2010, ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയം

കേരളത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധത ഇന്നു യഥാര്‍ഥത്തില്‍ ഒരുതരം ഹിസ്റീരിയയായി പരിണമിച്ചിരിക്കുന്നു. ഈ കോലാഹലം ദലിത്-ഒ.ബി.സി (ഈഴവസമുദായങ്ങള്‍) സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച തകര്‍ക്കുക ലക്ഷ്യംവച്ചുകൊണ്ടുള്ള നീക്കമാണ്. മുസ്ലിം വിരുദ്ധതയുടെ പുകമറ സൃഷ്ടിച്ച് ദലിത്-ഒ.ബി.സി ജനവിഭാഗങ്ങളെ സവര്‍ണരുടെ ചട്ടുകങ്ങളാക്കി മാറ്റുക എന്നതാണ് സവര്‍ണ രാഷ്ട്രീയനേതൃത്വത്തിന്റെ തന്ത്രം. ഇതിനു നായര്‍-സവര്‍ണ നസ്രാണി നിയന്ത്രണത്തിലുള്ള ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കുന്നു. ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളും ഇതില്‍ പങ്കാളികളാണ്. സവര്‍ണ നിയന്ത്രിത മാധ്യമ ഭീകരത ഇവര്‍ക്കു കൂട്ടായിട്ടുണ്ട്. ഇതില്‍ അച്ചടിമാധ്യമങ്ങളും ചാനലുകളുമുണ്ട്. ചില നാമമാത്ര ഒ.ബി.സി മാധ്യമങ്ങളെ ഇക്കൂട്ടര്‍ വിലയ്ക്കെടുത്തിട്ടുമുണ്ട്. തകര്‍ന്നു കൊണ്ടിരിക്കുന്നവരെ ചുളുവിലയ്ക്കു തരപ്പെടുത്താവുന്നതാണല്ലോ. 'വെര്‍ബല്‍ ഡയേറിയ' ബാധിച്ച ചാനല്‍വായാടികള്‍ അന്തരീക്ഷത്തെ മുച്ചൂടും ദുഷിപ്പിക്കുന്നു. കലികാലവൈഭവം! മറ്റെന്തു പറയാന്‍?
മുസ്ലിംകള്‍ പ്രതിസ്ഥാനത്തു വരുന്ന അവസരത്തില്‍ ഇവര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയ സംഭവം തികച്ചും നീചവും നികൃഷ്ടവുമാണ്. അത് അപലപിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ഇതിനു സമാനമായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ പലപ്പോഴും നടന്നിട്ടുണ്ട്. ആ സമയത്തു മുസ്ലിം ഇതരര്‍, വിശിഷ്യാ സവര്‍ണരും അവരുടെ പിണിയാളുകളും, പ്രതിസ്ഥാനത്തു വരുമ്പോള്‍ ഭരണകൂടവും മാധ്യമങ്ങളും മട്ടു മാറ്റുന്നു. അപ്പോള്‍ അവര്‍ തികച്ചും ഉദാസീനരാണ്. ദലിത്-ഒ.ബി.സികള്‍ പ്രതിസ്ഥാനത്തു വരുമ്പോള്‍ പക്ഷേ, മുസ്ലിം അവസ്ഥതന്നെയാണ് അവരും നേരിടുക.
ഇതു കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഈ അവസ്ഥ ദര്‍ശിക്കുന്നുണ്ട്. കേരളത്തില്‍ സാമാന്യം ഊര്‍ജസ്വലമായ മുസ്ലിം പ്രസ്ഥാനം ഉള്ളതുകൊണ്ട് നേരിയ പ്രതിരോധം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ യാതൊരു പ്രതിരോധവുമില്ല.
19, 20 നൂറ്റാണ്ടുകളിലെ ഐതിഹാസികമായ മലബാര്‍ കാര്‍ഷികകലാപങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിലെ മുസ്ലിം പ്രസ്ഥാനങ്ങള്‍. 1599ലെ ഉദയംപേരൂര്‍ സുഹനദോസ്, ശ്രീനാരായണ-മഹാത്മാ അയ്യങ്കാളി-പണ്ഡിറ്റ് കറുപ്പന്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, വൈകുണ്ഠസ്വാമികള്‍, വക്കീല്‍ പി കുമാരന്‍ എഴുത്തച്ഛന്‍ എന്നിവര്‍ നട്ടുനനച്ചു വളര്‍ത്തിയെടുത്തതാണ് ദലിത്-ഒ.ബി.സി രാഷ്ട്രീയപ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹിക വിപ്ളവപ്രസ്ഥാനങ്ങളും. ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളാണ് ഇവര്‍. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സവര്‍ണര്‍ക്കു കാര്യമായ പങ്കില്ല. അവരുടെ അല്ലറചില്ലറ സംഭാവനകളെ അവഗണിക്കുന്നുമില്ല. നമ്പൂതിരി-അമ്പലവാസി, നായര്‍-നസ്രാണി നേതൃത്വമാണ് സ്വാമി വിവേകാനന്ദന്‍ വിവരിച്ചതുപോലെ കേരളത്തെ ഭ്രാന്താലയമാക്കിയത്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് ഇപ്പോള്‍ മുസ്ലിം വേട്ടയിലൂടെ സവര്‍ണ പ്രമാണിമാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ പ്രബുദ്ധകേരളത്തിന് ഉത്തരവാദിത്തമുണ്ട്. ശ്രീനാരായണ-അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ പ്രസ്ഥാനങ്ങളെ ഇടതുപക്ഷ സവര്‍ണര്‍ 'ഹൈജാക്ക്' ചെയ്തതുകൊണ്ടാണ് ഈ സ്ഥിതിവിശേഷമുണ്ടായത്. കേരളത്തെ ഇക്കൂട്ടര്‍ ധൈഷണിക മരുഭൂമിയാക്കി. വെറുതെയാണോ കേരളത്തില്‍ പുല്ലുമുളയ്ക്കാത്തത്! കേരളത്തില്‍ കൃഷിയില്ല; വ്യവസായമില്ല; ശാസ്ത്രസാങ്കേതിക വിദ്യയുടെ വികസനമില്ല. ബ്രാഹ്മണ മതമൂല്യങ്ങളുടെ മേധാവിത്വം എല്ലാറ്റിന്റെയും കഴുത്തറുത്തുകളഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ (എസ്.എന്‍.ഡി.പി യോഗം) ചെയര്‍മാനും ഡോ. ഫസല്‍ ഗഫൂര്‍ ജനറല്‍ സെക്രട്ടറിയുമായ, 56 സമുദായങ്ങളുടെ പ്രാതിനിധ്യമുള്ള സംവരണ സമുദായ മുന്നണി ഉണര്‍ന്നുപ്രവര്‍ത്തിച്ച് ഈ സ്ഥിതിവിശേഷത്തിനു മാറ്റം വരുത്തണം. അത് അവരുടെ ചരിത്രപരമായ കടമയാണ്. ദലിത്-ഒ.ബി.സി-സ്വത്വരാഷ്ട്രീയം ശക്തിപ്പെടുത്തുക എന്നതു മാത്രമാണ് ഇതിനുള്ള പോംവഴി. ദലിത്-ഒ.ബി.സി-സ്വത്വരാഷ്ട്രീയം ശക്തിപ്പെടുന്നതോടെ ഇന്നു നാം കാണുന്ന ആഭാസങ്ങളും കോപ്രായങ്ങളും തനിയെ നിന്നുകൊള്ളും.
                      (പ്രഫ. ടി.ബി.വിജയകുമാര്‍)

4 അഭിപ്രായങ്ങൾ:

 1. >>>കേരളത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധത ഇന്നു യഥാര്‍ഥത്തില്‍ ഒരുതരം ഹിസ്റീരിയയായി പരിണമിച്ചിരിക്കുന്നു. ഈ കോലാഹലം ദലിത്-ഒ.ബി.സി (ഈഴവസമുദായങ്ങള്‍) സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച തകര്‍ക്കുക ലക്ഷ്യംവച്ചുകൊണ്ടുള്ള നീക്കമാണ്. മുസ്ലിം വിരുദ്ധതയുടെ പുകമറ സൃഷ്ടിച്ച് ദലിത്-ഒ.ബി.സി ജനവിഭാഗങ്ങളെ സവര്‍ണരുടെ ചട്ടുകങ്ങളാക്കി മാറ്റുക എന്നതാണ് സവര്‍ണ രാഷ്ട്രീയനേതൃത്വത്തിന്റെ തന്ത്രം. ഇതിനുനായര്‍-സവര്‍ണ നസ്രാണി നിയന്ത്രണത്തിലുള്ള ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കുന്നു.<<<

  തള്ളെ, ആരോപണം എന്നൊക്കെ പറഞ്ഞാ ഇതാണ് അത്. ഒരുത്തനും ഇതിനെതിരെ ഒരക്ഷരം മിണ്ടാനുള്ള ത്രാണിയുണ്ടാവില്ല. സുല്ല്.ഇതെഴുതിയ അണ്ണന് ധൈര്യമായി പുറത്തിറങ്ങാം. തലയോ കയ്യോ വെട്ടാതെ പോപ്പുലര്‍ ഫ്രെണ്ടുകാര്‍ നോക്കിക്കൊള്ളും!

  മറുപടിഇല്ലാതാക്കൂ
 2. ഒരു "NDF" കാരനായ (കെ. സുകുമാരന്‍ ബി.എ.) യുടെ, 20 വര്‍ഷം കൊണ്ട്‌ മതം മാറി ഇസ്ളാം രാജ്യം സ്താപിക്കാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം (താഴെ ലിങ്ക്‌) കാണുക. വി.എസ്‌ അച്യുതാനന്തനു ഹാലിളകാന്‍ മറ്റെന്തു വേണം. എന്നിട്ട്‌ കുറ്റമോ മുസ്ളിം സംഘടനകള്‍ക്ക്‌ ..

  പുനര്‍വായന ബ്ളോഗില്‍ നിന്നും : ഈഴവരും മതപരിവര്‍ത്തനവും

  ...

  sample reading : >>

  ഇന്ത്യയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ അഞ്ചില്‍ ഒന്ന് മുസ്ലീംങ്ങളാണ്. പഞ്ചമന്മാരുടെ സംഖ്യയും ചുരുങ്ങിയത് അത്രതന്നെയുണ്ട്. അവരും ഇസ്ലാം മതക്കാരായാല്‍ ഇന്ത്യയില്‍ അഞ്ചില്‍ രണ്ടുഭാഗം മുസ്ലീംങ്ങളാകും. ഹിന്ദുക്കളുടെ സംഖ്യയില്‍ നിന്ന് വലിയ ഒരു സംഖ്യ ചോര്‍ന്ന് പോവുകയും ചെയ്യും. ഇന്ത്യക്ക് സ്വയം ഭരണം കിട്ടണമെങ്കില്‍ നാനാജാതിയും, നാനാ ദൈവവും, നാനാമതവും ഒന്നിച്ചുകൂടിയ ഒരു കലക്കുചളിയായ ഹിന്ദുമതക്കാരുടെ സംഖ്യ കുറയുകയും ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന തെളിഞ്ഞ ജലം പോലെ ശുദ്ധിയായ ഇസ്ലാം മതക്കാരുടെ സംഖ്യ ജാസ്തിയാകുകയും വേണം. അങ്ങനെ ഒരു സുവര്‍ണ്ണകാലം ഇന്ത്യയുടെ ഭാവിയിലെ ഒരു ഭാഗ്യമായിരിക്കക്കണ്ട് ഇന്ത്യ ഒടുവില്‍ ഹിന്ദുസ്ഥാനത്തിനു പകരം ഇസ്ലാം സ്ഥാനം ആയിതീര്‍ന്ന്, തുര്‍ക്കിസ്ഥാനം, ബലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യമൈനര്‍, ടര്‍ക്കി, അറബിയാ, വടക്കന്‍ ആഫ്രിക്ക, എന്നിങ്ങനെ തൊട്ടുതൊട്ടു കിടക്കുന്ന വലിയ ഇസ്ലാം ഭൂഭാഗങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്യും അന്ന് ഇസ്ലാം ഒരു ലോകമഹാശക്തിയായിത്തീരുകയും ചെയ്യും. അതിന് ഈശ്വരന്‍ നമ്മളെ എല്ലാവരെയും കാക്കുകയും സഹായിക്കുകയും ചെയ്യട്ടെ.

  മുഴുവന്‍ ഇവിടെ : ഈഴവരും മതപരിവര്‍ത്തനവും

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, ജൂലൈ 30 12:45 AM

  നസ്രാണി നിയന്ത്രണത്തിലുള്ള ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കുന്നു!!!!!!!!!!!!???????????????

  മറുപടിഇല്ലാതാക്കൂ
 4. ഒരു നല്ല സംവാദത്തിനു സ്കോപ് കാണുന്നുണ്ട് ...നടക്കട്ടെ ..നാല് വിത്തിട്ടു മുളപ്പിക്കാന്‍ കഴിയില്ലെങ്കിലും ..നാല് വാക്കുകള്‍ കൊണ്ടുള്ള കൃഷിയാണല്ലോ ഇന്ന് മലയാളിക്ക് ഇഷ്ടം

  മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം