്നതില്‍ ക്ഷുഭിതരാകുകയും ചെയ്തു. ഒന്ന് രണ്ടു സ്ഥലത്തുവെച്ച് ഭീഷണിപ്പെടുത്തുകയും മുഖത്ത് നേരിയതോതില്‍ തട്ടുകയും ചെയ്തു. പ്രചരണം അവസാനിപ്പിച്ച് പിന്മാറിയില്ലെങ്കില്‍ പെണ്ണുങ്ങളെ കൊണ്ടു തന്നെ തല്ലിക്കുമെന്നും ഭീഷണിപ്പെടുത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. സി.ഐ.റ്റി.യു വിന്റെ നേതൃത്വത്തില്‍ ചിത്രലേഖ, അവരുടെ അമ്മ, അമ്മൂമ്മ എന്നിവര്‍ വേശ്യകളാണെന്ന് പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ പല കാലത്തായി പല പ്രാവശ്യം പയ്യന്നൂരിലും എടാട്ടും ഒട്ടിച്ചിരുന്നു. മറ്റു ചിലരുടെ പരാതി ചിത്രലേഖ ഉറക്കെ സംസാരിക്കുന്നവളാണെന്നും സന്ധ്യയാകുന്നതുവരെ വണ്ടിയോടിക്കുന്നു എന്നുമായിരുന്നു. അതിലുള്ള അമര്‍ഷവും ചില ഓട്ടോ തൊഴിലാളികള്‍ വെളിപ്പെടുത്തി.


                                                       ( കെ.അജിത )
                                                         ( സിവിക് ചന്ദ്രന്‍ )
                                                                (എസ്.സിതാര )
                                                         ( കെ.എം.സലിംകുമാര്‍ )


                                                                ( കെ.കെ. കൊച്ച് )


                                                     ( ഡോ.എ.കെ. ജയശ്രീ )


                                                                  ( ദീപാ.വി.എന്‍ )


                                                                 ( കെ.കെ.ബാബുരാജ് )
കണ്‍വെന്‍ഷന്‍ അദ്ധ്യക്ഷ സ്ഥാനം വഹിച്ച് പഴയ നക്സല്‍ബാരി പ്രവര്‍ത്തകനായിരുന്ന ഗ്രോവാസുവായിരുന്നു (എ.വാസു). ദളിത് എഴുത്തുകാരനും ചിന്തകനുമായ ചന്ദ്രഭാന്‍  പ്രസാദ്  ഉത്ഘാടനം ചെയ്തു പ്രസംഗം നടത്തി. ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ നാള്‍വഴികളും ചരിത്രവും അവര്‍ക്കെതിരെയുള്ള അക്രമത്തിന്റെ രാഷ്ട്രീയവും സാംസ്ക്കാരികവും സാമ്പത്തികവും ആത്മീയവുമായ മാനങ്ങളും സ്പര്‍ശിച്ചു കൊണ്ട് വിവിധ തുറയിലുള്ള എഴുത്തുകാരും കവികളും സാമൂഹിക ചിന്തകരും മനുഷാവകാശ പ്രവര്‍ത്തകരും പ്രസംഗിക്കുകയും അവരുടെ തളരാത്ത പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ചിത്രലേഖയുടെ ചെറുത്തുനില്പിന് സര്‍വ്വ പിന്തുണയും കൊടുത്തുകൊണ്ട് തളരാതെ നില്‍ക്കുന്ന ഭര്‍ത്താവ് ശ്രീഷ്ക്കാന്തിനെയും ഏവരും അഭിനന്ദിച്ചു. തുടര്‍സഹായങ്ങള്‍ നിലനിറുത്തുന്നതിന് തദ്ദേശവാസികളടങ്ങിയ 10 പേരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
                                                               ( കണ്ടല്‍ പൊക്കുടന്‍ )


                                                              ( ഇവരെ അറിയില്ല )
സമ്മേളനത്തില്‍ ശ്രീമതി കെ.അജിത, കവിയും ചിന്തകനുമായ സിവിക് ചന്ദ്രന്‍, എഴുത്തുകാരിയായ എസ്. സിതാര, കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗമായ കെ. ഗിരീഷ് കുമാര്‍, ദളിത് പ്രവര്‍ത്തകനായ കെ.കെ.കൊച്ച്, ദളിത് എഴുത്തുകാരനും സാമൂഹിക ചിന്തകനുമായ കെ.എം.സലിംകുമാര്‍, ദലിതുവനിതാ പ്രവര്‍ത്തകയായ കോട്ടയത്തു നിന്നുള്ള റസ്ലി എബ്രഹാം, ആദ്യകാല ദളിത് പ്രവര്‍ത്തകയായ വിനിയമ്മാള്‍, വനിതകളുടെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ. എ.കെ.ജയശ്രീ, ഫെമിനിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ശ്രീമതി വി.എന്‍. ദീപ,ശ്രീ.കെ.കെ. ബാബുരാജ്, സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് ശ്രീ സാദിക്.പി.കെ, ‘മഹിളാ സമക്യ സൊസൈറ്റി’യുടെയും ‘പഞ്ചമി’ എന്ന ദളിതുവനിതാ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകയായ ശ്രീമതി ബോബി തുടങ്ങിയവര്‍ വിശദമായി സംസാരിച്ചു. പ്രശസ്ത് ചിന്തകനും എഴുത്തുകാരനുമായ
സമ്മേളനത്തില്‍ പങ്കെടുക്കാനിരുന്ന ശ്രീ കെ.വേണുവിന്റെ ഭാര്യയ്ക്ക് ചെറിയ ഒരു വാഹനാപകടം സംഭവിച്ചതിനാല്‍ സ്ഥലത്ത് എത്താന്‍ കഴിയാതിരുന്ന അദ്ദേഹം ഫോണ്‍ വഴി നല്‍കിയ സന്ദേശം ശ്രീ ദിലീപ് രാജ് വായിച്ചു. 
വൈകുന്നേരം 07.30 കൂടിയാണ് സമ്മേളനം അവസാനിച്ചത്. അതിനുശേഷം തുടര്‍സഹായ നടപടിക്കായുള്ള കമ്മിറ്റി രൂപീകരണവും അതിന്റെ മീറ്റിംഗും നടന്നു.
ചില വസ്തുതകള്‍
1) ചിത്രലേഖ വേശ്യയെങ്കില്‍ അവര്‍ക്ക് ഈ മര്‍ദ്ദനങ്ങളും എതിര്‍പ്പും നേരിട്ടു കൊണ്ട് ഓട്ടൊ ഓടിക്കേണ്ട കാര്യമെന്ത് ? നല്ല വരുമാനം നേടികൊണ്ട് ഒരു ലൈംഗിക തൊഴിലാളിയായി ജീവിച്ചു കൂടെ. പോരെങ്കില്‍ അങ്ങനെയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും പ്രസ്ഥാനങ്ങളുള്ള ഒരു നാട്ടില്‍ ! മറിച്ച് വഴിപിഴച്ചു പോയവരെ നേരെയാക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെങ്കില്‍ ഓട്ടോയോടിക്കുകയെന്ന മാന്യമായ തൊഴില്‍ ചെയ്യാന്‍ അനുവദിച്ചു കൊണ്ട് ഒരു റിഹാബിലിറ്റേഷന്‍ പദ്ധതിയുടെ ഭാഗമായെങ്കിലും അവരെ ജീവിക്കാന്‍ അനുവദിക്കുകയല്ലേ ചെയ്യേണ്ടത്. എന്തു ചെയ്യാം കള്ളവും ലോജിക്കും ഒരുമിച്ചു കൊണ്ടു പോകാന്‍ അല്പം ബുദ്ധിയെങ്കിലും വേണ്ടെ ! മസില്‍ മാത്രം പോരല്ലോ !
2) ഇപ്പോള്‍ ചിത്രലേഖയെ ജോലി ചെയ്യാന്‍ അനുവദിക്കാം പക്ഷേ ഭര്‍ത്താവ് കള്ളു കുടിയനായതിനാല്‍ അയാളെ യാതൊരു കാരണവശാലും ഓട്ടോ ഓടിക്കാന്‍ അനുവദിക്കുകയില്ലത്രേ ! കള്ളുകുടിയന്മാര്‍ വണ്ടിയോടിക്കാന്‍ പാടില്ലെങ്കില്‍ പയ്യന്നൂരിലെന്നല്ല കേരളത്തില്‍ പോലും ആര്‍ക്കെങ്കിലും വണ്ടിയോടിക്കാന്‍ പറ്റുമോ ! യഥാര്‍ത്ഥത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാ‍ത്ത ആ കുടുംബത്തിനു നേരെ നല്ലവനായ ആ ചെറുപ്പക്കാരനു നേരെ ഒരു മിശ്രവിവാഹത്തിന്റെ പേരിലുള്ള വല്ലാത്ത അസഹിഷ്ണുതയാണ് പയ്യന്നൂരിലെ ‘തീയബ്രാഹ്മണന്മാര്‍’ കാണിക്കുന്നത്.
                      --------------------
ഇന്ത്യന്‍ ദളിതു ഫെഡറേഷന്‍, കേരളാ ദലിത് പാന്തേഴ്സ് , ദളിത് മഹാരാഷ്ട്രാ, സ്ത്രീവേദി, പഞ്ചമി ദളിതു വനിതാ സംഘം, സഹയാത്രിക,ഫെമിനിസ്റ്റ് കേരള, ഐ.എസ്.ഓ തുടങ്ങിയ സംഘടനകള്‍ കണ്‍ വെന്‍ഷനില്‍ പങ്കെടുത്തു.


