2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

ഓണം സവര്‍ണവും അവര്‍ണവും

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിനു് ഒരു നൂറുവര്‍ഷത്തെ പഴക്കം പോലുമില്ല. ഹിന്ദുക്കള്‍ എന്നു വിളിക്കപ്പെടുന്ന അവര്‍ണര്‍ വളരെ സമീപകാലത്തു മാത്രമാണ് ഓണം ആഘോഷിക്കാന്‍ തുടങ്ങിയതെന്നും തന്റെ ചെറുപ്പകാലത്ത് ഓണം സവര്‍ണ ഹിന്ദുക്കള്‍ മാത്രമാണു് ആഘോഷിച്ചിരുന്നതെന്നും  ഈ. എം. എസ് പണ്ട് ദൂരദര്‍ശനിലൂടെ വെളിപ്പെടുത്തിയിരുന്നു. 1961-62 കാലത്ത് പട്ടം താണുപിള്ള ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചു. കര്‍ക്കിടകമാസത്തെ പുണ്യമാസമായി പ്രഖ്യാപിച്ചു്, ആ കാലയളവില്‍ കേരളീയരെ മുഴുവന്‍ രാമായണം വായിപ്പിച്ചാല്‍ അതു് ഹൈന്ദവ ഏകീകരണത്തിനു് ഉപകാരപ്പെടുമെന്നു് സംഘപരിവാറികള്‍ മനസ്സിലാക്കി, 1981 - കാലത്ത് വിശാലഹിന്ദു സമ്മേളനത്തില്‍ അത്തരം തീരുമാനം കൈക്കൊണ്ടു നടപ്പാക്കിയതുപോലെയായിരുന്നു പട്ടം താണുപിള്ളയും സര്‍ക്കാരിന്റെ മേല്‍ക്കൈയ്യില്‍ ഓണമെന്ന സവര്‍ണാഘോഷത്തെ മുഴുവന്‍ കേരളീയരുടെയും മേല്‍ കെട്ടിയേല്പിച്ചത്. കേരളീയര്‍ക്കും അല്ലെങ്കില്‍ മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ചരിത്രം രചിക്കുകയോ പഠിക്കുകയോ അതെന്താണെന്നു് അറിയുകയോ ചെയ്യുന്ന പാരമ്പര്യം പൌരാണിക കാലംമുതലെ വശമുള്ള കാര്യമല്ല. പകരം ആരും സൃഷ്ടിച്ചുകൊടുക്കുന്ന ഏതു മിത്തിനെയും ഏത് അത്ഭുതകരമായ വിഡ്ഢിത്തത്തെയും ചരിത്രമായി വിശ്വസിച്ചു ആചരിക്കുന്ന സ്വഭാവം നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു പോയ ജൈവികഗുണമാണു്. സമീപകാലത്ത് ഇവിടെ അവതരിപ്പിച്ച അക്ഷയതൃതീയ പൌരാണിക കാലം മുതല്‍ക്കേ നാം സ്വര്‍ണം വാങ്ങാന്‍ തെരെഞ്ഞെടുത്തിട്ടുള്ള പുണ്യകാലമായി ഭൂരിപക്ഷ മലയാളികളും വിശ്വസിച്ചു പോരുന്നതും ഈ ജനിതകത്തകരാറുകൊണ്ടാണു്.

ഓണം ഒരു പൊതസ്വരൂപത്തോടുകൂടിയ ആഘോഷമേയല്ല. മറിച്ച് അതിനു് ഓരോ സാമൂഹിക വിഭാഗങ്ങളും വ്യത്യസ്ഥമായ ഉള്ളടക്കവും അടിത്തറയുമാണു് കാണുന്നത്. ദേശീയോത്സവമാകുന്നതിനു് മുമ്പ് കേരളത്തിലെ ബ്രാഹ്മണര്‍ മഹാബലിയെ വരവേല്‍ക്കാനുള്ള ആഘോഷമായിട്ടല്ല, മറിച്ച് മഹാബലിയെ ചവിട്ടി പാതളത്തിലാക്കിയ വാമനന്റെ വിജയമായിട്ടാണു് ഓണം ആഘോഷിക്കുന്നത്. ഇന്നും അതങ്ങനെയൊക്കെ തന്നെയാണു്.  കേരളത്തില്‍ ബ്രാഹ്മണരുള്‍പ്പെടുന്ന പാരമ്പര്യ സവര്‍ണ കുടുംബങ്ങളിലെ അറപ്പുരകളിലിരിക്കുന്ന വാമന വിഗ്രഹത്തെ പൂജിച്ച ശേഷമാണു് ഓണപ്പുടവ കൊടുക്കുന്നതും മറ്റ് ആഘോഷപരിപാടികള്‍ തുടങ്ങുന്നതും. കേരളത്തില്‍ പല സ്ഥലങ്ങളിലും വാമനനു് ക്ഷേത്രങ്ങളുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു വാമനനാണു് എറണാകുളത്തെ തൃക്കാക്കരയപ്പന്‍. ഓണപ്പൂക്കളത്തിന്റെ ഒത്ത നടുക്കു് വാമനനിരിക്കുന്നുവെന്നാണു് ആചാരപരമായ സങ്കല്പം. ഓണത്തപ്പനായി കരുതുന്നത് മഹാബലിയെയല്ല, വാമനനെയാണു്. അപ്പോള്‍ സവര്‍ണ ജനവിഭാഗം  അസുര (മദ്യപാനികളല്ലാത്ത/അവര്‍ണ) ചക്രവര്‍ത്തിയായ  മഹാബലിക്കു് മേല്‍ ബ്രാഹ്മണനായ വാമന്‍ നേടിയ വിജയമാഘോഷിക്കുന്നതാണു് ഓണം. പി.കെ. ഗോപാലകൃഷ്ണന്റെ 'കേരളത്തിന്റെ സാംസ്കാരിക ചരിത്രം' എന്ന ഗ്രന്ഥത്തില്‍ (പേജ് 320) അതെക്കുറിച്ച് പറയുന്നു. "സംഘകാലത്തു തന്നെ തമിഴകത്ത് ഓണം ആഘോഷിച്ചിരുന്നതായി മധുരകാഞ്ചിയില്‍ പറയുന്നു. ഏഴു ദിവസത്തേക്കായിരുന്നു അവിടെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനമൂര്‍ത്തിയുടെ സ്മരണയുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു അന്നും ഓണം ആഘോഷിച്ചിരുന്നത്. ഈ ഓണാഘോഷം തന്നെയാണ് വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരണത്തോടുകൂടി കേരളത്തില്‍ സാര്‍വത്രികമായിത്തീര്‍ന്നത്. " അപ്പോള്‍ കഥയറിയാതെയും പരിശോധിക്കാതെയും അവര്‍ണര്‍ ഇത് കൊണ്ടാടുന്നുവെന്നു മാത്രം

