2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ചില ജാതിവാദികളുടെ നിലവിളികള്‍ !!!!!

നായര്‍സമുദായത്തിന്റെ ‘ദയനീയസ്ഥിതി’ നേരില്‍ക്കണ്ടു മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനുമായി കോണ്‍ഗ്രസ് പ്രതിനിധിയും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി. രാഷ്ട്രീയനേതാക്കള്‍ പെരുന്ന സന്ദര്‍ശിക്കുന്നതിന്റെ രഹസ്യമെന്താണ്? 85 ശതമാനം പിന്നാക്ക-ദലിത് വിഭാഗങ്ങളും 15 ശതമാനം മുന്നാക്കസമുദായങ്ങളുമുള്ള ഇന്ത്യയിലെ ഒരു സമുദായത്തോടു മാത്രം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ള ഈ ആഭിമുഖ്യം ഒരു ജനാധിപത്യരാജ്യത്തിനും സംസ്കാരത്തിനും നിരക്കുന്നതാണോ?
1891 ഫെബ്രുവരി 19ന്റെ മദ്രാസ് മെയില്‍ പത്രത്തില്‍ ‘ഒരു തീയ്യന്‍’ എന്ന പേരുവച്ച് ഡോ. പല്‍പ്പു ഒരു കത്തെഴുതിയിരുന്നു. ആ കത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: ‘ഈഴവരെന്ന ഒരു ജാതിയുണ്ട്; സര്‍!’ മൈസൂര്‍ ഗവണ്‍മെന്റ് സര്‍വീസിലിരുന്നതുകൊണ്ടാണ് അദ്ദേഹം ‘ഒരു തീയ്യന്‍’ എന്ന അജ്ഞാതനാമത്തില്‍ പ്രതികരിച്ചത്. തിരുവിതാംകൂറില്‍ ഈഴവരെന്നൊരു കൂട്ടരേയില്ലെന്ന് ഒരു തിരുവിതാംകൂര്‍ ‘ഹിന്ദു’ എഴുതിയ ലേഖനത്തിനുള്ള മറുപടിയായിരുന്നു ആ കത്ത് (പി കെ ബാലകൃഷ്ണന്റെ നാരായണഗുരു സമാഹാരഗ്രന്ഥത്തില്‍ ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തെപ്പറ്റിയുള്ള റിപോര്‍ട്ട് കണ്ടപ്പോള്‍ ഈ ചരിത്രമുഹൂര്‍ത്തമാണ് ഓര്‍മവന്നത്. മന്ത്രി ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഞങ്ങള്‍ക്കു പറയാനുള്ളതും അന്നു പല്‍പ്പു പറഞ്ഞതുതന്നെയാണ്. പല്‍പ്പു അന്ന് ഈഴവരെ സംബന്ധിച്ച കാര്യത്തില്‍ ഒറ്റയ്ക്കു പ്രതികരിച്ചുവെങ്കില്‍ ഇന്നു പിന്നാക്ക-ദലിത് സമൂഹത്തിന്റെ പ്രതിനിധികളായി ഞങ്ങള്‍ പ്രതികരിക്കുന്നു. അതുകൊണ്ടാണ് ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; സര്‍!’ എന്നു വിലാസ് റാവു ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതാക്കളോടും പറയേണ്ടിവന്നത്. ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; മാഡം’ എന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും പറയേണ്ടിയിരിക്കുന്നു. മുന്നാക്കവിഭാഗങ്ങള്‍ക്കു സാമൂഹിക അവശതയില്ലെന്നും സാമ്പത്തിക പരാധീനതയാണുള്ളതെന്നും എന്‍.എസ്.എസ് സമ്മതിക്കുന്നു. എന്നാല്‍, പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് ഇത് രണ്ടുമുണ്െടന്നതാണു യാഥാര്‍ഥ്യം.
സ്വാതന്ത്യ്രാനന്തരം കോണ്‍ഗ്രസ് രാജ്യഭരണം തുടങ്ങിയിട്ട് 63 വര്‍ഷമാവുന്നു. ഇക്കാലത്തെ ഭരണംകൊണ്ട് മുന്നാക്കവിഭാഗങ്ങള്‍ക്ക് അവശതയുണ്ടായെങ്കില്‍ അക്കാര്യം അന്വേഷിക്കുന്നതു നല്ലതാണ്. മുന്നാക്കവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് എന്‍.എസ്.എസ് പ്രതിനിധീകരിക്കുന്നവര്‍ക്ക്, അവശതയും പരാധീനതയുമുണ്െടങ്കില്‍ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയും മറ്റും എന്തായിരിക്കുമെന്ന് ദേശ്മുഖും മറ്റു നേതാക്കളും ചിന്തിക്കുന്നതു നന്നായിരിക്കും. നിയമസഭയിലും പാര്‍ലമെന്റിലും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളിലും ജനസംഖ്യയേക്കാള്‍ വളരെ കൂടുതല്‍ പ്രാതിനിധ്യം ഇപ്പോള്‍ എന്‍.എസ്.എസിനുണ്ട്. മാത്രമല്ല, പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയ്ക്കു കാരണം നൂറ്റാണ്ടുകളായി മുന്നാക്കവിഭാഗങ്ങള്‍ നയിച്ച വ്യവസ്ഥിതിയുമാണ്. മുന്നാക്കസമുദായത്തില്‍പ്പെട്ടവരില്‍ സാമ്പത്തിക പരാധീനതയുള്ളവര്‍ ഉണ്െടന്ന കാര്യം ദേശീയ യാഥാര്‍ഥ്യമാണ്. ഇതുസംബന്ധിച്ച കേന്ദ്ര കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ യു.പി.എ നേതൃത്വം ചര്‍ച്ചചെയ്തുവരുകയാണെന്നു കേന്ദ്രമന്ത്രി അറിയിച്ചുവെന്നും പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. സാമ്പത്തിക പരാധീനത കേരളത്തിലെയോ ഇന്ത്യയിലെയോ മുന്നാക്കവിഭാഗങ്ങളുടെ മാത്രം പ്രതിഭാസമല്ല, മനുഷ്യസമൂഹത്തിലാകെയുള്ള പ്രതിഭാസമാണ്. 15 ശതമാനം വരുന്ന മുന്നാക്കക്കാരില്‍ സാമ്പത്തിക പരാധീനതയുള്ളവരുണ്െടങ്കില്‍ അതുപോലെ തന്നെ 85 ശതമാനം വരുന്ന പിന്നാക്കവിഭാഗങ്ങളിലും സാമ്പത്തിക പരാധീനതയുള്ളവരുണ്ട്. ഇതു ദേശീയ യാഥാര്‍ഥ്യമാവാത്തത് എന്തുകൊണ്ട്? സാമ്പത്തിക പരാധീനതയ്ക്കു മുന്നാക്ക-പിന്നാക്ക വ്യത്യാസം കാണുന്നത് അസംബന്ധവും അനീതിയും അശാസ്ത്രീയവുമാണ്. സവര്‍ണവിഭാഗങ്ങളുടെ സ്വാഭാവിക അവശതകള്‍ ദേശീയ യാഥാര്‍ഥ്യമാവുമ്പോള്‍ പിന്നാക്കവിഭാഗങ്ങളുടെ അവശതകള്‍ കേവലം പ്രാദേശിക യാഥാര്‍ഥ്യംപോലുമാവാത്തത് എന്തുകൊണ്ട്? ചരിത്രയാഥാര്‍ഥ്യങ്ങളെ നിഷേധിച്ചുകൊണ്ട് ഉപരിവര്‍ഗതാല്‍പ്പര്യ സംരക്ഷണത്തിനുള്ള ഇത്തരം കുതന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിനു മാത്രമല്ല, ഏതൊരു രാഷ്ട്രീയകക്ഷിക്കും ഭൂഷണമല്ല.
അട്ടിമറിക്കപ്പെട്ട മണ്ഡല്‍ റിപോര്‍ട്ടും സച്ചാര്‍ റിപോര്‍ട്ടും നരേന്ദ്രന്‍ റിപോര്‍ട്ടും മറ്റും പുറത്തുകൊണ്ടുവന്ന ദേശീയ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും ഈ യാഥാര്‍ഥ്യങ്ങള്‍ക്കു കാരണക്കാരായ ഉപരിവര്‍ഗങ്ങളുടെ അവശതകള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നത് അപകടകരമായ സൂചനയാണു നല്‍കുന്നത്. ദലിതുകള്‍, ആദിവാസികള്‍, മറ്റു പിന്നാക്കക്കാര്‍ എന്നിവര്‍ അനേകം സംസ്ഥാനങ്ങളില്‍ തീവ്രവാദപരമായി സ്വയംഭരണമേഖലകള്‍ ഉണ്ടാക്കിയിരിക്കുന്നുവെന്ന് തുറന്നുസമ്മതിക്കുന്ന ഭരണാധികാരികള്‍ ഇത്തരം രാഷ്ട്രീയനാടകങ്ങളിലൂടെ രാജ്യത്തെ എങ്ങോട്ടാണു നയിക്കുന്നത് എന്ന് ഒരുനിമിഷം ചിന്തിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍ ‘ഹന്ത നിര്‍ഭാഗ്യം ജനാനാം’ എന്ന ചൊല്ലില്‍ മാത്രം കാര്യങ്ങള്‍ നില്‍ക്കില്ല. ഭരണവര്‍ഗത്തിന്റെ കാലിനടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങുമെന്ന കുമാരനാശാന്റെ സന്ദേശം ഒന്നു പഠിച്ചുനോക്കുന്നതും നന്നായിരിക്കും. ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്, സര്‍!
പി ടി പ്രസന്നകുമാര്‍ (എസ്.സി),
പുനലൂര്‍ സലീം,
ബേബി ഐസക് (ദലിത് ക്രിസ്ത്യന്‍ സാഹോദര്യ സമിതി),
അഡ്വ. വിജയന്‍ ശേഖര്‍ (ഡോ. പല്‍പ്പു ഫൌണ്േടഷന്‍),
പ്രഫ. രാജു തോമസ്,
അഡ്വ. പി ആര്‍ സുരേഷ് (എഴുത്തച്ഛന്‍ സമാജം),
പുലിക്കുഴി ബാലചന്ദ്രന്‍ (എസ്.സി),
പി കെ വിജയദാസ് (ധീവര സമുദായം),
അഡ്വ. എസ് പ്രഹ്ളാദന്‍ (എസ്.എന്‍.ഡി.പി കുന്നത്തൂര്‍),
ഡോ. എം എസ് ജയപ്രകാശ്,
ഡോ. പി കെ സുകുമാരന്‍ (എസ്.എന്‍.ഡി.പി യോഗം, തൃശൂര്‍)
ഇതും തീവ്രവാദികളുടെ പത്രത്തിലാണു വന്നത്.
('ഞങ്ങള്‍ക്കും ജാതിയുണ്ട്, സര്‍ എന്ന പേരില്‍ സത്യാന്വേഷി പ്രസിദ്ധീകരിച്ച ലേഖനം')
കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!

കൈവെട്ടുകേസിലൂടെ ഒറ്റപ്പെടുകയും പ്രതിരോധത്തിലാകുകയും ചെയ്ത ഇസ്ലാംമത വിശ്വാസികളെ മുഴുവന്‍ ഭീകരവാദത്തിന്റെ അനുയായികളായി ചിത്രീകരിച്ച് ഒരു സാംസ്ക്കാരികാക്രമണം നടത്താന്‍  സംഘപരിവാറുകാര്‍ക്കൊപ്പം  മതേതരരും യുക്തിവാദികളും  മറ്റ് സാംസ്ക്കാരിക നാട്യക്കാരും ബൂലോകത്ത് കൊണ്ടുപിടിച്ചുള്ള ശ്രമം നടത്തുന്നു. സാമ്രാജ്യത്വത്തിനും പിണിയാളുകള്‍ക്കും വിടുപണി ചെയ്യുന്ന മാധ്യമങ്ങള്‍ സവര്‍ണപൊതുബോധത്തിന്റെ കുഴലൂത്തുകാരാകുമ്പോള്‍  ഇതു തിരിച്ചറിഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ  അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തി ബ്രാന്‍ഡു ചെയ്യുകയും ഇസ്ലാമിക ഭീകരവാദത്തിന്റെ 'അപ്പോളജിസ്റ്റുകളാ'ക്കുകയും ചെയ്യുന്നു. ഇസ്ലാമിനെ ശത്രുവാക്കി അപരവത്ക്കരിക്കുന്നവരുടെ പ്രതിനിധിയായ ശ്രീ. മുരളി എന്ന ബ്ലോഗര്‍ വേണുഗോപാല്‍, സത്യാന്വേഷി, ചാര്‍വാകന്‍, ഈയുള്ളവന്‍ തുടങ്ങിയവരെ 'ഭീകരവാദികളുടെ ന്യായവാദി'കളാക്കിയും ഇസ്ലാമിനെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ചമച്ചും  ഇട്ട കമന്റുകള്‍ ഇവിടെയുണ്ട് (കമന്റുകള്‍ :- 1, 2, 3, 4, 5). ആധികാരികമായി അദ്ദേഹം കൊണ്ടുവന്നരേഖകള്‍ പരിശോധിച്ചു തയ്യാറാക്കിയ ഈ മറുപടി വ്യക്തിപരമായി മുരളിക്കുള്ള മറുപടിയെന്നതിനേക്കാള്‍ മുരളി ഉള്‍പ്പെടുന്ന പൊതുബോധനിലപാടുകളോടുള്ള പ്രതികരണങ്ങളാണ്.

സമ്രാജ്യത്വവും അവരുടെ സേവകരായ മാധ്യമങ്ങളും നൂറ്റാണ്ടുകളായി പ്രചരിപ്പിക്കുന്ന നുണകള്‍ വിഴുങ്ങും മുമ്പേ ഒരു വട്ടമെങ്കിലും ശ്രീ മുരളിക്ക്   ആലോചിക്കാമായിരുന്നു 'ഭീകരത സമം ഇസ്ലാം' എന്ന സമവാക്യം കണ്ടുപിടിച്ചത് സംഘ്പരിവാറല്ല, ബ്രിട്ടീഷ്  അമേരിക്കന്‍ സാമ്രാജ്യത്വങ്ങള്‍ തന്നെയാണെന്ന്. എക്കാലവും സാമ്രാജ്യത്വ ദാസ്യവേല സസന്തോഷം ചെയ്തിട്ടുള്ള സംഘ്പരിവാര്‍  അതേറ്റു പാടുന്നന്നേയുള്ളു (അതുകൊണ്ടാണല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ നിന്നും അവര്‍ വിട്ടുനിന്നത് !). ശ്രീ. മുരളി ചെയ്തതും മറ്റൊന്നല്ല. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ യുടെ മേധാവിയായിരുന്ന 'ജയിംസ് വൂള്‍സി' (James Woolsey) അവതാരികയെഴുതി പ്രസിദ്ധീകരിച്ച ഗ്ലാസോവിന്റെ 'United in hate' എന്ന കൃതിയാണ് മുരളി ആധികാരിക സ്രോതസ്സായി ഹാജരാക്കുന്നത്. ഇത്തരം ചവറുകള്‍ അക്കാദമിക സത്യസന്ധത പുലര്‍ത്തണമെന്ന് ആഗ്രഹമുള്ളവരാരും അവലംബമാക്കാറില്ലെന്നതിനാല്‍ മുരളിയും തുള്ളുന്നത് സി.ഐ.എ. യുടെ താളത്തിനൊത്താണെന്ന് വ്യക്തമാകുന്നു.

സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നവരെ സാമ്രാജ്യത്വവും പിണിയാളുകളും എക്കാലവും ഭീകരരായി മുദ്രകുത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ഗാന്ധിയും നെഹ്രുവും സുഭാഷ്ചന്ദ്രബോസും ഭഗത് സിംഗും ഭീകരരായിരുന്നു. ആഫ്രിക്കന്‍ സ്വാതന്ത്ര്യ സമരനായകനായ  നെല്‍സണ്‍ മണ്ടേല ഇന്നും അമേരിക്കന്‍ ടെറര്‍ ലിസ്റ്റിലുള്ളയാളാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്ക സന്ദര്‍ശിക്കാന്‍ ശ്രമിച്ച മണ്ടേല ഇക്കാരണത്താല്‍ തിരികെ പോരേണ്ടി വന്നുവെന്നത് നമ്മുടെ നാട്ടിലെ ചാനലുകള്‍ പോലും റിപ്പോര്‍ട്ടു ചെയ്ത കാര്യമാണ്. ഒന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ് ടണ്‍ പോലും  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ  ദൃഷ്ടിയില്‍ ഒരു കാലത്ത് ഭീകരനായിരുന്നു എന്ന ചരിത്രവസ്തുത  അറിയണമെങ്കില്‍ സത്യസന്ധമായ ചരിത്രകൃതികള്‍ വായിക്കണം. അമേരിക്കയുടെ അമ്പത്തഞ്ച് സ്ഥാപകപിതാക്കളും ബ്രിട്ടന്റെ നോട്ടത്തില്‍ ഭീകരരായിരുന്നു! ഇത്തരം കാര്യങ്ങള്‍ ഗ്രഹിക്കാതെ കാര്യങ്ങളെ വേറിട്ട അഭിപ്രായങ്ങള്‍ പറയുന്നവരെ ബ്രാന്‍ഡു ചെയ്യുന്ന മുരളിമാരാണ് സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഹിന്ദുഭീകരതയുടെയും അപ്പോളജിസ്റ്റുകളെന്ന് ഇതില്‍ നിന്നും വ്യക്തമല്ലേ ?.

ഇനി ഗ്ലാസോവിന്റെ കൃതിയുടെ ഉള്ളടക്കം നോക്കാം. മുഖ്യധാരാ ഇടതുബുദ്ധിജീവികള്‍ മുസ്ലീം മിലിട്ടന്‍സിക്ക് ഒരിക്കലും അനുകൂലമായിരുന്നില്ലെന്ന് മാത്രമല്ല എതിരായിരുന്നുതാനും. അതിനുമപ്പുറം പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ എല്ലാ കടന്നുകയറ്റങ്ങളെയും ന്യായീകരിച്ചവരാണ് ഇടതുപക്ഷക്കാര്‍ (ഒറ്റപ്പെട്ട ചിലര്‍ എതിര്‍ത്തിരുന്നു. ഇത് അപവാദം മാത്രം)

അഫ്ഗാനിസ്ഥാനെ ആദ്യം ആക്രമിച്ച് കീഴടക്കിയത് സോവിയറ്റു യൂണിയനായിരുന്നു. അന്ന് താലിബാന്‍കാരെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചത് "നമ്മുടെ സ്വാതന്ത്ര്യപ്പോരാളികള്‍"(Our Freedom Fighters) എന്നാണ്. സോവിയറ്റു യൂണിയനെതിരെ പോരാടാന്‍ കുറെ ആയുധങ്ങളും പിന്തുണയും അമേരിക്ക നല്‍കുകയും ചെയ്തു (മുസ്ലീങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, സോവിയറ്റു വിരോധം കൊണ്ട്). എന്നാല്‍ 2001-ല്‍ അമേരിക്ക അഫ്ഗാന്‍ ആക്രമിച്ച് കീഴടക്കി. ഇതിനെ എതിര്‍ക്കുന്നതിനു പകരം സകല പിന്തുണയും പ്രഖ്യാപിക്കുകയാണ് റഷ്യ ചെയ്തത് ! അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ 'റഷ്യന്‍ എയര്‍ബേസുകള്‍' ഉപയോഗിക്കുകയും ചെയ്തു. സര്‍വോപരി, അമേരിക്കന്‍ സേനയോടൊപ്പം അഫ്ഗാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്ന വടക്കന്‍സഖ്യം (Northern Alliance) ആരാണെന്ന് ശ്രീ മുരളിക്ക് നിശ്ചയമുണ്ടോ ? അഫ്ഗാനിലെ കമ്യൂണിസ്റ്റ്കാര്‍ ! മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇത്രയേറെ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷക്കാരെപ്പറ്റി വിഢിത്തങ്ങള്‍ നിറഞ്ഞ പ്രസ്താവനകള്‍ക്ക് ആരു മുതിര്‍ന്നാലും വസ്തുതകള്‍ മാറുമോ ?

ഇടതുപക്ഷസാമ്രാജ്യത്വവും മുതലാളിത്ത സാമ്രാജ്യത്വവും പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന്റെ രണ്ട് രൂപങ്ങളാണ്. ഇവ രണ്ടിനെയും എതിര്‍ക്കുന്നതു കൊണ്ടാണ് മുസ്ലീം മിലിട്ടന്‍സിക്കെതിരെ ഇവര്‍ കൈകോര്‍ക്കുന്നത്. സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍കാരെ സഹായിച്ചു. എന്നാല്‍ അമേരിക്ക ആക്രമിച്ചപ്പോള്‍ റഷ്യയും അഫ്ഗാന്‍ കമ്യൂണിസ്റ്റുകാരും അമേരിയ്ക്കക്കൊപ്പമായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനുണ്ടായ മാന്യതപോലും റഷ്യക്കോ അഫ്ഗാന്‍ ഇടതുപക്ഷക്കാര്‍ക്കോ ഉണ്ടായില്ലെന്നര്‍ത്ഥം!

2001 നു ശേഷം '15876' മുസ്ലീം  ഭീകരാക്രമണങ്ങള്‍ നടന്നതായി  Religion of peace എന്ന വെബ്സൈറ്റിനെ ആധാരമാക്കി  ശ്രീ മുരളി എഴുതുന്നു. എന്നാല്‍ ഈ കണക്ക് തീര്‍ത്തും കളവാണ്. യാതൊരു ആധികാരിക പഠനത്തേയും അവലംബമാക്കാതെ പ്രദര്‍ശിപ്പിച്ച ഈ കണക്ക് ഹാജരാക്കുന്നയാള്‍ എത്ര മഠയനാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഫലസ്തീന്‍ രാഷ്ട്രം കയ്യേറി അധീനതയിലാക്കിയ 'സയണിസ്റ്റ് ഭീകരത'യുടെ വക്താക്കളില്‍  പ്രമുഖനായ 'ദാനിയേല്‍ പൈപ്പി'ന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റില്‍ ഏറിയകൂറും നുണകള്‍ മാത്രമാണുള്ളത്.

രസകരമായ കാര്യം മറ്റൊന്നാണ്. അഫ്ഗാനിലും ഇറാഖിലും അമേരിക്കന്‍ സൈനികര്‍ക്കെതിരെ പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഈ സൈറ്റിന്റെ വക്താക്കളുടെ ദൃഷ്ടിയില്‍ ഭീകരാക്രമണങ്ങളാണ് ! എന്നാല്‍ ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍ പ്രകാരം ഏത് അധിനിവേശ സൈനികര്‍ക്കുമെതിരെ തദ്ദേശീയര്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രതിരോധം മാത്രമാണ്. എന്നു മാത്രമല്ല അവ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ന്യായവും സാധുവുമാണ്. ലോകമെമ്പാടും അമേരിക്കക്കെതിരെ മുസ്ലീം പോരാളികള്‍ നടത്തുന്ന ആക്രമണങ്ങള്‍ (ഇറാക്ക്, അഫ്ഗാന്‍, സോമാലിയ തുടങ്ങി) അതിനാല്‍ ഐക്യരാഷ്ട്രസഭാ തത്വങ്ങള്‍ പ്രകാരം ന്യായമാണ്. അവ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുമാണ്. അധിനിവേശ ശക്തിയായ അമേരിക്കന്‍ കൂലിപ്പടയുടെ ആക്രമണങ്ങളാണ് ഐക്യരാഷ്ട്ര സഭാ തത്വങ്ങള്‍ പ്രകാരം ഭീകരാക്രമങ്ങളാകുന്നത്. ഇവയുടെ എണ്ണം കണക്കാക്കിയാല്‍ ലക്ഷങ്ങള്‍ വരും.

മുസ്ലീം ഗ്രൂപ്പുകള്‍ നടത്തിയ ഭീകരാക്രമണങ്ങളെപ്പറ്റി അമേരിക്കയുടെ 'എഫ്.ബി.ഐ' സൈറ്റില്‍ കൃത്യമായ കണക്കുകളുണ്ട്. ഇതനുസരിച്ച്  2001 ന് ശേഷം (WTC ആക്രമണം അടക്കം ) ലോകമെമ്പാടും നടന്ന ഭീകരാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനാലായിരത്തില്‍ താഴെയാണ്. എന്നാല്‍ ഈ കാലയളവില്‍ അമേരിക്കന്‍സേന ഇറാക്കില്‍ കൊന്നൊടുക്കിയ സിവിലിയന്‍മാരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണ് !(ലോക പ്രശസ്ത വൈദ്യശാസ്ത്ര ജര്‍ണലായ  ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച  കണക്കാണിത്). യഥാര്‍ഥ ഭീകരര്‍ ആരാണെന്ന് മനസ്സിലാക്കാന്‍ ഇതു പോരെ ?

സി.ഐ.എ.ക്കാരുടേയും സയണിസ്റ്റുകളുടേയും വാറോലകള്‍  വായിച്ച് വിഢിത്തങ്ങള്‍ എഴുതുന്നവര്‍ ഒരു വട്ടമെങ്കിലും  ഇവയൊക്കെ ശരിതന്നെയോ എന്ന് സ്വയം വിലയിരുത്തുവാന്‍ മറക്കരുത് .

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചുനിന്നപ്പോള്‍ വിട്ടുനിന്നവര്‍ സംഘ്പരിവാറും കമ്യൂണിസ്റ്റുകളുമാണ്. ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്വ അജണ്ടയുടെ വാഹകരും പ്രചാരകരും ഈ രണ്ടു വിഭാഗങ്ങളായത് ചരിത്രത്തിലെ യാദൃശ്ചികതയല്ല!

ഇന്ത്യയില്‍ ജനങ്ങള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാവാനുള്ള പ്രധാനകാരണം ജാതിപീഢനങ്ങളാണ്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിലൂടെ പട്ടികജാതിക്കാരന് നടക്കാന്‍ പാടില്ലെന്ന് നിയമമുണ്ടാക്കി സഹസ്രാബ്ദങ്ങളോളം അത് നടപ്പാക്കിയവര്‍ ഇസ്ലാമിക ഭീകരതയെപ്പറ്റി വാചാലരാകുന്നത് അസംബന്ധമാണ്. മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതും വിവേചനം കല്‍പിച്ചതും ക്രൂരമായ സാമൂഹിക തിന്മയായി കണക്കാക്കാം. എന്നാല്‍ ഹിന്ദുക്കളിലെ തന്നെ ഒരു വിഭാഗം ന്യൂനപക്ഷം, ഭൂരിപക്ഷം വരുന്ന ശൂദ്രരേയും അയിത്തജാതിക്കാരെയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അക്ഷരം പഠിക്കാന്‍ അര്‍ഹതയില്ലാത്തവരുംമായി സഹസ്രാബ്ദങ്ങളോളം അകറ്റിനിറുത്തിയതിനും ഇന്നും അത് വലിയതോതില്‍ തുടരുന്നതിനും എന്തു വിശേഷണമാണ് നല്‍കാനാവുക? ഹിന്ദു സംരക്ഷകരായി ചമയുന്നവര്‍ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പുറപ്പെടുന്നത് !

ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ന് അക്‍ബര്‍ ചക്രവര്‍ത്തിയോ അഹ് മദ് സര്‍ഹിന്ദിയോ  മാതൃകയാക്കിയല്ലല്ലോ ഇതരസമൂഹങ്ങളുമായി ബന്ധപ്പെടുന്നതും ജീവിക്കുന്നതും. മറിച്ച്  വിശുദ്ധഖുര്‍ആനും പ്രവാചകനുമല്ലേ അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. ദൈവഭയം സംബന്ധിച്ച ജാഗ്രതയിലും ദൈവത്തോടുമുള്ള അര്‍പ്പണബോധത്തിലും മറ്റേതു മതവിശ്വാസികളെക്കാളും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്നത് ഇസ്ലാം വിശ്വാസികളാണെന്നു ഈയുള്ളവന്‍ കരുതുന്നു. ഇവ പാലിക്കുന്നതിലുള്ള ജാഗ്രതയുടെ അടിസ്ഥാനമല്ലാതെ വിശ്വാസികളുടെ ഇടയില്‍ യാതൊരു ഉച്ചനീചത്വവുമില്ലെന്ന് മുഹമ്മദ്നബി പ്രഖ്യാപിച്ചിട്ടുള്ളതായി മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നു.  അപവാദങ്ങളുണ്ടാകാമെങ്കിലും ലോകമെമ്പാടുമുള്ള മുസ്ലീംകളുടെ സംസ്ക്കാരം ഈയടിസ്ഥാനത്തിലുള്ളതായതു കൊണ്ടാണ് ഇസ്ലാമിലേക്കു ചെല്ലുന്നവരെ ജാതിയുടെയോ വര്‍ഗത്തിന്റെയോ നിറത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ ആത്മീയസോഷ്യലിസം എന്നു വിശേഷിപ്പിക്കാവുന്ന തുല്യതയും സാഹോദര്യവും മറ്റേതു മതത്തേക്കാളും വെച്ചു നീട്ടുവാന്‍ അതിനു കഴിയുന്നത്. അതു കൊണ്ടായിരിക്കാം ഹിന്ദുനുകത്തിന്‍ കീഴില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദളിതരും കീഴാളരും ഇസ്ലാമിലേക്കു വന്‍തോതില്‍ ചേക്കേറിയത്.   


അരനൂറ്റാണ്ടായി ഇസ്ലാമിനെയും അറബികളെയും ഭീകരരും സംസ്ക്കാരശൂന്യരുമായി പാശ്ചാത്യ മാധ്യമങ്ങളും ഹോളിവുഡ് സിനിമകളും  ചിത്രീകരിച്ചുകൊണ്ടിരിക്കയാണ്. ഇസ്ലാമോഫോബിയാ സൃഷ്ടിച്ച്  ഭീകരതയുടെ മതമാക്കി ഇസ്ലാമിനെ മാറ്റിയെടുക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള താല്പര്യം വിവിധതരത്തിലുള്ള (സാമ്പത്തികവും സൈനികവും) അധിനിവേശങ്ങളാണ്.

ഇനി, ഭീകരാക്രമമങ്ങളുടെ മാതാവെന്നു വിശേഷിപ്പിക്കാവുന്ന സെപ്തംബര്‍  11 ലെ ആക്രമണങ്ങളെപ്പറ്റി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗികഭാഷ്യവും ആഗോളമാധ്യമങ്ങളുടെ നുണക്കഥകളും മാത്രമറിയാവുന്ന ശ്രീ. മുരളി ഒരു വസ്തുത കൂടി  മനസ്സിലാക്കുന്നത് നന്ന്. ലോകമെമ്പാടുമുള്ള ഇടതുപക്ഷബുദ്ധിജീവികള്‍ക്കും സാമ്രാജ്യത്വത്തിന്റെ ഈ ഔദ്യോഗികവീക്ഷണം തന്നെയാണുള്ളത്. എന്നാല്‍ സെപ്തംബര്‍ 11ലെ ആക്രമണം അമേരിക്കന്‍ ഗവണ്‍മെന്റ് ആസൂത്രണം ചെയ്തതാണെന്ന് സമര്‍ത്ഥിക്കുന്ന മറ്റു നിരവധി ഗവേഷകരുണ്ട്. അതില്‍ ഏറ്റവും പ്രമുഖന്‍ ആരാണെന്നോ ? അമേരിക്കക്കാരനും സത്യകൃസ്ത്യാനിയും ദൈവശാസ്ത്രജ്ഞനുമായ പ്രൊഫ: ഡേവിഡ് ഗ്രിഫിന്‍!. ഒന്നോ രണ്ടോ അല്ലഒരു ഡസനോളം കൃതികള്‍ ഗ്രിഫിന്‍ ഈ വസ്തുത സമര്‍ത്ഥിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. ഇക്കാര്യം സമര്‍ത്ഥിക്കുന്ന നൂറുകണക്കിന്  നിലവാരമുള്ള വെബ്സൈറ്റുകളുമുണ്ട്.

ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊന്നുമറിയാതെ അടിസ്ഥാനരഹിതമായ സാമ്രാജ്യത്വ-സയണിസ്റ്റ് പ്രചാരവേലകളുടെ ഭാഗമായി  ഇറങ്ങുന്ന പൊട്ടും പൊടിയും വാരിവിഴുങ്ങി മറുഭാഷ്യങ്ങള്‍ കൂടി മനസ്സിലാക്കാന്‍ താല്‍പര്യം കാണിക്കാതെ സൈദ്ധാന്തികനാകാന്‍ ശ്രമിക്കുന്നത് അല്‍പ്പത്തമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം എണ്ണയ്ക്കും സമ്പത്തിനും ആയുധവിപണനത്തിനും ആധിപത്യത്തിനുമായി ലോകത്ത് ആരെയൊക്കെ വേട്ടയാടാനുദ്ദേശിക്കുന്നവോ അവര്‍ക്കെതിരെ കോര്‍പ്പറേറ്റു മാധ്യമങ്ങള്‍ നെയ്തുകൂട്ടുന്ന വാര്‍ത്തകള്‍ നിഷ്പക്ഷബുദ്ധിയോടെ വിശകലനം ചെയ്യാന്‍ കഴിയാതെ വന്നാല്‍ പോലും ഒരു സന്ദേഹിത്വമെങ്കിലും നിലനിര്‍ത്തുവാന്‍ അഭിനവബുദ്ധിജീവികള്‍ക്ക് കടമയില്ലേ !?