പ്രസംഗത്തില്‍ നിന്നും ചിലത് :‌-


“തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിക്കുന്നതു പോലെ ചിത്രലേഖ ഒരു ചീത്ത സ്ത്രീയാണെങ്കില്‍  ഞാനും ഒരു ചീത്ത സ്ത്രീയാണെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നു.”      സിതാര.എസ്


പയ്യന്നൂരില്‍ കുറ്റവാളികളില്ല. കുറ്റകൃത്യങ്ങള്‍ മാത്രമെയുള്ളു! കൃമിനലിസം സാമൂഹികവത്ക്കരിക്കപ്പെട്ടിരിക്കയാണ് പയ്യന്നൂരില്‍. പയ്യന്നൂരില്‍ ഒരു പബ്ബ് ഉണ്ടായിരുന്നെങ്കില്‍ അവിടെ പോകുന്ന സ്ത്രീകളെ വെറുതെ വിടില്ല. ശ്രീരാമസേനയെ പോലെ കുറ്റവാളികള്‍ ഇവിടെ സാമൂഹിക പരിഷ്ക്കര്‍ത്താക്കളായി വിലസുന്നു.”                                                                                 കെ.ഗിരീഷ് കുമാര്‍


“പ്രാന്തവത്ക്കരിക്കപ്പെട്ടവരെ അറയ്ക്കപ്പെടേണ്ട അശ്ലീലമായി മുദ്രകുത്തപ്പെടുകയും അവരെ തുടച്ചു നീക്കപ്പെടേണ്ടവരായി കാണുകയും ചെയ്യുന്നു, മുഖ്യധാരാ സമൂഹം. അതിനാല്‍ അവരെ കൊല്ലുന്നവര്‍, ഇല്ലായ്മ ചെയ്യുന്നവര്‍ ഹീറോകളായി മാറുന്നു.”    
                                                                        കെ.കെ.കൊച്ച്ചിത്രലേഖയെ പോലെ ചെറുത്തു നില്പുനടത്തുന്നവരുടെ സഹായത്തിന്  ഭൂരിപക്ഷത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍   ഓടിയെത്തുമെന്ന്  നമുക്ക് എങ്ങനെ ഉറപ്പാക്കാനാകും! സദാചാര സംഹിതകള്‍ പോലീസായി മാറുകയാണിവിടെ”    
                                                                    വി.എന്‍.ദീപ


“സവര്‍ണ്ണ ഫ്യൂഢല്‍ സദാചാര മൂല്യങ്ങള്‍ക്കെതിരെ പോരാടുന്ന ചിത്രലേഖയെ ഊരുവിലക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് അദ്ധ്വാനിക്കുന്ന  തൊഴിലാളിവര്‍ഗ്ഗത്തിന് നാണക്കേടാണ് ”  
                                    
                                      കെ. വേണുവിന്റെ സന്ദേശത്തില്‍ നിന്ന്


“മനുധര്‍മ്മവും മാര്‍ക്കറ്റും തമ്മിലുള്ള വ്യവഹാര മണ്ഡലത്തില്‍ ചിത്രലേഖ അവര്‍ക്ക് മുന്‍പ് അനര്‍ഹമായിരുന്ന ഒരു സ്ഥാനം വാങ്ങിയെടുക്കുകയാണ്. തികച്ചും പുരുഷാധിപത്യമുള്ള, ദലിതേതരമായ ഒരു തൊഴില്‍ മണ്ഡലത്തിലേക്ക് അതിക്രമിച്ചു കടക്കുമ്പോള്‍ അത് ജാത്യാധിഷ്ഠിത അക്രമത്തിന് വഴിവെയ്ക്കുന്നു.”                 
                                                        ചന്ദ്രബാന്‍ പ്രസാദ്


“ചിത്രലേഖയ്ക്കു നേരെയുള്ള അക്രമം കൃത്യമായ ജാതി കുശുമ്പ് മാത്രമാണ് ! ഹീന ജാതിയായി കണക്കാക്കപ്പെട്ടിരുന്നവര്‍ അവര്‍ക്കു മേലെയുള്ളവര്‍ ചെയ്യുന്ന തൊഴിലിലേക്ക് അതിക്രമിച്ചു കടക്കുമ്പോഴുള്ള കുശുമ്പ്  !”          
                                                                 സിവിക് ചന്ദ്രന്‍


“ഇ.എം,എസ്സിനേയും  എ.കെ.ജിയേയും തന്റെ വീട്ടില്‍ ഒളിവിലിരുത്തിയ രാഘവക്കുറുപ്പ് സ്വന്തം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും കീഴാളരെ വെള്ളം കോരിക്കയില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് കാര്‍ക്ക് അന്നേ ഉള്‍ക്കൊള്ളാനാവാത്ത ആദര്‍ശമാണ് ജാതിബോധവും അയിത്തവും തുടച്ചു നീക്കുകയെന്നത്. അവര്‍ അതിന്നും പിന്തുടരുന്നു. മാര്‍ക്സിനേക്കാളേറെ അവര്‍ വായിക്കേണ്ടത് അംബ്ദേക്കറെയാണ്. ഞാനത് താമസ്സിച്ചു മനസ്സിലാക്കിയ ആളാണ്”
                                     
                                                     ഗ്രോ വാസു(മുന്‍ നക്സലൈറ്റ്)                               ( ചിത്രലേഖ വീടിനു മുന്‍പില്‍ - മാതൃഭൂമവാരിക)
(ചിത്രലേഖയ്ക്ക് പിന്തുണയും സഹായവും എത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ മൊബയില്‍ നമ്പര്‍ :- 9526128764)