ഭരണകൂടത്തിന്റെ സഹായത്തോടെ ഓണം ആഘോഷിക്കപ്പെടുകയും കേരളത്തിലെ കലാസാഹിത്യസാംസ്ക്കാരിക രംഗത്തെ ശൂദ്രപ്രമാണിമാര്‍ സവര്‍ണ നൊസ്റ്റാള്‍ജിയയോടെ സമൂഹത്തിനു് മുമ്പില്‍ വര്‍ഷങ്ങളായി ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉച്ചിഷ്ടങ്ങളും അവരുടെ അമേധ്യങ്ങളുമാണു് ഓണത്തിനു് രൂപവും പൊലിമയും നല്‍കിക്കൊണ്ടിരിക്കുന്നത്. അല്ലാതെ കേരളത്തിലെ പട്ടികജാതിക്കരനോ ആദിവാസിയോ ഓണമാഘോഷിച്ചിരുന്നതിന്റെ ചരിത്രം ഓര്‍ത്തെടുക്കാന്‍ അത്തരത്തിലൊന്നു് അവര്‍ക്കില്ലായിരുന്നുവെന്നതാണു് സത്യം. ഓണത്തിനു് ഒരു നൂറുവര്‍ഷത്തിലേറെ പഴക്കമില്ലെന്നതിനു് മറ്റൊരു യുക്തിയും ഉപോല്‍ബലകമായുണ്ട്. മാറുമറക്കാനും തുണിയുടുക്കാനും അവര്‍ണമലയാളികള്‍ക്കു്  അവസരമുണ്ടായിട്ട് നൂറുകൊല്ലം പോലുമായിട്ടില്ല. അപ്പോള്‍ ആദിവാസിയും ദലിതനും എന്തിനു് പിന്നോക്കക്കാരനും ഏതു കോടിവസ്ത്രമുടുത്താണു്, അവരുടെ പെണ്ണുങ്ങള്‍ ഏത് സെറ്റ് സാരിയുടുത്താണു് ഓണമാഘോഷിച്ചിരുന്നതെന്നതിനു് ഉത്തരം കിട്ടിയാലെ ഓണമെന്നത് പണ്ടുമുതലേ അവര്‍ണരുടെ ആഘോമായിരുന്നുവെന്നു പറയാനാകുകയുള്ളു. കൂടാതെ ചരിത്രത്തില്‍ അവര്‍ എന്നു മുതലാണു് സദ്യ കണികാണാന്‍ തുടങ്ങിയതെന്നും പരിശോധിക്കപ്പെടണം.

1960 കള്‍ക്കു ശേഷമുള്ള വറുതികാലങ്ങളില്‍ ദാരിദ്ര്യം നിമിത്തം അവര്‍ണജനത വയറുനിറച്ചുണ്ണുന്നത് അപൂര്‍വമായിരുന്നു. ദേശീയോത്സവമായ ശേഷം ഓണക്കാലത്ത് ലഭിച്ച സൌജന്യറേഷന്‍ കഴിച്ച്, ഊഞ്ഞാലാടി, പുതുവസ്ത്രം ധരിച്ച്, പൂക്കളമിട്ട് പതുക്കെപ്പതുക്കെ ഓണമെന്ന സവര്‍ണാഘോഷത്തെ നെഞ്ചോടുചേര്‍ക്കാന്‍ തുടങ്ങി. അതിനു് മുമ്പ് സമ്പന്നരായ സവര്‍ണവിഭാഗങ്ങളുടെ മാത്രം ആഘോഷമായിരുന്നു ഓണം. കൈയ്യില്‍ കിട്ടുന്ന ഏതാഘോഷവും അര്‍മാദിച്ചു തീര്‍ക്കുകയെന്നല്ലാതെ, പ്രത്യേകിച്ച് ബിവറേജ് ഔട്ടലെറ്റുകള്‍ വ്യാപകമായിത്തീരി‍ന്നിരിക്കുന്ന വര്‍ത്തമാന കാലത്ത്, അതിന്റെയൊന്നും അന്തസ്സാരം പരിശോധിക്കേണ്ട ബാധ്യത അവര്‍ണ വിഡ്ഢികള്‍ക്കില്ലല്ലോ ! (സ്മാളടിക്കുന്ന കാര്യത്തില്‍ ഇന്നു് സവര്‍ണര്‍ പിറകോട്ടും അസ്തിത്വ ദുഃഖം അനുഭവിക്കുന്ന അവര്‍ണര്‍ മുമ്പോട്ടുമാണു്. ആയതിനാല്‍ വര്‍ത്തമാനകാലത്ത് സുരര്‍ അവര്‍ണരും അസുരര്‍ അഥവാ മദ്യമുപയോഗിക്കാത്തവര്‍ സവര്‍ണരുമാണു്. ചരിത്രത്തിന്റെ മറ്റൊരു ദുര്യോഗം)

പ്രജാക്ഷേമതല്പരനായിരുന്ന അവര്‍ണരുടെ  ചക്രവര്‍ത്തി കൊല ചെയ്യപ്പെട്ടതിന്റയും അദ്ദേഹം നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നതിന്റെയും ഓര്‍മ്മ പുതുക്കലെന്നുള്ള നിലയില്‍  ഓണാഘോഷത്തെ പുതുക്കിപ്പണിത് അവര്‍ണര്‍ ഓണത്തെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഓണാഘോഷം മാറ്റിത്തീര്‍ക്കണമെങ്കില്‍ അവര്‍ണര്‍ ഓണത്തപ്പനായ വാമനനമ്പൂതിരിയെ ഭര്‍ത്സിക്കുകയും വാമനക്ഷേത്രങ്ങളിലെ വാമനവിജയാഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യണം. കൂടാതെ പൂണൂലിട്ട വാമനന്റെ ഒരു കോലമുണ്ടാക്കി അത് വര്‍ണാഭമായി അലങ്കരിച്ച് അതില്‍ ചെരുപ്പുമാല അണിയിക്കുകയും അതിനെ ചാട്ടവാറുകൊണ്ടിക്കുകയും ചെയ്യുന്ന തരത്തില്‍ പുതിയ ഓണക്കളികളുണ്ടാക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ നല്ലവനായിരുന്ന അവര്‍ണരുടെ രാജാവിനു് പ്രാധാന്യം വരികയും അദ്ദേഹത്തെ ഹിംസിച്ച ബ്രാഹ്മണവാമനന്‍ അവഹേളിക്കപ്പെടുകയും ചെയ്യുകയുള്ളു. അങ്ങനെയേ ഒരു മിത്തിനെ അവര്‍ണാനുകൂലമായി മാറ്റിമറിക്കാനാകുകയുള്ളു. കൂടുതല്‍ ഭാവനയുള്ളവര്‍ മെച്ചപ്പെട്ട ഓണക്കളികള്‍ നിര്‍ദേശിക്കട്ടെ. അടുത്ത ഓണാഘോഷം നമുക്കു് ആ രീതിയില്‍ സംഘടിപ്പിക്കണം.

( ശ്രീ. സണ്ണി എം കപിക്കാടിന്റെ ഓണത്തെപ്പറ്റിയുള്ള വീഡിയയില്‍ http://www.youtube.com/watch?v=YEL84Kq9VcA നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണു് ഈ കുറിപ്പ് തയ്യാറാക്കിയത്. അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊള്ളട്ടെ )

2011, മാർച്ച് 22, ചൊവ്വാഴ്ച

രണ്ടു മനുഷ്യര്‍ ജനിച്ചതെങ്ങനെയെന്ന്.

മാധ്യമം ദിനപത്രത്തിന്റെ ഞാറാഴ്ച പതിപ്പില്‍ (2011-മാര്‍ച്ച് 20) രണ്ടു മനുഷ്യരെ പരിചയപ്പെടുത്തിയത് ശ്രീ.വി.എം.ജാബിര്‍ അഹമ്മദ്. ആദ്യത്തെ ആള്‍, മതവിശ്വാസവും ദൈവവിശ്വാസവുമെല്ലാം തിരുവസ്ത്രത്തോടൊപ്പം ഊരിവെച്ച് പുതിയ മേച്ചിപുറം തേടിയ
ഫാ.മാണി പറമ്പേട്ട്. 1971 മുതല്‍ 2005 വരെ നീണ്ട 34 വര്‍ഷം ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു. മത, ദൈവ, പരലോക വിശ്വാസങ്ങള്‍ ഉപേക്ഷിച്ചതിനെപ്പറ്റി അദ്ദേഹം പറയുന്നത് ഇത്രമാത്രം:- "കെട്ടിവെച്ചത് അഴിച്ചുവെച്ചു". - മതവിശ്വാസം എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ല. അത് മനുഷ്യരില്‍ കെട്ടിവെക്കപ്പെടുകയാണ്.
60-വയസ്സില്‍ സമുദായ മേധാവിക്കുള്ള രാജി കത്തില്‍ എഴുതിയത് ഇത്രമാത്രം.:-"എന്റെ ഉത്തരവാദിത്വത്തില്‍ ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു". മനുഷ്യനെ ഭിന്നിപ്പിക്കലും ചൂഷണം ചെയ്യലും ആത്മവിശ്വാസം ഇല്ലാതാക്കലുമാണ് മതത്തിന്റെ ദൌത്യമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ ജനങ്ങളീല്‍ 99 ശതമാനവും മതങ്ങളില്‍ വിശ്വസിക്കുന്നവരും അനുഷ്ഠാനങ്ങള്‍ പാലിക്കുന്നവരുമാണ്. എന്നിട്ടും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം വളരെ മോശമായി തുടരുന്നത്, മതം കൊണ്ട് സമൂഹത്തിന് പ്രയോജനമില്ല എന്നതിന്റെ തെളിവാണ്.
സംഘജീവിത ദര്‍ശനം
ട്ടപ്പാടിയിലെ വിദൂര ഗ്രാമമായ 'പട്ടിമേള'ത്താണ് അച്ചന്റെ താമസം. അദ്ദേഹത്തിന്റെ സ്ത്രീ കൂട്ടുകാരി സലോമി (ബത്തേരി സ്വദേശിയായ അവര്‍ അഗളി ഐ.എച്ച്.ആര്‍.ഡി.കോളേജിലെ മലയാളം ലെക് ചറാണ്)എന്നിവര്‍ക്കു പുറമേ മറ്റു ചിലര്‍കൂടി താ‍മസക്കാരായുണ്ട്. ഇത് ഒരു പരീക്ഷണത്തിന്റെ ഭാഗം കൂടിയാണ്. കുടുംബം കാലഹരണപ്പെട്ട സിദ്ധാന്തമാണന്നാണ് അച്ചന്‍ പറയുന്നത്. കുടുംബം വെച്ചുകെട്ടപ്പെടുന്ന ഒരു ഏര്‍പ്പാടാണ്. പഴഞ്ചന്‍ ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കാനും അവ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു നല്‍കാനുമാണ് കുടുംബം പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യത്തിന്റെ കാവല്‍ പ്രസ്ഥാനമാണത്.
കുടുബത്തിനുപകരം അച്ചന്‍ അവതരിപ്പിക്കുന്നത് സംഘജീവിതംഭരണകൂടവും,കൂലിപണിയും. സംഘജീവിതം പൂര്‍ണ്ണയായി പ്രയോഗവല്‍ക്കരിക്കപ്പെട്ടാല്‍ ഭരണകൂടത്തിന്റെ പ്രസക്തി നഷ്ടപ്പെടും. കൂലിപ്പണിക്കുപകരം അച്ചന്‍ അവതരിപ്പിക്കുന്നത് സഹകരണ അദ്ധ്വാനമാണ്. എല്ലാവരും അദ്ധ്വാനിക്കുക, അതാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ധ്വാനം വിറ്റ് കാശാക്കുന്നത് മാനം വില്‍ക്കുന്നതുപോലെയാണ്. അതിനാല്‍ കൂലിപ്പണി വേശ്യാവൃത്തിയേക്കാള്‍ മോശമാണ് എന്ന ദര്‍ശനമാണ്. മൂന്നുമുതല്‍ അഞ്ചുവരെ ദമ്പതികള്‍ കൂട്ടമായി ജീവിക്കുക. പല അച്ചനമ്മമാര്‍ കുട്ടികളെ പോറ്റുക (സംഘ ശിശുപരിപാലനം). ഇങ്ങനെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന കൊച്ചുകൊച്ചു സംഘങ്ങളാണ് സമൂഹ ജീവിതത്തിന്റെ ആസ്ഥാനം. അച്ചന്‍ വെറുക്കുന്ന രണ്ടു വ്യവസ്ഥകളാണ്-
സംഘജീവത കൂട്ടായ്മ 2001 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്പറയാന്‍ എനിക്കിപ്പം നാണാ..

ണ്ടാമത്തെ ആളിനെ  പരിചയപ്പെടുത്തുന്നതിങ്ങനെ. സംഘ ജീവിതത്തില്‍ പങ്കാളിയായ ഗോപാലകൃഷ്ണന്‍. മുമ്പ് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിയും താലൂക്കു കമ്മറ്റിയംഗവുമായിരുന്നു. താന്‍ മുമ്പ് സി.പി.യെമ്മിന്റെ ഭാരവാഹിയായിരുന്നു  എന്നതു തന്നെ ഇന്നും നാണിപ്പിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്.
(ഇവരെയൊക്കെ ഒന്നു നേരില്‍ കണ്ട് പരിചയപ്പെടണമെന്നുണ്ട്.ബ്ലോഗേഴ്സില്‍ താല്പര്യമുള്ളവര്‍ ഒന്നു മെയിലാമോ..?)

2011, ജനുവരി 22, ശനിയാഴ്‌ച

സത്യാന്വേഷിയുടെ ഹുസൈന്‍ ആഭാസങ്ങള്‍

ത്യാന്വേഷിയുടെ 'സത്യസന്ധരായ നിരീശ്വരവാദികള്‍' എന്ന പോസ്റ്റില്‍, നിസ്സഹായന്‍ അദ്ദേഹത്തോട് ഉന്നയിച്ച ചില ചോദ്യങ്ങള്‍ അര്‍ത്ഥവത്തായി എനിക്കു തോന്നിയിരുന്നു. അതിനാല്‍ അവയെ പിന്‍താങ്ങിയുള്ള കമന്റുകള്‍ ഞാന്‍ ഇടുകയും ചെയ്തു. നിസ്സഹായന്റെ കാഴ്ചപ്പാടുകള്‍ ന്യായമായി തോന്നാനുള്ള കാരണം, ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയതിനു പിന്നിലെ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കേണ്ടതുണ്ട്.

ടിസ്ഥാനപരമായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനത്തിനും നീതിയ്ക്കും ഉതകുന്ന രാഷ്ട്രീയ -സാമൂഹിക-സൈദ്ധാന്തിക ചിന്തകളെ അറിയാന്‍ ശ്രമിക്കുകയും പ്രചരിപ്പിക്കുകയും എന്റേതായ രീതിയില്‍ അവയ്ക്ക് നിറംകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നിറവേറ്റാനായിരുന്നു ബ്ലോഗില്‍ വന്നത്. കീഴാളപക്ഷത്തിന്റെ വിമോചനപ്രത്യയ ശാസ്ത്രങ്ങളില്‍ നിലപാടുറപ്പിച്ചു കൊണ്ടുള്ള ഈ എളിയ ശ്രമത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില സഹയാത്രികരായിരുന്നു നിസ്സഹായനും സത്യാന്വേഷിയും ചിത്രകാരനും മറ്റും. അടിസ്ഥാനപരമായി ഇത്തരത്തില്‍ നീങ്ങുന്നയാളുകള്‍ വ്യക്തിപരമായി പുലര്‍ത്തുന്ന 'മത /മതരഹിത വിശ്വാസാവിശ്വാസാദികള്‍ ' സവര്‍ണപക്ഷപാതിത്വം പുലര്‍ത്താത്തിടത്തോളം ഈ നീക്കത്തിന് അവരുടെ വിശ്വാസവൈജാത്യങ്ങള്‍ ഒരു തടസ്സമായി കണക്കാക്കേണ്ടതില്ല. മറിച്ച് ജനാധിപത്യത്തിലെ വൈവിധ്യങ്ങളെന്ന നിലയില്‍ അവയ്ക്ക് സ്ഥാനീകരിക്കപ്പെടാന്‍ അവകാശമുള്ളതും കൂട്ടായ പോരാട്ടത്തിലെ സഖ്യകക്ഷികളെന്ന നിലയില്‍ അവ സാഹോദര്യപ്പെടേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ തങ്ങളുടെ ആത്മീയത തന്നെയാണ് മുന്തിയത് എന്നു സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ കൂട്ടുകെട്ടും അതിന്റെ ജനാധിപത്യവും അതുവഴിയുണ്ടാകുന്ന സാഹോദര്യവും  സ്വാതന്ത്ര്യവുമൊക്കെ തകരുയാണ്. ഇവിടെ വിശ്വസാവിശ്വാസങ്ങളുടെ വ്യതിരിക്ത പാതയില്‍ സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശം പരസ്പരം അപകടപ്പെടുത്തുകയില്ലെന്നുള്ള സാഹോദര്യമര്യാദ ലംഘിക്കുന്നവരില്‍ കാണുന്നത്, അദൃശ്യമെങ്കിലും ഭാവിയില്‍ സംഹാരഭാവം കൈക്കൊള്ളാന്‍ സാധ്യതയുമുള്ള ഫാസിസത്തിന്റെ നേരിയ നിഴലാട്ടമാണ് (മതാടിസ്ഥാനത്തില്‍ രൂപം കൊണ്ടിട്ടുള്ള രാഷ്ട്രങ്ങളില്‍ അന്യമതസ്ഥര്‍ക്ക് മതരാഷ്ട്രം നല്‍കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും ആലോചിച്ചു നോക്കൂ). ജനാധിപത്യത്തില്‍ പരസ്പരം ബഹുമാനപൂര്‍വം വിശ്വാസത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചു കൊടുക്കുകയും സാഹോദര്യപ്പെടുകയും ചെയ്യേണ്ടവര്‍ അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട വിശ്വാസത്തെ പൊതുവേദിയിലേക്ക്  ആനയിച്ച് അതിന്റെ മാറ്റുരക്കാനുള്ള ശ്രമം സദുദ്ദേശ്യമല്ല എന്നത് വ്യക്തമാണ്. ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടയാളുകള്‍ വിശ്വാസത്തിന്റെ മൌലികതയും ശരിമയും മാറ്റുരച്ചു നോക്കുന്ന രീതിയില്‍ ദൈവത്തേയും പിന്നീട് മതദൈവത്തേയും സ്ഥാപിച്ചെടുക്കാന്‍ പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസകങ്ങളെ കെട്ടിയാനയിച്ചു കൊണ്ടു വരുമ്പോള്‍ അവരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമായിത്തീരുന്നു. അത്തരം ഒരു ഉദ്യമമാണ് സത്യാന്വേഷിയുടെ നേരെ നിസ്സഹായനുന്നയിച്ച ചോദ്യങ്ങളുടെ ഉള്ളടക്കം. അവയ്ക്ക്  ഉത്തരം പറയാന്‍ സത്യാന്വേഷിക്കു കെല്പില്ലാതെ വന്നതുകൊണ്ട് അവിടെയും ഗവേഷകനെ തന്നെ നിയോഗിക്കുന്ന രീതിയില്‍ സത്യാന്വേഷിയുടെ സത്യസന്ധത ഒരു മരീചികയായി  മാറുകയും അദ്ദേഹം ഒരു ഭീരുവിന്റെയും അടിമയുടെയും കൂലിത്തല്ലുകാരന്‍ ഗുണ്ടയുടെയും റോള്‍ ബ്ലോഗുകളിലുടനീളം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇന്ന് നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ഈയവസരത്തില്‍ സത്യാന്വേഷിയേയും അദ്ദേഹം വലിച്ചിഴച്ചു കൊണ്ടുവന്ന സംവാദകോമാളിത്തവും ചെറുതായി ഒന്നു വിലയിരുത്തട്ടെ.

1) സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ 'സത്യാന്വേഷി'കാണിച്ചിരുന്ന പ്രത്യശാസ്ത്ര നിലപാടുകളോട് യോജിക്കുന്ന കാര്യത്തില്‍ എനിക്കോ, നിസഹായനോ സന്ദേഹമില്ലായിരുന്നു.

2) ബുദ്ധിസത്തെയും അംബേദ്ക്കറിസത്തേയും, പ്രശ്നവല്‍ക്കരിക്കുകയും പ്രത്യയശാസ്ത്രവല്‍ക്കരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകളധികവും. അദ്ദേഹത്തിന്റെ ബ്ലോഗിന്റെ ഐക്കണ്‍/പ്രൊഫൈല്‍ ബുദ്ധന്റേതാണ്. ചാറ്റിംഗിങ്ങിലും ചീറ്റിങ്ങിലും മുഴുകിക്കഴിയുന്ന പൈങ്കിളിപ്പിള്ളേര്‍ സിനിമാസ്റ്റാറുകളുടെ ഫോട്ടോ പ്രൊഫൈലില്‍ ഇടുന്നതുപോലെ തമാശയായും നിസ്സാരമായും തള്ളിക്കളയേണ്ടതല്ല സത്യാന്വേഷി ഉപയോഗിക്കുന്ന ബുദ്ധന്റെ ഐക്കണ്‍. ഈ ഐക്കണ്‍ ഉപയോഗിക്കുന്നതിലൂടെ സത്യാന്വേഷി ബുദ്ധിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തെ ചര്‍ച്ചചെയ്യുന്നതിന്റെ നിരര്‍ത്ഥകതയെ മനസ്സിലാക്കി മനുഷ്യധര്‍മത്തിന്റെ സന്ദേശത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിസത്തിന്റെ വക്താവായി കാണപ്പെടുന്നയാള്‍ നിലകെട്ടരീതിയില്‍ ഇടുങ്ങിയ വിശ്വാസധാരകളെ അടിമബോധത്തോടെ പിന്താങ്ങുന്നത് അത്ഭുതത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സത്യാന്വേഷിയുടെ നിലപാടെന്തെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്.

3) നൂറ്റാണ്ടുകളോളം തുടര്‍ന്ന 'ഹൈന്ദവ അധിനിവേശ പ്രത്യശാസ്ത്രം' തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തത്
അംബേദ്ക്കറൈറ്റുകളാണ്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട 'ആക്രമണ ഹിന്ദു'വിനെ പ്രതിരോധിക്കാന്‍ എല്ലാ മനുഷ്യസ്നേഹികളുടേയും വിപുലമായ സംഘാടനം രാഷ്ട്രീയമായി രൂപപ്പെടുന്നതില്‍  ഇസ്ലാം മതസ്ഥരുടെ പങ്ക് വലുതാണ്. ആ അര്‍ത്ഥത്തില്‍  ഇരകളുടെ ഐക്യം രൂപപ്പെടുത്തുന്നതില്‍, രാഷ്ട്രീയ ഇസ്ലാമിന് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തിയുണ്ട്.

4) രാഷ്ട്രീയ ഇസ്ലാമും, ആത്മീയഇസ്ലാമും കൊളോണിയല്‍ ആധുനികതയില്‍ എങ്ങനെ സ്ഥാനപ്പെടുന്നു എന്ന കാര്യത്തില്‍ സത്യാന്വേഷിക്ക് നിശ്ചയമില്ലെന്നു തോന്നുന്നു. ഇതറിയാമായിരുന്നെങ്കില്‍ രാഷ്ട്രീയഇസ്ലാമിനെ പ്രതിരോധിക്കുന്നയാള്‍ ആത്മീയഇസ്ലാമിന്റെ വാലില്‍ തൂങ്ങാന്‍ നടക്കുകയില്ലായിരുന്നു. മറിച്ച് അതിന്റെ ആത്മീയതയില്‍ കൃത്യമായ വിശ്വാസം ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കേണ്ടതില്ല. ബുദ്ധന്റെ ഐക്കണ്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കേണ്ട കാര്യവുമില്ല. അതാണ് സത്യസന്ധത.

5) കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത്  'ഇസ്ലാം'എന്ന മതബോധമായിരുന്നു. അതായത് ഒരു വംശം എന്ന നിലക്ക് ഒരു ജനതയെ രൂപപ്പെടുത്തിയത് ഇസ്ലാം എന്ന മതം തന്നെയായിരുന്നു. ആ മതത്തിന്റെ ശരി/തെറ്റ് എന്നിവ വിശകലനം ചെയ്യുന്ന കേവലയുക്തിവാദത്തെ അവഗണിക്കേണ്ടതാണ്.

6) ന്ത്യയില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നു വികസിച്ചതാണ്, ആധുനിക ശാസ്ത്രജ്ഞാനം. ഈ ജ്ഞാനാധികാരത്തെ നിഷേധിച്ച് ആറാം നൂറ്റാണ്ടിന്റെ പാഠങ്ങളെ പ്രതിസ്ഥാപിക്കുവാന്‍ ശ്രീ ഹുസൈന്‍  നടത്തുന്ന സര്‍ക്കസ് അതുകൊണ്ടുതന്നെ മുസ്ലീം വിരുദ്ധമാണ്. ഇതു തിരിച്ചറിയുന്നില്ലെന്നതാണ് സത്യാന്വേഷിയുടെ പരാജയം.

7) തം ഏതോ മധ്യകാലമൂഢതയാണന്നു ധരിച്ചുവെച്ചിട്ടുള്ളവരാണ് യുക്തിവാദികളും,'വിപ്ലവകാരികളും'. എന്നാല്‍ ആധുനിക ജനാധിപത്യത്തിന്റെ സങ്കീര്‍ണ്ണതകളെ നേരിടാനുള്ള കെല്പ് ആര്‍ജിക്കാന്‍, മനുഷ്യന്റെ 'ചോദന'/'ധാര്‍മികത'/'നീതിബോധം'/'കാരുണ്യം' ഇത്യാദി അടിസ്ഥാന വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ലന്നതാണ് കമ്മ്യൂണിസ്റ്റ്/മതേതര ബോധത്തിന്റെ പരിമിതി. ഇതുമറികടക്കാന്‍ കഴിയുന്ന ഒരു മതം
മനുഷ്യനാവശ്യമുണ്ടെന്നാണ് അംബേദ്ക്കര്‍ പാഠം. അതുകൊണ്ടാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചതും (അനുഷ്ഠാന ബുദ്ധമതസങ്കല്പങ്ങളില്‍ നിന്നും മാറി, ബുദ്ധധര്‍മ്മത്തെ വ്യാഖ്യാനിച്ച് സ്വീകരിക്കുകയായിരുന്നു.)
കൃസ്തുമതത്തെയും ഇസ്ലാമതത്തെയും തള്ളിക്കളഞ്ഞതും. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ പിന്തുണയ്ക്കുക വഴി ഒരു ജനതയെന്ന നിലയില്‍ ഇസ്ലാമിന്റെ അസ്തിത്വത്തിനുള്ള അവകാശം അംഗീകരിക്കുകയും അങ്ങനെ സാഹോദര്യത്തിന് അര്‍ത്ഥമുണ്ടാക്കുകയും ചെയ്തു അംബേദ്ക്കര്‍. അല്ലാതെ ഇസ്ലാമിന്റെ ആത്മീയതയെ പിന്‍പറ്റുകയല്ല അംബേദ്ക്കര്‍ ചെയ്തത്.

8) സ്ലാം, ഒരു സമ്പൂര്‍ണ്ണ മതമാണെന്നും, ജീവിതവ്യവസ്ഥയാണെന്നും അതിന്റെ വിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ അവ സാമാന്യബോധത്തിനു ബോധ്യപ്പെടാത്ത നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികളാണ്. അത് കൂടുതല്‍ അപഹാസ്യമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ധാരാളം. ഇക്കാര്യത്തില്‍ ചില കമന്റുകള്‍ സത്യാനേഷിതന്നെ നടത്തിയിട്ടുണ്ട്.(ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് ജാതി ഇനിയും മനസ്സിലായിട്ടില്ല.)
 
9) ഹുസൈന്റെ കമന്റില്‍ എന്നെ ഞെട്ടിച്ച ഒരു പ്രസ്താവനയുണ്ട്. "യൂറോപ്യന്  ക്യാന്‍സര്‍ കൊടുത്ത ദൈവം അറേബ്യന് പെട്രോളാണ് കൊടുത്തത്." ഏഷ്യയിലേയും ആഫ്രിക്കയിലേയും മുസ്ലീമിന് പട്ടിണികൊടുത്തതും ലോകത്ത് ഒരു മുസ്ലീമിനും രാഷ്ട്രീയസമാധാനം കൊടുക്കാത്തതും ഇതേ ദൈവമായിരിക്കും എന്നുകൂടി ചിന്തിക്കാന്‍ സായ് വിനു കഴിയുന്നില്ലല്ലോ  കഷ്ടം ! ഇഹലോകത്തിലെ ജീവിതത്തിനു വിലകല്പിക്കാതെ ഇവിടെ നരകിച്ചു ജീവിച്ച് വാഗ്ദത്തസ്വര്‍ഗത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.

10) ല്ലാ ജനസമൂഹങ്ങളും അവരവരുടേതായ പ്രപഞ്ച വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട് ചില ഉദാഹരണങ്ങള്‍

* ഹിന്ദുമതത്തില്‍ പെട്ട അവര്‍ണ്ണ/വിദഗ്ദ തൊഴിലാളി സമൂഹമായ വിശ്വകര്‍മ്മജര്‍ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ശില്പി) വിശ്വസിക്കുന്നത് പ്രപഞ്ചത്തെ സൃഷ്ടിച്ചത് അവരുടെ പിതാവായ/ദൈവമായ 'വിശ്വകര്‍മ്മാ'വാണെന്നാണ്. എന്നാല്‍ 'അതിന്റെ’ശാസ്ത്രീയത സ്ഥാപിക്കാന്‍ ഇറങ്ങി പുറപ്പെടാന്‍ മാത്രം 'ധൈര്യം'ഉള്ള ഒറ്റ വിശ്വകര്‍മജരും കേരളത്തില്‍ കാണില്ല.(ഹിന്ദുമത നവീകരണം പച്ചപിടിച്ച എണ്‍പതുകള്‍ മുതല്‍ ആയുധപൂജയും വിശ്വകര്‍മജയന്തിയും മറ്റുചടങ്ങുകളും അങ്ങിങ്ങു കാണാറുണ്ട്. അവര്‍ണ്ണ ദൈവങ്ങളെ ശുദ്ധീകരിച്ചെടുക്കലാണ് സംഘപരിവാറിന്റെ പ്രധാന പണിതന്നെ)
 
* പ്രപഞ്ചം ഉണ്ടായതിനെ പറ്റി കീഴാളജാതിസമൂഹം(ദലിതര്‍) അവരുടെ  പാട്ടിലൂടെ അവതരിപ്പിക്കുന്നത് കാണുക.
   "ആദിയില്ലല്ലോ..ലന്തമില്ലല്ലോ..ലക്കാലമ്പോലായുഗത്തില്‍
     ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ  ലക്കാലമ്പോലായുഗത്തില്‍.
     .........................................
     ആദിയോളം  നൂലുവന്നയ്യോ..താണുരുണ്ടു..2
     പാതി മുട്ട വിണ്ട്പൊട്ടി മേലുലോകം പൂകിയല്ലോ     പാതിമൊട്ട വിണ്ട്പൊട്ടി കീഴുലോകം പൂകിയല്ലോ..."

     
(അണ്ടര്‍ ലൈന്‍ ചെയ്ത ഭാഗം തങ്ങളുടെ പൌരാണിക പ്രപഞ്ച സങ്കല്പമാണെന്നും അതനുസരിച്ച് പ്രപഞ്ചോത്ഭവത്തിനു മുന്‍പ് രാത്രിയും പകലും ഇല്ലായിരുന്നെന്നും ഇന്നത്തെ ആധുനികശാസ്ത്രം പ്രപഞ്ചോല്പത്തിയെക്കുറിച്ച്  മുന്നോട്ടു വെയ്ക്കുന്ന ബിഗ്ബാങ്ങ് തിയറി തന്നെയാണ് തങ്ങളുടെ പ്രപഞ്ചവീക്ഷണമെന്നും വേണമെങ്കില്‍ ദളിതര്‍ക്ക് അവകാശപ്പെടാവുന്നതാണ്. പക്ഷെ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും പോലെ അത്തരം ഊളത്തരത്തിന് തുനിയാതിരിക്കാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട്). ഇങ്ങനെ പാടിപോകുന്ന മനുഷ്യന്റെ ഗതികേടെന്നത്, വിശാലവും വിസ്മയകരവുമായ പ്രപഞ്ചത്തെ അവരവരുടേതായി
വ്യാഖ്യാനിക്കേണ്ടി വരുന്നതുമൂലമാണ് (ആരും അതിന്റെ 'ശാസ്ത്രീയത'അവകാശപ്പെടുന്നില്ല.) ആദിവാസികള്‍ക്കും ഇങ്ങനെ കുറേ കഥകളും പാട്ടുകളും ഉണ്ട്. പ്രദേശങ്ങളും രാജ്യങ്ങളും കടന്നുപോയാല്‍ ഇത്തരം ആയിരക്കണക്കിനു കഥകള്‍ കിട്ടും. അതുപോലൊരു കഥകള്‍ തന്നെയാണ് ഇസ്ലാമും കൃസ്ത്യാനിറ്റിയും പോലുള്ള സെമിറ്റിക് മതക്കാര്‍  കൊണ്ടുനടക്കുന്ന ഉല്പത്തിക്കഥകളും. ഈ കഥകളൊക്കെ സത്യമാണെങ്കില്‍ എല്ലാവരുടെ കഥകളും സത്യമാണ്. ഇവിടെയൊരു പ്രത്യേകത മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കച്ചവടത്തിനും പിടിച്ചടക്കലിനും കടന്നെത്തിയതിനാല്‍ ഇവിടെയുള്ള കുറേയേറെപ്പേര്‍ അതിന്റെ വിശ്വാസികളായി, അത്രമാത്രം. ആഗോളതലത്തില്‍ അധിനിവേശം സ്ഥാപിച്ച രണ്ടു മതങ്ങളാണ് കൃസ്തുമതവും, ഇസ്ലാം മതവും. ലോകശക്തിപോലെയും ലോകാധിപത്യം പോലെയും തെളിയിക്കേണ്ടതാണ് 'ലോകമതവും'. അതിന് ആധുനികമായ ശാസ്ത്രമുള്‍പ്പെടെ ഏതു ജ്ഞാനരൂപങ്ങളെയും ഇസ്ലാമിനു വിശ്വാസികളില്‍ നിന്നും മറച്ചുപിടിക്കേണ്ടിവരും. ആദ്യകാലങ്ങളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലന്നും, പള്ളികൂടത്തില്‍ പോകരുതന്നും പഠിപ്പിച്ചിരുന്നവര്‍, വിശ്വാസികള്‍ അതു മറികടന്നപ്പോള്‍, നിബന്ധന സ്ത്രീകളിലേയ്ക്കു മാത്രമായൊതുക്കി, അവിടുന്നും സമൂഹം മുന്നോട്ടു പോയി. മദ്രസ്സയിലെ മതപഠനങ്ങളില്‍ തറഞ്ഞുകിടന്ന സമുദായം, ആധുനികതയുടെ വിശാലഭൂമിയില്‍  കടന്നതാണ് ഇന്നു കാണുന്ന സാമൂഹ്യാവസ്ഥയുടെ കാരണമെന്ന് ഒരുതലമുറ തിരിച്ചറിയുന്നുണ്ട്. ആറാംനൂറ്റാണ്ടിന്റെ പ്രപഞ്ചവീക്ഷണവും, മതബോധന-പഠനങ്ങളുമായി ആധുനിക ശാസ്ത്രജ്ഞാനത്തെ സംവാദത്തിനു ക്ഷണിക്കുന്ന 'ധൈര്യത്തെ'(മണ്ടത്തരത്തെ..എന്നും മൊഴിമാറ്റാം) ആ സമുദായത്തോടു കാണിക്കുന്ന ദ്രോഹമായി കാണേണ്ടതുണ്ട്.

11)  സത്യാന്വേഷിയുടെ അജണ്ട എന്താണന്നു വ്യക്തമല്ലെങ്കിലും, ഹുസൈന്റേത് വ്യക്തമാണ്. ഫണ്ടിംഗ് ഫെസിലിറ്റിയുള്ള ഇസ്ലാം, തീറ്റിപ്പോറ്റി, ഡോളറുകള്‍ കൊടുത്തു കനപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി വായിപ്പിച്ചും (ഇസ്ലാമിക്‍ റേഡിയോ പ്രഭാഷണം സാക്ഷ്യം) പുസ്തകമെഴുതിപ്പിച്ചും അവരുടെ ആത്മീയതയ്ക്കും രാഷ്ട്രീയത്തിനും അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവികളില്‍ ഒരാളാണ് ഹുസൈന്‍. ഇരുപത്തിനാലു മണിക്കൂറും പുസ്തകങ്ങളും കമ്പ്യൂട്ടറുമായി സല്ലപിച്ചിരുന്നാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍.'അറിവ് ' തളം കെട്ടിയ തലച്ചോറ്. സയന്‍സ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും, സയന്‍സിനെപ്പറ്റി ശാസ്ത്രജ്ഞരേക്കാള്‍ ഭയങ്കര വെവരം. ഐന്‍സ്റ്റീനൊന്നും ഇദ്ദേഹത്തിന്റെ കാലത്തു ജനിക്കാതെ പോയത് അവരുടെ ഭാഗ്യം ! പക്ഷെ എന്തേ ഈ വിവരങ്ങളെല്ലാം ഒരു ഗവേഷണപ്രബന്ധത്തിനോ ഡോക്ടറേറ്റിനോ പോലും ഉപകാരപ്പെടാതെ പോയി എന്നൊരു സംശയം ? ഇരുപത്തഞ്ചു വര്‍ഷം പഠിച്ചിട്ടും ഗവേഷിച്ചിട്ടും ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്തത് ഇദ്ദേഹം മന്ദബുദ്ധിയായതു കൊണ്ടു തന്നെയാണ്. അല്ലാതെ ഇസ്ലാമായതുകൊണ്ടല്ല. ഇസ്ലാമില്‍നിന്നും കവികളും നോവലിസ്റ്റുകളും ചെറുകഥാകൃത്തുക്കളും ചിന്തകരും രാഷ്ട്രീയനേതാക്കളും കേരളത്തില്‍ അര്‍ഹമായ ഇടം ലഭിക്കാതെ തഴയപ്പെട്ടിട്ടുണ്ടെങ്കില്‍ നെഞ്ചില്‍ കൈവെച്ച് പറയുക. (ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍ മാത്രം ഭാഗ്യം വിധിച്ചിട്ടുള്ള എനിക്ക്, മുഴുവന്‍ സമയവും എഴുത്തും വായനയുമായി കഴിയുന്ന ഹുസൈന്‍ സായ് വിനോടും, സയന്‍സ് പഠിച്ച് ആ മേഖലയില്‍ പണിയെടുത്ത് കിട്ടുന്ന സമയംകൊണ്ട് പോസ്റ്റിടുകയും, പിന്നെ കമന്റുകയും ചെയ്യുന്ന 'നിരീശ്വര-യുക്തിവാദി' ബ്ലോഗര്‍ മാരോടുള്ള 'അസൂയ' ഈ അവസരത്തില്‍ രേഖപ്പെടുത്തികൊള്ളട്ടെ)
ദൈവത്തിന്റെ അസ്തിത്വം ഒരു വിശ്വാസിക്ക് സ്ഥാപിക്കേണ്ടിവരുകയും, അതു സ്വന്തം മതപ്രകാരമാണന്ന് പറഞ്ഞുറപ്പിക്കേണ്ടി വരുന്ന ഗതികേടിനെ, അതിന്റെ പിന്നിലുള്ള ഉത്തരവാദിത്വത്തെ നിരീശ്വരന്മാര്‍ക്ക് ബോധ്യപ്പെടില്ല.

12) സത്യാന്വേഷിയുടെ ഗതികേടു നോക്കണേ! "തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍...   പിള്ളേയെയെടുത്തു തടുത്തീടും"
എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി. മുസ്ലീം വിരുദ്ധതയെന്നത്, സവര്‍ണ്ണ അജണ്ട പൊതുബോധത്തിലേക്കു വിന്യസിച്ച സത്യംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശമാണ്, ഏതു ജനസമൂഹത്തിനും അവരുടെ വിശ്വാസവും, ഭാഷയും സംരക്ഷിച്ചുകൊണ്ടുതന്നെ നിലനില്‍ക്കാനുള്ള അവകാശം. ആ അവകാശം സ്ഥാപിച്ചെടുക്കുവാനും, എതിരെ വരുന്ന
ഏതുനീക്കത്തേയും പ്രതിരോധിക്കുവാനും സംഘടിക്കുന്നതില്‍ തെറ്റില്ല. മുസ്ലീം സമൂഹത്തിലും, ദലിത് സമുദായങ്ങളിലും ഇത്തരം പ്രതിരോധപ്രസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ ഭരണകൂട ഒത്താശയോടെ നിര്‍ദയം അടിച്ചമര്‍ത്തുന്നത് സമകാലിക കാഴ്ചയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതുതിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന വംശീയ ഉന്മൂലനങ്ങളില്‍  അതു പ്രകടമായിട്ടുമുണ്ട്. ഇവിടെ മതേതര വിശ്വാസികളുടെയും ജനാധിപത്യവിശ്വാസികളുടെയും അത്രചെറുതല്ലാത്ത ഒരു സമൂഹവും നിലനില്‍ക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഉത്തരാധുനികതയുടെ പ്രശ്നപരിസരത്താണ് സൃഷ്ടിവാദത്തിന്റെ 'ശാസ്ത്രീയത’യുടെ പെട്ടികട തുടങ്ങാന്‍, വലിയ കച്ചവടക്കാരനായ ശ്രീ.ഹുസൈനെ, ശ്രീമാന്‍ സത്യാന്വേഷി ആനയിച്ചുകൊണ്ടുവന്നിരിക്കുന്നത്.

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ഉദ്ദിഷ്ഠ കാര്യത്തിന്(കാര്യസിദ്ധിയ്ക്ക്) ഉപകാരസ്മരണ !!

ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കും- ശ്രീരാമജന്മഭൂമി ട്രസ്റ്റ്
Posted on: 05 Oct 2010


അയോധ്യ: അയോധ്യാകേസില്‍ വിധി പറഞ്ഞ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ഡി.വി. ശര്‍മയെ ആദരിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ അയോധ്യയില്‍ അറിയിച്ചു.

വിരമിച്ചതിനാലാണ് ശര്‍മയ്ക്കുള്ള സ്വീകരണം ഇപ്പോഴാക്കിയത്. മറ്റു ജഡ്ജിമാരായ ജസ്റ്റിസ് എസ്.യു. ഖാനെയും സുധീര്‍ അഗര്‍വാളിനെയും അവര്‍ വിരമിക്കുമ്പോള്‍ ആദരിക്കുമെന്നും ട്രസ്റ്റ് അംഗം രാംവിലാസ് വേദാന്തി വ്യക്തമാക്കി.

(അവലംബം -മാതൃഭൂമി 05/10/2010)

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ചില ജാതിവാദികളുടെ നിലവിളികള്‍ !!!!!

നായര്‍സമുദായത്തിന്റെ ‘ദയനീയസ്ഥിതി’ നേരില്‍ക്കണ്ടു മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനുമായി കോണ്‍ഗ്രസ് പ്രതിനിധിയും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി. രാഷ്ട്രീയനേതാക്കള്‍ പെരുന്ന സന്ദര്‍ശിക്കുന്നതിന്റെ രഹസ്യമെന്താണ്? 85 ശതമാനം പിന്നാക്ക-ദലിത് വിഭാഗങ്ങളും 15 ശതമാനം മുന്നാക്കസമുദായങ്ങളുമുള്ള ഇന്ത്യയിലെ ഒരു സമുദായത്തോടു മാത്രം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ള ഈ ആഭിമുഖ്യം ഒരു ജനാധിപത്യരാജ്യത്തിനും സംസ്കാരത്തിനും നിരക്കുന്നതാണോ?
1891 ഫെബ്രുവരി 19ന്റെ മദ്രാസ് മെയില്‍ പത്രത്തില്‍ ‘ഒരു തീയ്യന്‍’ എന്ന പേരുവച്ച് ഡോ. പല്‍പ്പു ഒരു കത്തെഴുതിയിരുന്നു. ആ കത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: ‘ഈഴവരെന്ന ഒരു ജാതിയുണ്ട്; സര്‍!’ മൈസൂര്‍ ഗവണ്‍മെന്റ് സര്‍വീസിലിരുന്നതുകൊണ്ടാണ് അദ്ദേഹം ‘ഒരു തീയ്യന്‍’ എന്ന അജ്ഞാതനാമത്തില്‍ പ്രതികരിച്ചത്. തിരുവിതാംകൂറില്‍ ഈഴവരെന്നൊരു കൂട്ടരേയില്ലെന്ന് ഒരു തിരുവിതാംകൂര്‍ ‘ഹിന്ദു’ എഴുതിയ ലേഖനത്തിനുള്ള മറുപടിയായിരുന്നു ആ കത്ത് (പി കെ ബാലകൃഷ്ണന്റെ നാരായണഗുരു സമാഹാരഗ്രന്ഥത്തില്‍ ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തെപ്പറ്റിയുള്ള റിപോര്‍ട്ട് കണ്ടപ്പോള്‍ ഈ ചരിത്രമുഹൂര്‍ത്തമാണ് ഓര്‍മവന്നത്. മന്ത്രി ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഞങ്ങള്‍ക്കു പറയാനുള്ളതും അന്നു പല്‍പ്പു പറഞ്ഞതുതന്നെയാണ്. പല്‍പ്പു അന്ന് ഈഴവരെ സംബന്ധിച്ച കാര്യത്തില്‍ ഒറ്റയ്ക്കു പ്രതികരിച്ചുവെങ്കില്‍ ഇന്നു പിന്നാക്ക-ദലിത് സമൂഹത്തിന്റെ പ്രതിനിധികളായി ഞങ്ങള്‍ പ്രതികരിക്കുന്നു. അതുകൊണ്ടാണ് ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; സര്‍!’ എന്നു വിലാസ് റാവു ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതാക്കളോടും പറയേണ്ടിവന്നത്. ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; മാഡം’ എന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും പറയേണ്ടിയിരിക്കുന്നു. മുന്നാക്കവിഭാഗങ്ങള്‍ക്കു സാമൂഹിക അവശതയില്ലെന്നും സാമ്പത്തിക പരാധീനതയാണുള്ളതെന്നും എന്‍.എസ്.എസ് സമ്മതിക്കുന്നു. എന്നാല്‍, പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് ഇത് രണ്ടുമുണ്െടന്നതാണു യാഥാര്‍ഥ്യം.
സ്വാതന്ത്യ്രാനന്തരം കോണ്‍ഗ്രസ് രാജ്യഭരണം തുടങ്ങിയിട്ട് 63 വര്‍ഷമാവുന്നു. ഇക്കാലത്തെ ഭരണംകൊണ്ട് മുന്നാക്കവിഭാഗങ്ങള്‍ക്ക് അവശതയുണ്ടായെങ്കില്‍ അക്കാര്യം അന്വേഷിക്കുന്നതു നല്ലതാണ്. മുന്നാക്കവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് എന്‍.എസ്.എസ് പ്രതിനിധീകരിക്കുന്നവര്‍ക്ക്, അവശതയും പരാധീനതയുമുണ്െടങ്കില്‍ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയും മറ്റും എന്തായിരിക്കുമെന്ന് ദേശ്മുഖും മറ്റു നേതാക്കളും ചിന്തിക്കുന്നതു നന്നായിരിക്കും. നിയമസഭയിലും പാര്‍ലമെന്റിലും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളിലും ജനസംഖ്യയേക്കാള്‍ വളരെ കൂടുതല്‍ പ്രാതിനിധ്യം ഇപ്പോള്‍ എന്‍.എസ്.എസിനുണ്ട്. മാത്രമല്ല, പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയ്ക്കു കാരണം നൂറ്റാണ്ടുകളായി മുന്നാക്കവിഭാഗങ്ങള്‍ നയിച്ച വ്യവസ്ഥിതിയുമാണ്. മുന്നാക്കസമുദായത്തില്‍പ്പെട്ടവരില്‍ സാമ്പത്തിക പരാധീനതയുള്ളവര്‍ ഉണ്െടന്ന കാര്യം ദേശീയ യാഥാര്‍ഥ്യമാണ്. ഇതുസംബന്ധിച്ച കേന്ദ്ര കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ യു.പി.എ നേതൃത്വം ചര്‍ച്ചചെയ്തുവരുകയാണെന്നു കേന്ദ്രമന്ത്രി അറിയിച്ചുവെന്നും പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. സാമ്പത്തിക പരാധീനത കേരളത്തിലെയോ ഇന്ത്യയിലെയോ മുന്നാക്കവിഭാഗങ്ങളുടെ മാത്രം പ്രതിഭാസമല്ല, മനുഷ്യസമൂഹത്തിലാകെയുള്ള പ്രതിഭാസമാണ്. 15 ശതമാനം വരുന്ന മുന്നാക്കക്കാരില്‍ സാമ്പത്തിക പരാധീനതയുള്ളവരുണ്െടങ്കില്‍ അതുപോലെ തന്നെ 85 ശതമാനം വരുന്ന പിന്നാക്കവിഭാഗങ്ങളിലും സാമ്പത്തിക പരാധീനതയുള്ളവരുണ്ട്. ഇതു ദേശീയ യാഥാര്‍ഥ്യമാവാത്തത് എന്തുകൊണ്ട്? സാമ്പത്തിക പരാധീനതയ്ക്കു മുന്നാക്ക-പിന്നാക്ക വ്യത്യാസം കാണുന്നത് അസംബന്ധവും അനീതിയും അശാസ്ത്രീയവുമാണ്. സവര്‍ണവിഭാഗങ്ങളുടെ സ്വാഭാവിക അവശതകള്‍ ദേശീയ യാഥാര്‍ഥ്യമാവുമ്പോള്‍ പിന്നാക്കവിഭാഗങ്ങളുടെ അവശതകള്‍ കേവലം പ്രാദേശിക യാഥാര്‍ഥ്യംപോലുമാവാത്തത് എന്തുകൊണ്ട്? ചരിത്രയാഥാര്‍ഥ്യങ്ങളെ നിഷേധിച്ചുകൊണ്ട് ഉപരിവര്‍ഗതാല്‍പ്പര്യ സംരക്ഷണത്തിനുള്ള ഇത്തരം കുതന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിനു മാത്രമല്ല, ഏതൊരു രാഷ്ട്രീയകക്ഷിക്കും ഭൂഷണമല്ല.
അട്ടിമറിക്കപ്പെട്ട മണ്ഡല്‍ റിപോര്‍ട്ടും സച്ചാര്‍ റിപോര്‍ട്ടും നരേന്ദ്രന്‍ റിപോര്‍ട്ടും മറ്റും പുറത്തുകൊണ്ടുവന്ന ദേശീയ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും ഈ യാഥാര്‍ഥ്യങ്ങള്‍ക്കു കാരണക്കാരായ ഉപരിവര്‍ഗങ്ങളുടെ അവശതകള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നത് അപകടകരമായ സൂചനയാണു നല്‍കുന്നത്. ദലിതുകള്‍, ആദിവാസികള്‍, മറ്റു പിന്നാക്കക്കാര്‍ എന്നിവര്‍ അനേകം സംസ്ഥാനങ്ങളില്‍ തീവ്രവാദപരമായി സ്വയംഭരണമേഖലകള്‍ ഉണ്ടാക്കിയിരിക്കുന്നുവെന്ന് തുറന്നുസമ്മതിക്കുന്ന ഭരണാധികാരികള്‍ ഇത്തരം രാഷ്ട്രീയനാടകങ്ങളിലൂടെ രാജ്യത്തെ എങ്ങോട്ടാണു നയിക്കുന്നത് എന്ന് ഒരുനിമിഷം ചിന്തിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍ ‘ഹന്ത നിര്‍ഭാഗ്യം ജനാനാം’ എന്ന ചൊല്ലില്‍ മാത്രം കാര്യങ്ങള്‍ നില്‍ക്കില്ല. ഭരണവര്‍ഗത്തിന്റെ കാലിനടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങുമെന്ന കുമാരനാശാന്റെ സന്ദേശം ഒന്നു പഠിച്ചുനോക്കുന്നതും നന്നായിരിക്കും. ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്, സര്‍!
പി ടി പ്രസന്നകുമാര്‍ (എസ്.സി),
പുനലൂര്‍ സലീം,
ബേബി ഐസക് (ദലിത് ക്രിസ്ത്യന്‍ സാഹോദര്യ സമിതി),
അഡ്വ. വിജയന്‍ ശേഖര്‍ (ഡോ. പല്‍പ്പു ഫൌണ്േടഷന്‍),
പ്രഫ. രാജു തോമസ്,
അഡ്വ. പി ആര്‍ സുരേഷ് (എഴുത്തച്ഛന്‍ സമാജം),
പുലിക്കുഴി ബാലചന്ദ്രന്‍ (എസ്.സി),
പി കെ വിജയദാസ് (ധീവര സമുദായം),
അഡ്വ. എസ് പ്രഹ്ളാദന്‍ (എസ്.എന്‍.ഡി.പി കുന്നത്തൂര്‍),
ഡോ. എം എസ് ജയപ്രകാശ്,
ഡോ. പി കെ സുകുമാരന്‍ (എസ്.എന്‍.ഡി.പി യോഗം, തൃശൂര്‍)
ഇതും തീവ്രവാദികളുടെ പത്രത്തിലാണു വന്നത്.
('ഞങ്ങള്‍ക്കും ജാതിയുണ്ട്, സര്‍ എന്ന പേരില്‍ സത്യാന്വേഷി പ്രസിദ്ധീകരിച്ച ലേഖനം')
കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക