2010 ജൂലൈ 31, ശനിയാഴ്‌ച

കൈവെട്ടും മുസ്ലീം പ്രതിനായകത്വവും !

       കൈവെട്ടു കേസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവുന്നുണ്ട്. മുസ്ളീമിനെ എല്ലാവരും എന്തുകൊണ്ടൊക്കെയോ പേടിക്കുന്നു. ഈ വിഷയത്തില്‍ , വൈകാരികത ഒഴിവാക്കി  തികച്ചും ഗൗരവത്തോടെ കണ്ടത്, ജബ്ബാര്‍ മാഷുടെ പോസ്റ്റില്‍  കമന്റിട്ട്, അതു ക്രോഡീകരിച്ച കെ.എം.വേണുഗോപാലിന്റെ പോസ്റ്റാണ്. എണ്‍പതുകള്‍  മുതല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളീല്‍ രൂപപ്പെടുന്ന ചില വ്യതിയാനങ്ങളെ തമസ്കരിക്കുകയോ, അസന്നിഹിതമാക്കുകയോ വഴി, ഭരണകൂടവും ഭരണവര്‍ഗ്ഗ ജാതിസമൂഹവും ഒന്നിച്ചു കളിക്കുന്ന കളി കണ്ടെടുക്കാന്‍ പ്രാപ്തിയോ പ്രത്യശാസ്ത്ര ബോധമോ ഇല്ലാത്ത കേവല 'നീതിമാന്മാര്‍' നടത്തുന്ന സര്‍ക്കസ്സുകള്‍ കണ്ടാല്‍ പൊതുസാമൂഹ്യബോധത്തെ അപ്പാടെ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്നു തോന്നും. യുക്തിവാദത്തിന്റെ ഒരു പരിമിതി, കാര്യങ്ങളെ യാന്ത്രികമായി സമീപിക്കുകയും, അതിന്റെ സാമൂഹ്യബലതന്ത്രം ഒഴിവാക്കുകയും ചെയ്യും. ദൈവമുണ്ടന്നും ആ ദൈവമാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നുമുള്ള ചിലരുടെ ബോധ്യങ്ങളെ അതേ യുക്തികൊണ്ടു തിരിച്ചടിക്കുന്ന യുക്തിവാദത്തിന്‌ സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ആവും എന്നു ഞാന്‍ കരുതുന്നില്ല.


        ഇവിടെ കൈവെട്ടുമായി ഉയര്‍ന്ന ചര്‍ച്ചകളില്‍ (ഒരുകാരണവശാലും ഇത്ര നീചമായ ആക്രമണത്തെ ആരു ചെയ്താലും പിന്തുണക്കുന്നില്ല) ഇസ്ളാമിന്റെ പൊതുസ്വഭാവമായി ചുരുക്കി കാണാനുള്ള  വ്യഗ്രത പരിശോധിക്കേണ്ടതാണ്‌. ശ്രീ കുരീപ്പുഴയുടെ ഒരു പഴയ കവിത, പ്രസക്തമാകുന്നു.'വരണ മാല്യവുമായി ദമയന്തി സ്വയം വരമണ്ഡപത്തില്‍ എത്തിയപ്പോള്‍ അഞ്ചു നളന്മാര്‍’. അഞ്ചു പേരും വ്യജന്മാരായിരുന്നത്രേ! ഇതുപോലാണ്‌ മുഖ്യമന്ത്രിയും, യുക്തിവാദികളും, സംഘപരിവാരങ്ങളും, മതേതര പുരോഗമന വാദികളും ഒരേ പോലെ സംസാരിച്ച വേറേ ഏതെങ്കിലും സന്ദര്‍ഭമുണ്ടായിട്ടുണ്ടോ..?
           
         ഇവിടെ വേറേ ഒരുകാര്യം കൂടി പരിഗണിക്കണം. സെപ്റ്റമ്പര്‍ 11-ന്റെ കാലം കഴിഞ്ഞ നാളുകളില്‍ തന്നെ ആഗോള ഭീകരന്മാരായി സ്ഥാനകയറ്റം കിട്ടിയ ഇസ്ളാമിന്‌ ഇന്ത്യന്‍ സമൂഹത്തില്‍ ഈ പദവി കിട്ടുന്നത് മണ്ഡല്‍ കാലത്തു തന്നെയാണന്നാണ്‌. സച്ചാര്‍ കമിറ്റി റിപ്പോര്‍ട്ടനുസരിച്ച് ദലിതുകളിലും പിന്നോക്കമായ മുസ്ളീം സമൂഹത്തിന്‌ ചില പരിഗണന വേണമെന്ന വാദം കേരളീയ പൊതുസമൂഹം എങ്ങനെ നേരിട്ടു എന്നാണ്‌. മുസ്ളീം സമൂഹത്തിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക്  മുസ്ളീം ലീഗെന്ന രാഷ്ട്രീയ കക്ഷിയുടെ നിലപാട് സാധാരണ മുസ്ലീംയുവത  തള്ളികളഞ്ഞത് ബാബറീ മസ്ജിത് തകര്‍ന്നതോടെയാണ്‌. ആ വിഷയത്തിന്‍  മേല്‍ പറഞ്ഞ അഞ്ചു നളന്മാരുടേയും നിലപടുകളും ഏതാണ്ട് ഒന്നു തന്നെയായിരുന്നു. എന്താണിതിനു കാരണം..?


         പൊതുസമൂഹത്തില്‍ മേല്‍ തട്ടിലുള്ള ബുദ്ധിജീവി സമൂഹം, രണ്ടായി പിളരുകയും സംഘര്‍ഷപ്പെടുകയും ചെയ്യുന്നത് രണ്ടു കാരണങ്ങളാലാണ്‌. ദേശീയത സംബന്ധിച്ച സന്ദിഗ്ദ്ധത, മതേതര പുരോഗമന ബോധ്യപ്പെടുത്തല്‍. ഇതു മറികടന്നത് ദലിതര്‍ ഉയര്‍ത്തിയ നവീന ജ്ഞാനബോധത്തിന്റേയും സിദ്ധാന്ത രൂപീകരണത്തിലൂടെയുമായിരുന്നു. എന്നാല്‍ ഇസ്ളാമിനെ സംബന്ധിച്ച് അങ്ങനെയൊന്നുണ്ടായില്ല. വടക്കെയിന്ത്യയില്‍ ശക്തി പ്രാപിച്ച ദലിത്-പിന്നോക്ക സമൂഹങ്ങളുടെ ശാക്തീകരണം ഇവിടെ സംഭവിക്കാഞ്ഞത് പരിശോധിക്കേണ്ടതല്ലേ?
            
         മറ്റൊന്നു പരിശോധിക്കേണ്ടത്, താലിബാനിസം എന്ന വാക്കാണ്‌. വിപ്ളവം എന്ന വാക്കിന്‌ മാന്യതയുള്ള നാട്ടിലാണന്നോര്‍ക്കുക. മനുഷ്യന്റെ അധിനിവേശയുക്തിക്കെതിരെ എല്ലാകാലത്തും (അത് ആഭ്യന്തരമോ-വംശീയമോ-വിദേശീയമോ)സങ്കല്പങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഗാന്ധിജിയുടെ സങ്കല്പത്തില്‍ രാമരാജ്യവും, മഹാത്മാ ഫൂലെയുടെ സങ്കല്പത്തില്‍ ബലിരാജ്യവും, രാം മനോഹര്‍ ലോഹ്യയുടെ സങ്കല്പത്തില്‍ സോഷ്യലിസവും, കമ്മ്യൂണിസ്റ്റു സങ്കല്പത്തില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും, മനുവാദി പരിഷകളുടെ സങ്കല്പത്തില്‍ ബ്രാഹ്മണ്യ -ചാതുര്‍വര്‍ണ്യവുമാണങ്കില്‍, ഇസ്ളാം മതമൗലിക വാദികള്‍ക്കത് ഇസ്ളാം ഭരണകൂടമായിരിക്കും . ഇതിന്റെ വിശാലമായ പരിപ്രേഷ്യത്തില്‍ , ഇന്ത്യന്‍ ജനത നടന്നടുത്ത ചരിത്രത്തില്‍ ഏതെങ്കിലുമൊന്നിനു മാത്രം വിജയമെന്ന ഉട്ടോപ്യയെ ഇക്കാലത്ത് വേവിച്ചെടുക്കാമെന്ന വ്യാമോഹം ആരെ പറ്റിക്കാനാണ്‌.
 
         ചരിത്രത്തില്‍ ഇത്ര ഭീകരന്മാരായ, മനുഷ്യന്‌ പുല്ലിന്റെ വിലപോലും കല്പിക്കാത്ത ഹിന്ദുമതമെന്ന ജന്തുക്കളാണ്‌, ഇപ്പോള്‍ ന്യായവുമായിറങ്ങിയിരിക്കുന്നത്. യുദ്ധപ്പുകയും ആര്‍ത്തനാദങ്ങളുമില്ലാത്ത ഒരു മനുഷ്യാവസ്ഥയെ സ്വപ്നം കണ്ട ബുദ്ധ-ജൈന മതങ്ങളെ കുടില തന്ത്രത്തിലൂടെ പിഴുതെടുത്തുകളഞ്ഞ ഭീകരന്മാരെല്ലാം. ബ്ലോഗിന്റെ ഇത്തിരി വെളിച്ചത്തില്‍ സ്വാത്വികാഭിനയം കാഴച്ചവെക്കുമ്പോള്‍  കൈയ്യടിച്ച് ‘ഹാ ഹാ....... ഗംഭീരം’എന്നു പറയാന്‍  എന്തോ മനസ്സനുവദിക്കുന്നില്ല.

2010 ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയം

കേരളത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധത ഇന്നു യഥാര്‍ഥത്തില്‍ ഒരുതരം ഹിസ്റീരിയയായി പരിണമിച്ചിരിക്കുന്നു. ഈ കോലാഹലം ദലിത്-ഒ.ബി.സി (ഈഴവസമുദായങ്ങള്‍) സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച തകര്‍ക്കുക ലക്ഷ്യംവച്ചുകൊണ്ടുള്ള നീക്കമാണ്. മുസ്ലിം വിരുദ്ധതയുടെ പുകമറ സൃഷ്ടിച്ച് ദലിത്-ഒ.ബി.സി ജനവിഭാഗങ്ങളെ സവര്‍ണരുടെ ചട്ടുകങ്ങളാക്കി മാറ്റുക എന്നതാണ് സവര്‍ണ രാഷ്ട്രീയനേതൃത്വത്തിന്റെ തന്ത്രം. ഇതിനു നായര്‍-സവര്‍ണ നസ്രാണി നിയന്ത്രണത്തിലുള്ള ഭരണകൂടം പൂര്‍ണ പിന്തുണ നല്‍കുന്നു. ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളും ഇതില്‍ പങ്കാളികളാണ്. സവര്‍ണ നിയന്ത്രിത മാധ്യമ ഭീകരത ഇവര്‍ക്കു കൂട്ടായിട്ടുണ്ട്. ഇതില്‍ അച്ചടിമാധ്യമങ്ങളും ചാനലുകളുമുണ്ട്. ചില നാമമാത്ര ഒ.ബി.സി മാധ്യമങ്ങളെ ഇക്കൂട്ടര്‍ വിലയ്ക്കെടുത്തിട്ടുമുണ്ട്. തകര്‍ന്നു കൊണ്ടിരിക്കുന്നവരെ ചുളുവിലയ്ക്കു തരപ്പെടുത്താവുന്നതാണല്ലോ. 'വെര്‍ബല്‍ ഡയേറിയ' ബാധിച്ച ചാനല്‍വായാടികള്‍ അന്തരീക്ഷത്തെ മുച്ചൂടും ദുഷിപ്പിക്കുന്നു. കലികാലവൈഭവം! മറ്റെന്തു പറയാന്‍?
മുസ്ലിംകള്‍ പ്രതിസ്ഥാനത്തു വരുന്ന അവസരത്തില്‍ ഇവര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയ സംഭവം തികച്ചും നീചവും നികൃഷ്ടവുമാണ്. അത് അപലപിക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ഇതിനു സമാനമായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ പലപ്പോഴും നടന്നിട്ടുണ്ട്. ആ സമയത്തു മുസ്ലിം ഇതരര്‍, വിശിഷ്യാ സവര്‍ണരും അവരുടെ പിണിയാളുകളും, പ്രതിസ്ഥാനത്തു വരുമ്പോള്‍ ഭരണകൂടവും മാധ്യമങ്ങളും മട്ടു മാറ്റുന്നു. അപ്പോള്‍ അവര്‍ തികച്ചും ഉദാസീനരാണ്. ദലിത്-ഒ.ബി.സികള്‍ പ്രതിസ്ഥാനത്തു വരുമ്പോള്‍ പക്ഷേ, മുസ്ലിം അവസ്ഥതന്നെയാണ് അവരും നേരിടുക.
ഇതു കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഈ അവസ്ഥ ദര്‍ശിക്കുന്നുണ്ട്. കേരളത്തില്‍ സാമാന്യം ഊര്‍ജസ്വലമായ മുസ്ലിം പ്രസ്ഥാനം ഉള്ളതുകൊണ്ട് നേരിയ പ്രതിരോധം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ യാതൊരു പ്രതിരോധവുമില്ല.
19, 20 നൂറ്റാണ്ടുകളിലെ ഐതിഹാസികമായ മലബാര്‍ കാര്‍ഷികകലാപങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിലെ മുസ്ലിം പ്രസ്ഥാനങ്ങള്‍. 1599ലെ ഉദയംപേരൂര്‍ സുഹനദോസ്, ശ്രീനാരായണ-മഹാത്മാ അയ്യങ്കാളി-പണ്ഡിറ്റ് കറുപ്പന്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, വൈകുണ്ഠസ്വാമികള്‍, വക്കീല്‍ പി കുമാരന്‍ എഴുത്തച്ഛന്‍ എന്നിവര്‍ നട്ടുനനച്ചു വളര്‍ത്തിയെടുത്തതാണ് ദലിത്-ഒ.ബി.സി രാഷ്ട്രീയപ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹിക വിപ്ളവപ്രസ്ഥാനങ്ങളും. ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളാണ് ഇവര്‍. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സവര്‍ണര്‍ക്കു കാര്യമായ പങ്കില്ല. അവരുടെ അല്ലറചില്ലറ സംഭാവനകളെ അവഗണിക്കുന്നുമില്ല. നമ്പൂതിരി-അമ്പലവാസി, നായര്‍-നസ്രാണി നേതൃത്വമാണ് സ്വാമി വിവേകാനന്ദന്‍ വിവരിച്ചതുപോലെ കേരളത്തെ ഭ്രാന്താലയമാക്കിയത്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് ഇപ്പോള്‍ മുസ്ലിം വേട്ടയിലൂടെ സവര്‍ണ പ്രമാണിമാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ പ്രബുദ്ധകേരളത്തിന് ഉത്തരവാദിത്തമുണ്ട്. ശ്രീനാരായണ-അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ പ്രസ്ഥാനങ്ങളെ ഇടതുപക്ഷ സവര്‍ണര്‍ 'ഹൈജാക്ക്' ചെയ്തതുകൊണ്ടാണ് ഈ സ്ഥിതിവിശേഷമുണ്ടായത്. കേരളത്തെ ഇക്കൂട്ടര്‍ ധൈഷണിക മരുഭൂമിയാക്കി. വെറുതെയാണോ കേരളത്തില്‍ പുല്ലുമുളയ്ക്കാത്തത്! കേരളത്തില്‍ കൃഷിയില്ല; വ്യവസായമില്ല; ശാസ്ത്രസാങ്കേതിക വിദ്യയുടെ വികസനമില്ല. ബ്രാഹ്മണ മതമൂല്യങ്ങളുടെ മേധാവിത്വം എല്ലാറ്റിന്റെയും കഴുത്തറുത്തുകളഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ (എസ്.എന്‍.ഡി.പി യോഗം) ചെയര്‍മാനും ഡോ. ഫസല്‍ ഗഫൂര്‍ ജനറല്‍ സെക്രട്ടറിയുമായ, 56 സമുദായങ്ങളുടെ പ്രാതിനിധ്യമുള്ള സംവരണ സമുദായ മുന്നണി ഉണര്‍ന്നുപ്രവര്‍ത്തിച്ച് ഈ സ്ഥിതിവിശേഷത്തിനു മാറ്റം വരുത്തണം. അത് അവരുടെ ചരിത്രപരമായ കടമയാണ്. ദലിത്-ഒ.ബി.സി-സ്വത്വരാഷ്ട്രീയം ശക്തിപ്പെടുത്തുക എന്നതു മാത്രമാണ് ഇതിനുള്ള പോംവഴി. ദലിത്-ഒ.ബി.സി-സ്വത്വരാഷ്ട്രീയം ശക്തിപ്പെടുന്നതോടെ ഇന്നു നാം കാണുന്ന ആഭാസങ്ങളും കോപ്രായങ്ങളും തനിയെ നിന്നുകൊള്ളും.
                      (പ്രഫ. ടി.ബി.വിജയകുമാര്‍)

2010 ജൂലൈ 19, തിങ്കളാഴ്‌ച

ഭീകരവാദികളോട് ഇരട്ടത്താപ്പ് !

അത്യധികം ഗൌരവും ദേശീയ പ്രാധാന്യമുള്ള ഒരു സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത 17-07-2010-ശനിയാഴ്ച ദേശീയവും പ്രാദേശീയവുമായ ഒട്ടുമിക്ക പത്രങ്ങളിലും വരികയുണ്ടായി.

ഇതായിരുന്നു വാര്‍ത്ത :-
ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഹിന്ദുതീവ്രവാദികള്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്‌.എസ്‌. ബന്ധമുള്ള ഹിന്ദു ഭീകരസംഘടനകള്‍ ശ്രമിച്ചെന്ന്‌ അന്വേഷണ ഏജന്‍സികള്‍. ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്‌ടര്‍ ആര്‍.പി.സിംഗും മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതി, ദയാനന്ദ്‌ പാണ്ഡെയും തമ്മിലുള്ള ഫോണ്‍ സംഭാഷണം
ചോര്‍ത്തിയതില്‍നിന്നാണ്‌ സി.ബി.ഐക്ക്‌ ഇക്കാര്യം വ്യക്‌തമായത്‌.
2007-ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അന്‍സാരിയെ വധിക്കാനായിരുന്നു ഹിന്ദു തീവ്രവാദികളുടെ പദ്ധതിയെന്നു സി.ബി.ഐ. കരുതുന്നു. അജ്‌മീര്‍ ദര്‍ഗ സ്‌ഫോടനം, മലേഗാവ്‌, ഹൈദരാബാദ്‌ മെക്ക മസ്‌ജിദ്‌ സ്‌ഫോടനം എന്നിവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദു തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്നാണു ഡോ.സിംഗ്‌ ഇതിന്റെ ഭാഗമാണെന്നു കണ്ടെത്തിയതെന്ന്‌ സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ പാണ്ഡെയെ കഴിഞ്ഞവര്‍ഷം അറസ്‌റ്റ് ചെയ്‌തിരുന്നു. ഡോ.സിംഗിനെയും ചോദ്യം ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. നോട്ടപ്പുള്ളിയായതോടെ ഡോ.സിംഗിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ സി.ബി.ഐ. ചോര്‍ത്തിയപ്പോഴാണ്‌ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ശ്രമം നടന്നതായി വ്യക്‌തമായത്‌. അന്‍സാരിയെ അപായപ്പെടുത്താന്‍ 15 ലിറ്റര്‍ പെട്രോളുമായി പോയെങ്കിലും ഒന്നും നടന്നില്ലെന്ന വിവരമാണു ഡോ.സിംഗും പാണ്ഡെയും തമ്മില്‍ 2008-ല്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നു സി.ബി.ഐ. ചോര്‍ത്തിയെടുത്തത്‌. മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതി ലഫ്‌. കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌, പാണ്ഡെ, ഡോ. സിംഗ്‌, കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി. മുന്‍ എം.പി: ബി.എല്‍.ശര്‍മ പ്രേം എന്നിവര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള ഏതു ശ്രമത്തിനും താനുണ്ടെന്നും അതിനായി ചാവേറാകാന്‍ തയാറുള്ള 100 പേരെ വേണമെങ്കിലും ജമ്മുവില്‍നിന്നു സംഘടിപ്പിച്ചു തരാമെന്നും ഡോ.സിംഗ്‌ കൂടിക്കാഴ്‌ചയില്‍ പുരോഹിതിനോടു പറയുന്നതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്‌.
സ്ഫോടനക്കേസുകളില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ആര്‍.എസ്‌.എസ്‌. മുഖംമിനുക്കല്‍ തുടങ്ങി. ഇതിന്റെ ഭാഗമായി തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള, മധ്യപ്രദേശില്‍നിന്നുള്ള ആറു പ്രചാരകരെ അകറ്റിനിര്‍ത്താന്‍ ആര്‍.എസ്‌.എസ്‌. നേതൃത്വം തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വലംകൈയും സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നു സംശയിക്കപ്പെടുന്നയാളുമായ ആര്‍.എസ്‌.എസ്‌. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌ജി എന്ന ഇന്ദ്രേഷ്‌കുമാറിനെ സംരക്ഷിക്കാനും മറ്റു മുതിര്‍ന്ന പ്രവര്‍ത്തകരായ അശോക്‌ വാര്‍ഷ്‌ണേയിക്കും അശോക്‌ ബെരിക്കും നിയമസഹായം നല്‍കാനും ആര്‍.എസ്‌.എസ്‌. തയാറായേക്കുമെന്ന്‌ അറിയുന്നു.

ഹിന്ദു ഭീകരസംഘടനകള്‍ക്കു ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന സ്‌ഫോടനങ്ങള്‍ ഇവയാണ്‌: നന്ദേഡ്‌ (2006), ഡല്‍ഹി ജമാ മസ്‌ജിദ്‌ (2006), മലേഗാവ്‌ (2006), സംഝോത എക്‌സ്പ്രസ്‌ ട്രെയിന്‍ ഹരിയാന (2007), അജ്‌മീര്‍ ദര്‍ഗ (2007), മെക്ക മസ്‌ജിദ്‌ (2007), കാണ്‍പുര്‍ (2008), ഡല്‍ഹി മെഹ്‌റോളി (2008), മലേഗാവ്‌, മൊഡാസ ഗുജറാത്ത്‌ (2008), ഗോവ (2009).
                                                          (മംഗളം 17-07-2010)

മലയാള മനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതേ ഇല്ല. മാതൃഭൂമിയാകട്ടെ ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തതായി വാര്‍ത്തയിട്ടു. അതിനു കാരണം ഹിന്ദുഭീകരവാദികള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ രഹസ്യങ്ങള്‍ പ്രതിയായ ദയാനന്ദ് പാണ്ഡേയുടെ ലാപ്പ്ടോപ്പില്‍ നിന്നും ഒളിക്യാമറാ വെച്ച് പിടിച്ച് ഹെഡ്ലൈന്‍ ടുഡേയുടെ ടി.വി ചാനലില്‍ കാണിച്ചതില്‍ പ്രതിഷേധിച്ചാതാണത്രെ! അല്ലാതെ ഗൂഢാലോചനയെ സംബന്ധിച്ച് യാതൊരു വിശദാംശങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.

ദേശാഭിമാനിയാകട്ടെ ഉപരാഷ്ട്രപതിക്കു നേരെയുള്ള വധശ്രമ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്ത ഇട്ടിട്ടുണ്ട്. അതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആര്‍.എസ്.എസ്സുകാരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പ്രതിഷേധിച്ചാണത്രെ അക്രമണം. ഉപരാഷ്ട്രപതിയുടെ വധശ്രമത്തിന്റെ ഗൂഢാലോചന ചാനലില്‍ കാണിച്ചതിനായിരുന്നു എന്ന വ്യക്തമായ കാര്യം മറച്ചു വെയ്ക്കുന്നു.

എന്നാല്‍ ഹൈന്ദഭീകരതയുടെ നിഗൂഢപദ്ധതിയെ പറ്റിയുള്ള വിശദമായ വാര്‍ത്ത മംഗളം കൂടാതെ മാധ്യമം, തേജസ്, ദീപിക, തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു.
മലയാളികളുടെ  ഹൃദയസ്പന്ദനമായ മനോരമയും ജീവശ്വാസമായ മാതൃഭൂമിയും ഗൂഢാലോചന വാര്‍ത്ത പ്രസിദ്ധീകരിക്കാഞ്ഞതു കൊണ്ടാണോ എന്തോ ബൂലോകത്തെ ജനാധിപത്യവാദികള്‍, മതേതരവാദികള്‍, വിപ്ലവകാരികള്‍, യുക്തിവാദികള്‍, ശാസ്ത്രവാദികള്‍, മനുഷ്യാവകാശ വാദികള്‍ തുടങ്ങിയവരാരും ഹീനമായ ഈ പ്രവര്‍ത്തിയെ സംബന്ധിച്ച് പ്രതികരിച്ചതായി കണ്ടില്ല. എന്നാല്‍ മുസ്ലിംഭീകരതയുടെ മകുടോദാഹരണമായ കൈവെട്ടു കേസില്‍ ആവര്‍ത്തിച്ചു പ്രതികരിച്ചു കൊണ്ടിരിക്കുന്നുണ്ട് പലരും. ഉപരാഷ്ട്രപതിയുടെ വധശ്രമം കൂടാതെ സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളിലും വിവിധ സ്ഫോടനങ്ങളിലും ഉള്ള പങ്കും, അത് മുസ്ലിംഭീകരതയുടെ തലയില്‍ കെട്ടിവെച്ചിരുന്ന കാര്യവും പുറത്തുകൊണ്ടു വന്നിട്ടും ആര്‍ക്കും പ്രതികരണമൊന്നുമില്ല. മുഖ്യധാരാ മാധ്യമങ്ങളും നമ്മുടെ പൊതുബോധവും എത്രമാത്രം സവര്‍ണവത്ക്കരിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ ?


ഇനി കാര്യങ്ങള്‍ ഒന്നു തിരിച്ചിട്ടു ചിന്തിക്കുക. ഉപരാഷ്ട്രപതി ഒരു ഹിന്ദുവും (കൃസ്ത്യാനിയായാലും മതി) വധിക്കാന്‍ പദ്ധതിയിട്ടത് ഇസ്ലാമിക ഭീകരവാദികളുമായിരുന്നെങ്കില്‍ മാധ്യമങ്ങളിലും ബൂലോകത്തും എന്തായിരുന്നേനേ കോലാഹലം!! എത്രകാലമായിരുന്നേനേ കോലാഹലം !!!!......അതെ ഭീകരവാദം ആരു ചെയ്താലും അത് മുസ്ലിമിനല്ലാതെ മറ്റാര്‍ക്കു കൊടുക്കാന്‍ കഴിയും നമുക്ക് ?!

2010 ഏപ്രിൽ 14, ബുധനാഴ്‌ച

അംബേദ്കർ ജന്മദിന ചിന്തകൾ.


 ഭാരതത്തിലെ അധഃസ്ഥിത ജനതയുടെ വിമോചകനായ ഡോ.ബി.ആർ.അംബേദ്ക്കറുടെ 119-)0 ജന്മദിനമാണിന്ന്.


അടിമകളുടെ വിമോചകനായ ഏബ്രഹാം ലിങ്കണും, കറുത്ത വഗ്ഗക്കാരുടെ വിമോചകനായ മാട്ടിൻ ലൂഥർ കിംഗിനുമൊപ്പം ലോകചരിത്രത്തി സ്ഥാനം ലഭിക്കേണ്ടുന്ന മഹാനായ നേതാവാണ് ഭാരതത്തിലെ അധ്:സ്ഥിത ജനതയുടെ വിമോചകനായ ഡോ.ബി.ആ.അംബേദ്ക്ക. (വി.ആ.ജോഷി.)
          സവർണ്ണ മേധാവിത്വം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയുടെ ഫലമായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ആട്ടിയകറ്റപ്പെട്ട ഭൂരിപക്ഷം വരുന്ന ഭാരതജനതയെ ഭരണഘടനാപരമായ വ്യവസ്ഥകളിലൂടെ വിമോചിപ്പിക്കുവാൻ ശ്രമിച്ച ഡോ.ബി.ആർ.അംബേദ്ക്കറുടെ ജന്മദിനമാണ് ഏപ്രിൽ-14. ഭരണഘടനാശില്പിയെന്ന് അംഗീകരിക്കുകയും, ഭാരതരത്നം ബഹുമതി നൽകി ആദരിക്കുകയും ചെയ്ത ഈ മഹാന്, അർഹിക്കുന്ന അംഗീകാരവും ആദരവും നൽകാൻ പൊതു സമൂഹം ഇന്നും മടിച്ചു നില്കുന്നു.
     ഫലപ്രദമായ ആഘോഷങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുമ്പോൾ  അംബേദ്ക്കർ ഉയർത്തിയ ആശയങ്ങളും ആഗ്രഹിച്ച പ്രവർത്തനങ്ങളും വ്യാപകമായ തോതിൽ ജനങ്ങളിലെത്താൻ ഇടയാകും. ഭൂരിപക്ഷം വരുന്ന ഈ ജനത ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഏറെ അകലെയാണ്. അധികാരവും സമ്പത്തും സൌകര്യങ്ങളും ഇപ്പോഴും ഒരു ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. ഈ വസ്തുത വ്യാപകമായ തോതിൽ തിരിച്ചറിയാൻ ഇടയാ‍യാൽ അവ കൈവശം വെച്ചനുഭവിക്കുന്ന അധികാരിവർഗം അവ പങ്കുവെക്കാൻ നിർബന്ധിതരാവും. അവർ ഒരിക്കലും അതിനു തയ്യാറാവുകയില്ല. അതുകൊണ്ടാണ് ആഘോഷങ്ങൾ പരിമിതപ്പെടുത്തുന്നത്.
      ഇത്തരമൊരു സാഹചര്യത്തെകുറിച്ച് അംബേദ്ക്കർബോധവാനായിരുന്നു. അതുകൊണ്ടുതന്നെയാണ് ഭരണഘടനയിൽ രാഷ്ട്രീയനീതിയും സാമൂഹ്യനീതിയും സാമ്പത്തികനീതിയും മൌലീകാവകാശമായി ഉൾപ്പെടുത്തിയതും ഇവ ലഭ്യമാകുന്നതിന് പദവികളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുന്നതും ഭരണഘടനാ ബാധ്യതയായി രേഖപ്പെടുത്തിയതും. ഇത്തരം വ്യവസ്ഥകൾ എഴുതിചേർക്കുന്നതിന് അംബേദ്ക്കർക്ക് അതിശക്തമായ വെല്ലുവിളികൾ നേരിടേണ്ടിവന്നു. കാര്യകാരണസഹിതം ഭരണഘടനാ നിർമ്മാണ സഭയിൽ വസ്തുതകൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്. ഈ വ്യവസ്ഥകൾ നടപ്പാക്കുന്നതിനെ കുറിച്ച് അന്നുതന്നെ ആശങ്കകളുണ്ടായിരുന്നു.
           സ്വാർത്ഥമതികളും നിക്ഷിപ്ത താല്പര്യക്കാരും ഭരണഘടന കൈകാര്യം ചെയ്തപ്പോൾ അംബേദ്ക്കർ ലക്ഷ്യമിട്ട ഭരണഘടനാ പരിരക്ഷകൾ അർഹതപ്പെട്ട ജനതയ്ക്ക് ലഭ്യമാകാതെപോയി. അവകാശങ്ങളെകുറിച്ച് അറിവില്ലായ്മയും അത് നേടിയെടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ അഭാവവുമാണ് ഈ ദുരവസ്ഥക്കുള്ള പ്രധാന കാരണം. അവകാശങ്ങളെകുറിച്ച് ബോധമില്ലാത്ത ജനത ഔദാര്യങ്ങൾക്കായി യാചിക്കുന്ന അവസ്ഥയിലുമായി. സാമൂഹ്യനീതി നിഷേധത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥർത്ഥ്യങ്ങൾ ചർച്ചചെയ്യപ്പെടാൻ അംബേദ്ക്കറുടെ ജന്മദിനത്തിൽ നമുക്കു കഴിയണം.







                                                     

2010 ഏപ്രിൽ 13, ചൊവ്വാഴ്ച

ക്ഷേത്രപ്രവേശന വിളംബരം.

(ദളിത് ബന്ധു, പച്ചകുതിരയിൽ എഴുതിയ കുറിപ്പ് ഇവിടെ പോസ്റ്റു ചെയ്യുന്നത്, ദേവസ്വം ബില്ലിന്റെ ചർച്ചയിൽ പ്രസ്ക്തമായതിനാലാണ്.)

 ക്ഷേത്രപ്രവേശന വിളംബരം നടത്തുവാൻ ആ രാജാവിന് എവിടുന്ന് അധികാരം കിട്ടി ? അദ്ദേഹം ഒരു ബ്രാഹ്മണനോ ഹൈന്ദവമതാചാര്യനോ ഒരു പൂജാരിപോലുമായിരുന്നില്ല. വെറും ഒരു നായർ മാത്രം. അങ്ങനെയുള്ളവർക്കുപോലും നിലവിലിരിക്കുന്ന ഹിന്ദുമതാചാരങ്ങളെ പരിഷ്കരിക്കുവാനോ, മാറ്റം വരുത്തുവാനോ ഉള്ള അധികാരം ഒരിടത്തും പറഞ്ഞിട്ടില്ല. രാജഭരണം ഏറ്റെടുക്കുന്നതിനു തൊട്ടുമുമ്പ് ‘ഹിരണ്യഗർഭയജ്ഞം’വഴി ക്ഷത്രിയനാക്കപ്പെട്ടവനാണ്, ഈ രാജാവ്. ഹിന്ദുമതാചാരങ്ങളിൽ എന്തെങ്കിലും മാറ്റമോ, പരിഷ്കാരമോ വരുത്തുവാൻ ‘മനുസ്മൃതി’യോ, വേദങ്ങളൊ, ഭഗവത് ഗീതയോ, ഏതെങ്കിലും ഹിന്ദുമത പ്രമാണ ഗ്രന്ഥങ്ങളോ അങ്ങനെയൊരധികാരം ഒരു രാജാവിനും നൽകുന്നില്ല. രാജാവിന്റെ ചുമതല ബ്രാഹ്മണരേയും പശുക്കളേയും സംരക്ഷിക്കുക മാത്രമാണ്.
     ‘സ്വസ്തി പ്രജാദ, പരിപാലയന്തം
      ന്യായേണ മാർഗ്ഗേണ മഹിമഹിശാ:
      ഗോബ്രാഹ്മണേദു ശുഭമസ്തു നിത്യം
      ലോകാ സമസ്താ സുഖിനോ ഭവന്തു.
      ഒം ശാന്തി,ശാന്തി,ശാന്തി.  എന്നാണല്ലോ പ്രമാണം. നൂറ്റാണ്ടുകളല്ല, സഹസ്രാബ്ദങ്ങളായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലാതിരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുവാൻ ഒരു രാജാവിന് എന്തവകാശം? ക്ഷേത്രം രാജാവിന്റെ വകയാണങ്കിൽ പോലും അതിൽ പ്രതിഷ്ഠ നടത്തിയത് രാജാവല്ല. അതിനായ് പ്രത്യേകം നിയുക്തനായ വ്യക്തിയാണ്. രാജാവിനതിനുള്ള അധികാരമില്ല. പുനഃപ്രതിഷ്ഠ നടത്തുന്നതിനോ, മറ്റെന്തെങ്കിലും കർമ്മം നടത്തുന്നതിനോ പ്രത്യേക യോഗ്യതയുള്ള ആൾവേണം. ക്ഷേത്രപ്രവേശനം നിരോധിക്കപ്പെട്ടിരുന്നവർ ഹിന്ദുക്കളായിരുന്നുവോ..?ഹിന്ദു എന്നതിന്റെ പ്രധാന ലക്ഷണം തന്നെ ക്ഷേത്രാരാധനയാണല്ലോ. ഹിന്ദു എം.എൽ.എ മാരുടെ പ്രതിനിധിയെ ദേവസ്വംബോർഡിലേക്ക് തെരഞ്ഞെടുക്കുന്നപ്രശ്നം വന്നപ്പോൾ, ക്ഷേത്രാരാധന നടത്തുന്നവർ മാത്രമാണ് ഹിന്ദുക്കൾ എന്ന് ഹൈകോടതിയിൽ  സ്ത്യവാങ്മൂലം കൊടുത്തതല്ലേ.
       1936 നവംബർ 11-)0 തീയതിവരെ ഹിന്ദുക്കളല്ലാതിരുന്ന  അയിത്തജാതിക്കാരെ ഒരു വിളംബരംകൊണ്ട് ഹിന്ദുക്കളാക്കാനുള്ള അധികാരം ചിത്തിരതിരുന്നാളിന് എവിടുന്നുകിട്ടി? രാജാവിനുള്ളത് രാഷ്ട്രീയാധികാരം മാത്രമാണ്. മതാധികാരം അതിനുപുറത്തും മുകളിലുമാണ്. ഒരാൾ ഹിന്ദുവാകുന്നത് ജനനാൽ മാത്രമാണ്. ഹിന്ദുമാതാവിൽ നിന്നും ജനിക്കാത്ത ആരും ഹിന്ദുവാകയില്ല. കേന്ദ്രമന്ത്രി വയലാർ രവിയുടെ ഭാര്യയേയും മകനേയും ഗുരുവായൂർ ക്ഷേത്രത്തിൽ കയറുന്നത് നിരോധിച്ചത് അതുകൊണ്ടാണല്ലോ. അതിക്രമിച്ചുകയറിയപ്പോൾ പുണ്യാഹം ചെയ്തു ക്ഷേത്രം ശുദ്ധീകരിക്കേണ്ടിവന്നതും തന്മൂലമല്ലേ? മേഴ്സി രവി ഈഴവസ്ത്രീയായെങ്കിലും ഹിന്ദുവായില്ല. എന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. സമൂഹം അതംഗീകരിക്കുകയും ചെയ്യുന്നു. ഭരണഘടനാ വിരുദ്ധമെന്നു പറയാവുന്ന ആ പ്രവർത്തിയെ ചോദ്യം ചെയ്തുകൊണ്ട് ആരും കോടതിയെ സമീപിച്ചില്ല. ക്ഷേത്രഭാരവാഹികൾ ആവർത്തിച്ചിട്ടുപൊലും ഒരു പ്രതിക്ഷേധവുമുണ്ടായില്ല. ക്ഷേത്രപ്രവേശനം കഴിഞ്ഞ് ഏഴുപതിറ്റാണ്ടുകൾ ക്കുശേഷമാണ് അത് സംഭവിച്ചത്.
   പിന്നെ എങ്ങ്നെ വെള്ളാപ്പള്ളി നടേശൻ ഹിന്ദുവാകും? അദ്ദേഹത്തിന്റെ മുത്തശ്ശി ക്ഷേത്രത്തിൽ പ്രവേശിക്കാൻ അർഹതയില്ലാത്ത സ്ത്രീയായിരുന്നു. അതിനാൽ ഹിന്ദുവായിരുന്നില്ല. ചിത്തിരതിരുന്നാൾ ആസ്ത്രീയെ ഹിന്ദുവാക്കുകയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തത് ഹിന്ദു നിയമപ്രകാരം സാധുവല്ല. സാധുവാകുമെങ്കിൽ മെഴ്സിരവിയുടെ മകൻ കൊച്ചിന്റെ ചോറൂണിനു പ്രവേശിച്ചത് സാധുവാകണമല്ലൊ. പക്ഷേ ക്ഷേത്രഭാരവാഹികൾ അതംഗീകരിച്ചില്ല. ക്ഷേത്രം ശുദ്ധികലശം നടത്തി പവിത്രമാക്കി. അവർ ബ്രാഹ്മണരാണ്. ചിത്തിരതിരുനാളിനെ പോലെ നായരല്ല. ക്ഷേത്രകാര്യങ്ങളിൽ അവസാനവാക്കുപറയാൻ അർഹതയുള്ളവരാണ്.
    അതിനാൽ തിരുവിതാംകൂർ രാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം അനഃധികൃതവും അസംബന്ധവുമാണ്. മനുസ്മൃതിപ്രകാരം ആ രാജാവ് കഠിനശിക്ഷ അർഹിക്കുന്നു. എന്ന് അന്നുതന്നെ പുത്തേഴത്ത് രാമൻ മേനോൻ പ്രഖ്യാപിച്ചു.
       ക്ഷേത്രത്തിൽ കയറി ആരാധിച്ചാൽ ഒരു ചണ്ഡാലന് മോക്ഷം ലഭിക്കുമോ? അങ്ങനെ ഏതുഗ്രന്ഥത്തിലാണുള്ളത്? അതിന് പിന്നേയുമനേകം ജ്ന്മങ്ങൾ കഴിയണം. ഏതു രാജാവിന്റെ പ്രേരണമൂലമായാലും ചണ്ഡാലൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അധർമ്മമാണ്. അധർമ്മം ചെയ്തവൻ ശിക്ഷാർഹനാണ്. അന്നും അതിനെ തുടർന്നും ക്ഷേത്രത്തിൽ കയറിയ ചണ്ഡാലരെല്ലാം അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കണം. അങ്ങനെയായിരിക്കാം തിരുവിതാംകൂറിൽ തെരുവുപട്ടികളുടെ എണ്ണം വർദ്ധിച്ചത്.
    അയിത്തജാതികളുടെ ക്ഷേത്രപ്രവേശനം ആചാരവിരുദ്ധമാണ്. തിരുവിതാംകൂർ രാജാവും ദിവാനും ചേർന്ന് കുരങ്ങു കളിപ്പിക്കുകയുമായിരുന്നു. ആ ഹീനകർമ്മം ചെയ്തതിന്റെ ഫലമായി രാജാവിന്റെ രാജസ്ഥാനം നഷ്ഠപ്പെട്ടു.ദിവാനു മൂക്കിനു വെട്ടേറ്റു. ഒരുവ്യാഴവട്ടകാലം തികച്ച് രാജാവായി തുടരാൻ കഴിഞ്ഞില്ല, അടുത്ത ജ്ന്മത്തിൽ മാത്രമല്ല, ഈ ജ്ന്മത്തിൽക്കൂടി അതിനുള്ള ശിക്ഷ ലഭിച്ചു. രാജാവായി ജനിച്ചയാൾ വെറും പ്രജയായി മരിക്കേണ്ടിവന്നു. എന്നിട്ടും ഇന്നും ആ രാജാവു ചെയ്ത ഹീനകർമ്മം. എന്തോ വലിയ മഹൽ കൃത്യമായികൊണ്ടാടുകയാണ്, ഇവിടുത്തെ സർക്കാരും ഒരുവിഭാഗം ജനങ്ങളും ആണ്ടുതോറും ചെയ്യുന്നത്.

2010 മാർച്ച് 17, ബുധനാഴ്‌ച

ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.

 ചിത്രലേഖയെന്ന ദളിതുയുവതി പയ്യന്നൂരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജാതിപരവും തൊഴില്‍പരവുമായ അയിത്തവും പീഢനങ്ങളും ‘സി.പി.എമ്മിന്റെ ദളിതുപീഢനം’എന്ന എന്റെ പോസ്റ്റിലും കൂടാതെ ‘സത്യാന്വേഷി’, ‘ചിത്രകാരന്‍ ’എന്നിവരുടെ പോസ്റ്റുകളിലും വന്നിരുന്നു.


                                         (ചിത്രലേഖ )
                                ( ഭര്‍ത്താവ് ശ്രീഷ്കാന്ത് )
2010 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പയ്യന്നൂര്‍ ടൌണിലുള്ള കാവേരി ആഡിറ്റോറിയത്തില്‍ വെച്ച്, തനിക്കെതിരെ അക്രമത്തിനിറങ്ങിയ  രാഷ്ട്രീയ-തൊഴില്‍ പ്രസ്ഥാനങ്ങളോട്, പണിയെടുത്തു നിര്‍ഭയമായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടുന്ന, ദരിദ്രയും ദലിതയുമായ ചിത്രലേഖയുടെ ധീരതയ്ക്ക് പിന്തുണ കൊടുക്കുവാനും തുടര്‍ന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതുവരെ അവര്‍ക്കും കുടുംബത്തിനും സഹായം എത്തിക്കാനുമായിരുന്നു കണ്‍വെന്‍ഷന്‍.


                                  ( എ.വാസു -അദ്ധ്യക്ഷപ്രസംഗം)


                                  (ചന്ദ്രബാന്‍ പ്രസാദ് ഉത്ഘാടന പ്രസംഗം )


    (എസ്.സിതാര,കെ.അജിത, എ.വാസു, സിവിക് ചന്ദ്രന്‍, രേഖാരാജ് )




ഈ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത് പ്രത്യേകിച്ച് ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നില്ല. വിവിധ ദേശങ്ങളില്‍ നിന്നുമുള്ള നാല്പതോളം വരുന്ന വനിതകളാണ് ഇതിന്റെ സംഘാടകര്‍. ശ്രീ ഗ്രോ വാസുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂ‍പീകരിച്ചാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.  സി.പി. എം പോലുള്ള വലിയ പ്രസ്ഥാനങ്ങളോട് ഏറ്റുമുട്ടുന്നതില്‍ ഭയമുള്ളതുകൊണ്ട് ഈ വനിതകള്‍ക്ക് ആവശ്യമായ പിന്തുണ അണിയറയില്‍ നിന്നും കൊടുക്കുവാന്‍ ചില രാഷ്ട്രീയേതര പ്രസ്ഥാനങ്ങളുണ്ടായിരുന്നു. ലേഖാരാജ്, രേഷ്മ ഭരദ്വാജ്, ജസീല.സി.വി, ബോബി തുടങ്ങിയ യുവതികളാണ്  ഊര്‍ജ്ജസ്വലതയോടെ  പ്രവര്‍ത്തിച്ചത്.


                                                ( ബോബിയും രേഖാരാജും )


                                                      (ചിത്രലേഖയും മകളും)
കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം മാര്‍ച്ച് 9, 10 എന്നി രണ്ടു ദിവസങ്ങളിലായി പയ്യന്നൂര്‍ പ്രദേശങ്ങളിലാകെ ലേഖാരാജിന്റെ  നേതൃത്വത്തില്‍ വനിതകളുടെ ഒരു വാഹന പ്രചരണജാഥ നടത്തിയിരുന്നു. ജാഥയുടെ അവസാനം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ശ്രീമതി.കെ. അജിത മറ്റും സംസാരിച്ചു. വാഹന പ്രചരണത്തിനിടയില്‍ വനിതാപ്രവര്‍ത്തകരുടെ നേരെയും ഓട്ടോ തൊഴിലാളികളും ജനങ്ങളും തട്ടിക്കയറുകയും അവരുടെ നാടിനെ ജാതിസ്പര്‍ദ്ധയുടെ കേന്ദ്രമായി പ്രചരിപ്പിക്കുന്നതില്‍ ക്ഷുഭിതരാകുകയും ചെയ്തു. ഒന്ന് രണ്ടു സ്ഥലത്തുവെച്ച് ഭീഷണിപ്പെടുത്തുകയും മുഖത്ത് നേരിയതോതില്‍ തട്ടുകയും ചെയ്തു. പ്രചരണം അവസാനിപ്പിച്ച് പിന്മാറിയില്ലെങ്കില്‍ പെണ്ണുങ്ങളെ കൊണ്ടു തന്നെ തല്ലിക്കുമെന്നും ഭീഷണിപ്പെടുത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. സി.ഐ.റ്റി.യു വിന്റെ നേതൃത്വത്തില്‍ ചിത്രലേഖ, അവരുടെ അമ്മ, അമ്മൂമ്മ എന്നിവര്‍ വേശ്യകളാണെന്ന് പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ പല കാലത്തായി പല പ്രാവശ്യം പയ്യന്നൂരിലും എടാട്ടും ഒട്ടിച്ചിരുന്നു. മറ്റു ചിലരുടെ പരാതി ചിത്രലേഖ ഉറക്കെ സംസാരിക്കുന്നവളാണെന്നും സന്ധ്യയാകുന്നതുവരെ വണ്ടിയോടിക്കുന്നു എന്നുമായിരുന്നു. അതിലുള്ള അമര്‍ഷവും ചില ഓട്ടോ തൊഴിലാളികള്‍ വെളിപ്പെടുത്തി.


                                                       ( കെ.അജിത )
                                                         ( സിവിക് ചന്ദ്രന്‍ )
                                                                (എസ്.സിതാര )
                                                         ( കെ.എം.സലിംകുമാര്‍ )


                                                                ( കെ.കെ. കൊച്ച് )


                                                     ( ഡോ.എ.കെ. ജയശ്രീ )


                                                                  ( ദീപാ.വി.എന്‍ )


                                                                 ( കെ.കെ.ബാബുരാജ് )
കണ്‍വെന്‍ഷന്‍ അദ്ധ്യക്ഷ സ്ഥാനം വഹിച്ച് പഴയ നക്സല്‍ബാരി പ്രവര്‍ത്തകനായിരുന്ന ഗ്രോവാസുവായിരുന്നു (എ.വാസു). ദളിത് എഴുത്തുകാരനും ചിന്തകനുമായ ചന്ദ്രഭാന്‍  പ്രസാദ്  ഉത്ഘാടനം ചെയ്തു പ്രസംഗം നടത്തി. ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ നാള്‍വഴികളും ചരിത്രവും അവര്‍ക്കെതിരെയുള്ള അക്രമത്തിന്റെ രാഷ്ട്രീയവും സാംസ്ക്കാരികവും സാമ്പത്തികവും ആത്മീയവുമായ മാനങ്ങളും സ്പര്‍ശിച്ചു കൊണ്ട് വിവിധ തുറയിലുള്ള എഴുത്തുകാരും കവികളും സാമൂഹിക ചിന്തകരും മനുഷാവകാശ പ്രവര്‍ത്തകരും പ്രസംഗിക്കുകയും അവരുടെ തളരാത്ത പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ചിത്രലേഖയുടെ ചെറുത്തുനില്പിന് സര്‍വ്വ പിന്തുണയും കൊടുത്തുകൊണ്ട് തളരാതെ നില്‍ക്കുന്ന ഭര്‍ത്താവ് ശ്രീഷ്ക്കാന്തിനെയും ഏവരും അഭിനന്ദിച്ചു. തുടര്‍സഹായങ്ങള്‍ നിലനിറുത്തുന്നതിന് തദ്ദേശവാസികളടങ്ങിയ 10 പേരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
                                                               ( കണ്ടല്‍ പൊക്കുടന്‍ )


                                                              ( ഇവരെ അറിയില്ല )
സമ്മേളനത്തില്‍ ശ്രീമതി കെ.അജിത, കവിയും ചിന്തകനുമായ സിവിക് ചന്ദ്രന്‍, എഴുത്തുകാരിയായ എസ്. സിതാര, കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗമായ കെ. ഗിരീഷ് കുമാര്‍, ദളിത് പ്രവര്‍ത്തകനായ കെ.കെ.കൊച്ച്, ദളിത് എഴുത്തുകാരനും സാമൂഹിക ചിന്തകനുമായ കെ.എം.സലിംകുമാര്‍, ദലിതുവനിതാ പ്രവര്‍ത്തകയായ കോട്ടയത്തു നിന്നുള്ള റസ്ലി എബ്രഹാം, ആദ്യകാല ദളിത് പ്രവര്‍ത്തകയായ വിനിയമ്മാള്‍, വനിതകളുടെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ. എ.കെ.ജയശ്രീ, ഫെമിനിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ശ്രീമതി വി.എന്‍. ദീപ,ശ്രീ.കെ.കെ. ബാബുരാജ്, സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് ശ്രീ സാദിക്.പി.കെ, ‘മഹിളാ സമക്യ സൊസൈറ്റി’യുടെയും ‘പഞ്ചമി’ എന്ന ദളിതുവനിതാ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകയായ ശ്രീമതി ബോബി തുടങ്ങിയവര്‍ വിശദമായി സംസാരിച്ചു. പ്രശസ്ത് ചിന്തകനും എഴുത്തുകാരനുമായ
സമ്മേളനത്തില്‍ പങ്കെടുക്കാനിരുന്ന ശ്രീ കെ.വേണുവിന്റെ ഭാര്യയ്ക്ക് ചെറിയ ഒരു വാഹനാപകടം സംഭവിച്ചതിനാല്‍ സ്ഥലത്ത് എത്താന്‍ കഴിയാതിരുന്ന അദ്ദേഹം ഫോണ്‍ വഴി നല്‍കിയ സന്ദേശം ശ്രീ ദിലീപ് രാജ് വായിച്ചു. 
വൈകുന്നേരം 07.30 കൂടിയാണ് സമ്മേളനം അവസാനിച്ചത്. അതിനുശേഷം തുടര്‍സഹായ നടപടിക്കായുള്ള കമ്മിറ്റി രൂപീകരണവും അതിന്റെ മീറ്റിംഗും നടന്നു.
ചില വസ്തുതകള്‍
1) ചിത്രലേഖ വേശ്യയെങ്കില്‍ അവര്‍ക്ക് ഈ മര്‍ദ്ദനങ്ങളും എതിര്‍പ്പും നേരിട്ടു കൊണ്ട് ഓട്ടൊ ഓടിക്കേണ്ട കാര്യമെന്ത് ? നല്ല വരുമാനം നേടികൊണ്ട് ഒരു ലൈംഗിക തൊഴിലാളിയായി ജീവിച്ചു കൂടെ. പോരെങ്കില്‍ അങ്ങനെയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും പ്രസ്ഥാനങ്ങളുള്ള ഒരു നാട്ടില്‍ ! മറിച്ച് വഴിപിഴച്ചു പോയവരെ നേരെയാക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെങ്കില്‍ ഓട്ടോയോടിക്കുകയെന്ന മാന്യമായ തൊഴില്‍ ചെയ്യാന്‍ അനുവദിച്ചു കൊണ്ട് ഒരു റിഹാബിലിറ്റേഷന്‍ പദ്ധതിയുടെ ഭാഗമായെങ്കിലും അവരെ ജീവിക്കാന്‍ അനുവദിക്കുകയല്ലേ ചെയ്യേണ്ടത്. എന്തു ചെയ്യാം കള്ളവും ലോജിക്കും ഒരുമിച്ചു കൊണ്ടു പോകാന്‍ അല്പം ബുദ്ധിയെങ്കിലും വേണ്ടെ ! മസില്‍ മാത്രം പോരല്ലോ !




2) ഇപ്പോള്‍ ചിത്രലേഖയെ ജോലി ചെയ്യാന്‍ അനുവദിക്കാം പക്ഷേ ഭര്‍ത്താവ് കള്ളു കുടിയനായതിനാല്‍ അയാളെ യാതൊരു കാരണവശാലും ഓട്ടോ ഓടിക്കാന്‍ അനുവദിക്കുകയില്ലത്രേ ! കള്ളുകുടിയന്മാര്‍ വണ്ടിയോടിക്കാന്‍ പാടില്ലെങ്കില്‍ പയ്യന്നൂരിലെന്നല്ല കേരളത്തില്‍ പോലും ആര്‍ക്കെങ്കിലും വണ്ടിയോടിക്കാന്‍ പറ്റുമോ ! യഥാര്‍ത്ഥത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാ‍ത്ത ആ കുടുംബത്തിനു നേരെ നല്ലവനായ ആ ചെറുപ്പക്കാരനു നേരെ ഒരു മിശ്രവിവാഹത്തിന്റെ പേരിലുള്ള വല്ലാത്ത അസഹിഷ്ണുതയാണ് പയ്യന്നൂരിലെ ‘തീയബ്രാഹ്മണന്മാര്‍’ കാണിക്കുന്നത്.
                      --------------------
ഇന്ത്യന്‍ ദളിതു ഫെഡറേഷന്‍, കേരളാ ദലിത് പാന്തേഴ്സ് , ദളിത് മഹാരാഷ്ട്രാ, സ്ത്രീവേദി, പഞ്ചമി ദളിതു വനിതാ സംഘം, സഹയാത്രിക,ഫെമിനിസ്റ്റ് കേരള, ഐ.എസ്.ഓ തുടങ്ങിയ സംഘടനകള്‍ കണ്‍ വെന്‍ഷനില്‍ പങ്കെടുത്തു.


പ്രസംഗത്തില്‍ നിന്നും ചിലത് :‌-


“തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിക്കുന്നതു പോലെ ചിത്രലേഖ ഒരു ചീത്ത സ്ത്രീയാണെങ്കില്‍  ഞാനും ഒരു ചീത്ത സ്ത്രീയാണെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നു.”      സിതാര.എസ്


“പയ്യന്നൂരില്‍ കുറ്റവാളികളില്ല. കുറ്റകൃത്യങ്ങള്‍ മാത്രമെയുള്ളു! കൃമിനലിസം സാമൂഹികവത്ക്കരിക്കപ്പെട്ടിരിക്കയാണ് പയ്യന്നൂരില്‍. പയ്യന്നൂരില്‍ ഒരു പബ്ബ് ഉണ്ടായിരുന്നെങ്കില്‍ അവിടെ പോകുന്ന സ്ത്രീകളെ വെറുതെ വിടില്ല. ശ്രീരാമസേനയെ പോലെ കുറ്റവാളികള്‍ ഇവിടെ സാമൂഹിക പരിഷ്ക്കര്‍ത്താക്കളായി വിലസുന്നു.”                                                                                 കെ.ഗിരീഷ് കുമാര്‍


“പ്രാന്തവത്ക്കരിക്കപ്പെട്ടവരെ അറയ്ക്കപ്പെടേണ്ട അശ്ലീലമായി മുദ്രകുത്തപ്പെടുകയും അവരെ തുടച്ചു നീക്കപ്പെടേണ്ടവരായി കാണുകയും ചെയ്യുന്നു, മുഖ്യധാരാ സമൂഹം. അതിനാല്‍ അവരെ കൊല്ലുന്നവര്‍, ഇല്ലായ്മ ചെയ്യുന്നവര്‍ ഹീറോകളായി മാറുന്നു.”    
                                                                        കെ.കെ.കൊച്ച്



“ചിത്രലേഖയെ പോലെ ചെറുത്തു നില്പുനടത്തുന്നവരുടെ സഹായത്തിന്  ഭൂരിപക്ഷത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍   ഓടിയെത്തുമെന്ന്  നമുക്ക് എങ്ങനെ ഉറപ്പാക്കാനാകും! സദാചാര സംഹിതകള്‍ പോലീസായി മാറുകയാണിവിടെ”    
                                                                    വി.എന്‍.ദീപ


“സവര്‍ണ്ണ ഫ്യൂഢല്‍ സദാചാര മൂല്യങ്ങള്‍ക്കെതിരെ പോരാടുന്ന ചിത്രലേഖയെ ഊരുവിലക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് അദ്ധ്വാനിക്കുന്ന  തൊഴിലാളിവര്‍ഗ്ഗത്തിന് നാണക്കേടാണ് ”  
                                    
                                      കെ. വേണുവിന്റെ സന്ദേശത്തില്‍ നിന്ന്


“മനുധര്‍മ്മവും മാര്‍ക്കറ്റും തമ്മിലുള്ള വ്യവഹാര മണ്ഡലത്തില്‍ ചിത്രലേഖ അവര്‍ക്ക് മുന്‍പ് അനര്‍ഹമായിരുന്ന ഒരു സ്ഥാനം വാങ്ങിയെടുക്കുകയാണ്. തികച്ചും പുരുഷാധിപത്യമുള്ള, ദലിതേതരമായ ഒരു തൊഴില്‍ മണ്ഡലത്തിലേക്ക് അതിക്രമിച്ചു കടക്കുമ്പോള്‍ അത് ജാത്യാധിഷ്ഠിത അക്രമത്തിന് വഴിവെയ്ക്കുന്നു.”                 
                                                        ചന്ദ്രബാന്‍ പ്രസാദ്


“ചിത്രലേഖയ്ക്കു നേരെയുള്ള അക്രമം കൃത്യമായ ജാതി കുശുമ്പ് മാത്രമാണ് ! ഹീന ജാതിയായി കണക്കാക്കപ്പെട്ടിരുന്നവര്‍ അവര്‍ക്കു മേലെയുള്ളവര്‍ ചെയ്യുന്ന തൊഴിലിലേക്ക് അതിക്രമിച്ചു കടക്കുമ്പോഴുള്ള കുശുമ്പ്  !”          
                                                                 സിവിക് ചന്ദ്രന്‍


“ഇ.എം,എസ്സിനേയും  എ.കെ.ജിയേയും തന്റെ വീട്ടില്‍ ഒളിവിലിരുത്തിയ രാഘവക്കുറുപ്പ് സ്വന്തം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും കീഴാളരെ വെള്ളം കോരിക്കയില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് കാര്‍ക്ക് അന്നേ ഉള്‍ക്കൊള്ളാനാവാത്ത ആദര്‍ശമാണ് ജാതിബോധവും അയിത്തവും തുടച്ചു നീക്കുകയെന്നത്. അവര്‍ അതിന്നും പിന്തുടരുന്നു. മാര്‍ക്സിനേക്കാളേറെ അവര്‍ വായിക്കേണ്ടത് അംബ്ദേക്കറെയാണ്. ഞാനത് താമസ്സിച്ചു മനസ്സിലാക്കിയ ആളാണ്”
                                     
                                                     ഗ്രോ വാസു(മുന്‍ നക്സലൈറ്റ്)



                               ( ചിത്രലേഖ വീടിനു മുന്‍പില്‍ - മാതൃഭൂമവാരിക)
(ചിത്രലേഖയ്ക്ക് പിന്തുണയും സഹായവും എത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ മൊബയില്‍ നമ്പര്‍ :- 9526128764)