2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ഉദ്ദിഷ്ഠ കാര്യത്തിന്(കാര്യസിദ്ധിയ്ക്ക്) ഉപകാരസ്മരണ !!

ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കും- ശ്രീരാമജന്മഭൂമി ട്രസ്റ്റ്
Posted on: 05 Oct 2010


അയോധ്യ: അയോധ്യാകേസില്‍ വിധി പറഞ്ഞ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ അയോധ്യയില്‍ അറിയിച്ചു.

വിരമിച്ചതിനാലാണ് ശര്‍മയ്ക്കുള്ള സ്വീകരണം ഇപ്പോഴാക്കിയത്. മറ്റു ജഡ്ജിമാരായ ജസ്റ്റിസ് എസ്.യു. ഖാനെയും സുധീര്‍ അഗര്‍വാളിനെയും അവര്‍ വിരമിക്കുമ്പോള്‍ ആദരിക്കുമെന്നും ട്രസ്റ്റ് അംഗം രാംവിലാസ് വേദാന്തി വ്യക്തമാക്കി.

(അവലംബം -മാതൃഭൂമി 05/10/2010)

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ചില ജാതിവാദികളുടെ നിലവിളികള്‍ !!!!!

നായര്‍സമുദായത്തിന്റെ ‘ദയനീയസ്ഥിതി’ നേരില്‍ക്കണ്ടു മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനുമായി കോണ്‍ഗ്രസ് പ്രതിനിധിയും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി. രാഷ്ട്രീയനേതാക്കള്‍ പെരുന്ന സന്ദര്‍ശിക്കുന്നതിന്റെ രഹസ്യമെന്താണ്? 85 ശതമാനം പിന്നാക്ക-ദലിത് വിഭാഗങ്ങളും 15 ശതമാനം മുന്നാക്കസമുദായങ്ങളുമുള്ള ഇന്ത്യയിലെ ഒരു സമുദായത്തോടു മാത്രം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ള ഈ ആഭിമുഖ്യം ഒരു ജനാധിപത്യരാജ്യത്തിനും സംസ്കാരത്തിനും നിരക്കുന്നതാണോ?
1891 ഫെബ്രുവരി 19ന്റെ മദ്രാസ് മെയില്‍ പത്രത്തില്‍ ‘ഒരു തീയ്യന്‍’ എന്ന പേരുവച്ച് ഡോ. പല്‍പ്പു ഒരു കത്തെഴുതിയിരുന്നു. ആ കത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: ‘ഈഴവരെന്ന ഒരു ജാതിയുണ്ട്; സര്‍!’ മൈസൂര്‍ ഗവണ്‍മെന്റ് സര്‍വീസിലിരുന്നതുകൊണ്ടാണ് അദ്ദേഹം ‘ഒരു തീയ്യന്‍’ എന്ന അജ്ഞാതനാമത്തില്‍ പ്രതികരിച്ചത്. തിരുവിതാംകൂറില്‍ ഈഴവരെന്നൊരു കൂട്ടരേയില്ലെന്ന് ഒരു തിരുവിതാംകൂര്‍ ‘ഹിന്ദു’ എഴുതിയ ലേഖനത്തിനുള്ള മറുപടിയായിരുന്നു ആ കത്ത് (പി കെ ബാലകൃഷ്ണന്റെ നാരായണഗുരു സമാഹാരഗ്രന്ഥത്തില്‍ ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തെപ്പറ്റിയുള്ള റിപോര്‍ട്ട് കണ്ടപ്പോള്‍ ഈ ചരിത്രമുഹൂര്‍ത്തമാണ് ഓര്‍മവന്നത്. മന്ത്രി ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഞങ്ങള്‍ക്കു പറയാനുള്ളതും അന്നു പല്‍പ്പു പറഞ്ഞതുതന്നെയാണ്. പല്‍പ്പു അന്ന് ഈഴവരെ സംബന്ധിച്ച കാര്യത്തില്‍ ഒറ്റയ്ക്കു പ്രതികരിച്ചുവെങ്കില്‍ ഇന്നു പിന്നാക്ക-ദലിത് സമൂഹത്തിന്റെ പ്രതിനിധികളായി ഞങ്ങള്‍ പ്രതികരിക്കുന്നു. അതുകൊണ്ടാണ് ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; സര്‍!’ എന്നു വിലാസ് റാവു ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതാക്കളോടും പറയേണ്ടിവന്നത്. ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; മാഡം’ എന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും പറയേണ്ടിയിരിക്കുന്നു. മുന്നാക്കവിഭാഗങ്ങള്‍ക്കു സാമൂഹിക അവശതയില്ലെന്നും സാമ്പത്തിക പരാധീനതയാണുള്ളതെന്നും എന്‍.എസ്.എസ് സമ്മതിക്കുന്നു. എന്നാല്‍, പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് ഇത് രണ്ടുമുണ്െടന്നതാണു യാഥാര്‍ഥ്യം.
സ്വാതന്ത്യ്രാനന്തരം കോണ്‍ഗ്രസ് രാജ്യഭരണം തുടങ്ങിയിട്ട് 63 വര്‍ഷമാവുന്നു. ഇക്കാലത്തെ ഭരണംകൊണ്ട് മുന്നാക്കവിഭാഗങ്ങള്‍ക്ക് അവശതയുണ്ടായെങ്കില്‍ അക്കാര്യം അന്വേഷിക്കുന്നതു നല്ലതാണ്. മുന്നാക്കവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് എന്‍.എസ്.എസ് പ്രതിനിധീകരിക്കുന്നവര്‍ക്ക്, അവശതയും പരാധീനതയുമുണ്െടങ്കില്‍ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയും മറ്റും എന്തായിരിക്കുമെന്ന് ദേശ്മുഖും മറ്റു നേതാക്കളും ചിന്തിക്കുന്നതു നന്നായിരിക്കും. നിയമസഭയിലും പാര്‍ലമെന്റിലും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളിലും ജനസംഖ്യയേക്കാള്‍ വളരെ കൂടുതല്‍ പ്രാതിനിധ്യം ഇപ്പോള്‍ എന്‍.എസ്.എസിനുണ്ട്. മാത്രമല്ല, പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയ്ക്കു കാരണം നൂറ്റാണ്ടുകളായി മുന്നാക്കവിഭാഗങ്ങള്‍ നയിച്ച വ്യവസ്ഥിതിയുമാണ്. മുന്നാക്കസമുദായത്തില്‍പ്പെട്ടവരില്‍ സാമ്പത്തിക പരാധീനതയുള്ളവര്‍ ഉണ്െടന്ന കാര്യം ദേശീയ യാഥാര്‍ഥ്യമാണ്. ഇതുസംബന്ധിച്ച കേന്ദ്ര കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ യു.പി.എ നേതൃത്വം ചര്‍ച്ചചെയ്തുവരുകയാണെന്നു കേന്ദ്രമന്ത്രി അറിയിച്ചുവെന്നും പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. സാമ്പത്തിക പരാധീനത കേരളത്തിലെയോ ഇന്ത്യയിലെയോ മുന്നാക്കവിഭാഗങ്ങളുടെ മാത്രം പ്രതിഭാസമല്ല, മനുഷ്യസമൂഹത്തിലാകെയുള്ള പ്രതിഭാസമാണ്. 15 ശതമാനം വരുന്ന മുന്നാക്കക്കാരില്‍ സാമ്പത്തിക പരാധീനതയുള്ളവരുണ്െടങ്കില്‍ അതുപോലെ തന്നെ 85 ശതമാനം വരുന്ന പിന്നാക്കവിഭാഗങ്ങളിലും സാമ്പത്തിക പരാധീനതയുള്ളവരുണ്ട്. ഇതു ദേശീയ യാഥാര്‍ഥ്യമാവാത്തത് എന്തുകൊണ്ട്? സാമ്പത്തിക പരാധീനതയ്ക്കു മുന്നാക്ക-പിന്നാക്ക വ്യത്യാസം കാണുന്നത് അസംബന്ധവും അനീതിയും അശാസ്ത്രീയവുമാണ്. സവര്‍ണവിഭാഗങ്ങളുടെ സ്വാഭാവിക അവശതകള്‍ ദേശീയ യാഥാര്‍ഥ്യമാവുമ്പോള്‍ പിന്നാക്കവിഭാഗങ്ങളുടെ അവശതകള്‍ കേവലം പ്രാദേശിക യാഥാര്‍ഥ്യംപോലുമാവാത്തത് എന്തുകൊണ്ട്? ചരിത്രയാഥാര്‍ഥ്യങ്ങളെ നിഷേധിച്ചുകൊണ്ട് ഉപരിവര്‍ഗതാല്‍പ്പര്യ സംരക്ഷണത്തിനുള്ള ഇത്തരം കുതന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിനു മാത്രമല്ല, ഏതൊരു രാഷ്ട്രീയകക്ഷിക്കും ഭൂഷണമല്ല.
അട്ടിമറിക്കപ്പെട്ട മണ്ഡല്‍ റിപോര്‍ട്ടും സച്ചാര്‍ റിപോര്‍ട്ടും നരേന്ദ്രന്‍ റിപോര്‍ട്ടും മറ്റും പുറത്തുകൊണ്ടുവന്ന ദേശീയ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും ഈ യാഥാര്‍ഥ്യങ്ങള്‍ക്കു കാരണക്കാരായ ഉപരിവര്‍ഗങ്ങളുടെ അവശതകള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നത് അപകടകരമായ സൂചനയാണു നല്‍കുന്നത്. ദലിതുകള്‍, ആദിവാസികള്‍, മറ്റു പിന്നാക്കക്കാര്‍ എന്നിവര്‍ അനേകം സംസ്ഥാനങ്ങളില്‍ തീവ്രവാദപരമായി സ്വയംഭരണമേഖലകള്‍ ഉണ്ടാക്കിയിരിക്കുന്നുവെന്ന് തുറന്നുസമ്മതിക്കുന്ന ഭരണാധികാരികള്‍ ഇത്തരം രാഷ്ട്രീയനാടകങ്ങളിലൂടെ രാജ്യത്തെ എങ്ങോട്ടാണു നയിക്കുന്നത് എന്ന് ഒരുനിമിഷം ചിന്തിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍ ‘ഹന്ത നിര്‍ഭാഗ്യം ജനാനാം’ എന്ന ചൊല്ലില്‍ മാത്രം കാര്യങ്ങള്‍ നില്‍ക്കില്ല. ഭരണവര്‍ഗത്തിന്റെ കാലിനടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങുമെന്ന കുമാരനാശാന്റെ സന്ദേശം ഒന്നു പഠിച്ചുനോക്കുന്നതും നന്നായിരിക്കും. ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്, സര്‍!
പി ടി പ്രസന്നകുമാര്‍ (എസ്.സി),
പുനലൂര്‍ സലീം,
ബേബി ഐസക് (ദലിത് ക്രിസ്ത്യന്‍ സാഹോദര്യ സമിതി),
അഡ്വ. വിജയന്‍ ശേഖര്‍ (ഡോ. പല്‍പ്പു ഫൌണ്േടഷന്‍),
പ്രഫ. രാജു തോമസ്,
അഡ്വ. പി ആര്‍ സുരേഷ് (എഴുത്തച്ഛന്‍ സമാജം),
പുലിക്കുഴി ബാലചന്ദ്രന്‍ (എസ്.സി),
പി കെ വിജയദാസ് (ധീവര സമുദായം),
അഡ്വ. എസ് പ്രഹ്ളാദന്‍ (എസ്.എന്‍.ഡി.പി കുന്നത്തൂര്‍),
ഡോ. എം എസ് ജയപ്രകാശ്,
ഡോ. പി കെ സുകുമാരന്‍ (എസ്.എന്‍.ഡി.പി യോഗം, തൃശൂര്‍)
ഇതും തീവ്രവാദികളുടെ പത്രത്തിലാണു വന്നത്.
('ഞങ്ങള്‍ക്കും ജാതിയുണ്ട്, സര്‍ എന്ന പേരില്‍ സത്യാന്വേഷി പ്രസിദ്ധീകരിച്ച ലേഖനം')
കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!

കൈവെട്ടുകേസിലൂടെ ഒറ്റപ്പെടുകയും പ്രതിരോധത്തിലാകുകയും ചെയ്ത ഇസ്ലാംമത വിശ്വാസികളെ മുഴുവന്‍ ഭീകരവാദത്തിന്റെ അനുയായികളായി ചിത്രീകരിച്ച് ഒരു സാംസ്ക്കാരികാക്രമണം നടത്താന്‍  സംഘപരിവാറുകാര്‍ക്കൊപ്പം  മതേതരരും യുക്തിവാദികളും  മറ്റ് സാംസ്ക്കാരിക നാട്യക്കാരും ബൂലോകത്ത് കൊണ്ടുപിടിച്ചുള്ള ശ്രമം നടത്തുന്നു. സാമ്രാജ്യത്വത്തിനും പിണിയാളുകള്‍ക്കും വിടുപണി ചെയ്യുന്ന മാധ്യമങ്ങള്‍ സവര്‍ണപൊതുബോധത്തിന്റെ കുഴലൂത്തുകാരാകുമ്പോള്‍  ഇതു തിരിച്ചറിഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ  അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തി ബ്രാന്‍ഡു ചെയ്യുകയും ഇസ്ലാമിക ഭീകരവാദത്തിന്റെ 'അപ്പോളജിസ്റ്റുകളാ'ക്കുകയും ചെയ്യുന്നു. ഇസ്ലാമിനെ ശത്രുവാക്കി അപരവത്ക്കരിക്കുന്നവരുടെ പ്രതിനിധിയായ ശ്രീ. മുരളി എന്ന ബ്ലോഗര്‍ വേണുഗോപാല്‍, സത്യാന്വേഷി, ചാര്‍വാകന്‍, ഈയുള്ളവന്‍ തുടങ്ങിയവരെ 'ഭീകരവാദികളുടെ ന്യായവാദി'കളാക്കിയും ഇസ്ലാമിനെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ചമച്ചും  ഇട്ട കമന്റുകള്‍ ഇവിടെയുണ്ട് (കമന്റുകള്‍ :- 1, 2, 3, 4, 5). ആധികാരികമായി അദ്ദേഹം കൊണ്ടുവന്നരേഖകള്‍ പരിശോധിച്ചു തയ്യാറാക്കിയ ഈ മറുപടി വ്യക്തിപരമായി മുരളിക്കുള്ള മറുപടിയെന്നതിനേക്കാള്‍ മുരളി ഉള്‍പ്പെടുന്ന പൊതുബോധനിലപാടുകളോടുള്ള പ്രതികരണങ്ങളാണ്.

സമ്രാജ്യത്വവും അവരുടെ സേവകരായ മാധ്യമങ്ങളും നൂറ്റാണ്ടുകളായി പ്രചരിപ്പിക്കുന്ന നുണകള്‍ വിഴുങ്ങും മുമ്പേ ഒരു വട്ടമെങ്കിലും ശ്രീ മുരളിക്ക്   ആലോചിക്കാമായിരുന്നു 'ഭീകരത സമം ഇസ്ലാം' എന്ന സമവാക്യം കണ്ടുപിടിച്ചത് സംഘ്പരിവാറല്ല, ബ്രിട്ടീഷ്  അമേരിക്കന്‍ സാമ്രാജ്യത്വങ്ങള്‍ തന്നെയാണെന്ന്. എക്കാലവും സാമ്രാജ്യത്വ ദാസ്യവേല സസന്തോഷം ചെയ്തിട്ടുള്ള സംഘ്പരിവാര്‍  അതേറ്റു പാടുന്നന്നേയുള്ളു (അതുകൊണ്ടാണല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ നിന്നും അവര്‍ വിട്ടുനിന്നത് !). ശ്രീ. മുരളി ചെയ്തതും മറ്റൊന്നല്ല. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ യുടെ മേധാവിയായിരുന്ന 'ജയിംസ് വൂള്‍സി' (James Woolsey) അവതാരികയെഴുതി പ്രസിദ്ധീകരിച്ച ഗ്ലാസോവിന്റെ 'United in hate' എന്ന കൃതിയാണ് മുരളി ആധികാരിക സ്രോതസ്സായി ഹാജരാക്കുന്നത്. ഇത്തരം ചവറുകള്‍ അക്കാദമിക സത്യസന്ധത പുലര്‍ത്തണമെന്ന് ആഗ്രഹമുള്ളവരാരും അവലംബമാക്കാറില്ലെന്നതിനാല്‍ മുരളിയും തുള്ളുന്നത് സി.ഐ.എ. യുടെ താളത്തിനൊത്താണെന്ന് വ്യക്തമാകുന്നു.

സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നവരെ സാമ്രാജ്യത്വവും പിണിയാളുകളും എക്കാലവും ഭീകരരായി മുദ്രകുത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ഗാന്ധിയും നെഹ്രുവും സുഭാഷ്ചന്ദ്രബോസും ഭഗത് സിംഗും ഭീകരരായിരുന്നു. ആഫ്രിക്കന്‍ സ്വാതന്ത്ര്യ സമരനായകനായ  നെല്‍സണ്‍ മണ്ടേല ഇന്നും അമേരിക്കന്‍ ടെറര്‍ ലിസ്റ്റിലുള്ളയാളാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്ക സന്ദര്‍ശിക്കാന്‍ ശ്രമിച്ച മണ്ടേല ഇക്കാരണത്താല്‍ തിരികെ പോരേണ്ടി വന്നുവെന്നത് നമ്മുടെ നാട്ടിലെ ചാനലുകള്‍ പോലും റിപ്പോര്‍ട്ടു ചെയ്ത കാര്യമാണ്. ഒന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ് ടണ്‍ പോലും  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ  ദൃഷ്ടിയില്‍ ഒരു കാലത്ത് ഭീകരനായിരുന്നു എന്ന ചരിത്രവസ്തുത  അറിയണമെങ്കില്‍ സത്യസന്ധമായ ചരിത്രകൃതികള്‍ വായിക്കണം. അമേരിക്കയുടെ അമ്പത്തഞ്ച് സ്ഥാപകപിതാക്കളും ബ്രിട്ടന്റെ നോട്ടത്തില്‍ ഭീകരരായിരുന്നു! ഇത്തരം കാര്യങ്ങള്‍ ഗ്രഹിക്കാതെ കാര്യങ്ങളെ വേറിട്ട അഭിപ്രായങ്ങള്‍ പറയുന്നവരെ ബ്രാന്‍ഡു ചെയ്യുന്ന മുരളിമാരാണ് സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഹിന്ദുഭീകരതയുടെയും അപ്പോളജിസ്റ്റുകളെന്ന് ഇതില്‍ നിന്നും വ്യക്തമല്ലേ ?.

ഇനി ഗ്ലാസോവിന്റെ കൃതിയുടെ ഉള്ളടക്കം നോക്കാം. മുഖ്യധാരാ ഇടതുബുദ്ധിജീവികള്‍ മുസ്ലീം മിലിട്ടന്‍സിക്ക് ഒരിക്കലും അനുകൂലമായിരുന്നില്ലെന്ന് മാത്രമല്ല എതിരായിരുന്നുതാനും. അതിനുമപ്പുറം പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ എല്ലാ കടന്നുകയറ്റങ്ങളെയും ന്യായീകരിച്ചവരാണ് ഇടതുപക്ഷക്കാര്‍ (ഒറ്റപ്പെട്ട ചിലര്‍ എതിര്‍ത്തിരുന്നു. ഇത് അപവാദം മാത്രം)

അഫ്ഗാനിസ്ഥാനെ ആദ്യം ആക്രമിച്ച് കീഴടക്കിയത് സോവിയറ്റു യൂണിയനായിരുന്നു. അന്ന് താലിബാന്‍കാരെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചത് "നമ്മുടെ സ്വാതന്ത്ര്യപ്പോരാളികള്‍"(Our Freedom Fighters) എന്നാണ്. സോവിയറ്റു യൂണിയനെതിരെ പോരാടാന്‍ കുറെ ആയുധങ്ങളും പിന്തുണയും അമേരിക്ക നല്‍കുകയും ചെയ്തു (മുസ്ലീങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, സോവിയറ്റു വിരോധം കൊണ്ട്). എന്നാല്‍ 2001-ല്‍ അമേരിക്ക അഫ്ഗാന്‍ ആക്രമിച്ച് കീഴടക്കി. ഇതിനെ എതിര്‍ക്കുന്നതിനു പകരം സകല പിന്തുണയും പ്രഖ്യാപിക്കുകയാണ് റഷ്യ ചെയ്തത് ! അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ 'റഷ്യന്‍ എയര്‍ബേസുകള്‍' ഉപയോഗിക്കുകയും ചെയ്തു. സര്‍വോപരി, അമേരിക്കന്‍ സേനയോടൊപ്പം അഫ്ഗാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്ന വടക്കന്‍സഖ്യം (Northern Alliance) ആരാണെന്ന് ശ്രീ മുരളിക്ക് നിശ്ചയമുണ്ടോ ? അഫ്ഗാനിലെ കമ്യൂണിസ്റ്റ്കാര്‍ ! മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇത്രയേറെ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷക്കാരെപ്പറ്റി വിഢിത്തങ്ങള്‍ നിറഞ്ഞ പ്രസ്താവനകള്‍ക്ക് ആരു മുതിര്‍ന്നാലും വസ്തുതകള്‍ മാറുമോ ?

ഇടതുപക്ഷസാമ്രാജ്യത്വവും മുതലാളിത്ത സാമ്രാജ്യത്വവും പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ രണ്ട് രൂപങ്ങളാണ്. ഇവ രണ്ടിനെയും എതിര്‍ക്കുന്നതു കൊണ്ടാണ് മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇവര്‍ കൈകോര്‍ക്കുന്നത്. സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍കാരെ സഹായിച്ചു. എന്നാല്‍ അമേരിക്ക ആക്രമിച്ചപ്പോള്‍ റഷ്യയും അഫ്ഗാന്‍ കമ്യൂണിസ്റ്റുകാരും അമേരിയ്ക്കക്കൊപ്പമായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനുണ്ടായ മാന്യതപോലും റഷ്യക്കോ അഫ്ഗാന്‍ ഇടതുപക്ഷക്കാര്‍ക്കോ ഉണ്ടായില്ലെന്നര്‍ത്ഥം!

2001 നു ശേഷം '15876' മുസ്ലീം  ഭീകരാക്രമണങ്ങള്‍ നടന്നതായി  Religion of peace എന്ന വെബ്സൈറ്റിനെ ആധാരമാക്കി  ശ്രീ മുരളി എഴുതുന്നു. എന്നാല്‍ ഈ കണക്ക് തീര്‍ത്തും കളവാണ്. യാതൊരു ആധികാരിക പഠനത്തേയും അവലംബമാക്കാതെ പ്രദര്‍ശിപ്പിച്ച ഈ കണക്ക് ഹാജരാക്കുന്നയാള്‍ എത്ര മഠയനാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഫലസ്തീന്‍ രാഷ്ട്രം കയ്യേറി അധീനതയിലാക്കിയ 'സയണിസ്റ്റ് ഭീകരത'യുടെ വക്താക്കളില്‍  പ്രമുഖനായ 'ദാനിയേല്‍ പൈപ്പി'ന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റില്‍ ഏറിയകൂറും നുണകള്‍ മാത്രമാണുള്ളത്.

രസകരമായ കാര്യം മറ്റൊന്നാണ്. അഫ്ഗാനിലും ഇറാഖിലും അമേരിക്കന്‍ സൈനികര്‍ക്കെതിരെ പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഈ സൈറ്റിന്റെ വക്താക്കളുടെ ദൃഷ്ടിയില്‍ ഭീകരാക്രമണങ്ങളാണ് ! എന്നാല്‍ ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍ പ്രകാരം ഏത് അധിനിവേശ സൈനികര്‍ക്കുമെതിരെ തദ്ദേശീയര്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രതിരോധം മാത്രമാണ്. എന്നു മാത്രമല്ല അവ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ന്യായവും സാധുവുമാണ്. ലോകമെമ്പാടും അമേരിക്കക്കെതിരെ മുസ്ലീം പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ (ഇറാക്ക്, അഫ്ഗാന്‍, സോമാലിയ തുടങ്ങി) അതിനാല്‍ ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍ പ്രകാരം ന്യായമാണ്. അവ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുമാണ്. അധിനിവേശ ശക്തിയായ അമേരിക്കന്‍ കൂലിപ്പടയുടെ ആക്രമണങ്ങളാണ് ഐക്യരാഷ്ട്ര സഭാ തത്വങ്ങള്‍ പ്രകാരം ഭീകരാക്രമങ്ങളാകുന്നത്. ഇവയുടെ എണ്ണം കണക്കാക്കിയാല്‍ ലക്ഷങ്ങള്‍ വരും.

മുസ്ലീം ഗ്രൂപ്പുകള്‍ നടത്തിയ ഭീകരാക്രമണങ്ങളെപ്പറ്റി അമേരിക്കയുടെ 'എഫ്.ബി.ഐ' സൈറ്റില്‍ കൃത്യമായ കണക്കുകളുണ്ട്. ഇതനുസരിച്ച്  2001 ന് ശേഷം (WTC ആക്രമണം അടക്കം ) ലോകമെമ്പാടും നടന്ന ഭീകരാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനാലായിരത്തില്‍ താഴെയാണ്. എന്നാല്‍ ഈ കാലയളവില്‍ അമേരിക്കന്‍സേന ഇറാക്കില്‍ കൊന്നൊടുക്കിയ സിവിലിയന്‍മാരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണ് !(ലോക പ്രശസ്ത വൈദ്യശാസ്ത്ര ജര്‍ണലായ  ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച  കണക്കാണിത്). യഥാര്‍ഥ ഭീകരര്‍ ആരാണെന്ന് മനസ്സിലാക്കാന്‍ ഇതു പോരെ ?

സി.ഐ.എ.ക്കാരുടേയും സയണിസ്റ്റുകളുടേയും വാറോലകള്‍  വായിച്ച് വിഢിത്തങ്ങള്‍ എഴുതുന്നവര്‍ ഒരു വട്ടമെങ്കിലും  ഇവയൊക്കെ ശരിതന്നെയോ എന്ന് സ്വയം വിലയിരുത്തുവാന്‍ മറക്കരുത് .

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചുനിന്നപ്പോള്‍ വിട്ടുനിന്നവര്‍ സംഘ്പരിവാറും കമ്യൂണിസ്റ്റുകളുമാണ്. ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്വ അജണ്ടയുടെ വാഹകരും പ്രചാരകരും ഈ രണ്ടു വിഭാഗങ്ങളായത് ചരിത്രത്തിലെ യാദൃശ്ചികതയല്ല!

ഇന്ത്യയില്‍ ജനങ്ങള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാവാനുള്ള പ്രധാനകാരണം ജാതിപീഢനങ്ങളാണ്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിലൂടെ പട്ടികജാതിക്കാരന് നടക്കാന്‍ പാടില്ലെന്ന് നിയമമുണ്ടാക്കി സഹസ്രാബ്ദങ്ങളോളം അത് നടപ്പാക്കിയവര്‍ ഇസ്ലാമിക ഭീകരതയെപ്പറ്റി വാചാലരാകുന്നത് അസംബന്ധമാണ്. മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതും വിവേചനം കല്‍പിച്ചതും ക്രൂരമായ സാമൂഹിക തിന്മയായി കണക്കാക്കാം. എന്നാല്‍ ഹിന്ദുക്കളിലെ തന്നെ ഒരു വിഭാഗം ന്യൂനപക്ഷം, ഭൂരിപക്ഷം വരുന്ന ശൂദ്രരേയും അയിത്തജാതിക്കാരെയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അക്ഷരം പഠിക്കാന്‍ അര്‍ഹതയില്ലാത്തവരുംമായി സഹസ്രാബ്ദങ്ങളോളം അകറ്റിനിറുത്തിയതിനും ഇന്നും അത് വലിയതോതില്‍ തുടരുന്നതിനും എന്തു വിശേഷണമാണ് നല്‍കാനാവുക? ഹിന്ദു സംരക്ഷകരായി ചമയുന്നവര്‍ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പുറപ്പെടുന്നത് !

ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ന് അക്‍ബര്‍ ചക്രവര്‍ത്തിയോ അഹ് മദ് സര്‍ഹിന്ദിയോ  മാതൃകയാക്കിയല്ലല്ലോ ഇതരസമൂഹങ്ങളുമായി ബന്ധപ്പെടുന്നതും ജീവിക്കുന്നതും. മറിച്ച്  വിശുദ്ധഖുര്‍ആനും പ്രവാചകനുമല്ലേ അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. ദൈവഭയം സംബന്ധിച്ച ജാഗ്രതയിലും ദൈവത്തോടുമുള്ള അര്‍പ്പണബോധത്തിലും മറ്റേതു മതവിശ്വാസികളെക്കാളും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്നത് ഇസ്ലാം വിശ്വാസികളാണെന്നു ഈയുള്ളവന്‍ കരുതുന്നു. ഇവ പാലിക്കുന്നതിലുള്ള ജാഗ്രതയുടെ അടിസ്ഥാനമല്ലാതെ വിശ്വാസികളുടെ ഇടയില്‍ യാതൊരു ഉച്ചനീചത്വവുമില്ലെന്ന് മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുള്ളതായി മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നു.  അപവാദങ്ങളുണ്ടാകാമെങ്കിലും ലോകമെമ്പാടുമുള്ള മുസ്ലീംകളുടെ സംസ്ക്കാരം ഈയടിസ്ഥാനത്തിലുള്ളതായതു കൊണ്ടാണ് ഇസ്ലാമിലേക്കു ചെല്ലുന്നവരെ ജാതിയുടെയോ വര്‍ഗത്തിന്റെയോ നിറത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ ആത്മീയസോഷ്യലിസം എന്നു വിശേഷിപ്പിക്കാവുന്ന തുല്യതയും സാഹോദര്യവും മറ്റേതു മതത്തേക്കാളും വെച്ചു നീട്ടുവാന്‍ അതിനു കഴിയുന്നത്. അതു കൊണ്ടായിരിക്കാം ഹിന്ദുനുകത്തിന്‍ കീഴില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദളിതരും കീഴാളരും ഇസ്ലാമിലേക്കു വന്‍തോതില്‍ ചേക്കേറിയത്.   


അരനൂറ്റാണ്ടായി ഇസ്ലാമിനെയും അറബികളെയും ഭീകരരും സംസ്ക്കാരശൂന്യരുമായി പാശ്ചാത്യ മാധ്യമങ്ങളും ഹോളിവുഡ് സിനിമകളും  ചിത്രീകരിച്ചുകൊണ്ടിരിക്കയാണ്. ഇസ്ലാമോഫോബിയാ സൃഷ്ടിച്ച്  ഭീകരതയുടെ മതമാക്കി ഇസ്ലാമിനെ മാറ്റിയെടുക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള താല്പര്യം വിവിധതരത്തിലുള്ള (സാമ്പത്തികവും സൈനികവും) അധിനിവേശങ്ങളാണ്.

ഇനി, ഭീകരാക്രമമങ്ങളുടെ മാതാവെന്നു വിശേഷിപ്പിക്കാവുന്ന സെപ്തംബര്‍  11 ലെ ആക്രമണങ്ങളെപ്പറ്റി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗികഭാഷ്യവും ആഗോളമാധ്യമങ്ങളുടെ നുണക്കഥകളും മാത്രമറിയാവുന്ന ശ്രീ. മുരളി ഒരു വസ്തുത കൂടി  മനസ്സിലാക്കുന്നത് നന്ന്. ലോകമെമ്പാടുമുള്ള ഇടതുപക്ഷബുദ്ധിജീവികള്‍ക്കും സാമ്രാജ്യത്വത്തിന്റെ ഈ ഔദ്യോഗികവീക്ഷണം തന്നെയാണുള്ളത്. എന്നാല്‍ സെപ്തംബര്‍ 11ലെ ആക്രമണം അമേരിക്കന്‍ ഗവണ്‍മെന്റ് ആസൂത്രണം ചെയ്തതാണെന്ന് സമര്‍ത്ഥിക്കുന്ന മറ്റു നിരവധി ഗവേഷകരുണ്ട്. അതില്‍ ഏറ്റവും പ്രമുഖന്‍ ആരാണെന്നോ ? അമേരിക്കക്കാരനും സത്യകൃസ്ത്യാനിയും ദൈവശാസ്ത്രജ്ഞനുമായ പ്രൊഫ: ഡേവിഡ് ഗ്രിഫിന്‍!. ഒന്നോ രണ്ടോ അല്ലഒരു ഡസനോളം കൃതികള്‍ ഗ്രിഫിന്‍ ഈ വസ്തുത സമര്‍ത്ഥിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. ഇക്കാര്യം സമര്‍ത്ഥിക്കുന്ന നൂറുകണക്കിന്  നിലവാരമുള്ള വെബ്സൈറ്റുകളുമുണ്ട്.

ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊന്നുമറിയാതെ അടിസ്ഥാനരഹിതമായ സാമ്രാജ്യത്വ-സയണിസ്റ്റ് പ്രചാരവേലകളുടെ ഭാഗമായി  ഇറങ്ങുന്ന പൊട്ടും പൊടിയും വാരിവിഴുങ്ങി മറുഭാഷ്യങ്ങള്‍ കൂടി മനസ്സിലാക്കാന്‍ താല്‍പര്യം കാണിക്കാതെ സൈദ്ധാന്തികനാകാന്‍ ശ്രമിക്കുന്നത് അല്‍പ്പത്തമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം എണ്ണയ്ക്കും സമ്പത്തിനും ആയുധവിപണനത്തിനും ആധിപത്യത്തിനുമായി ലോകത്ത് ആരെയൊക്കെ വേട്ടയാടാനുദ്ദേശിക്കുന്നവോ അവര്‍ക്കെതിരെ കോര്‍പ്പറേറ്റു മാധ്യമങ്ങള്‍ നെയ്തുകൂട്ടുന്ന വാര്‍ത്തകള്‍ നിഷ്പക്ഷബുദ്ധിയോടെ വിശകലനം ചെയ്യാന്‍ കഴിയാതെ വന്നാല്‍ പോലും ഒരു സന്ദേഹിത്വമെങ്കിലും നിലനിര്‍ത്തുവാന്‍ അഭിനവബുദ്ധിജീവികള്‍ക്ക് കടമയില്ലേ !?

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ചിത്രകാരന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍ !

നുഷ്യത്വമുള്ളവരെ മുഴുവന്‍ നടുക്കിയ കൈവെട്ടു സംഭവത്തെക്കുറിച്ച് ധാരാളം  പോസ്റ്റുകള്‍ വന്നു. കേരളീയരെ ഈ വിഷയം അഗാധമായി നടുക്കിയതു കൊണ്ട് ബൂലോകത്തും ഇതൊരു സുപ്രധാന സംഭവമായി മാറി. ഈയുള്ളവനും അത്തരം പോസ്റ്റുകളില്‍ എന്റേതായ അഭിപ്രായങ്ങളും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. മുസ്ലീം തീവ്രവാദത്തെക്കുറിച്ചുള്ള  ധാരണ എത്ര വ്യത്യസ്തവും വൈരുദ്ധ്യവുമുള്ളതായിരുന്നാല്‍ തന്നെയും ആ പ്രതിഭാസത്തെക്കുറിച്ച് കൈവെട്ടിയ നാള്‍ മുതല്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് അദൃശ്യമായിരിക്കുന്നതോ ഇല്ലെന്നു തോന്നിക്കുന്നതോ ആയ ഹിന്ദുഭീകരതയുടെ കര്‍തൃത്വം വ്യക്തമാക്കുന്ന, ഇതുവരെ പൊതുബോധത്തിന്റെ ശ്രദ്ധയില്‍ ഇടംപിടിക്കാത്ത അതിന്റെ ഭാഗധേയത്വം ബോധ്യപ്പെടുത്തുന്ന 'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍'  എന്ന പോസ്റ്റ്, ഇടതുപക്ഷക്കാര്‍ തന്ത്രപരമായി നിശബ്ദത പാലിക്കുമ്പോള്‍  ഇടതുപക്ഷ വക്താവായ ജി.പി. പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാമാന്യ മര്യാദയില്ലാതെ, ഹിന്ദു ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പോസ്റ്റില്‍ വന്ന് അതിലൊരു കമന്റ് (രണ്ടാമത്തെ) വീശി, വിഷയത്തെ വീണ്ടും 'കൈവെട്ടു കേസി 'ലേക്കും 'ന്യൂനപക്ഷഭീകരത'യിലേക്കും (ആ വിഷയങ്ങള്‍ സംവദിച്ചു കൊണ്ടിരിക്കുന്ന നിരവധി പോസ്റ്റുകള്‍ ഉണ്ടെന്നിരിക്കെ!) വഴിതെറ്റിച്ച് കൊണ്ടുവന്നത്  ചിത്രകാരനായിരുന്നു. കൂടാതെ ടിയാന്‍ ഹൈന്ദവഭീകരതക്കു വേണ്ടി താനൊരുക്കിയ 'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !' എന്ന സ്വന്തം പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടാണ് പോകുന്നത് (കൈവെട്ടു കേസിനാണ് പ്രാധാന്യമെങ്കില്‍ എന്തിനാണ് ഇദ്ദേഹം ഹിന്ദുഭീകരതയെക്കുറിച്ച് പോസ്റ്റിട്ടത് !?) ഹൈന്ദവഭീകരതയെക്കുറിച്ച് സ്വന്തമായി പോസ്റ്റിട്ട മനുഷ്യന്‍, അതേ വിഷയം കൂടുതല്‍ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരു പോസ്റ്റില്‍ തൂറി നാറ്റിച്ചിട്ടു പോകുന്നതെന്തിന് ? സ്വന്തം പോസ്റ്റിനെ അപേക്ഷിച്ച് 'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' എന്ന പോസ്റ്റ് അപ്രധാനമോ അവഗണിക്കത്തക്കതോ ആണെങ്കില്‍ അതിനുള്ള യുക്തി, സംവാദത്തിന്റെ മാന്യതയിലും മര്യാദയിലും വ്യക്തമാക്കുകയെന്നുള്ളതാണ് അതില്‍ പങ്കെടുക്കുന്നവരുടെ കടമ. ഇതു സൌകര്യ പൂര്‍വം മറന്നുകൊണ്ട്, (മറന്നതല്ല അവഗണിച്ചു കൊണ്ട്) അത്യധികം കുടിലതയോടെ, തനിക്ക് ബൂലോകത്തു ലഭ്യമായ തെറിവിളിയിലുള്ള അസാമാന്യ പാടവത്തെ പാണ്ഡിത്യത്തിന്റെയും ധീരതയുടേയും മകുടമായി ധരിച്ചു കൊണ്ട് ചട്ടമ്പി സ്റ്റൈലില്‍ ലേഖകനെ കൂലിയെഴുത്തുകാരനായി കൂടി അപഹസിച്ചിട്ടേ ടിയാന്‍ പിന്‍വാങ്ങുന്നുള്ളു. അരിയെത്രയെന്നു ചോദിക്കാതെ തന്നെ പയര്‍ അഞ്ഞാഴിയെന്നു പറഞ്ഞിട്ടു പോകുന്ന ഈ കമന്റിലൂടെ ഇദ്ദേഹം എന്താണാവോ ഉദ്ദേശിക്കുന്നത് !?

ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ ഇവയാണ് :-

1)'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' ഹൈന്ദവഭീകരത ചര്‍ച്ച ചെയ്യാന്‍ വെച്ച പോസ്റ്റാണ്. ഇതില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ സത്യമെത്ര ? അസത്യമെത്ര ? അതിനോട് യോജിക്കുന്നുണ്ടോ ? വിയോജിക്കുന്നെങ്കില്‍ അതിനുള്ള ന്യായം വ്യക്തമാക്കുക എന്നതാണ് പോസ്റ്റ് വായിക്കുന്നവരുടെ കടമ. ചിത്രകാരന്‍ ഇതൊന്നും ചെയ്യാതെ ലേഖകനെ കൂലിയെഴുത്തുകാരനാക്കിയിരിക്കുന്നു. അതിനുള്ള ന്യായവും പറയുന്നില്ല.

2)'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' നെ അപഹസിച്ച ശേഷം അതില്‍ 'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !' എന്ന സ്വന്തം പോസ്റ്റിന്റെ ലിങ്ക് ഇട്ടിരിക്കുന്നു. അപ്പോഴും ജി.പി യുടെ പോസ്റ്റിന്റെ അപാകതകള്‍ വ്യക്തമാക്കുന്നില്ല. എന്താണ് ഇദ്ദേഹത്തിന്റെ മനോഭാവം ? അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഒന്നു പരിശോധിക്കാം.
ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !
"സനാതന ഹിന്ദു മതത്തിന്റെ കാവല്‍ പോരാളികളും ഇന്ത്യയിലെ ഒരേയൊരു രാജ്യസ്നേഹമുള്ള കൂട്ടക്കാരുമായ ഔദ്ദ്യോഗിക സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ കക്ഷിയായ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ പൊന്നോമന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി തിരുവടികളുടെ വിശ്വസ്ത ശിക്ഷ്യനും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ശ്രീ ശ്രീ ശ്രീ അമിത് ഷാ പരശുരാമാവതാരം ഹൈന്ദവ സാമ്രാജ്യത്തിനു വീതിയും നീളവും കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാവനമായ നരബലികള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുകൊണ്ട് സി.ബി.ഐ.കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നതിനെതിരെ സര്‍വ്വമാന ഹിന്ദുക്കളും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല, ഒരു ഫ്രീഡം പരേഡെങ്കിലും നടത്താന്‍ മുതിരുന്നില്ല എന്ന് .... ചിത്രകാരന്‍ അത്ഭുതപ്പെടുകയാണ്.!!! ഭാരതമെന്നും ബി.ജെ.പി എന്നും കേട്ടാല്‍ നമ്മുടെ ചോര തിളക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ ..പടച്ചോനെ...!!!
പണ്ട് ക്ഷത്രിയരുടെ(സത്യത്തില്‍ ബൌദ്ധ ബന്ധമുള്ളവരുടെ) കുലം മുടിക്കാനായി വെണ്മഴുവുമായി ഇറങ്ങി തന്റെ തള്ളയുടെ ചങ്കുതന്നെ വെട്ടി റിഹേഴ്സലു നടത്തിയ ബ്രാഹ്മണ ഇറച്ചി വെട്ടുകാരന്‍ ദൈവമായ പരശുരാമനാണെന്നു തോന്നുന്നു ലോകത്തിലെ ആദ്യ താലിബാനി. ആ മൊഴന്ത് ദൈവത്തിന്റെ പാത പിന്തുടരുന്ന ബ്രാഹ്മ്മണ ജനതാ പാര്‍ട്ടിയുടെ പരിവാരങ്ങള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പര്‍വ്വതീകരിക്കുന്നതിനും, ഊതിക്കത്തിക്കുന്നതിനും നടത്തുന്ന വ്യാജ ഭീകരതയും ,വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇന്ത്യന്‍ മതേതര ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ... സി.ബി.ഐ.യും, കോടതിയും നടത്തിയിരിക്കുന്ന കുറ്റവാളികളായ ഹിന്ദു വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കെതിരെയുള്ള നിയമ നടപടി അഭിമാനകരമായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡി.ഐ.ജി.യും എസ്.പിയുമടക്കം അഞ്ച് ഐ.പി.എസ്.ഓഫീസര്‍മാരും 13 പോലീസുകാരും അറസ്റ്റിലായി, വിവിധ ജയിലുകളില്‍ കഴിയുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെക്കുറിച്ചും, അന്വേഷണ ഉദ്ദ്യോഗസ്തരുടെ കരുത്തിനെക്കുറിച്ചും മതിപ്പുളവാക്കുന്നു. ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു."

ജിപിയുടെ പോസ്റ്റിലുള്ളത്ര  വിവരങ്ങളോ വസ്തുതകളോ രേഖകളോ ഒന്നും മുകളില്‍ ക്വോട്ട് ചെയ്ത ഇദ്ദേഹത്തിന്റെ പോസ്റ്റിലില്ല. പിന്നെയുള്ള പ്രധാനകാര്യം അണ്ടര്‍ലൈന്‍ ചെയ്തിരിക്കുന്ന ഭാഗം ഊറ്റിപ്പിഴിഞ്ഞെടുത്താല്‍ കിട്ടുന്ന പോയന്റില്‍, "ഇസ്ലാമിക വര്‍ഗീയത പര്‍വതീകരിക്കപ്പെടുന്നെന്നും വ്യാജഏറ്റുമുട്ടലുകള്‍ നടക്കുന്നെന്നും" പറഞ്ഞിരിക്കുന്ന ചിത്രകാരന്‍, ഇതേ ആശയവും അതിനേക്കാള്‍ വലിയനിരീക്ഷങ്ങളും പറഞ്ഞിരിക്കുന്ന ജി.പിയുടെ പോസ്റ്റിനെ കൊഞ്ഞനം കാണിച്ചതെന്തിനാണാവോ ?!! അത് കൃത്യമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമായ ഈ പോസ്റ്റിനോടുള്ള അസൂയയല്ലേ ? ഈ അസൂയകൊണ്ടുണ്ടായ ഏക നേട്ടം ജി.പി യുടെ പോസ്റ്റില്‍ നന്നായി കമന്റുകള്‍ ഉണ്ടായിയെന്നതാണ്. പക്ഷേ വിഷയത്തെ സമര്‍ഥമായി വഴിതെറ്റിക്കാനും കഴിഞ്ഞു. എന്നാല്‍ ലേഖകന്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ല എന്നുള്ളതാണ് ഖേദകരം. പൊതുവേ ചിത്രകാരന്റെ പോസ്റ്റുകളുടെ ഉള്ളടക്കമെന്താണ് ? അദ്ദേഹത്തിന്റെ സാമ്പ്രദായിക അശ്ലീലവാക്കുകളുടെ മാലപ്പടക്കം ഫുള്‍സ്റ്റോപ്പുകാണാതെ പൊട്ടിത്തെറിക്കുന്ന "ഹൈന്ദവിക, ബ്രാഹ്മണിക, സവര്‍ണ, ജാതിപ്പരിഷ, മാടംബി,താലിബാനി, മൌദൂതിയന്‍ ...." അങ്ങനെ അനര്‍ഗളമായി നീണ്ടു പോകുന്ന  ക്ലീഷേകളുടെ പരമ്പരാഗത നാറ്റം തന്നെയല്ലേ അദ്ദേഹത്തിന്റെ മേല്‍പ്പടി പോസ്റ്റിലും ഉള്ളത്.

രസകരമായ കാര്യം, സംഘ്പരിവാര്‍ ശക്തികളെ വസ്തുനിഷ്ഠമായി തുറന്നു കാട്ടുന്ന പോസ്റ്റുകളൊക്കെ അവര്‍ അവഗണിക്കാറാണ് പതിവ്. അതുകൊണ്ടു തന്നെ ഹൈന്ദവഭീകരതയെ പരാമര്‍ശിക്കുന്ന വിഷയത്തിലുള്ള ചിത്രകാരന്റെ  'ബ്രാഹ്മണ ജനതാപാര്‍ട്ടിയുടെ താലിബാനിമുഖം !'(ആകെ കമന്റുകള്‍ 13) ഈയുള്ളവന്റെ 'ഭീകരവാദികളോട് ഇരട്ടത്താപ്പ്  !' (ഏകദേശം കമന്റുകള്‍ 11/ഈയുള്ളവന്‍ ഒരു വിദഗ്ദ്ധനുമല്ല) എന്ന പോസ്റ്റായാലും അവഗണിക്കപ്പെട്ടതേയുള്ളു. അതിനു കാരണം നമ്മെയെല്ലാം അബോധമായി കീഴ്പ്പെടുത്തിയിരിക്കുന്ന, ജി.പി പറഞ്ഞ മൃദുഹിന്ദുത്വബോധമാണെന്ന കാര്യം സ്പഷ്ടമാണ്.  ഈ വിഷയത്തില്‍ സംഘ് പരിവാര്‍ ഭീകരവാദികളാരും ചിത്രകാരന്റെ പോസ്റ്റില്‍ കമന്റിയിട്ടില്ല. എന്നാല്‍ ജിപിയുടെ  പോസ്റ്റ്  വഴിതെറ്റിച്ച്  ഇസ്ലാമിക ഭീകരതയിലെത്തിച്ചതിനാല്‍ ധാരാളം കമന്റുകള്‍ വന്നു. സംഘപരിവാറികള്‍ അനോനികളായും പുതിയ വ്യാജപ്രൊഫൈലിലും ധാരാളം വന്നു. പക്ഷേ അവര്‍ ചിത്രകാരോട് സ്നേഹവും കൂറും ഉള്ളവരായി മാറി (സത മുതല്‍ നാണിക്കുട്ടന്‍ വരെ). അദ്ദേഹത്തിന്റെ സവര്‍ണ വിരുദ്ധത അവര്‍ നിശ്ശേഷം ക്ഷമിച്ചു . ചിത്രകാരന്റെ ആരോടൊക്കെയോ പകപോക്കാന്‍ എടുത്തുചാടിയിട്ട ഭീമാബദ്ധങ്ങളുടെ പോസ്റ്റായ 'കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !' എന്നതില്‍ മുഴുവന്‍ സംഘപരിവാറികളും അണിനിരന്നു. അങ്ങനെ അവര്‍  ഒരു ശരീരവും ഒരു മനസ്സവുമായി . കാരണം തങ്ങളെ അല്പം തെറിപറഞ്ഞാലും വര്‍ദ്ധിതവീര്യത്തോടെ അദ്ദേഹം മുസ്ലീംഭീകരതയെ പറയുന്നുണ്ടെല്ലോ, അതിനാല്‍ തങ്ങളുടെ പ്രശ്നം ഒളിച്ചുപിടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു!(കമന്റുകള്‍150) സംഗതി ഇരുകൂട്ടര്‍ക്കും ലാഭം തന്നെ ! കൂടാതെ സത്യാന്വേഷി, ചാര്‍വാകന്‍, ഈയുള്ളവന്‍ എന്നിവരെ അവശ- ദളിത-ഇസ്ലാമിക ബുജികളും ജമാഅത്തെ/എന്‍ഡിയെഫ് തീവ്രവാദികളായും കൂലിപറ്റുന്നവരായും ചിത്രീകരിച്ച് പരിവാറികള്‍ക്ക് രോമാഞ്ചമുണ്ടാക്കി കൊടുക്കാനും പുള്ളിക്കാരനു കഴിഞ്ഞു.

നിലപാടിലും പ്രത്യയശാസ്ത്രബോധത്തിലും താന്‍ എവിടെ നില്‍ക്കുന്നു എന്ന ബോധമില്ലാതെ, കാര്യങ്ങളെ സമഗ്രതയില്‍ കാണാനുള്ള  പിടിപ്പുകേടിനെ ഉച്ചത്തില്‍ ആഘോഷിച്ചു കൊണ്ട്, അതിനു പരിമിതമായെങ്കിലും കഴിയുന്നവരെ തീട്ടം വാരിയെറിയാന്‍ കാണിക്കുന്ന വിരുതുകൊണ്ട്, അദ്ദേഹത്തിന്റെ ഉറച്ച ശത്രുക്കളായ സംഘ്പരിവാര്‍ ഭീകരരുടെ, മന്ദബുദ്ധികളെ പ്രോത്സാഹിപ്പിക്കുന്ന അര്‍ദ്ധഗര്‍ഭമായ കൈയടി നിര്‍ലോഭം വാരിക്കൂട്ടുവാന്‍ ഭാഗ്യമുള്ളവനായി തീര്‍ത്തിരിക്കുന്നു ചിത്രകാരന്‍ !!!! ചിത്രകാരന്‍ ജി.പിയുടെ 'പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍' എന്ന പുതിയ പോസ്റ്റിലും അകാരണമായ കൊഞ്ഞനംകുത്തലാണ് കാട്ടിയിരിക്കുന്നത്. ഇനിയെങ്കിലും അദ്ദേഹം ഉത്തരവാദിത്വത്തോടെ പെരുമാറുമെന്നു പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ "പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍, ദുരഭിമാനികള്‍, വര്‍ണ്ണവെറിയന്മാര്‍; ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ, കുട്ടിക്കഥകളോ, പുരാണങ്ങളോ, ഐതിഹ്യങ്ങളോ, ഇതിഹാസങ്ങളോ, വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍, സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ " തുടങ്ങിയ മറ്റുള്ളവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപഗ്രഥനം അദ്ദേഹത്തിനു തന്നെ അറം പറ്റിയതായി കണക്കാക്കാം.

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ഒരു ആര്‍.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍(DHRM-വോയിസ്-1)

ദിനശ്
വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച്, അവരുടെ  സംഘടന വളര്‍ത്താന്‍ നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന്  അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ
പോലീസ്
വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. (ഇത് ഒന്നാമത്തെ ലേഖനമാണ്. രണ്ടാമത്തെ ലേഖനം ഇവിടെ കാണുക)
       
ജീവിതം കാവി കാക്കില്ല.

രു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു...ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും....

ഭാരതം ഒരു ഹിന്ദുരാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മതവികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍  നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം.രമ്പ്  വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യ ശിക്ഷകന്റെ പ്രസംഗം എന്റെ തലക്കു പിടിച്ചു. ഓരോ ജില്ലയില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ.
ദിനേശ് പരിശീലന വേഷത്തില്‍
കൊല്ലം ജില്ലയില്‍  ഉമയനല്ലൂര്‍, ഇരവിപുരം, പാലവിളവീട്ടില്‍ ദിനേശനെന്ന ഇരുപത്തിയേഴുകാരന്‍ 1999-ല്‍ ശാസ്താംകോട്ട ക്ഷേത്രത്തിനടുത്ത സ്കൂളില്‍ വച്ച് ഏഴ് ദിവസമായി നടത്തപ്പെട്ട ഐ.റ്റി.സി ക്യാമ്പിലെ അനുഭവം വിവരിക്കുകയാണ്.


രാള്‍ സ്വയം സേവകനാകാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തനത്തിനായി മാറ്റി വെക്കണം. അങ്ങനെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം കൃത്യമായി പാലിച്ചു കൊണ്ട് ഉമയനല്ലൂര്‍ ബാലസുബ്രമണ്യ ക്ഷേത്ര മൈതാനത്തില്‍ നടത്തുന്ന പരിശീലനത്തിന് ചേരുവാന്‍ അവസരം കിട്ടി. ഈ പരീശീലനം  ഐ.റ്റി.സി പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ഷേണായിചേട്ടന്‍ എന്നു വിളിക്കുന്ന ദീപുവാണ് പരിശീലകന്‍. അദ്ദേഹം ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷക് കൂടിയാണ്.
പശ്ചാത്താപത്തോടെ ദിനേശ്
ഷേണായി ചേട്ടന്‍ പഠിപ്പിക്കുന്ന മെയ് വഴക്ക അഭ്യാസം വിജയകരമായി പൂര്‍ത്തീകരിച്ചാണ് ദിനേശ് ഈ ക്യാമ്പിലെത്തിയത്. ഇവിടെയാണ് 'ദണ്ഡ' എന്ന മുളവടി  ആയുധത്തിന്റെ പ്രായോഗിക പരിശീലനം. ഈ വടികള്‍ മണിപ്പൂര്‍, നാഗ്പ്പൂര്‍, മഹാരാഷ്ട്ര  എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വരുന്നതാണെന്ന് ഷേണായിചേട്ടന്‍ പലപ്പോഴും പറഞ്ഞുതന്നിട്ടുണ്ട്. മാത്രമല്ല ഇവ ദണ്ഡാക്കി മാറ്റുന്ന വിധവും വിവരിച്ചു തന്നിട്ടുണ്ട്. ദിനേശന്‍ തുടരുന്നു. "ആദ്യം മുള പുഴുങ്ങിയെടുക്കും. ഉള്‍വശം പൊള്ളയായ ഇരുമ്പ് പൈപ്പിലൂടെ മുളവടി പുറത്തേക്ക് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയണ് ഒരോ ദണ്ഡയും റെഡിയാക്കുന്നത്".

രോ  ആര്‍.എസ്സ്.എസ്സ് ശാഖകളിലും ഒട്ടനവധി ദണ്ഡകള്‍ കാണും. സര്‍ക്കാര്‍ ആര്‍.എസ്സ്.എസ്സിന് അംഗീകരിച്ചു കൊടുത്ത ആയുധമാണത്.


"തുകൊണ്ട് ഞാന്‍ ദണ്ഡ വായുവില്‍ ചുഴറ്റി അഭ്യാസം കാണിക്കേണ്ട വ്യഗ്രതയിലായിരുന്നു". ദിനേശ് തുടരുന്നു. "എന്നാല്‍ അഭ്യാസമല്ല ആദ്യം ഞങ്ങളെ പഠിപ്പിച്ചത്, മുന്നില്‍ വരുന്ന ശത്രുവിന്റെ ഏതെല്ലാം ശരീരഭാഗങ്ങളില്‍ മര്‍ദ്ദിക്കണം എന്നുള്ള ക്ലാസ്സായിരുന്നു. അത് ഇത്തരത്തിലായിരുന്നു. മനുഷ്യശരീരത്തിലെ ചെന്നി ഭാഗത്ത് ദണ്ഡ പ്രയോഗിച്ചാല്‍ 'ശിരോമര്‍ ' എന്നു പറയും. ആര്‍.എസ്സ്.എസ്സുകാരുടെ  കോഡ് ഭാഷയാണിത്. കാല്‍മുട്ടിലടിച്ചാല്‍ 'അധോമറും' നെഞ്ചത്ത് ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യചക്രയും' ആണ്. തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടി പ്രഹര്' എന്നാണ് പറയുന്നത്. ഇത് മൂക്കില്‍ 'നാസ്യപ്രഹരും' ലിംഗഭാഗത്ത് 'വൃഷ്ണപ്രഹരും' ആയി മാറും".


.റ്റി.സി ക്യാമ്പില്‍ ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇതിന്റെ ഉപയോഗത്തെക്കുറിച്ച് വിവരിക്കുന്നു. നിങ്ങള്‍ ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യശിക്ഷക്  ഈ കോഡ് ഭാഷ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍ നിങ്ങള്‍ക്ക് ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തുവാന്‍ പറ്റും. ആക്രമിക്കാന്‍ പോകുന്ന ശത്രുവിന് യാതൊരു മുന്നറിയിപ്പും കിട്ടുകയില്ല. ശത്രുവിന്റെ കൂടെ നില്ക്കുന്ന മറ്റുള്ളവര്‍ അറിയുക പോലുമില്ല.
 

.റ്റി.സി ക്യാമ്പ് കഴിഞ്ഞാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ആര്‍.എസ്സ്.എസ്സില്‍ ഒരു പ്രത്യേകസ്ഥാനം നല്‍കുക പതിവാണ്.
ഇതിനെ 'ഗടനായക് 'എന്നാണ് പറയുന്നത്. ഓരോ ദിക്കിനെ അടിസ്ഥാനമാക്കിയാണ് 'ഗട'കളെ വേര്‍തിരിക്കുന്നത്. അത് 'പഴശ്ശിരാജഗട',  'ശ്രീരാമഗട', 'വേലുത്തമ്പിഗട', 'പരശ്ശുരാമഗട' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ദിനേശ് പറയുന്നു- പടനിലം മുതല്‍ കാഞ്ഞാംതലവരെയുള്ള മേഖലയെ പറയുന്നത് 'പരശ്ശുരാമഗട' എന്നാണ്. ഈ ഗടനായകന്റെ പ്രവര്‍ത്തനം എല്ലാ ശാഖകളിലും റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്നതാണ്.
 

ച്ഛന്‍ യശോധരന്‍ കൂലിവേലക്കാരനാണ്. പട്ടിണിയില്ലാത്ത ചുറ്റുപാടിലാണ് ദിനേശന്റെ ബാല്യം. അമ്മ അംബിക ഇരവിപുരം പടിപ്പുര കാവില്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്. ദിലീപ് എന്ന സഹോദരന്‍ ഉണ്ട്. പഠനം ആദ്യം കാണിച്ചേരിയില്‍ എല്‍.പി.സ്കൂളില്‍. അവിടെ നിന്നും ഇരവിപുരം തട്ടാമല ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠനം. ദിനേശ് തുടരുന്നു. ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ഗ്രൌണ്ട് വഴിയാണ് ഞാന്‍ സ്കൂളില്‍ പോയിവരുന്നത്. വൈകുന്നേര സമയങ്ങളില്‍ ക്ഷേത്രഗ്രൌണ്ടില്‍ ആര്‍.എസ്സ്.എസ്സ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ടാകും.

"നമസ്ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയിയാനന്ദം
നമസ്ക്കരിപ്പൂ കേശവഭാരത ഭാഗ്യവിധാതാവേ
"-


എന്ന ഗണഗീതം കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ കാണുന്നത് ശാഖാംഗങ്ങള്‍ വെള്ളഷര്‍ട്ടും കാക്കി നിക്കറുമിട്ട് നിരനിരയായി നില്‍ക്കുന്നതാണ്.
ആര്‍.എസ്സ്.എസ്സിന്റെ വേഷത്തെക്കാളും പാട്ടിനെക്കാളും എന്നെ ആകര്‍ഷിച്ചത് വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന 'കബഡി'കളിയാണ്. ഞാനൊരു കബഡികളി പ്രേമിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടുമിക്ക കായികപ്രകടനങ്ങളിലും പങ്കെടുക്കാറുണ്ട്.ഞാന്‍ ആര്‍.എസ്സ്.എസ്സ്  ശാഖാംഗങ്ങളോടൊപ്പം സ്ഥിരമായി കബഡികളിച്ചു തുടങ്ങി. അവിടെ വെച്ചാണ് 'ഷേണായിചേട്ടന്‍' എന്ന് ശാഖാംഗങ്ങള്‍ വിളിക്കുന്ന മുഖ്യശിക്ഷക് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്.
 

മ്മള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ശാഖാംഗങ്ങള്‍ നോക്കിക്കൊള്ളും എന്നുള്ളതു കൊണ്ട് ഞാന്‍ അഹങ്കാരത്തോടെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. എനിക്കന്ന് പ്രായം 13 വയസ്സ്. ആര്‍.എസ്സ്.എസ്സ്  ശാഖയില്‍ ഓരോ പര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഞാന്‍ സജീവ പ്രവര്‍ത്തകനാണ്. അത് കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം, ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന്‍, ഗോപൂജ, വിഷ്ണു, വിജയദശമി എന്നിവയാണ്. വിജയദശമിക്കാണ് റൂട്ട് മാര്‍ച്ച് അതായത്  ആര്‍.എസ്സ്.എസ്സ് യൂണിഫോമോടു കൂടിയ പദസഞ്ചലനം.
നിരന്തരമായ ആര്‍.എസ്സ്.എസ്സ്  സഹവാസം കാരണം എന്റെ കൂടെ പഠിച്ചിരുന്ന മറ്റു മതത്തിലെ കുട്ടികളെ വല്ലാത്ത അമര്‍ഷത്തോടും വെറുപ്പോടും കൂടിയായിരുന്നു ഞാന്‍ കണ്ടിരുന്നത്. മുസ്ലീങ്ങളെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നില്‍ക്കുന്നവരാണ് എന്നാണ് എന്നെ നയിച്ചവരില്‍ നിന്നും കിട്ടിയ അറിവ്.
 

.റ്റി.സി ക്യാമ്പ് കഴിഞ്ഞ് വന്നതോടെ എന്റെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു. ഏതൊരു മുസ്ലീമിനേയും ക്രിസ്ത്യാനിയേയും കൊല്ലാനുള്ള പക.

സ്വയം സേവകനായി കഴിഞ്ഞിരുന്ന എനിക്ക് നേതൃത്വം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുവാനുള്ള ആവേശമായിരുന്നു. അങ്ങനെ ഇരിക്കവേയാണ് ഉമയനല്ലൂര്  തകര്‍ന്നു കിടന്നശാഖ വീണ്ടും സംഘടിപ്പിക്കാന്‍ രാംദാസിന്റെ നേതൃത്വത്തില്‍ തീരുമാനമുണ്ടായത്.
 

ലുംമൂട്ടില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് സംഘര്‍ഷം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ നന്നായി മുതലെടുത്തു. അങ്ങനെയാണ് ആലുംമൂട് ശാഖ പ്രവര്‍ത്തിക്കുവാന്‍ ശ്രമം തുടങ്ങിയത്. രാംദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൊടിമരം സംഘടിപ്പിച്ചു. അത് റോഡരികിലുള്ള ഒരു ക്രിസ്ത്യാനിയുടെ വീടിന് മുന്‍വശത്ത് കുഴിച്ചിട്ടു. പോരാത്തതിന് അതില്‍ കൊടിയും കെട്ടി.
 

ങ്ങനെയെങ്കിലും സംഘര്‍ഷം നടക്കണം ഇത് മാത്രമേ എനിക്ക് ചിന്തയുള്ളു. ഒരു ക്രിസ്ത്യാനിക്കെങ്കിലും പണി കൊടുത്താല്‍ അത്രയും മനഃസുഖം കിട്ടും അതാണ് വര്‍ഗീയത കുത്തിനിറച്ച അന്നത്തെ എന്റെ മാനസ്സികാവസ്ഥ.                                                                                                                                                
ക്രിസ്ത്യാനി കുടുംബം കൊടിമരം മാറ്റണം എന്നാവശ്യപ്പെട്ടിട്ടും  ഞങ്ങള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരം ക്രിസ്ത്യാനി കൊടിമരം നശിപ്പിച്ചു എന്ന പ്രചാരണം ചെയ്തു. ഞങ്ങള്‍ ആ പാവത്തിന്റെ വീട് അക്രമിക്കാന്‍ പദ്ധതിയിട്ടു. യഥാര്‍ഥത്തില്‍ എങ്ങനെയെങ്കിലും ഹിന്ദുവികാരം ഇളക്കിവിട്ട് ശാഖ വികസിപ്പിക്കാനുള്ള രാംദാസിന്റെ തന്ത്രമായിരുന്നു ഇതെല്ലാം.
 

രാത്രിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വീട് വളഞ്ഞ് വാതില്‍ ചവിട്ടി തുറന്നു. ഗൃഹനാഥന്റെ കഴുത്തില്‍ വാള്‍ വെച്ച് ഞങ്ങള്‍ ചുറ്റും കൂടി നിന്നു. ഇത് കണ്ട ആ വീട്ടിലെ സ്ത്രീകളേയും കുട്ടികളേയും ശബ്ദമുയര്‍ത്തി കരയാന്‍പോലും അനുവദിച്ചില്ല. കുടുംബത്തിന്റെ ഭയം തുളുമ്പുന്ന തൊഴുതു നില്‍ക്കുന്ന ദയനീയരൂപം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്. രാംദാസ് ഗൃഹനാഥനെ കൊണ്ട് "ബോലോ ഭാരത് മാതാ കി ജയ്" എന്ന് 41പ്രാവശ്യം വിളിപ്പിച്ചു. ഓരോ കീജയ് വിളിയും  കൃത്യമായി രാംദാസ് എണ്ണിയിരുന്നു. അതു പോലെ "ഹിന്ദു രാഷ്ട്രോം കീ ജയ് "എന്ന മുദ്രാവാക്യവും വിളിപ്പിച്ചിരുന്നു. കൃസ്ത്യന്‍ കുടുംബനാഥന്‍ ഇതെല്ലാം കരഞ്ഞു കൊണ്ടാണ് അനുസരിച്ചത്.
 

പിറ്റേന്ന് കമ്മയൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സഹായത്തോടെ ക്രിസ്ത്യന്‍ കുടുംബം കൊട്ടിയം പോലീസ് സ്റ്റേഷനില്‍  കേസു കൊടുത്തു. രാംദാസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഷേണായിചേട്ടന്‍ പറഞ്ഞു. അങ്ങനെ രാംദാസ് ഒളിവില്‍ പോയി.
 

കേസു കൊടുത്തതിന്റെ പ്രതികാരമായി ഏത് വിധേനയും ക്രിസ്ത്യന്‍ കുടുംബത്തെ അവിടെ നിന്നും ഓടിക്കണമെന്ന് മുഖ്യശിക്ഷക് ആയ ഷേണായിചേട്ടന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്തിലെ ബാബുവും വിശ്വനാഥന്‍ എന്ന കുഞ്ഞുമോനും കൂടെ ഒരു പ്ലാന്‍ തയ്യാറാക്കി.
മാസ്റ്റര്‍പ്ലാന്‍ ഞങ്ങളോട് വിവരിക്കുന്നതിനുള്ള അറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉമയനല്ലൂര്‍ വയലിലെത്തി. അവിടെ ആര്‍.എസ്സ്.എസ്സിന്റെ  മണ്ഡലം കാര്യവാഹകന്‍ 'വൈക്കത്തോട് ബിജു'വും  ബി.ജെ.പി നേതാവായ 'അയോദ്ധ്യാ അനി'യും  ഷാപ്പുടമ ഷാജിയും ഉണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു പ്രദേശങ്ങളിലെ മുപ്പതോളം ആര്‍.എസ്സ്.എസ്സ്-ബി.ജെ.പി പ്രവര്‍ത്തകരും. നേതാക്കളുടെ വിശദീകരണങ്ങള്‍ക്കിടയിലാണ് ഒരു ചാക്ക് നിറയെ കമ്പിവാള്‍, വടിവാള്‍, തിരുപ്പിച്ചാത്തി, തുടങ്ങിയ മാരകായുധങ്ങളുമായി പന്നിമണ്ണിലെ രാജേന്ദ്രന്‍, ഷാജി എന്നിവരെത്തിയത്. കൂടാതെ അവര്‍ ഒരു കെട്ട് ദണ്ഡയും കൊണ്ടുവന്നിരുന്നു.
 

പാതിരാവായതോടെ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വാതിലില്‍ മുട്ടി വിളിച്ചു. തലേന്നത്തെ സംഭവം കാരണം അവര്‍ കതക് തുറന്നില്ല. ഞങ്ങള്‍ വീടിനു ചുറ്റും നിശബ്ദമായി നിരീക്ഷണം നടത്തി. ദുര്‍ബലമാണെന്ന് മനസ്സിലാക്കി ഒരു വാതില്‍ ശബ്ദം പുറത്ത് കേള്‍ക്കാത്തവിധം തള്ളിത്തുറന്നു. പിന്നെ അവിടത്തെ വീട്ടുകാരുടെ കൂട്ട നിലവിളിയായിരുന്നു. വൈക്കത്തോട് ബിജു ഗൃഹനാഥനെ അടിച്ചും വെട്ടിയും മരണാവസ്ഥയിലാക്കി. ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഉണര്‍ന്നു. ആരാടാ എന്ന ശബ്ദമുണ്ടാക്കി അവര്‍ കൂട്ടത്തോടെ വന്നു. അവരെയെല്ലാം ഞങ്ങള്‍ വാളും മറ്റ് ആയുധങ്ങളുമായി നേരിട്ടു. ഒരു കാര്യം ഉറപ്പായിരുന്നു. പോലീസ് ഞങ്ങളെ പിടികൂടാനെത്തും. ഇത് മനസ്സിലാക്കിയ നേതാക്കള്‍ ഞങ്ങളോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈക്കത്തോട് ബിജുവിന്റേയും കണ്ടാലറിയാവുന്ന മുപ്പതോളം ആള്‍ക്കാരുടേയും  പേരിലാണ് ആ ക്രിസ്ത്യാനി കുടുംബം കേസുകൊടുത്തത്. ആര്‍.എസ്സ്.എസ്സ് നേതാക്കളുടേയും പോലീസിന്റെയും ഒത്തു കളിയില്‍ വൈക്കത്തോട് ബിജുവിനെ നാടകീയമായി അറസ്റ്റു ചെയ്തു.
 

കൂടുതല്‍ ഹിന്ദുക്കളെ അറസ്റ്റു ചെയ്യും എന്ന് സമുദായക്കാരിലേക്ക് വ്യാജ പ്രചരണം നടത്തി. അതിന്റെ ചുക്കാന്‍ പിടിച്ചത്  താലൂക്ക് പ്രചാരക്  'അനീഷ് മൂവാറ്റുപുഴ'യായിരുന്നു. അന്ന് രാത്രി തന്നെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ വളഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാവിമുണ്ടും ചുവന്ന കുറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന നേതാക്കളുടെ നിര്‍ദേശവും ഉണ്ടായിരുന്നു.
അക്രമണത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം .അത് വിജയം വരിക്കുകയും ചെയ്തു. പോലീസ് ഭയന്ന് ബിജുവിനെ ഇറക്കിവിട്ടു. സന്തോഷസൂചകമായി ഞങ്ങള്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ധര്‍ണയും പ്രകടനവും നടത്തി. അതോടെ ആശുപത്രിയില്‍ അവശനായിക്കിടന്ന ക്രിസ്ത്യാനി മരണഭയം മൂലം കേസ്സ് പിന്‍വലിച്ചു.
 

സംഭവം ഞങ്ങളിലെല്ലാം നല്ല ത്രില്‍ ആണ് ജനിപ്പിച്ചത്. മറ്റു മതക്കാരെ ദ്രോഹിക്കുമ്പോഴെല്ലാം അത് കൂടിക്കൂടി വന്നു. എന്നിലെ ഹിന്ദുവികാരം അത്രയ്ക്ക് വളര്‍ന്നിരുന്നു. ഹിന്ദുവിനെതിരെ ആരു സംസാരിച്ചാലും അതു കേട്ട് നിശബ്ദനായി നില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അത് സ്വന്തം അച്ഛനായിരുന്നാല്‍ പോലും.

സ്വയം സേവകര്‍ ആയിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് എല്ലാ ആര്‍.എസ്സ്.എസ്സ് ഭവനങ്ങളിലും പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു സ്വയം സേവകനായിരുന്നു ഞാന്‍.
 

രിക്കല്‍ മുഖ്യശിക്ഷക് ഷേണായിചേട്ടന്റെ വീട്ടില്‍ പോകാന്‍ ഇടയായി. പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ കയറ്റാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നോക്കി നില്‍ക്കെ  ഷേണായിചേട്ടന്റെ ജാതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം വീടുപോലെ അവിടെ കയറി ഇറങ്ങുന്നതും പെരുമാറുന്നതും കണ്ടു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒരു പുത്തന്‍ ചിന്തയിലേക്കാണ് എന്നെ വഴിതിരിച്ചത്. ഒരു മുസ്ലീമിനെ മേത്തനെന്നു വിളിക്കാനും വെറുക്കാനും എന്നില്‍ ഹിന്ദുവികാരം കുത്തിനിറച്ച ഷേണായി ചേട്ടന്‍ എന്തിന് ഹിന്ദുവായ എന്നെ അകറ്റി നിറുത്തി ?
 

ങ്ങനെയിരിക്കവെയാണ് ഞാന്‍ താഴെ പടനിലത്തെ ആര്‍.എസ്സ്.എസ്സിന്റെ ആസ്ഥാനത്ത് ചെന്നു പെട്ടത്. അവിടെ ഒരു യോഗം നടക്കുകയായിരുന്നു. അത് ഒരു രഹസ്യയോഗമാണ്. ആര്‍.എസ്സ്.എസ്സിന്റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതും അവിടെ വെച്ച് തന്നെ. മേല്‍ ജാതിക്കാര്‍ക്ക് ഒരു ആര്‍.എസ്സ്.എസ്സ്, കീഴ്ജാതിക്കാര്‍ക്ക്  മറ്റൊരു ആര്‍.എസ്സ്.എസ്സ് ! മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍ യോഗസ്ഥലത്ത് ഞാന്‍ ചെന്നതിന് ശകാരിച്ച് ആട്ടിയോടിച്ചു. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ സ്വയംസേവകനായ എന്നെ ഷേണായി ചേട്ടന്റെ വീട്ടില്‍ കയറ്റാത്തതിന്റെ 'ഹൈന്ദവസ്നേഹം' എനിക്കു മനസ്സിലായത് ആ രഹസ്യയോഗത്തിന് ശേഷമാണ്. ഈ സംഭവം എന്നെ മരവിപ്പിച്ചു കളഞ്ഞു.
 

ന്റെ ദേശമായ ഉമയനല്ലൂരില്‍ ഉത്സവമായി. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഒരു ആചാരം ഉണ്ട്. ഓടുന്ന ആനയുടെ വാലില്‍ തൊടുക. ഇത് എല്ലാ വര്‍ഷവും നടത്താറുണ്ട്. സുരേഷ് എന്ന പട്ടികജാതിക്കാരന്‍ ഓടുന്ന ആനയുടെ വാലില്‍ തൊട്ടു. പട്ടികജാതിക്കാരായ ആര്‍.എസ്സ്.എസ്സു കാര്‍ തന്നെ വളഞ്ഞിട്ടു തല്ലി. തല്ലുന്നവരും  തല്ല് കൊള്ളുന്നവരും ദലിതര്‍ തന്നെ! ആജ്ഞ നല്‍കുന്നത് മാത്രം ഉയര്‍ന്നജാതിക്കാര്‍ ?!
റ്റു ജാതിക്കാര്‍ ആനയുടെ വാലില്‍ തൊട്ടാല്‍ ആരും ആക്രമിക്കാറില്ല. ആര്‍.എസ്സ്.എസ്സിലെ എല്ലാ ചേട്ടന്മാരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പതിവ്. ഞാന്‍ ആര്‍.എസ്സ്.എസ്സിനു വേണ്ടി ജീവിതം പാഴാക്കിയത്  10 വര്‍ഷത്തിനു മേലാണ്. ആ കാലയളവില്‍ പല പട്ടികജാതിക്കാരെയും ഞാന്‍ ദണ്ഡുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് കാരണമൊന്നുമില്ല. മുകളില്‍ നിന്നുള്ള ഒരാജ്ഞ. 'അവനത്ര ശരിയല്ല' എന്ന സവര്‍ണ ആജ്ഞ.
 

ത് ഞാനിന്ന് തിരിച്ചറിയുന്നു. എത്രയോ പ്രാവശ്യം സേവനരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുന്നു. മയ്യനാട് ആശുപത്രിയിലെ ഓടകള്‍ വൃത്തിയാക്കുന്നത് , കൊട്ടിയം, ഉമയനല്ലൂര്‍, മയ്യനാട് ചന്തകള്‍ വൃത്തിയാക്കുന്നത് - ചെയ്യുന്നതെല്ലാം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍. അവരിലെല്ലാം എന്റെ മുഖമാണുണ്ടായിരുന്നത്. അവരെല്ലാം ആര്‍.എസ്സ്.എസ്സുകാരായ പട്ടിക ജാതിക്കാരായിരുന്നു. അറയ്ക്കുന്നതും ഛര്‍ദ്ദിയുളവാക്കുന്നതുമായ ദുര്‍ഗന്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ശുചീകരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ എന്ന സവര്‍ണര്‍ ആജ്ഞ മാത്രമേ തന്നിരുന്നുള്ളൂ ? ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ദലിതര്‍ക്ക് തോട്ടിപ്പണി ? സ്വന്തം രക്തത്തെ തമ്മിലടിപ്പിക്കാനുള്ള വിജ്ഞാനം!
 

ത് ഞാനിന്ന് വേര്‍തിരിച്ചറിയുന്നു! ഞാന്‍ ചിറക്കലില്‍ നിന്നും വന്ന ദലിത്
സാറിന്റെ ക്ലാസ്സ് കേള്‍ക്കുകയാണ്. അല്ല അനുഭവിക്കുകയാണ് ! എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍ കഴിയും. ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല. ജനാധിപത്യരാഷ്ട്രമാണ്. മുസല്‍മാന്മാര്‍ മേത്തന്മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്. അതുപോലെ ക്രിസ്ത്യാനികളും. അവരെല്ലാം ഈ രാജ്യത്തിലെ സഹോദരങ്ങളാണ്. ജാതി വെറിയന്മാരുടെ ഭ്രാന്ത് മാത്രമാണ്. വിശ്വാസിക്കും അവിശ്വാസിക്കും ഒരുമയായി കഴയാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും വിശാലമായ രാജ്യം, അതാണ് നമ്മുടെ ഇന്ത്യ.
 

ചിറക്കരയില്‍ നിന്നും വന്ന ദലിത് സാറിന്റെ ക്ലാസ്സു കഴിഞ്ഞു ഭക്ഷണസമയമായി.
ഹിന്ദുവികാരം മൂത്ത് ഞാന്‍ അക്രമിച്ച ദലിതനായ എന്റെ കൂടെപ്പിറപ്പ് ഷെഡിലെ മനോജിനൊപ്പം ഒരു പാത്രത്തില്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. 'എന്തുകൊണ്ട് ഈ തിരിച്ചറിവിന്റെ വിജ്ഞാനം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നേടാന്‍ കഴിഞ്ഞില്ല? അങ്ങിനെയെങ്കില്‍ മനോജ് എന്നന എന്റെ സഹോദരാ നിന്നെ ഒരിക്കലും ഞാന്‍ ആക്രമിക്കില്ലായിരുന്നു. ഒരു ആര്‍.എസ്സ്.എസ്സുകാരനും ആകില്ലായിരുന്നു'.

                      (by-  രമ്യ.കെ.ആര്‍.)

2010, ജൂലൈ 31, ശനിയാഴ്‌ച

കൈവെട്ടും മുസ്ലീം പ്രതിനായകത്വവും !

       കൈവെട്ടു കേസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവുന്നുണ്ട്. മുസ്ളീമിനെ എല്ലാവരും എന്തുകൊണ്ടൊക്കെയോ പേടിക്കുന്നു. ഈ വിഷയത്തില്‍ , വൈകാരികത ഒഴിവാക്കി  തികച്ചും ഗൗരവത്തോടെ കണ്ടത്, ജബ്ബാര്‍ മാഷുടെ പോസ്റ്റില്‍  കമന്റിട്ട്, അതു ക്രോഡീകരിച്ച കെ.എം.വേണുഗോപാലിന്റെ പോസ്റ്റാണ്. എണ്‍പതുകള്‍  മുതല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളീല്‍ രൂപപ്പെടുന്ന ചില വ്യതിയാനങ്ങളെ തമസ്കരിക്കുകയോ, അസന്നിഹിതമാക്കുകയോ വഴി, ഭരണകൂടവും ഭരണവര്‍ഗ്ഗ ജാതിസമൂഹവും ഒന്നിച്ചു കളിക്കുന്ന കളി കണ്ടെടുക്കാന്‍ പ്രാപ്തിയോ പ്രത്യശാസ്ത്ര ബോധമോ ഇല്ലാത്ത കേവല 'നീതിമാന്മാര്‍' നടത്തുന്ന സര്‍ക്കസ്സുകള്‍ കണ്ടാല്‍ പൊതുസാമൂഹ്യബോധത്തെ അപ്പാടെ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്നു തോന്നും. യുക്തിവാദത്തിന്റെ ഒരു പരിമിതി, കാര്യങ്ങളെ യാന്ത്രികമായി സമീപിക്കുകയും, അതിന്റെ സാമൂഹ്യബലതന്ത്രം ഒഴിവാക്കുകയും ചെയ്യും. ദൈവമുണ്ടന്നും ആ ദൈവമാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നുമുള്ള ചിലരുടെ ബോധ്യങ്ങളെ അതേ യുക്തികൊണ്ടു തിരിച്ചടിക്കുന്ന യുക്തിവാദത്തിന്‌ സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ആവും എന്നു ഞാന്‍ കരുതുന്നില്ല.


        വിടെ കൈവെട്ടുമായി ഉയര്‍ന്ന ചര്‍ച്ചകളില്‍ (ഒരുകാരണവശാലും ഇത്ര നീചമായ ആക്രമണത്തെ ആരു ചെയ്താലും പിന്തുണക്കുന്നില്ല) ഇസ്ളാമിന്റെ പൊതുസ്വഭാവമായി ചുരുക്കി കാണാനുള്ള  വ്യഗ്രത പരിശോധിക്കേണ്ടതാണ്‌. ശ്രീ കുരീപ്പുഴയുടെ ഒരു പഴയ കവിത, പ്രസക്തമാകുന്നു.'വരണ മാല്യവുമായി ദമയന്തി സ്വയം വരമണ്ഡപത്തില്‍ എത്തിയപ്പോള്‍ അഞ്ചു നളന്മാര്‍’. അഞ്ചു പേരും വ്യജന്മാരായിരുന്നത്രേ! ഇതുപോലാണ്‌ മുഖ്യമന്ത്രിയും, യുക്തിവാദികളും, സംഘപരിവാരങ്ങളും, മതേതര പുരോഗമന വാദികളും ഒരേ പോലെ സംസാരിച്ച വേറേ ഏതെങ്കിലും സന്ദര്‍ഭമുണ്ടായിട്ടുണ്ടോ..?
           
         വിടെ വേറേ ഒരുകാര്യം കൂടി പരിഗണിക്കണം. സെപ്റ്റമ്പര്‍ 11-ന്റെ കാലം കഴിഞ്ഞ നാളുകളില്‍ തന്നെ ആഗോള ഭീകരന്മാരായി സ്ഥാനകയറ്റം കിട്ടിയ ഇസ്ളാമിന്‌ ഇന്ത്യന്‍ സമൂഹത്തില്‍ ഈ പദവി കിട്ടുന്നത് മണ്ഡല്‍ കാലത്തു തന്നെയാണന്നാണ്‌. സച്ചാര്‍ കമിറ്റി റിപ്പോര്‍ട്ടനുസരിച്ച് ദലിതുകളിലും പിന്നോക്കമായ മുസ്ളീം സമൂഹത്തിന്‌ ചില പരിഗണന വേണമെന്ന വാദം കേരളീയ പൊതുസമൂഹം എങ്ങനെ നേരിട്ടു എന്നാണ്‌. മുസ്ളീം സമൂഹത്തിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക്  മുസ്ളീം ലീഗെന്ന രാഷ്ട്രീയ കക്ഷിയുടെ നിലപാട് സാധാരണ മുസ്ലീംയുവത  തള്ളികളഞ്ഞത് ബാബറീ മസ്ജിത് തകര്‍ന്നതോടെയാണ്‌. ആ വിഷയത്തിന്‍  മേല്‍ പറഞ്ഞ അഞ്ചു നളന്മാരുടേയും നിലപടുകളും ഏതാണ്ട് ഒന്നു തന്നെയായിരുന്നു. എന്താണിതിനു കാരണം..?


         പൊതുസമൂഹത്തില്‍ മേല്‍ തട്ടിലുള്ള ബുദ്ധിജീവി സമൂഹം, രണ്ടായി പിളരുകയും സംഘര്‍ഷപ്പെടുകയും ചെയ്യുന്നത് രണ്ടു കാരണങ്ങളാലാണ്‌. ദേശീയത സംബന്ധിച്ച സന്ദിഗ്ദ്ധത, മതേതര പുരോഗമന ബോധ്യപ്പെടുത്തല്‍. ഇതു മറികടന്നത് ദലിതര്‍ ഉയര്‍ത്തിയ നവീന ജ്ഞാനബോധത്തിന്റേയും സിദ്ധാന്ത രൂപീകരണത്തിലൂടെയുമായിരുന്നു. എന്നാല്‍ ഇസ്ളാമിനെ സംബന്ധിച്ച് അങ്ങനെയൊന്നുണ്ടായില്ല. വടക്കെയിന്ത്യയില്‍ ശക്തി പ്രാപിച്ച ദലിത്-പിന്നോക്ക സമൂഹങ്ങളുടെ ശാക്തീകരണം ഇവിടെ സംഭവിക്കാഞ്ഞത് പരിശോധിക്കേണ്ടതല്ലേ?
            
         റ്റൊന്നു പരിശോധിക്കേണ്ടത്, താലിബാനിസം എന്ന വാക്കാണ്‌. വിപ്ളവം എന്ന വാക്കിന്‌ മാന്യതയുള്ള നാട്ടിലാണന്നോര്‍ക്കുക. മനുഷ്യന്റെ അധിനിവേശയുക്തിക്കെതിരെ എല്ലാകാലത്തും (അത് ആഭ്യന്തരമോ-വംശീയമോ-വിദേശീയമോ)സങ്കല്പങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഗാന്ധിജിയുടെ സങ്കല്പത്തില്‍ രാമരാജ്യവും, മഹാത്മാ ഫൂലെയുടെ സങ്കല്പത്തില്‍ ബലിരാജ്യവും, രാം മനോഹര്‍ ലോഹ്യയുടെ സങ്കല്പത്തില്‍ സോഷ്യലിസവും, കമ്മ്യൂണിസ്റ്റു സങ്കല്പത്തില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും, മനുവാദി പരിഷകളുടെ സങ്കല്പത്തില്‍ ബ്രാഹ്മണ്യ -ചാതുര്‍വര്‍ണ്യവുമാണങ്കില്‍, ഇസ്ളാം മതമൗലിക വാദികള്‍ക്കത് ഇസ്ളാം ഭരണകൂടമായിരിക്കും . ഇതിന്റെ വിശാലമായ പരിപ്രേഷ്യത്തില്‍ , ഇന്ത്യന്‍ ജനത നടന്നടുത്ത ചരിത്രത്തില്‍ ഏതെങ്കിലുമൊന്നിനു മാത്രം വിജയമെന്ന ഉട്ടോപ്യയെ ഇക്കാലത്ത് വേവിച്ചെടുക്കാമെന്ന വ്യാമോഹം ആരെ പറ്റിക്കാനാണ്‌.
 
         രിത്രത്തില്‍ ഇത്ര ഭീകരന്മാരായ, മനുഷ്യന്‌ പുല്ലിന്റെ വിലപോലും കല്പിക്കാത്ത ഹിന്ദുമതമെന്ന ജന്തുക്കളാണ്‌, ഇപ്പോള്‍ ന്യായവുമായിറങ്ങിയിരിക്കുന്നത്. യുദ്ധപ്പുകയും ആര്‍ത്തനാദങ്ങളുമില്ലാത്ത ഒരു മനുഷ്യാവസ്ഥയെ സ്വപ്നം കണ്ട ബുദ്ധ-ജൈന മതങ്ങളെ കുടില തന്ത്രത്തിലൂടെ പിഴുതെടുത്തുകളഞ്ഞ ഭീകരന്മാരെല്ലാം. ബ്ലോഗിന്റെ ഇത്തിരി വെളിച്ചത്തില്‍ സ്വാത്വികാഭിനയം കാഴച്ചവെക്കുമ്പോള്‍  കൈയ്യടിച്ച് ‘ഹാ ഹാ....... ഗംഭീരം’എന്നു പറയാന്‍  എന്തോ മനസ്സനുവദിക്കുന്നില്ല.

2010, ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയം

കേരളത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധത ഇന്നു യഥാര്‍ഥത്തില്‍ ഒരുതരം ഹിസ്റീരിയയായി പരിണമിച്ചിരിക്കുന്നു. ഈ കോലാഹലം ദലിത്-ഒ.ബി.സി (ഈഴവസമുദായങ്ങള്‍) സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച തകര്‍ക്കുക ലക്ഷ്യംവച്ചുകൊണ്ടുള്ള നീക്കമാണ്. മുസ്ലിം വിരുദ്ധതയുടെ പുകമറ സൃഷ്ടിച്ച് ദലിത്-ഒ.ബി.സി ജനവിഭാഗങ്ങളെ സവര്‍ണരുടെ ചട്ടുകങ്ങളാക്കി മാറ്റുക എന്നതാണ് സവര്‍ണ രാഷ്ട്രീയനേതൃത്വത്തിന്റെ തന്ത്രം. ഇതിനു നായര്‍-സവര്‍ണ നസ്രാണി നിയന്ത്രണത്തിലുള്ള ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കുന്നു. ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളും ഇതില്‍ പങ്കാളികളാണ്. സവര്‍ണ നിയന്ത്രിത മാധ്യമ ഭീകരത ഇവര്‍ക്കു കൂട്ടായിട്ടുണ്ട്. ഇതില്‍ അച്ചടിമാധ്യമങ്ങളും ചാനലുകളുമുണ്ട്. ചില നാമമാത്ര ഒ.ബി.സി മാധ്യമങ്ങളെ ഇക്കൂട്ടര്‍ വിലയ്ക്കെടുത്തിട്ടുമുണ്ട്. തകര്‍ന്നു കൊണ്ടിരിക്കുന്നവരെ ചുളുവിലയ്ക്കു തരപ്പെടുത്താവുന്നതാണല്ലോ. 'വെര്‍ബല്‍ ഡയേറിയ' ബാധിച്ച ചാനല്‍വായാടികള്‍ അന്തരീക്ഷത്തെ മുച്ചൂടും ദുഷിപ്പിക്കുന്നു. കലികാലവൈഭവം! മറ്റെന്തു പറയാന്‍?
മുസ്ലിംകള്‍ പ്രതിസ്ഥാനത്തു വരുന്ന അവസരത്തില്‍ ഇവര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയ സംഭവം തികച്ചും നീചവും നികൃഷ്ടവുമാണ്. അത് അപലപിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ഇതിനു സമാനമായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ പലപ്പോഴും നടന്നിട്ടുണ്ട്. ആ സമയത്തു മുസ്ലിം ഇതരര്‍, വിശിഷ്യാ സവര്‍ണരും അവരുടെ പിണിയാളുകളും, പ്രതിസ്ഥാനത്തു വരുമ്പോള്‍ ഭരണകൂടവും മാധ്യമങ്ങളും മട്ടു മാറ്റുന്നു. അപ്പോള്‍ അവര്‍ തികച്ചും ഉദാസീനരാണ്. ദലിത്-ഒ.ബി.സികള്‍ പ്രതിസ്ഥാനത്തു വരുമ്പോള്‍ പക്ഷേ, മുസ്ലിം അവസ്ഥതന്നെയാണ് അവരും നേരിടുക.
ഇതു കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഈ അവസ്ഥ ദര്‍ശിക്കുന്നുണ്ട്. കേരളത്തില്‍ സാമാന്യം ഊര്‍ജസ്വലമായ മുസ്ലിം പ്രസ്ഥാനം ഉള്ളതുകൊണ്ട് നേരിയ പ്രതിരോധം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ യാതൊരു പ്രതിരോധവുമില്ല.
19, 20 നൂറ്റാണ്ടുകളിലെ ഐതിഹാസികമായ മലബാര്‍ കാര്‍ഷികകലാപങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിലെ മുസ്ലിം പ്രസ്ഥാനങ്ങള്‍. 1599ലെ ഉദയംപേരൂര്‍ സുഹനദോസ്, ശ്രീനാരായണ-മഹാത്മാ അയ്യങ്കാളി-പണ്ഡിറ്റ് കറുപ്പന്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, വൈകുണ്ഠസ്വാമികള്‍, വക്കീല്‍ പി കുമാരന്‍ എഴുത്തച്ഛന്‍ എന്നിവര്‍ നട്ടുനനച്ചു വളര്‍ത്തിയെടുത്തതാണ് ദലിത്-ഒ.ബി.സി രാഷ്ട്രീയപ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹിക വിപ്ളവപ്രസ്ഥാനങ്ങളും. ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളാണ് ഇവര്‍. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സവര്‍ണര്‍ക്കു കാര്യമായ പങ്കില്ല. അവരുടെ അല്ലറചില്ലറ സംഭാവനകളെ അവഗണിക്കുന്നുമില്ല. നമ്പൂതിരി-അമ്പലവാസി, നായര്‍-നസ്രാണി നേതൃത്വമാണ് സ്വാമി വിവേകാനന്ദന്‍ വിവരിച്ചതുപോലെ കേരളത്തെ ഭ്രാന്താലയമാക്കിയത്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് ഇപ്പോള്‍ മുസ്ലിം വേട്ടയിലൂടെ സവര്‍ണ പ്രമാണിമാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ പ്രബുദ്ധകേരളത്തിന് ഉത്തരവാദിത്തമുണ്ട്. ശ്രീനാരായണ-അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ പ്രസ്ഥാനങ്ങളെ ഇടതുപക്ഷ സവര്‍ണര്‍ 'ഹൈജാക്ക്' ചെയ്തതുകൊണ്ടാണ് ഈ സ്ഥിതിവിശേഷമുണ്ടായത്. കേരളത്തെ ഇക്കൂട്ടര്‍ ധൈഷണിക മരുഭൂമിയാക്കി. വെറുതെയാണോ കേരളത്തില്‍ പുല്ലുമുളയ്ക്കാത്തത്! കേരളത്തില്‍ കൃഷിയില്ല; വ്യവസായമില്ല; ശാസ്ത്രസാങ്കേതിക വിദ്യയുടെ വികസനമില്ല. ബ്രാഹ്മണ മതമൂല്യങ്ങളുടെ മേധാവിത്വം എല്ലാറ്റിന്റെയും കഴുത്തറുത്തുകളഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ (എസ്.എന്‍.ഡി.പി യോഗം) ചെയര്‍മാനും ഡോ. ഫസല്‍ ഗഫൂര്‍ ജനറല്‍ സെക്രട്ടറിയുമായ, 56 സമുദായങ്ങളുടെ പ്രാതിനിധ്യമുള്ള സംവരണ സമുദായ മുന്നണി ഉണര്‍ന്നുപ്രവര്‍ത്തിച്ച് ഈ സ്ഥിതിവിശേഷത്തിനു മാറ്റം വരുത്തണം. അത് അവരുടെ ചരിത്രപരമായ കടമയാണ്. ദലിത്-ഒ.ബി.സി-സ്വത്വരാഷ്ട്രീയം ശക്തിപ്പെടുത്തുക എന്നതു മാത്രമാണ് ഇതിനുള്ള പോംവഴി. ദലിത്-ഒ.ബി.സി-സ്വത്വരാഷ്ട്രീയം ശക്തിപ്പെടുന്നതോടെ ഇന്നു നാം കാണുന്ന ആഭാസങ്ങളും കോപ്രായങ്ങളും തനിയെ നിന്നുകൊള്ളും.
                      (പ്രഫ. ടി.ബി.വിജയകുമാര്‍)

2010, ജൂലൈ 19, തിങ്കളാഴ്‌ച

ഭീകരവാദികളോട് ഇരട്ടത്താപ്പ് !

ത്യധികം ഗൌരവും ദേശീയ പ്രാധാന്യമുള്ള ഒരു സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത 17-07-2010-ശനിയാഴ്ച ദേശീയവും പ്രാദേശീയവുമായ ഒട്ടുമിക്ക പത്രങ്ങളിലും വരികയുണ്ടായി.

ഇതായിരുന്നു വാര്‍ത്ത :-
ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഹിന്ദുതീവ്രവാദികള്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്‌.എസ്‌. ബന്ധമുള്ള ഹിന്ദു ഭീകരസംഘടനകള്‍ ശ്രമിച്ചെന്ന്‌ അന്വേഷണ ഏജന്‍സികള്‍. ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്‌ടര്‍ ആര്‍.പി.സിംഗും മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതി, ദയാനന്ദ്‌ പാണ്ഡെയും തമ്മിലുള്ള ഫോണ്‍ സംഭാഷണം
ചോര്‍ത്തിയതില്‍നിന്നാണ്‌ സി.ബി.ഐക്ക്‌ ഇക്കാര്യം വ്യക്‌തമായത്‌.
2007-ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അന്‍സാരിയെ വധിക്കാനായിരുന്നു ഹിന്ദു തീവ്രവാദികളുടെ പദ്ധതിയെന്നു സി.ബി.ഐ. കരുതുന്നു. അജ്‌മീര്‍ ദര്‍ഗ സ്‌ഫോടനം, മലേഗാവ്‌, ഹൈദരാബാദ്‌ മെക്ക മസ്‌ജിദ്‌ സ്‌ഫോടനം എന്നിവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദു തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്നാണു ഡോ.സിംഗ്‌ ഇതിന്റെ ഭാഗമാണെന്നു കണ്ടെത്തിയതെന്ന്‌ സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ പാണ്ഡെയെ കഴിഞ്ഞവര്‍ഷം അറസ്‌റ്റ് ചെയ്‌തിരുന്നു. ഡോ.സിംഗിനെയും ചോദ്യം ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. നോട്ടപ്പുള്ളിയായതോടെ ഡോ.സിംഗിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ സി.ബി.ഐ. ചോര്‍ത്തിയപ്പോഴാണ്‌ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ശ്രമം നടന്നതായി വ്യക്‌തമായത്‌. അന്‍സാരിയെ അപായപ്പെടുത്താന്‍ 15 ലിറ്റര്‍ പെട്രോളുമായി പോയെങ്കിലും ഒന്നും നടന്നില്ലെന്ന വിവരമാണു ഡോ.സിംഗും പാണ്ഡെയും തമ്മില്‍ 2008-ല്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നു സി.ബി.ഐ. ചോര്‍ത്തിയെടുത്തത്‌. മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതി ലഫ്‌. കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌, പാണ്ഡെ, ഡോ. സിംഗ്‌, കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി. മുന്‍ എം.പി: ബി.എല്‍.ശര്‍മ പ്രേം എന്നിവര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള ഏതു ശ്രമത്തിനും താനുണ്ടെന്നും അതിനായി ചാവേറാകാന്‍ തയാറുള്ള 100 പേരെ വേണമെങ്കിലും ജമ്മുവില്‍നിന്നു സംഘടിപ്പിച്ചു തരാമെന്നും ഡോ.സിംഗ്‌ കൂടിക്കാഴ്‌ചയില്‍ പുരോഹിതിനോടു പറയുന്നതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്‌.
സ്ഫോടനക്കേസുകളില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ആര്‍.എസ്‌.എസ്‌. മുഖംമിനുക്കല്‍ തുടങ്ങി. ഇതിന്റെ ഭാഗമായി തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള, മധ്യപ്രദേശില്‍നിന്നുള്ള ആറു പ്രചാരകരെ അകറ്റിനിര്‍ത്താന്‍ ആര്‍.എസ്‌.എസ്‌. നേതൃത്വം തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വലംകൈയും സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നു സംശയിക്കപ്പെടുന്നയാളുമായ ആര്‍.എസ്‌.എസ്‌. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌ജി എന്ന ഇന്ദ്രേഷ്‌കുമാറിനെ സംരക്ഷിക്കാനും മറ്റു മുതിര്‍ന്ന പ്രവര്‍ത്തകരായ അശോക്‌ വാര്‍ഷ്‌ണേയിക്കും അശോക്‌ ബെരിക്കും നിയമസഹായം നല്‍കാനും ആര്‍.എസ്‌.എസ്‌. തയാറായേക്കുമെന്ന്‌ അറിയുന്നു.

ഹിന്ദു ഭീകരസംഘടനകള്‍ക്കു ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന സ്‌ഫോടനങ്ങള്‍ ഇവയാണ്‌: നന്ദേഡ്‌ (2006), ഡല്‍ഹി ജമാ മസ്‌ജിദ്‌ (2006), മലേഗാവ്‌ (2006), സംഝോത എക്‌സ്പ്രസ്‌ ട്രെയിന്‍ ഹരിയാന (2007), അജ്‌മീര്‍ ദര്‍ഗ (2007), മെക്ക മസ്‌ജിദ്‌ (2007), കാണ്‍പുര്‍ (2008), ഡല്‍ഹി മെഹ്‌റോളി (2008), മലേഗാവ്‌, മൊഡാസ ഗുജറാത്ത്‌ (2008), ഗോവ (2009).
                                                          (മംഗളം 17-07-2010)

മലയാള മനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതേ ഇല്ല. മാതൃഭൂമിയാകട്ടെ ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തതായി വാര്‍ത്തയിട്ടു. അതിനു കാരണം ഹിന്ദുഭീകരവാദികള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ രഹസ്യങ്ങള്‍ പ്രതിയായ ദയാനന്ദ് പാണ്ഡേയുടെ ലാപ്പ്ടോപ്പില്‍ നിന്നും ഒളിക്യാമറാ വെച്ച് പിടിച്ച് ഹെഡ്ലൈന്‍ ടുഡേയുടെ ടി.വി ചാനലില്‍ കാണിച്ചതില്‍ പ്രതിഷേധിച്ചാതാണത്രെ! അല്ലാതെ ഗൂഢാലോചനയെ സംബന്ധിച്ച് യാതൊരു വിശദാംശങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.

ദേശാഭിമാനിയാകട്ടെ ഉപരാഷ്ട്രപതിക്കു നേരെയുള്ള വധശ്രമ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്ത ഇട്ടിട്ടുണ്ട്. അതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആര്‍.എസ്.എസ്സുകാരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പ്രതിഷേധിച്ചാണത്രെ അക്രമണം. ഉപരാഷ്ട്രപതിയുടെ വധശ്രമത്തിന്റെ ഗൂഢാലോചന ചാനലില്‍ കാണിച്ചതിനായിരുന്നു എന്ന വ്യക്തമായ കാര്യം മറച്ചു വെയ്ക്കുന്നു.

എന്നാല്‍ ഹൈന്ദഭീകരതയുടെ നിഗൂഢപദ്ധതിയെ പറ്റിയുള്ള വിശദമായ വാര്‍ത്ത മംഗളം കൂടാതെ മാധ്യമം, തേജസ്, ദീപിക, തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു.
മലയാളികളുടെ  ഹൃദയസ്പന്ദനമായ മനോരമയും ജീവശ്വാസമായ മാതൃഭൂമിയും ഗൂഢാലോചന വാര്‍ത്ത പ്രസിദ്ധീകരിക്കാഞ്ഞതു കൊണ്ടാണോ എന്തോ ബൂലോകത്തെ ജനാധിപത്യവാദികള്‍, മതേതരവാദികള്‍, വിപ്ലവകാരികള്‍, യുക്തിവാദികള്‍, ശാസ്ത്രവാദികള്‍, മനുഷ്യാവകാശ വാദികള്‍ തുടങ്ങിയവരാരും ഹീനമായ ഈ പ്രവര്‍ത്തിയെ സംബന്ധിച്ച് പ്രതികരിച്ചതായി കണ്ടില്ല. എന്നാല്‍ മുസ്ലിംഭീകരതയുടെ മകുടോദാഹരണമായ കൈവെട്ടു കേസില്‍ ആവര്‍ത്തിച്ചു പ്രതികരിച്ചു കൊണ്ടിരിക്കുന്നുണ്ട് പലരും. ഉപരാഷ്ട്രപതിയുടെ വധശ്രമം കൂടാതെ സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളിലും വിവിധ സ്ഫോടനങ്ങളിലും ഉള്ള പങ്കും, അത് മുസ്ലിംഭീകരതയുടെ തലയില്‍ കെട്ടിവെച്ചിരുന്ന കാര്യവും പുറത്തുകൊണ്ടു വന്നിട്ടും ആര്‍ക്കും പ്രതികരണമൊന്നുമില്ല. മുഖ്യധാരാ മാധ്യമങ്ങളും നമ്മുടെ പൊതുബോധവും എത്രമാത്രം സവര്‍ണവത്ക്കരിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ ?


ഇനി കാര്യങ്ങള്‍ ഒന്നു തിരിച്ചിട്ടു ചിന്തിക്കുക. ഉപരാഷ്ട്രപതി ഒരു ഹിന്ദുവും (കൃസ്ത്യാനിയായാലും മതി) വധിക്കാന്‍ പദ്ധതിയിട്ടത് ഇസ്ലാമിക ഭീകരവാദികളുമായിരുന്നെങ്കില്‍ മാധ്യമങ്ങളിലും ബൂലോകത്തും എന്തായിരുന്നേനേ കോലാഹലം!! എത്രകാലമായിരുന്നേനേ കോലാഹലം !!!!......അതെ ഭീകരവാദം ആരു ചെയ്താലും അത് മുസ്ലിമിനല്ലാതെ മറ്റാര്‍ക്കു കൊടുക്കാന്‍ കഴിയും നമുക്ക് ?!

2010, ഏപ്രിൽ 14, ബുധനാഴ്‌ച

അംബേദ്കർ ജന്മദിന ചിന്തകൾ.


 ഭാരതത്തിലെ അധഃസ്ഥിത ജനതയുടെ വിമോചകനായ ഡോ.ബി.ആർ.അംബേദ്ക്കറുടെ 119-)0 ജന്മദിനമാണിന്ന്.


അടിമകളുടെ വിമോചകനായ ഏബ്രഹാം ലിങ്കണും, കറുത്ത വഗ്ഗക്കാരുടെ വിമോചകനായ മാട്ടിൻ ലൂഥർ കിംഗിനുമൊപ്പം ലോകചരിത്രത്തി സ്ഥാനം ലഭിക്കേണ്ടുന്ന മഹാനായ നേതാവാണ് ഭാരതത്തിലെ അധ്:സ്ഥിത ജനതയുടെ വിമോചകനായ ഡോ.ബി.ആ.അംബേദ്ക്ക. (വി.ആ.ജോഷി.)
          സവർണ്ണ മേധാവിത്വം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയുടെ ഫലമായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ആട്ടിയകറ്റപ്പെട്ട ഭൂരിപക്ഷം വരുന്ന ഭാരതജനതയെ ഭരണഘടനാപരമായ വ്യവസ്ഥകളിലൂടെ വിമോചിപ്പിക്കുവാൻ ശ്രമിച്ച ഡോ.ബി.ആർ.അംബേദ്ക്കറുടെ ജന്മദിനമാണ് ഏപ്രിൽ-14. ഭരണഘടനാശില്പിയെന്ന് അംഗീകരിക്കുകയും, ഭാരതരത്നം ബഹുമതി നൽകി ആദരിക്കുകയും ചെയ്ത ഈ മഹാന്, അർഹിക്കുന്ന അംഗീകാരവും ആദരവും നൽകാൻ പൊതു സമൂഹം ഇന്നും മടിച്ചു നില്കുന്നു.
     ഫലപ്രദമായ ആഘോഷങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുമ്പോൾ  അംബേദ്ക്കർ ഉയർത്തിയ ആശയങ്ങളും ആഗ്രഹിച്ച പ്രവർത്തനങ്ങളും വ്യാപകമായ തോതിൽ ജനങ്ങളിലെത്താൻ ഇടയാകും. ഭൂരിപക്ഷം വരുന്ന ഈ ജനത ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഏറെ അകലെയാണ്. അധികാരവും സമ്പത്തും സൌകര്യങ്ങളും ഇപ്പോഴും ഒരു ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. ഈ വസ്തുത വ്യാപകമായ തോതിൽ തിരിച്ചറിയാൻ ഇടയാ‍യാൽ അവ കൈവശം വെച്ചനുഭവിക്കുന്ന അധികാരിവർഗം അവ പങ്കുവെക്കാൻ നിർബന്ധിതരാവും. അവർ ഒരിക്കലും അതിനു തയ്യാറാവുകയില്ല. അതുകൊണ്ടാണ് ആഘോഷങ്ങൾ പരിമിതപ്പെടുത്തുന്നത്.
      ഇത്തരമൊരു സാഹചര്യത്തെകുറിച്ച് അംബേദ്ക്കർബോധവാനായിരുന്നു. അതുകൊണ്ടുതന്നെയാണ് ഭരണഘടനയിൽ രാഷ്ട്രീയനീതിയും സാമൂഹ്യനീതിയും സാമ്പത്തികനീതിയും മൌലീകാവകാശമായി ഉൾപ്പെടുത്തിയതും ഇവ ലഭ്യമാകുന്നതിന് പദവികളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുന്നതും ഭരണഘടനാ ബാധ്യതയായി രേഖപ്പെടുത്തിയതും. ഇത്തരം വ്യവസ്ഥകൾ എഴുതിചേർക്കുന്നതിന് അംബേദ്ക്കർക്ക് അതിശക്തമായ വെല്ലുവിളികൾ നേരിടേണ്ടിവന്നു. കാര്യകാരണസഹിതം ഭരണഘടനാ നിർമ്മാണ സഭയിൽ വസ്തുതകൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്. ഈ വ്യവസ്ഥകൾ നടപ്പാക്കുന്നതിനെ കുറിച്ച് അന്നുതന്നെ ആശങ്കകളുണ്ടായിരുന്നു.
           സ്വാർത്ഥമതികളും നിക്ഷിപ്ത താല്പര്യക്കാരും ഭരണഘടന കൈകാര്യം ചെയ്തപ്പോൾ അംബേദ്ക്കർ ലക്ഷ്യമിട്ട ഭരണഘടനാ പരിരക്ഷകൾ അർഹതപ്പെട്ട ജനതയ്ക്ക് ലഭ്യമാകാതെപോയി. അവകാശങ്ങളെകുറിച്ച് അറിവില്ലായ്മയും അത് നേടിയെടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ അഭാവവുമാണ് ഈ ദുരവസ്ഥക്കുള്ള പ്രധാന കാരണം. അവകാശങ്ങളെകുറിച്ച് ബോധമില്ലാത്ത ജനത ഔദാര്യങ്ങൾക്കായി യാചിക്കുന്ന അവസ്ഥയിലുമായി. സാമൂഹ്യനീതി നിഷേധത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥർത്ഥ്യങ്ങൾ ചർച്ചചെയ്യപ്പെടാൻ അംബേദ്ക്കറുടെ ജന്മദിനത്തിൽ നമുക്കു കഴിയണം.                                                     

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

ക്ഷേത്രപ്രവേശന വിളംബരം.

(ദളിത് ബന്ധു, പച്ചകുതിരയിൽ എഴുതിയ കുറിപ്പ് ഇവിടെ പോസ്റ്റു ചെയ്യുന്നത്, ദേവസ്വം ബില്ലിന്റെ ചർച്ചയിൽ പ്രസ്ക്തമായതിനാലാണ്.)

 ക്ഷേത്രപ്രവേശന വിളംബരം നടത്തുവാൻ ആ രാജാവിന് എവിടുന്ന് അധികാരം കിട്ടി ? അദ്ദേഹം ഒരു ബ്രാഹ്മണനോ ഹൈന്ദവമതാചാര്യനോ ഒരു പൂജാരിപോലുമായിരുന്നില്ല. വെറും ഒരു നായർ മാത്രം. അങ്ങനെയുള്ളവർക്കുപോലും നിലവിലിരിക്കുന്ന ഹിന്ദുമതാചാരങ്ങളെ പരിഷ്കരിക്കുവാനോ, മാറ്റം വരുത്തുവാനോ ഉള്ള അധികാരം ഒരിടത്തും പറഞ്ഞിട്ടില്ല. രാജഭരണം ഏറ്റെടുക്കുന്നതിനു തൊട്ടുമുമ്പ് ‘ഹിരണ്യഗർഭയജ്ഞം’വഴി ക്ഷത്രിയനാക്കപ്പെട്ടവനാണ്, ഈ രാജാവ്. ഹിന്ദുമതാചാരങ്ങളിൽ എന്തെങ്കിലും മാറ്റമോ, പരിഷ്കാരമോ വരുത്തുവാൻ ‘മനുസ്മൃതി’യോ, വേദങ്ങളൊ, ഭഗവത് ഗീതയോ, ഏതെങ്കിലും ഹിന്ദുമത പ്രമാണ ഗ്രന്ഥങ്ങളോ അങ്ങനെയൊരധികാരം ഒരു രാജാവിനും നൽകുന്നില്ല. രാജാവിന്റെ ചുമതല ബ്രാഹ്മണരേയും പശുക്കളേയും സംരക്ഷിക്കുക മാത്രമാണ്.
     ‘സ്വസ്തി പ്രജാദ, പരിപാലയന്തം
      ന്യായേണ മാർഗ്ഗേണ മഹിമഹിശാ:
      ഗോബ്രാഹ്മണേദു ശുഭമസ്തു നിത്യം
      ലോകാ സമസ്താ സുഖിനോ ഭവന്തു.
      ഒം ശാന്തി,ശാന്തി,ശാന്തി.  എന്നാണല്ലോ പ്രമാണം. നൂറ്റാണ്ടുകളല്ല, സഹസ്രാബ്ദങ്ങളായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലാതിരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുവാൻ ഒരു രാജാവിന് എന്തവകാശം? ക്ഷേത്രം രാജാവിന്റെ വകയാണങ്കിൽ പോലും അതിൽ പ്രതിഷ്ഠ നടത്തിയത് രാജാവല്ല. അതിനായ് പ്രത്യേകം നിയുക്തനായ വ്യക്തിയാണ്. രാജാവിനതിനുള്ള അധികാരമില്ല. പുനഃപ്രതിഷ്ഠ നടത്തുന്നതിനോ, മറ്റെന്തെങ്കിലും കർമ്മം നടത്തുന്നതിനോ പ്രത്യേക യോഗ്യതയുള്ള ആൾവേണം. ക്ഷേത്രപ്രവേശനം നിരോധിക്കപ്പെട്ടിരുന്നവർ ഹിന്ദുക്കളായിരുന്നുവോ..?ഹിന്ദു എന്നതിന്റെ പ്രധാന ലക്ഷണം തന്നെ ക്ഷേത്രാരാധനയാണല്ലോ. ഹിന്ദു എം.എൽ.എ മാരുടെ പ്രതിനിധിയെ ദേവസ്വംബോർഡിലേക്ക് തെരഞ്ഞെടുക്കുന്നപ്രശ്നം വന്നപ്പോൾ, ക്ഷേത്രാരാധന നടത്തുന്നവർ മാത്രമാണ് ഹിന്ദുക്കൾ എന്ന് ഹൈകോടതിയിൽ  സ്ത്യവാങ്മൂലം കൊടുത്തതല്ലേ.
       1936 നവംബർ 11-)0 തീയതിവരെ ഹിന്ദുക്കളല്ലാതിരുന്ന  അയിത്തജാതിക്കാരെ ഒരു വിളംബരംകൊണ്ട് ഹിന്ദുക്കളാക്കാനുള്ള അധികാരം ചിത്തിരതിരുന്നാളിന് എവിടുന്നുകിട്ടി? രാജാവിനുള്ളത് രാഷ്ട്രീയാധികാരം മാത്രമാണ്. മതാധികാരം അതിനുപുറത്തും മുകളിലുമാണ്. ഒരാൾ ഹിന്ദുവാകുന്നത് ജനനാൽ മാത്രമാണ്. ഹിന്ദുമാതാവിൽ നിന്നും ജനിക്കാത്ത ആരും ഹിന്ദുവാകയില്ല. കേന്ദ്രമന്ത്രി വയലാർ രവിയുടെ ഭാര്യയേയും മകനേയും ഗുരുവായൂർ ക്ഷേത്രത്തിൽ കയറുന്നത് നിരോധിച്ചത് അതുകൊണ്ടാണല്ലോ. അതിക്രമിച്ചുകയറിയപ്പോൾ പുണ്യാഹം ചെയ്തു ക്ഷേത്രം ശുദ്ധീകരിക്കേണ്ടിവന്നതും തന്മൂലമല്ലേ? മേഴ്സി രവി ഈഴവസ്ത്രീയായെങ്കിലും ഹിന്ദുവായില്ല. എന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. സമൂഹം അതംഗീകരിക്കുകയും ചെയ്യുന്നു. ഭരണഘടനാ വിരുദ്ധമെന്നു പറയാവുന്ന ആ പ്രവർത്തിയെ ചോദ്യം ചെയ്തുകൊണ്ട് ആരും കോടതിയെ സമീപിച്ചില്ല. ക്ഷേത്രഭാരവാഹികൾ ആവർത്തിച്ചിട്ടുപൊലും ഒരു പ്രതിക്ഷേധവുമുണ്ടായില്ല. ക്ഷേത്രപ്രവേശനം കഴിഞ്ഞ് ഏഴുപതിറ്റാണ്ടുകൾ ക്കുശേഷമാണ് അത് സംഭവിച്ചത്.
   പിന്നെ എങ്ങ്നെ വെള്ളാപ്പള്ളി നടേശൻ ഹിന്ദുവാകും? അദ്ദേഹത്തിന്റെ മുത്തശ്ശി ക്ഷേത്രത്തിൽ പ്രവേശിക്കാൻ അർഹതയില്ലാത്ത സ്ത്രീയായിരുന്നു. അതിനാൽ ഹിന്ദുവായിരുന്നില്ല. ചിത്തിരതിരുന്നാൾ ആസ്ത്രീയെ ഹിന്ദുവാക്കുകയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തത് ഹിന്ദു നിയമപ്രകാരം സാധുവല്ല. സാധുവാകുമെങ്കിൽ മെഴ്സിരവിയുടെ മകൻ കൊച്ചിന്റെ ചോറൂണിനു പ്രവേശിച്ചത് സാധുവാകണമല്ലൊ. പക്ഷേ ക്ഷേത്രഭാരവാഹികൾ അതംഗീകരിച്ചില്ല. ക്ഷേത്രം ശുദ്ധികലശം നടത്തി പവിത്രമാക്കി. അവർ ബ്രാഹ്മണരാണ്. ചിത്തിരതിരുനാളിനെ പോലെ നായരല്ല. ക്ഷേത്രകാര്യങ്ങളിൽ അവസാനവാക്കുപറയാൻ അർഹതയുള്ളവരാണ്.
    അതിനാൽ തിരുവിതാംകൂർ രാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം അനഃധികൃതവും അസംബന്ധവുമാണ്. മനുസ്മൃതിപ്രകാരം ആ രാജാവ് കഠിനശിക്ഷ അർഹിക്കുന്നു. എന്ന് അന്നുതന്നെ പുത്തേഴത്ത് രാമൻ മേനോൻ പ്രഖ്യാപിച്ചു.
       ക്ഷേത്രത്തിൽ കയറി ആരാധിച്ചാൽ ഒരു ചണ്ഡാലന് മോക്ഷം ലഭിക്കുമോ? അങ്ങനെ ഏതുഗ്രന്ഥത്തിലാണുള്ളത്? അതിന് പിന്നേയുമനേകം ജ്ന്മങ്ങൾ കഴിയണം. ഏതു രാജാവിന്റെ പ്രേരണമൂലമായാലും ചണ്ഡാലൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അധർമ്മമാണ്. അധർമ്മം ചെയ്തവൻ ശിക്ഷാർഹനാണ്. അന്നും അതിനെ തുടർന്നും ക്ഷേത്രത്തിൽ കയറിയ ചണ്ഡാലരെല്ലാം അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കണം. അങ്ങനെയായിരിക്കാം തിരുവിതാംകൂറിൽ തെരുവുപട്ടികളുടെ എണ്ണം വർദ്ധിച്ചത്.
    അയിത്തജാതികളുടെ ക്ഷേത്രപ്രവേശനം ആചാരവിരുദ്ധമാണ്. തിരുവിതാംകൂർ രാജാവും ദിവാനും ചേർന്ന് കുരങ്ങു കളിപ്പിക്കുകയുമായിരുന്നു. ആ ഹീനകർമ്മം ചെയ്തതിന്റെ ഫലമായി രാജാവിന്റെ രാജസ്ഥാനം നഷ്ഠപ്പെട്ടു.ദിവാനു മൂക്കിനു വെട്ടേറ്റു. ഒരുവ്യാഴവട്ടകാലം തികച്ച് രാജാവായി തുടരാൻ കഴിഞ്ഞില്ല, അടുത്ത ജ്ന്മത്തിൽ മാത്രമല്ല, ഈ ജ്ന്മത്തിൽക്കൂടി അതിനുള്ള ശിക്ഷ ലഭിച്ചു. രാജാവായി ജനിച്ചയാൾ വെറും പ്രജയായി മരിക്കേണ്ടിവന്നു. എന്നിട്ടും ഇന്നും ആ രാജാവു ചെയ്ത ഹീനകർമ്മം. എന്തോ വലിയ മഹൽ കൃത്യമായികൊണ്ടാടുകയാണ്, ഇവിടുത്തെ സർക്കാരും ഒരുവിഭാഗം ജനങ്ങളും ആണ്ടുതോറും ചെയ്യുന്നത്.

2010, മാർച്ച് 17, ബുധനാഴ്‌ച

ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.

 ചിത്രലേഖയെന്ന ദളിതുയുവതി പയ്യന്നൂരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജാതിപരവും തൊഴില്‍പരവുമായ അയിത്തവും പീഢനങ്ങളും ‘സി.പി.എമ്മിന്റെ ദളിതുപീഢനം’എന്ന എന്റെ പോസ്റ്റിലും കൂടാതെ ‘സത്യാന്വേഷി’, ‘ചിത്രകാരന്‍ ’എന്നിവരുടെ പോസ്റ്റുകളിലും വന്നിരുന്നു.


                                         (ചിത്രലേഖ )
                                ( ഭര്‍ത്താവ് ശ്രീഷ്കാന്ത് )
2010 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പയ്യന്നൂര്‍ ടൌണിലുള്ള കാവേരി ആഡിറ്റോറിയത്തില്‍ വെച്ച്, തനിക്കെതിരെ അക്രമത്തിനിറങ്ങിയ  രാഷ്ട്രീയ-തൊഴില്‍ പ്രസ്ഥാനങ്ങളോട്, പണിയെടുത്തു നിര്‍ഭയമായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടുന്ന, ദരിദ്രയും ദലിതയുമായ ചിത്രലേഖയുടെ ധീരതയ്ക്ക് പിന്തുണ കൊടുക്കുവാനും തുടര്‍ന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതുവരെ അവര്‍ക്കും കുടുംബത്തിനും സഹായം എത്തിക്കാനുമായിരുന്നു കണ്‍വെന്‍ഷന്‍.


                                  ( എ.വാസു -അദ്ധ്യക്ഷപ്രസംഗം)


                                  (ചന്ദ്രബാന്‍ പ്രസാദ് ഉത്ഘാടന പ്രസംഗം )


    (എസ്.സിതാര,കെ.അജിത, എ.വാസു, സിവിക് ചന്ദ്രന്‍, രേഖാരാജ് )
ഈ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത് പ്രത്യേകിച്ച് ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നില്ല. വിവിധ ദേശങ്ങളില്‍ നിന്നുമുള്ള നാല്പതോളം വരുന്ന വനിതകളാണ് ഇതിന്റെ സംഘാടകര്‍. ശ്രീ ഗ്രോ വാസുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂ‍പീകരിച്ചാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.  സി.പി. എം പോലുള്ള വലിയ പ്രസ്ഥാനങ്ങളോട് ഏറ്റുമുട്ടുന്നതില്‍ ഭയമുള്ളതുകൊണ്ട് ഈ വനിതകള്‍ക്ക് ആവശ്യമായ പിന്തുണ അണിയറയില്‍ നിന്നും കൊടുക്കുവാന്‍ ചില രാഷ്ട്രീയേതര പ്രസ്ഥാനങ്ങളുണ്ടായിരുന്നു. ലേഖാരാജ്, രേഷ്മ ഭരദ്വാജ്, ജസീല.സി.വി, ബോബി തുടങ്ങിയ യുവതികളാണ്  ഊര്‍ജ്ജസ്വലതയോടെ  പ്രവര്‍ത്തിച്ചത്.


                                                ( ബോബിയും രേഖാരാജും )


                                                      (ചിത്രലേഖയും മകളും)
കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം മാര്‍ച്ച് 9, 10 എന്നി രണ്ടു ദിവസങ്ങളിലായി പയ്യന്നൂര്‍ പ്രദേശങ്ങളിലാകെ ലേഖാരാജിന്റെ  നേതൃത്വത്തില്‍ വനിതകളുടെ ഒരു വാഹന പ്രചരണജാഥ നടത്തിയിരുന്നു. ജാഥയുടെ അവസാനം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ശ്രീമതി.കെ. അജിത മറ്റും സംസാരിച്ചു. വാഹന പ്രചരണത്തിനിടയില്‍ വനിതാപ്രവര്‍ത്തകരുടെ നേരെയും ഓട്ടോ തൊഴിലാളികളും ജനങ്ങളും തട്ടിക്കയറുകയും അവരുടെ നാടിനെ ജാതിസ്പര്‍ദ്ധയുടെ കേന്ദ്രമായി പ്രചരിപ്പിക്കുന്നതില്‍ ക്ഷുഭിതരാകുകയും ചെയ്തു. ഒന്ന് രണ്ടു സ്ഥലത്തുവെച്ച് ഭീഷണിപ്പെടുത്തുകയും മുഖത്ത് നേരിയതോതില്‍ തട്ടുകയും ചെയ്തു. പ്രചരണം അവസാനിപ്പിച്ച് പിന്മാറിയില്ലെങ്കില്‍ പെണ്ണുങ്ങളെ കൊണ്ടു തന്നെ തല്ലിക്കുമെന്നും ഭീഷണിപ്പെടുത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. സി.ഐ.റ്റി.യു വിന്റെ നേതൃത്വത്തില്‍ ചിത്രലേഖ, അവരുടെ അമ്മ, അമ്മൂമ്മ എന്നിവര്‍ വേശ്യകളാണെന്ന് പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ പല കാലത്തായി പല പ്രാവശ്യം പയ്യന്നൂരിലും എടാട്ടും ഒട്ടിച്ചിരുന്നു. മറ്റു ചിലരുടെ പരാതി ചിത്രലേഖ ഉറക്കെ സംസാരിക്കുന്നവളാണെന്നും സന്ധ്യയാകുന്നതുവരെ വണ്ടിയോടിക്കുന്നു എന്നുമായിരുന്നു. അതിലുള്ള അമര്‍ഷവും ചില ഓട്ടോ തൊഴിലാളികള്‍ വെളിപ്പെടുത്തി.


                                                       ( കെ.അജിത )
                                                         ( സിവിക് ചന്ദ്രന്‍ )
                                                                (എസ്.സിതാര )
                                                         ( കെ.എം.സലിംകുമാര്‍ )


                                                                ( കെ.കെ. കൊച്ച് )


                                                     ( ഡോ.എ.കെ. ജയശ്രീ )


                                                                  ( ദീപാ.വി.എന്‍ )


                                                                 ( കെ.കെ.ബാബുരാജ് )
കണ്‍വെന്‍ഷന്‍ അദ്ധ്യക്ഷ സ്ഥാനം വഹിച്ച് പഴയ നക്സല്‍ബാരി പ്രവര്‍ത്തകനായിരുന്ന ഗ്രോവാസുവായിരുന്നു (എ.വാസു). ദളിത് എഴുത്തുകാരനും ചിന്തകനുമായ ചന്ദ്രഭാന്‍  പ്രസാദ്  ഉത്ഘാടനം ചെയ്തു പ്രസംഗം നടത്തി. ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ നാള്‍വഴികളും ചരിത്രവും അവര്‍ക്കെതിരെയുള്ള അക്രമത്തിന്റെ രാഷ്ട്രീയവും സാംസ്ക്കാരികവും സാമ്പത്തികവും ആത്മീയവുമായ മാനങ്ങളും സ്പര്‍ശിച്ചു കൊണ്ട് വിവിധ തുറയിലുള്ള എഴുത്തുകാരും കവികളും സാമൂഹിക ചിന്തകരും മനുഷാവകാശ പ്രവര്‍ത്തകരും പ്രസംഗിക്കുകയും അവരുടെ തളരാത്ത പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ചിത്രലേഖയുടെ ചെറുത്തുനില്പിന് സര്‍വ്വ പിന്തുണയും കൊടുത്തുകൊണ്ട് തളരാതെ നില്‍ക്കുന്ന ഭര്‍ത്താവ് ശ്രീഷ്ക്കാന്തിനെയും ഏവരും അഭിനന്ദിച്ചു. തുടര്‍സഹായങ്ങള്‍ നിലനിറുത്തുന്നതിന് തദ്ദേശവാസികളടങ്ങിയ 10 പേരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
                                                               ( കണ്ടല്‍ പൊക്കുടന്‍ )


                                                              ( ഇവരെ അറിയില്ല )
സമ്മേളനത്തില്‍ ശ്രീമതി കെ.അജിത, കവിയും ചിന്തകനുമായ സിവിക് ചന്ദ്രന്‍, എഴുത്തുകാരിയായ എസ്. സിതാര, കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗമായ കെ. ഗിരീഷ് കുമാര്‍, ദളിത് പ്രവര്‍ത്തകനായ കെ.കെ.കൊച്ച്, ദളിത് എഴുത്തുകാരനും സാമൂഹിക ചിന്തകനുമായ കെ.എം.സലിംകുമാര്‍, ദലിതുവനിതാ പ്രവര്‍ത്തകയായ കോട്ടയത്തു നിന്നുള്ള റസ്ലി എബ്രഹാം, ആദ്യകാല ദളിത് പ്രവര്‍ത്തകയായ വിനിയമ്മാള്‍, വനിതകളുടെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ. എ.കെ.ജയശ്രീ, ഫെമിനിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ശ്രീമതി വി.എന്‍. ദീപ,ശ്രീ.കെ.കെ. ബാബുരാജ്, സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് ശ്രീ സാദിക്.പി.കെ, ‘മഹിളാ സമക്യ സൊസൈറ്റി’യുടെയും ‘പഞ്ചമി’ എന്ന ദളിതുവനിതാ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകയായ ശ്രീമതി ബോബി തുടങ്ങിയവര്‍ വിശദമായി സംസാരിച്ചു. പ്രശസ്ത് ചിന്തകനും എഴുത്തുകാരനുമായ
സമ്മേളനത്തില്‍ പങ്കെടുക്കാനിരുന്ന ശ്രീ കെ.വേണുവിന്റെ ഭാര്യയ്ക്ക് ചെറിയ ഒരു വാഹനാപകടം സംഭവിച്ചതിനാല്‍ സ്ഥലത്ത് എത്താന്‍ കഴിയാതിരുന്ന അദ്ദേഹം ഫോണ്‍ വഴി നല്‍കിയ സന്ദേശം ശ്രീ ദിലീപ് രാജ് വായിച്ചു. 
വൈകുന്നേരം 07.30 കൂടിയാണ് സമ്മേളനം അവസാനിച്ചത്. അതിനുശേഷം തുടര്‍സഹായ നടപടിക്കായുള്ള കമ്മിറ്റി രൂപീകരണവും അതിന്റെ മീറ്റിംഗും നടന്നു.
ചില വസ്തുതകള്‍
1) ചിത്രലേഖ വേശ്യയെങ്കില്‍ അവര്‍ക്ക് ഈ മര്‍ദ്ദനങ്ങളും എതിര്‍പ്പും നേരിട്ടു കൊണ്ട് ഓട്ടൊ ഓടിക്കേണ്ട കാര്യമെന്ത് ? നല്ല വരുമാനം നേടികൊണ്ട് ഒരു ലൈംഗിക തൊഴിലാളിയായി ജീവിച്ചു കൂടെ. പോരെങ്കില്‍ അങ്ങനെയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും പ്രസ്ഥാനങ്ങളുള്ള ഒരു നാട്ടില്‍ ! മറിച്ച് വഴിപിഴച്ചു പോയവരെ നേരെയാക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെങ്കില്‍ ഓട്ടോയോടിക്കുകയെന്ന മാന്യമായ തൊഴില്‍ ചെയ്യാന്‍ അനുവദിച്ചു കൊണ്ട് ഒരു റിഹാബിലിറ്റേഷന്‍ പദ്ധതിയുടെ ഭാഗമായെങ്കിലും അവരെ ജീവിക്കാന്‍ അനുവദിക്കുകയല്ലേ ചെയ്യേണ്ടത്. എന്തു ചെയ്യാം കള്ളവും ലോജിക്കും ഒരുമിച്ചു കൊണ്ടു പോകാന്‍ അല്പം ബുദ്ധിയെങ്കിലും വേണ്ടെ ! മസില്‍ മാത്രം പോരല്ലോ !
2) ഇപ്പോള്‍ ചിത്രലേഖയെ ജോലി ചെയ്യാന്‍ അനുവദിക്കാം പക്ഷേ ഭര്‍ത്താവ് കള്ളു കുടിയനായതിനാല്‍ അയാളെ യാതൊരു കാരണവശാലും ഓട്ടോ ഓടിക്കാന്‍ അനുവദിക്കുകയില്ലത്രേ ! കള്ളുകുടിയന്മാര്‍ വണ്ടിയോടിക്കാന്‍ പാടില്ലെങ്കില്‍ പയ്യന്നൂരിലെന്നല്ല കേരളത്തില്‍ പോലും ആര്‍ക്കെങ്കിലും വണ്ടിയോടിക്കാന്‍ പറ്റുമോ ! യഥാര്‍ത്ഥത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാ‍ത്ത ആ കുടുംബത്തിനു നേരെ നല്ലവനായ ആ ചെറുപ്പക്കാരനു നേരെ ഒരു മിശ്രവിവാഹത്തിന്റെ പേരിലുള്ള വല്ലാത്ത അസഹിഷ്ണുതയാണ് പയ്യന്നൂരിലെ ‘തീയബ്രാഹ്മണന്മാര്‍’ കാണിക്കുന്നത്.
                      --------------------
ഇന്ത്യന്‍ ദളിതു ഫെഡറേഷന്‍, കേരളാ ദലിത് പാന്തേഴ്സ് , ദളിത് മഹാരാഷ്ട്രാ, സ്ത്രീവേദി, പഞ്ചമി ദളിതു വനിതാ സംഘം, സഹയാത്രിക,ഫെമിനിസ്റ്റ് കേരള, ഐ.എസ്.ഓ തുടങ്ങിയ സംഘടനകള്‍ കണ്‍ വെന്‍ഷനില്‍ പങ്കെടുത്തു.


പ്രസംഗത്തില്‍ നിന്നും ചിലത് :‌-


“തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിക്കുന്നതു പോലെ ചിത്രലേഖ ഒരു ചീത്ത സ്ത്രീയാണെങ്കില്‍  ഞാനും ഒരു ചീത്ത സ്ത്രീയാണെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നു.”      സിതാര.എസ്


പയ്യന്നൂരില്‍ കുറ്റവാളികളില്ല. കുറ്റകൃത്യങ്ങള്‍ മാത്രമെയുള്ളു! കൃമിനലിസം സാമൂഹികവത്ക്കരിക്കപ്പെട്ടിരിക്കയാണ് പയ്യന്നൂരില്‍. പയ്യന്നൂരില്‍ ഒരു പബ്ബ് ഉണ്ടായിരുന്നെങ്കില്‍ അവിടെ പോകുന്ന സ്ത്രീകളെ വെറുതെ വിടില്ല. ശ്രീരാമസേനയെ പോലെ കുറ്റവാളികള്‍ ഇവിടെ സാമൂഹിക പരിഷ്ക്കര്‍ത്താക്കളായി വിലസുന്നു.”                                                                                 കെ.ഗിരീഷ് കുമാര്‍


“പ്രാന്തവത്ക്കരിക്കപ്പെട്ടവരെ അറയ്ക്കപ്പെടേണ്ട അശ്ലീലമായി മുദ്രകുത്തപ്പെടുകയും അവരെ തുടച്ചു നീക്കപ്പെടേണ്ടവരായി കാണുകയും ചെയ്യുന്നു, മുഖ്യധാരാ സമൂഹം. അതിനാല്‍ അവരെ കൊല്ലുന്നവര്‍, ഇല്ലായ്മ ചെയ്യുന്നവര്‍ ഹീറോകളായി മാറുന്നു.”    
                                                                        കെ.കെ.കൊച്ച്ചിത്രലേഖയെ പോലെ ചെറുത്തു നില്പുനടത്തുന്നവരുടെ സഹായത്തിന്  ഭൂരിപക്ഷത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍   ഓടിയെത്തുമെന്ന്  നമുക്ക് എങ്ങനെ ഉറപ്പാക്കാനാകും! സദാചാര സംഹിതകള്‍ പോലീസായി മാറുകയാണിവിടെ”    
                                                                    വി.എന്‍.ദീപ


“സവര്‍ണ്ണ ഫ്യൂഢല്‍ സദാചാര മൂല്യങ്ങള്‍ക്കെതിരെ പോരാടുന്ന ചിത്രലേഖയെ ഊരുവിലക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് അദ്ധ്വാനിക്കുന്ന  തൊഴിലാളിവര്‍ഗ്ഗത്തിന് നാണക്കേടാണ് ”  
                                    
                                      കെ. വേണുവിന്റെ സന്ദേശത്തില്‍ നിന്ന്


“മനുധര്‍മ്മവും മാര്‍ക്കറ്റും തമ്മിലുള്ള വ്യവഹാര മണ്ഡലത്തില്‍ ചിത്രലേഖ അവര്‍ക്ക് മുന്‍പ് അനര്‍ഹമായിരുന്ന ഒരു സ്ഥാനം വാങ്ങിയെടുക്കുകയാണ്. തികച്ചും പുരുഷാധിപത്യമുള്ള, ദലിതേതരമായ ഒരു തൊഴില്‍ മണ്ഡലത്തിലേക്ക് അതിക്രമിച്ചു കടക്കുമ്പോള്‍ അത് ജാത്യാധിഷ്ഠിത അക്രമത്തിന് വഴിവെയ്ക്കുന്നു.”                 
                                                        ചന്ദ്രബാന്‍ പ്രസാദ്


“ചിത്രലേഖയ്ക്കു നേരെയുള്ള അക്രമം കൃത്യമായ ജാതി കുശുമ്പ് മാത്രമാണ് ! ഹീന ജാതിയായി കണക്കാക്കപ്പെട്ടിരുന്നവര്‍ അവര്‍ക്കു മേലെയുള്ളവര്‍ ചെയ്യുന്ന തൊഴിലിലേക്ക് അതിക്രമിച്ചു കടക്കുമ്പോഴുള്ള കുശുമ്പ്  !”          
                                                                 സിവിക് ചന്ദ്രന്‍


“ഇ.എം,എസ്സിനേയും  എ.കെ.ജിയേയും തന്റെ വീട്ടില്‍ ഒളിവിലിരുത്തിയ രാഘവക്കുറുപ്പ് സ്വന്തം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും കീഴാളരെ വെള്ളം കോരിക്കയില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് കാര്‍ക്ക് അന്നേ ഉള്‍ക്കൊള്ളാനാവാത്ത ആദര്‍ശമാണ് ജാതിബോധവും അയിത്തവും തുടച്ചു നീക്കുകയെന്നത്. അവര്‍ അതിന്നും പിന്തുടരുന്നു. മാര്‍ക്സിനേക്കാളേറെ അവര്‍ വായിക്കേണ്ടത് അംബ്ദേക്കറെയാണ്. ഞാനത് താമസ്സിച്ചു മനസ്സിലാക്കിയ ആളാണ്”
                                     
                                                     ഗ്രോ വാസു(മുന്‍ നക്സലൈറ്റ്)                               ( ചിത്രലേഖ വീടിനു മുന്‍പില്‍ - മാതൃഭൂമവാരിക)
(ചിത്രലേഖയ്ക്ക് പിന്തുണയും സഹായവും എത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ മൊബയില്‍ നമ്പര്‍ :- 9526128764)