2011, ജനുവരി 22, ശനിയാഴ്‌ച

സത്യാന്വേഷിയുടെ ഹുസൈന്‍ ആഭാസങ്ങള്‍

ത്യാന്വേഷിയുടെ 'സത്യസന്ധരായ നിരീശ്വരവാദികള്‍' എന്ന പോസ്റ്റില്‍, നിസ്സഹായന്‍ അദ്ദേഹത്തോട് ഉന്നയിച്ച ചില ചോദ്യങ്ങള്‍ അര്‍ത്ഥവത്തായി എനിക്കു തോന്നിയിരുന്നു. അതിനാല്‍ അവയെ പിന്‍താങ്ങിയുള്ള കമന്റുകള്‍ ഞാന്‍ ഇടുകയും ചെയ്തു. നിസ്സഹായന്റെ കാഴ്ചപ്പാടുകള്‍ ന്യായമായി തോന്നാനുള്ള കാരണം, ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയതിനു പിന്നിലെ ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കേണ്ടതുണ്ട്.

ടിസ്ഥാനപരമായി അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനത്തിനും നീതിയ്ക്കും ഉതകുന്ന രാഷ്ട്രീയ -സാമൂഹിക-സൈദ്ധാന്തിക ചിന്തകളെ അറിയാന്‍ ശ്രമിക്കുകയും പ്രചരിപ്പിക്കുകയും എന്റേതായ രീതിയില്‍ അവയ്ക്ക് നിറംകൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നിറവേറ്റാനായിരുന്നു ബ്ലോഗില്‍ വന്നത്. കീഴാളപക്ഷത്തിന്റെ വിമോചനപ്രത്യയ ശാസ്ത്രങ്ങളില്‍ നിലപാടുറപ്പിച്ചു കൊണ്ടുള്ള ഈ എളിയ ശ്രമത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില സഹയാത്രികരായിരുന്നു നിസ്സഹായനും സത്യാന്വേഷിയും ചിത്രകാരനും മറ്റും. അടിസ്ഥാനപരമായി ഇത്തരത്തില്‍ നീങ്ങുന്നയാളുകള്‍ വ്യക്തിപരമായി പുലര്‍ത്തുന്ന 'മത /മതരഹിത വിശ്വാസാവിശ്വാസാദികള്‍ ' സവര്‍ണപക്ഷപാതിത്വം പുലര്‍ത്താത്തിടത്തോളം ഈ നീക്കത്തിന് അവരുടെ വിശ്വാസവൈജാത്യങ്ങള്‍ ഒരു തടസ്സമായി കണക്കാക്കേണ്ടതില്ല. മറിച്ച് ജനാധിപത്യത്തിലെ വൈവിധ്യങ്ങളെന്ന നിലയില്‍ അവയ്ക്ക് സ്ഥാനീകരിക്കപ്പെടാന്‍ അവകാശമുള്ളതും കൂട്ടായ പോരാട്ടത്തിലെ സഖ്യകക്ഷികളെന്ന നിലയില്‍ അവ സാഹോദര്യപ്പെടേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഇത്തരം കൂട്ടുകെട്ടിലെ ഏതെങ്കിലും കക്ഷികള്‍ തങ്ങളുടെ ആത്മീയത തന്നെയാണ് മുന്തിയത് എന്നു സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയും ഇതരരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ കൂട്ടുകെട്ടും അതിന്റെ ജനാധിപത്യവും അതുവഴിയുണ്ടാകുന്ന സാഹോദര്യവും  സ്വാതന്ത്ര്യവുമൊക്കെ തകരുയാണ്. ഇവിടെ വിശ്വസാവിശ്വാസങ്ങളുടെ വ്യതിരിക്ത പാതയില്‍ സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശം പരസ്പരം അപകടപ്പെടുത്തുകയില്ലെന്നുള്ള സാഹോദര്യമര്യാദ ലംഘിക്കുന്നവരില്‍ കാണുന്നത്, അദൃശ്യമെങ്കിലും ഭാവിയില്‍ സംഹാരഭാവം കൈക്കൊള്ളാന്‍ സാധ്യതയുമുള്ള ഫാസിസത്തിന്റെ നേരിയ നിഴലാട്ടമാണ് (മതാടിസ്ഥാനത്തില്‍ രൂപം കൊണ്ടിട്ടുള്ള രാഷ്ട്രങ്ങളില്‍ അന്യമതസ്ഥര്‍ക്ക് മതരാഷ്ട്രം നല്‍കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും ആലോചിച്ചു നോക്കൂ). ജനാധിപത്യത്തില്‍ പരസ്പരം ബഹുമാനപൂര്‍വം വിശ്വാസത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചു കൊടുക്കുകയും സാഹോദര്യപ്പെടുകയും ചെയ്യേണ്ടവര്‍ അവരവരുടെ സമുദായവൃത്തങ്ങളിലേക്കു ചുരുക്കേണ്ട വിശ്വാസത്തെ പൊതുവേദിയിലേക്ക്  ആനയിച്ച് അതിന്റെ മാറ്റുരക്കാനുള്ള ശ്രമം സദുദ്ദേശ്യമല്ല എന്നത് വ്യക്തമാണ്. ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടയാളുകള്‍ വിശ്വാസത്തിന്റെ മൌലികതയും ശരിമയും മാറ്റുരച്ചു നോക്കുന്ന രീതിയില്‍ ദൈവത്തേയും പിന്നീട് മതദൈവത്തേയും സ്ഥാപിച്ചെടുക്കാന്‍ പുസ്തകപുറ്റിനുള്ളില്‍ തപസ്സുചെയ്ത് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ചില ഗവേഷകനപുംസകങ്ങളെ കെട്ടിയാനയിച്ചു കൊണ്ടു വരുമ്പോള്‍ അവരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമായിത്തീരുന്നു. അത്തരം ഒരു ഉദ്യമമാണ് സത്യാന്വേഷിയുടെ നേരെ നിസ്സഹായനുന്നയിച്ച ചോദ്യങ്ങളുടെ ഉള്ളടക്കം. അവയ്ക്ക്  ഉത്തരം പറയാന്‍ സത്യാന്വേഷിക്കു കെല്പില്ലാതെ വന്നതുകൊണ്ട് അവിടെയും ഗവേഷകനെ തന്നെ നിയോഗിക്കുന്ന രീതിയില്‍ സത്യാന്വേഷിയുടെ സത്യസന്ധത ഒരു മരീചികയായി  മാറുകയും അദ്ദേഹം ഒരു ഭീരുവിന്റെയും അടിമയുടെയും കൂലിത്തല്ലുകാരന്‍ ഗുണ്ടയുടെയും റോള്‍ ബ്ലോഗുകളിലുടനീളം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇന്ന് നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. ഈയവസരത്തില്‍ സത്യാന്വേഷിയേയും അദ്ദേഹം വലിച്ചിഴച്ചു കൊണ്ടുവന്ന സംവാദകോമാളിത്തവും ചെറുതായി ഒന്നു വിലയിരുത്തട്ടെ.

1) സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ 'സത്യാന്വേഷി'കാണിച്ചിരുന്ന പ്രത്യശാസ്ത്ര നിലപാടുകളോട് യോജിക്കുന്ന കാര്യത്തില്‍ എനിക്കോ, നിസഹായനോ സന്ദേഹമില്ലായിരുന്നു.

2) ബുദ്ധിസത്തെയും അംബേദ്ക്കറിസത്തേയും, പ്രശ്നവല്‍ക്കരിക്കുകയും പ്രത്യയശാസ്ത്രവല്‍ക്കരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകളധികവും. അദ്ദേഹത്തിന്റെ ബ്ലോഗിന്റെ ഐക്കണ്‍/പ്രൊഫൈല്‍ ബുദ്ധന്റേതാണ്. ചാറ്റിംഗിങ്ങിലും ചീറ്റിങ്ങിലും മുഴുകിക്കഴിയുന്ന പൈങ്കിളിപ്പിള്ളേര്‍ സിനിമാസ്റ്റാറുകളുടെ ഫോട്ടോ പ്രൊഫൈലില്‍ ഇടുന്നതുപോലെ തമാശയായും നിസ്സാരമായും തള്ളിക്കളയേണ്ടതല്ല സത്യാന്വേഷി ഉപയോഗിക്കുന്ന ബുദ്ധന്റെ ഐക്കണ്‍. ഈ ഐക്കണ്‍ ഉപയോഗിക്കുന്നതിലൂടെ സത്യാന്വേഷി ബുദ്ധിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തെ ചര്‍ച്ചചെയ്യുന്നതിന്റെ നിരര്‍ത്ഥകതയെ മനസ്സിലാക്കി മനുഷ്യധര്‍മത്തിന്റെ സന്ദേശത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ബുദ്ധിസത്തിന്റെ വക്താവായി കാണപ്പെടുന്നയാള്‍ നിലകെട്ടരീതിയില്‍ ഇടുങ്ങിയ വിശ്വാസധാരകളെ അടിമബോധത്തോടെ പിന്താങ്ങുന്നത് അത്ഭുതത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സത്യാന്വേഷിയുടെ നിലപാടെന്തെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്.

3) നൂറ്റാണ്ടുകളോളം തുടര്‍ന്ന 'ഹൈന്ദവ അധിനിവേശ പ്രത്യശാസ്ത്രം' തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തത്
അംബേദ്ക്കറൈറ്റുകളാണ്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട 'ആക്രമണ ഹിന്ദു'വിനെ പ്രതിരോധിക്കാന്‍ എല്ലാ മനുഷ്യസ്നേഹികളുടേയും വിപുലമായ സംഘാടനം രാഷ്ട്രീയമായി രൂപപ്പെടുന്നതില്‍  ഇസ്ലാം മതസ്ഥരുടെ പങ്ക് വലുതാണ്. ആ അര്‍ത്ഥത്തില്‍  ഇരകളുടെ ഐക്യം രൂപപ്പെടുത്തുന്നതില്‍, രാഷ്ട്രീയ ഇസ്ലാമിന് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തിയുണ്ട്.

4) രാഷ്ട്രീയ ഇസ്ലാമും, ആത്മീയഇസ്ലാമും കൊളോണിയല്‍ ആധുനികതയില്‍ എങ്ങനെ സ്ഥാനപ്പെടുന്നു എന്ന കാര്യത്തില്‍ സത്യാന്വേഷിക്ക് നിശ്ചയമില്ലെന്നു തോന്നുന്നു. ഇതറിയാമായിരുന്നെങ്കില്‍ രാഷ്ട്രീയഇസ്ലാമിനെ പ്രതിരോധിക്കുന്നയാള്‍ ആത്മീയഇസ്ലാമിന്റെ വാലില്‍ തൂങ്ങാന്‍ നടക്കുകയില്ലായിരുന്നു. മറിച്ച് അതിന്റെ ആത്മീയതയില്‍ കൃത്യമായ വിശ്വാസം ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കേണ്ടതില്ല. ബുദ്ധന്റെ ഐക്കണ്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കേണ്ട കാര്യവുമില്ല. അതാണ് സത്യസന്ധത.

5) കൊളോണിയല്‍ ആധുനികത രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനത്തില്‍ നിന്നും, വിഭജനത്തിലേക്കു നീങ്ങിയ ഇസ്ലാംസ്വത്വബോധത്തിന് വംശീയമായ നിറവു പകര്‍ന്നത്  'ഇസ്ലാം'എന്ന മതബോധമായിരുന്നു. അതായത് ഒരു വംശം എന്ന നിലക്ക് ഒരു ജനതയെ രൂപപ്പെടുത്തിയത് ഇസ്ലാം എന്ന മതം തന്നെയായിരുന്നു. ആ മതത്തിന്റെ ശരി/തെറ്റ് എന്നിവ വിശകലനം ചെയ്യുന്ന കേവലയുക്തിവാദത്തെ അവഗണിക്കേണ്ടതാണ്.

6) ന്ത്യയില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നു വികസിച്ചതാണ്, ആധുനിക ശാസ്ത്രജ്ഞാനം. ഈ ജ്ഞാനാധികാരത്തെ നിഷേധിച്ച് ആറാം നൂറ്റാണ്ടിന്റെ പാഠങ്ങളെ പ്രതിസ്ഥാപിക്കുവാന്‍ ശ്രീ ഹുസൈന്‍  നടത്തുന്ന സര്‍ക്കസ് അതുകൊണ്ടുതന്നെ മുസ്ലീം വിരുദ്ധമാണ്. ഇതു തിരിച്ചറിയുന്നില്ലെന്നതാണ് സത്യാന്വേഷിയുടെ പരാജയം.

7) തം ഏതോ മധ്യകാലമൂഢതയാണന്നു ധരിച്ചുവെച്ചിട്ടുള്ളവരാണ് യുക്തിവാദികളും,'വിപ്ലവകാരികളും'. എന്നാല്‍ ആധുനിക ജനാധിപത്യത്തിന്റെ സങ്കീര്‍ണ്ണതകളെ നേരിടാനുള്ള കെല്പ് ആര്‍ജിക്കാന്‍, മനുഷ്യന്റെ 'ചോദന'/'ധാര്‍മികത'/'നീതിബോധം'/'കാരുണ്യം' ഇത്യാദി അടിസ്ഥാന വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ലന്നതാണ് കമ്മ്യൂണിസ്റ്റ്/മതേതര ബോധത്തിന്റെ പരിമിതി. ഇതുമറികടക്കാന്‍ കഴിയുന്ന ഒരു മതം
മനുഷ്യനാവശ്യമുണ്ടെന്നാണ് അംബേദ്ക്കര്‍ പാഠം. അതുകൊണ്ടാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചതും (അനുഷ്ഠാന ബുദ്ധമതസങ്കല്പങ്ങളില്‍ നിന്നും മാറി, ബുദ്ധധര്‍മ്മത്തെ വ്യാഖ്യാനിച്ച് സ്വീകരിക്കുകയായിരുന്നു.)
കൃസ്തുമതത്തെയും ഇസ്ലാമതത്തെയും തള്ളിക്കളഞ്ഞതും. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ പിന്തുണയ്ക്കുക വഴി ഒരു ജനതയെന്ന നിലയില്‍ ഇസ്ലാമിന്റെ അസ്തിത്വത്തിനുള്ള അവകാശം അംഗീകരിക്കുകയും അങ്ങനെ സാഹോദര്യത്തിന് അര്‍ത്ഥമുണ്ടാക്കുകയും ചെയ്തു അംബേദ്ക്കര്‍. അല്ലാതെ ഇസ്ലാമിന്റെ ആത്മീയതയെ പിന്‍പറ്റുകയല്ല അംബേദ്ക്കര്‍ ചെയ്തത്.

8) സ്ലാം, ഒരു സമ്പൂര്‍ണ്ണ മതമാണെന്നും, ജീവിതവ്യവസ്ഥയാണെന്നും അതിന്റെ വിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ അവ സാമാന്യബോധത്തിനു ബോധ്യപ്പെടാത്ത നിരര്‍ഥകവും, യുക്തിഭംഗവുമുള്ള വാദഗതികളാണ്. അത് കൂടുതല്‍ അപഹാസ്യമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ധാരാളം. ഇക്കാര്യത്തില്‍ ചില കമന്റുകള്‍ സത്യാനേഷിതന്നെ നടത്തിയിട്ടുണ്ട്.(ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് ജാതി ഇനിയും മനസ്സിലായിട്ടില്ല.)
 
9) ഹുസൈന്റെ കമന്റില്‍ എന്നെ ഞെട്ടിച്ച ഒരു പ്രസ്താവനയുണ്ട്. "യൂറോപ്യന്  ക്യാന്‍സര്‍ കൊടുത്ത ദൈവം അറേബ്യന് പെട്രോളാണ് കൊടുത്തത്." ഏഷ്യയിലേയും ആഫ്രിക്കയിലേയും മുസ്ലീമിന് പട്ടിണികൊടുത്തതും ലോകത്ത് ഒരു മുസ്ലീമിനും രാഷ്ട്രീയസമാധാനം കൊടുക്കാത്തതും ഇതേ ദൈവമായിരിക്കും എന്നുകൂടി ചിന്തിക്കാന്‍ സായ് വിനു കഴിയുന്നില്ലല്ലോ  കഷ്ടം ! ഇഹലോകത്തിലെ ജീവിതത്തിനു വിലകല്പിക്കാതെ ഇവിടെ നരകിച്ചു ജീവിച്ച് വാഗ്ദത്തസ്വര്‍ഗത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നവര്‍ മറ്റുള്ളവരുടെ ജീവനും ജീവിതവും സ്വൈര്യവും അപകടപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.

10) ല്ലാ ജനസമൂഹങ്ങളും അവരവരുടേതായ പ്രപഞ്ച വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട് ചില ഉദാഹരണങ്ങള്‍

* ഹിന്ദുമതത്തില്‍ പെട്ട അവര്‍ണ്ണ/വിദഗ്ദ തൊഴിലാളി സമൂഹമായ വിശ്വകര്‍മ്മജര്‍ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ശില്പി) വിശ്വസിക്കുന്നത് പ്രപഞ്ചത്തെ സൃഷ്ടിച്ചത് അവരുടെ പിതാവായ/ദൈവമായ 'വിശ്വകര്‍മ്മാ'വാണെന്നാണ്. എന്നാല്‍ 'അതിന്റെ’ശാസ്ത്രീയത സ്ഥാപിക്കാന്‍ ഇറങ്ങി പുറപ്പെടാന്‍ മാത്രം 'ധൈര്യം'ഉള്ള ഒറ്റ വിശ്വകര്‍മജരും കേരളത്തില്‍ കാണില്ല.(ഹിന്ദുമത നവീകരണം പച്ചപിടിച്ച എണ്‍പതുകള്‍ മുതല്‍ ആയുധപൂജയും വിശ്വകര്‍മജയന്തിയും മറ്റുചടങ്ങുകളും അങ്ങിങ്ങു കാണാറുണ്ട്. അവര്‍ണ്ണ ദൈവങ്ങളെ ശുദ്ധീകരിച്ചെടുക്കലാണ് സംഘപരിവാറിന്റെ പ്രധാന പണിതന്നെ)
 
* പ്രപഞ്ചം ഉണ്ടായതിനെ പറ്റി കീഴാളജാതിസമൂഹം(ദലിതര്‍) അവരുടെ  പാട്ടിലൂടെ അവതരിപ്പിക്കുന്നത് കാണുക.
   "ആദിയില്ലല്ലോ..ലന്തമില്ലല്ലോ..ലക്കാലമ്പോലായുഗത്തില്‍
     ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ  ലക്കാലമ്പോലായുഗത്തില്‍.
     .........................................
     ആദിയോളം  നൂലുവന്നയ്യോ..താണുരുണ്ടു..2
     പാതി മുട്ട വിണ്ട്പൊട്ടി മേലുലോകം പൂകിയല്ലോ     പാതിമൊട്ട വിണ്ട്പൊട്ടി കീഴുലോകം പൂകിയല്ലോ..."

     
(അണ്ടര്‍ ലൈന്‍ ചെയ്ത ഭാഗം തങ്ങളുടെ പൌരാണിക പ്രപഞ്ച സങ്കല്പമാണെന്നും അതനുസരിച്ച് പ്രപഞ്ചോത്ഭവത്തിനു മുന്‍പ് രാത്രിയും പകലും ഇല്ലായിരുന്നെന്നും ഇന്നത്തെ ആധുനികശാസ്ത്രം പ്രപഞ്ചോല്പത്തിയെക്കുറിച്ച്  മുന്നോട്ടു വെയ്ക്കുന്ന ബിഗ്ബാങ്ങ് തിയറി തന്നെയാണ് തങ്ങളുടെ പ്രപഞ്ചവീക്ഷണമെന്നും വേണമെങ്കില്‍ ദളിതര്‍ക്ക് അവകാശപ്പെടാവുന്നതാണ്. പക്ഷെ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും പോലെ അത്തരം ഊളത്തരത്തിന് തുനിയാതിരിക്കാനുള്ള വകതിരിവ് ആ സമൂഹത്തിനുണ്ട്). ഇങ്ങനെ പാടിപോകുന്ന മനുഷ്യന്റെ ഗതികേടെന്നത്, വിശാലവും വിസ്മയകരവുമായ പ്രപഞ്ചത്തെ അവരവരുടേതായി
വ്യാഖ്യാനിക്കേണ്ടി വരുന്നതുമൂലമാണ് (ആരും അതിന്റെ 'ശാസ്ത്രീയത'അവകാശപ്പെടുന്നില്ല.) ആദിവാസികള്‍ക്കും ഇങ്ങനെ കുറേ കഥകളും പാട്ടുകളും ഉണ്ട്. പ്രദേശങ്ങളും രാജ്യങ്ങളും കടന്നുപോയാല്‍ ഇത്തരം ആയിരക്കണക്കിനു കഥകള്‍ കിട്ടും. അതുപോലൊരു കഥകള്‍ തന്നെയാണ് ഇസ്ലാമും കൃസ്ത്യാനിറ്റിയും പോലുള്ള സെമിറ്റിക് മതക്കാര്‍  കൊണ്ടുനടക്കുന്ന ഉല്പത്തിക്കഥകളും. ഈ കഥകളൊക്കെ സത്യമാണെങ്കില്‍ എല്ലാവരുടെ കഥകളും സത്യമാണ്. ഇവിടെയൊരു പ്രത്യേകത മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കച്ചവടത്തിനും പിടിച്ചടക്കലിനും കടന്നെത്തിയതിനാല്‍ ഇവിടെയുള്ള കുറേയേറെപ്പേര്‍ അതിന്റെ വിശ്വാസികളായി, അത്രമാത്രം. ആഗോളതലത്തില്‍ അധിനിവേശം സ്ഥാപിച്ച രണ്ടു മതങ്ങളാണ് കൃസ്തുമതവും, ഇസ്ലാം മതവും. ലോകശക്തിപോലെയും ലോകാധിപത്യം പോലെയും തെളിയിക്കേണ്ടതാണ് 'ലോകമതവും'. അതിന് ആധുനികമായ ശാസ്ത്രമുള്‍പ്പെടെ ഏതു ജ്ഞാനരൂപങ്ങളെയും ഇസ്ലാമിനു വിശ്വാസികളില്‍ നിന്നും മറച്ചുപിടിക്കേണ്ടിവരും. ആദ്യകാലങ്ങളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലന്നും, പള്ളികൂടത്തില്‍ പോകരുതന്നും പഠിപ്പിച്ചിരുന്നവര്‍, വിശ്വാസികള്‍ അതു മറികടന്നപ്പോള്‍, നിബന്ധന സ്ത്രീകളിലേയ്ക്കു മാത്രമായൊതുക്കി, അവിടുന്നും സമൂഹം മുന്നോട്ടു പോയി. മദ്രസ്സയിലെ മതപഠനങ്ങളില്‍ തറഞ്ഞുകിടന്ന സമുദായം, ആധുനികതയുടെ വിശാലഭൂമിയില്‍  കടന്നതാണ് ഇന്നു കാണുന്ന സാമൂഹ്യാവസ്ഥയുടെ കാരണമെന്ന് ഒരുതലമുറ തിരിച്ചറിയുന്നുണ്ട്. ആറാംനൂറ്റാണ്ടിന്റെ പ്രപഞ്ചവീക്ഷണവും, മതബോധന-പഠനങ്ങളുമായി ആധുനിക ശാസ്ത്രജ്ഞാനത്തെ സംവാദത്തിനു ക്ഷണിക്കുന്ന 'ധൈര്യത്തെ'(മണ്ടത്തരത്തെ..എന്നും മൊഴിമാറ്റാം) ആ സമുദായത്തോടു കാണിക്കുന്ന ദ്രോഹമായി കാണേണ്ടതുണ്ട്.

11)  സത്യാന്വേഷിയുടെ അജണ്ട എന്താണന്നു വ്യക്തമല്ലെങ്കിലും, ഹുസൈന്റേത് വ്യക്തമാണ്. ഫണ്ടിംഗ് ഫെസിലിറ്റിയുള്ള ഇസ്ലാം, തീറ്റിപ്പോറ്റി, ഡോളറുകള്‍ കൊടുത്തു കനപ്പെട്ട പുസ്തകങ്ങള്‍ വാങ്ങി വായിപ്പിച്ചും (ഇസ്ലാമിക്‍ റേഡിയോ പ്രഭാഷണം സാക്ഷ്യം) പുസ്തകമെഴുതിപ്പിച്ചും അവരുടെ ആത്മീയതയ്ക്കും രാഷ്ട്രീയത്തിനും അക്രമണോത്സുകമായ പ്രത്യയശാസ്ത്ര പാഠങ്ങള്‍ നിര്‍മിക്കാനുള്ള ആസ്ഥാനബുദ്ധിജീവികളില്‍ ഒരാളാണ് ഹുസൈന്‍. ഇരുപത്തിനാലു മണിക്കൂറും പുസ്തകങ്ങളും കമ്പ്യൂട്ടറുമായി സല്ലപിച്ചിരുന്നാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലുമായി മുറിനിറയെ പുസ്തകങ്ങള്‍.'അറിവ് ' തളം കെട്ടിയ തലച്ചോറ്. സയന്‍സ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും, സയന്‍സിനെപ്പറ്റി ശാസ്ത്രജ്ഞരേക്കാള്‍ ഭയങ്കര വെവരം. ഐന്‍സ്റ്റീനൊന്നും ഇദ്ദേഹത്തിന്റെ കാലത്തു ജനിക്കാതെ പോയത് അവരുടെ ഭാഗ്യം ! പക്ഷെ എന്തേ ഈ വിവരങ്ങളെല്ലാം ഒരു ഗവേഷണപ്രബന്ധത്തിനോ ഡോക്ടറേറ്റിനോ പോലും ഉപകാരപ്പെടാതെ പോയി എന്നൊരു സംശയം ? ഇരുപത്തഞ്ചു വര്‍ഷം പഠിച്ചിട്ടും ഗവേഷിച്ചിട്ടും ഇസ്ലാമിക സര്‍ക്കിളുകളില്ലല്ലാതെ കേരളത്തില്‍ മാനവികതയ്ക്കു വേണ്ടിയുള്ള ഒരു ബുദ്ധിജീവിയായെങ്കിലും മാറാത്തത് ഇദ്ദേഹം മന്ദബുദ്ധിയായതു കൊണ്ടു തന്നെയാണ്. അല്ലാതെ ഇസ്ലാമായതുകൊണ്ടല്ല. ഇസ്ലാമില്‍നിന്നും കവികളും നോവലിസ്റ്റുകളും ചെറുകഥാകൃത്തുക്കളും ചിന്തകരും രാഷ്ട്രീയനേതാക്കളും കേരളത്തില്‍ അര്‍ഹമായ ഇടം ലഭിക്കാതെ തഴയപ്പെട്ടിട്ടുണ്ടെങ്കില്‍ നെഞ്ചില്‍ കൈവെച്ച് പറയുക. (ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍ മാത്രം ഭാഗ്യം വിധിച്ചിട്ടുള്ള എനിക്ക്, മുഴുവന്‍ സമയവും എഴുത്തും വായനയുമായി കഴിയുന്ന ഹുസൈന്‍ സായ് വിനോടും, സയന്‍സ് പഠിച്ച് ആ മേഖലയില്‍ പണിയെടുത്ത് കിട്ടുന്ന സമയംകൊണ്ട് പോസ്റ്റിടുകയും, പിന്നെ കമന്റുകയും ചെയ്യുന്ന 'നിരീശ്വര-യുക്തിവാദി' ബ്ലോഗര്‍ മാരോടുള്ള 'അസൂയ' ഈ അവസരത്തില്‍ രേഖപ്പെടുത്തികൊള്ളട്ടെ)
ദൈവത്തിന്റെ അസ്തിത്വം ഒരു വിശ്വാസിക്ക് സ്ഥാപിക്കേണ്ടിവരുകയും, അതു സ്വന്തം മതപ്രകാരമാണന്ന് പറഞ്ഞുറപ്പിക്കേണ്ടി വരുന്ന ഗതികേടിനെ, അതിന്റെ പിന്നിലുള്ള ഉത്തരവാദിത്വത്തെ നിരീശ്വരന്മാര്‍ക്ക് ബോധ്യപ്പെടില്ല.

12) സത്യാന്വേഷിയുടെ ഗതികേടു നോക്കണേ! "തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍...   പിള്ളേയെയെടുത്തു തടുത്തീടും"
എന്നു പറഞ്ഞപോലെ, ഹുസൈന്‍ പറഞ്ഞ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയപ്പോള്‍, മുസ്ലീം ബ്ലോഗറിനെതിരെ വംശീയതയോളം വളര്‍ന്ന മുസ്ലീം വിരുദ്ധതയാണന്നു സ്ഥാപിക്കുന്നതോടെ, ഈയുള്ളവന്‍ വരെ പ്രതിപട്ടികയിലായി. മുസ്ലീം വിരുദ്ധതയെന്നത്, സവര്‍ണ്ണ അജണ്ട പൊതുബോധത്തിലേക്കു വിന്യസിച്ച സത്യംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശമാണ്, ഏതു ജനസമൂഹത്തിനും അവരുടെ വിശ്വാസവും, ഭാഷയും സംരക്ഷിച്ചുകൊണ്ടുതന്നെ നിലനില്‍ക്കാനുള്ള അവകാശം. ആ അവകാശം സ്ഥാപിച്ചെടുക്കുവാനും, എതിരെ വരുന്ന
ഏതുനീക്കത്തേയും പ്രതിരോധിക്കുവാനും സംഘടിക്കുന്നതില്‍ തെറ്റില്ല. മുസ്ലീം സമൂഹത്തിലും, ദലിത് സമുദായങ്ങളിലും ഇത്തരം പ്രതിരോധപ്രസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോള്‍ ഭരണകൂട ഒത്താശയോടെ നിര്‍ദയം അടിച്ചമര്‍ത്തുന്നത് സമകാലിക കാഴ്ചയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതുതിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന വംശീയ ഉന്മൂലനങ്ങളില്‍  അതു പ്രകടമായിട്ടുമുണ്ട്. ഇവിടെ മതേതര വിശ്വാസികളുടെയും ജനാധിപത്യവിശ്വാസികളുടെയും അത്രചെറുതല്ലാത്ത ഒരു സമൂഹവും നിലനില്‍ക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഉത്തരാധുനികതയുടെ പ്രശ്നപരിസരത്താണ് സൃഷ്ടിവാദത്തിന്റെ 'ശാസ്ത്രീയത’യുടെ പെട്ടികട തുടങ്ങാന്‍, വലിയ കച്ചവടക്കാരനായ ശ്രീ.ഹുസൈനെ, ശ്രീമാന്‍ സത്യാന്വേഷി ആനയിച്ചുകൊണ്ടുവന്നിരിക്കുന്നത്.