2010, ഫെബ്രുവരി 14, ഞായറാഴ്‌ച

ഭൂസമരങ്ങള്‍ - ഒറിജിനലും മിമിക്രിയും



         കീഴാളവിഭാഗങ്ങളുടെ നിലനില്പിനു വേണ്ടിയുള്ള ഭൂസമരം എഴുപതുകളോടുകൂടി കത്തിയമര്‍‌ന്നെങ്കിലും രണ്ടായിരത്തിന്റെ പകുതിയില്‍‌ വീണ്ടും ജ്വലിച്ചുതുടങ്ങി. ആദിവാസികളുടെയും ദളിതുകളുടെയും ഭൂസമരങ്ങള്‍; മുത്തങ്ങ മുതല്‍ ചെങ്ങറവരെ നീളുന്നവ ! നേടുക അല്ലെങ്കില്‍ മരിക്കുക എന്ന ലക്ഷ്യത്തോടെ, നഷ്ടപ്പെടുവാന്‍ യഥാര്‍ത്ഥത്തില്‍ ചങ്ങലകളല്ലാതെ മറ്റൊന്നുമില്ലാത്തവരുടെ ആത്മാര്‍ത്ഥമായ സമരങ്ങള്‍ !  ഇപ്പോഴിതാ അവയ്ക്കൊക്കെ അനുകരണങ്ങളും ! ഭരണകക്ഷിയിലെ സി.പി.എം.നേതൃത്വം കൊടുക്കുന്ന ആദിവാസി ക്ഷേമ സമിതി, കെ.എസ്.കെ.ടി.യു  എന്നീ സംഘടനകളുടെ നേതൃത്വത്തില്‍‌ ഭൂമിപിടിച്ചെടുക്കല്‍‌ നടക്കുന്നു. ചില സംശയങ്ങള്‍‌ ചോദ്യരൂപത്തില്‍.

1.ഭൂമിയുടെ അവകാശികളാര് ?  ഈ ഭൂമിയില്‍‌ വസിക്കുന്ന എല്ലാ ജീവജാലങ്ങളുമല്ലേ ? അങ്ങിനെയെങ്കില്‍ ജീവിക്കുവാന്‍ ഒരിടത്തിന് കീഴാള ജനതയ്ക്കും അവകാശമില്ലേ ?! 

 2.കൃഷിയോഗ്യമായ ഭൂമിയുടെ ഉടമസ്ഥത ആര്‍‌ക്കൊക്കെ ? കൃഷി സംസ്കാരവും, ജീവിതവൃത്തിയുമായവര്‍‌ക്കല്ലേ ?

3.ഭൂമിയുടെ ക്രയവിക്രയം പാടുണ്ടോ? അതിനുള്ള അധികാരം ആര്‍‌ക്ക് ?

4.ചരിത്രത്തിന്റെ എല്ലാ ഘട്ടത്തിലും, അധികാരം ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നോ ?

5.വാസയോഗ്യവും കൃഷിയോഗ്യവുമായി ഭൂമിയെ പരിവര്‍‌ത്തിപ്പിച്ച സാമൂഹ്യബന്ധങ്ങളില്‍‌, അധിനിവേശം എങ്ങനെയൊക്കെയാണ്  പ്രതിപ്രവര്‍‌ത്തിച്ചത് ?

6.ഭൂമിയൊരു ‘പ്രാഥമിക മൂലധന’മായതെന്നുമുതല്‍‌?

7.ഇപ്പോള്‍ മാത്രം അന്യാധീനപ്പെട്ടു പോയ ഭൂമി ഭൂസ്വാമിമാരില്‍ നിന്നും കൈയേറ്റക്കാരില്‍ നിന്നും പിടിച്ചെടുക്കാനുണ്ടായ ചേതോവികാരമെന്താണ് ? ആദിവാസികളേയും ദളിതരേയും മുന്‍നിറുത്തി നടത്തുന്ന   ഭൂസമരത്തില്‍  പിടിച്ചെടുക്കുന്ന ഭൂമി ആത്മാര്‍ത്ഥമായും അവര്‍ക്കു തന്നെ വീതിച്ചു നല്‍കാനാണോ ?

         സംശയങ്ങള്‍‌ നീട്ടാം. വളരെ പ്രസക്തമായ ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടു മാത്രമേ നിലവിലെ ഭൂപ്രശ്നം ചര്‍‌ച്ച ചെയ്യാനാവൂ. കുത്തക കമ്പനികളും, വ്യക്തികളും ഭൂമിയുടെ നല്ലൊരു പങ്ക് കൈവശം വെച്ചനുഭവിക്കുന്നതായി സര്‍‌ക്കാരിനു ബോധ്യമുള്ളപ്പോള്‍‌, കൃഷിയും കൈതൊഴിലും മറ്റ് കരാര്‍‌ തൊഴിലിലും ചെയ്തു ജീവിക്കുന്ന മഹാഭൂരിപക്ഷവും (അവരില്‍‌-മഹാഭൂരിപക്ഷവും, ദലിത്-പിന്നോക്ക ജനതയാണന്നു കൂട്ടിവായിക്കുക) കോളനികളിലും, റോഡ്/തോട്/റെയില്‍‌വേ പുറമ്പോക്കിലും, വഴിയോ വെള്ളമോ കിട്ടാത്ത ഉള്‍‌പ്രദേശങ്ങളിലോ ആണ് ജീവിക്കുന്നത്. ദളിതര്‍ അടുക്കള പൊളിച്ച് മാറ്റി അവിടെ ശവമടക്കേണ്ടിവരുന്ന  കേരളീയ ജീവിതപരിസരത്ത്, ഭൂമിയൊരു ചര്‍‌ച്ചാവിഷയം പോലുമാകാതിരിക്കുന്നത് എന്തുകൊണ്ടെന്നു പരിശോധിക്കേണ്ടതല്ലേ? ആഢ്യതയിലും അധികാര-സമ്പന്നതയിലും കഴിഞ്ഞിരുന്ന  സവര്‍ണ്ണ വിഭാഗങ്ങളിലെ ഒരു ന്യൂനപക്ഷം അല്പമൊന്നു ക്ഷയിച്ചാല്‍ അവര്‍ക്കു സംവരണത്തിനു വേണ്ടി ഉറക്കെ ശബ്ദിക്കുന്ന വിപ്ലവകക്ഷികളുള്ള നാട്ടില്‍ ഈ മൌനം അര്‍ത്ഥഗര്‍ഭമല്ലെ ?!  ഒന്നോര്‍‌ക്കുക, ഇന്ത്യയില്‍‌ ഭൂമിയൊരു ‘വിഷയ’മാവുന്നത്, രണ്ടേ രണ്ടു സംസ്ഥാനങ്ങളില്‍‌ മാത്രമാണ്. കേരളത്തിലും, പശ്ചിമബംഗാളിലും. ഇന്ത്യ റിപ്പബ്ലിക്കാവുകയും പാര്‍ലമെന്ററി
ജനാധിപത്യം എല്ലാ ജനങ്ങള്‍‌ക്കും വോട്ടവകാശം അനുവദിക്കുകയും ഭാഷാടിസ്ഥാനത്തില്‍‌ സംസ്ഥാനങ്ങള്‍‌ രൂപപ്പെടുകയും ചെയ്തശേഷം‌  നടന്ന തിരഞ്ഞെടുപ്പിലൂടെ ‍‌‘കമ്മ്യൂണിസ്റ്റു സര്‍‌ക്കാര്‍‌’ അധികാരത്തില്‍‌ വന്നു. ആ സര്‍‌ക്കാരിന്റെ പ്രഥമ പരിഗണനയായിരുന്നു ‘ഭൂപരിഷ്ക്കരണം’. അതുവരെ ഭൂവുടമസ്ഥത, ബ്രഹ്മസ്വം-ദേവസ്വം, ജന്മികള്‍, പാട്ടകരാറെടുത്ത വന്‍‌കിട തോട്ടമുടമകള്‍‌, എന്നിവര്‍‌ക്കായിരുന്നു. മധ്യമ ജാതികളായിരുന്ന ‘കര്‍‌ഷകര്‍‌’ എന്നു വിളിക്കപെടുന്നവര്‍‌ പാട്ടത്തിനെടുത്ത്, കര്‍‌ഷകതൊഴിലാളികള്‍‌ എന്ന കീഴാളജാതി സമൂഹങ്ങളെ കൊണ്ട് പണിചെയ്യിച്ച് ജന്മിമാര്‍‌ ‘ഉണ്ടുറങ്ങി’യ കാലത്തിനു മഹത്തായ പ്രഹരമേല്പിച്ച്, ഭൂപരിഷ്കരണം നടപ്പിലാക്കി. കൃഷിഭൂമി കര്‍‌ഷകനാവുകയും(കര്‍ഷക തൊഴിലാളിക്കല്ല), ഭൂപരിധി-പതിനെഞ്ചേക്കറായി നിജപ്പെടുത്തുകയും, കുടികിടപ്പിന് 10/05/03- സെന്റു വീതം എന്നിങ്ങനെ വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു. സര്‍‌ക്കാര്‍‌ പിടിച്ചെടുത്ത മിച്ചഭൂമി, ‘മിച്ചമുണ്ടായിരുന്ന മനുഷ്യര്‍‌’ക്കു കൊടുക്കുവാനായിരുന്നു. പക്ഷേ,പിടിച്ചെടുത്ത ഭൂമിയുടെ പത്തു ശതമാനം പോലും ഈ മിച്ചമനുഷ്യര്‍‌ക്കു കൊടുക്കാനായില്ലെന്നത് സര്‍‌ക്കാരിന്റെ കണക്ക്. പിന്നെ  അതിനുള്ള പരിഹാരമായി കണ്ടത്, കോളനികളുണ്ടാക്കി മിച്ചമനുഷ്യരെ അവിടേക്ക് ‘ഒതുക്കുക’. അങ്ങനെ, കേരളത്തില്‍  ‍‌‘ലക്ഷം വീട് ’, ‘ഹരിജന്‍‌ കോളനി’, അഥവാ ‘അംബേദ്ക്കര്‍‌ കോളനി’, എന്നിവ സ്ഥാപിച്ചുകൊടുത്തു. പൊതുസമൂഹത്തില്‍ ലയിച്ച് അവരുടെ സാംസ്ക്കാരിക ഭദ്രതയ്ക്ക് ഗ്ലാനി ഭവിപ്പിക്കാതിരിക്കുകയെന്ന സനാതനമൂല്യസംരക്ഷണവും ഈ ഒതുക്കലിന്റെ ഉപോല്‍പ്പന്ന നേട്ടമാണ്. ഇന്ന് മിച്ചമനുഷ്യരിലെ, രണ്ടാം തലമുറയ്ക്കോ, മൂന്നാം തലമുറക്കോ കിടപ്പാടമില്ലെന്ന അവസ്ഥ വന്നു. കേരളത്തില്‍ രാഷ്ട്രീയകക്ഷികളുടെ തിരിമറിയലുകളിലൂടെ ഭരണം തുടര്‍‌ന്നു. പിന്നീട് മുന്നണികളായി, ഭരണകക്ഷികളും-പ്രതിപക്ഷകക്ഷികളുമായി. ആര്‍‌ക്കും അലോരസമുണ്ടാക്കാതെ കാലം പോയ്ക്കൊണ്ടിരുന്നു. ഇപ്പോള്‍ ‘ആദിവാസി ഭൂസംരക്ഷണനിയമം’ ആദിവാസിക്കു പൂര്‍ണ്ണമായും ഗുണമില്ലാത്തതാക്കാനുള്ള പരിഷക്കരണങ്ങള്‍ക്ക് കോടതിയില്‍ നിന്നും പച്ചക്കൊടി വീശലും വരെ എത്തിനില്‍ക്കുന്ന വര്‍ത്തമാന കാലം !

           ഒരു നാള്‍‌, സി.കെ.ജാനുവെന്ന അടിയാത്തി പെണ്ണ് (വിദ്യാഭ്യാസമോ, കുടുംബമഹിമയോ, കാണാന്‍‌ ശേലോ ഇല്ലാത്ത) ആദിവാസികളുമൊത്ത് സമരത്തിനു വന്നു. തലസ്ഥാനത്ത് കുടില്‍‌ കെട്ടി, ഭരണക്കാരുമായുള്ള ഒത്തുതീര്‍‌പ്പു നടത്തിയെടുക്കാന്‍‌, മുത്തങ്ങയില്‍‌ സര്‍‌ക്കാര്‍‌ഭൂമി കൈയേറി കുടില്‍‌ കെട്ടി. അടിച്ചും വെടിവെച്ചും അവരെ തുരത്തി. ളാഹ ഗോപാലന്റെ നേതൃത്വത്തില്‍‌ ചെങ്ങറയില്‍ സാധുജനങ്ങള്‍, ഹാരിസണ്‍‌ കമ്പനിയുടെ പാട്ടകാലാവധി കഴിഞ്ഞ തോട്ടത്തില്‍‌ കൈയേറി കുടിലുകള്‍‌ കെട്ടി. അതും ഉപായത്തില്‍‌ ഒഴിപ്പിച്ചു. ഇത്തരം സമരങ്ങളുടെ തുടര്‍‌ച്ചയെന്ന നിലയില്‍‌ ഭൂപ്രശ്നം നിലനിര്‍‌ത്തുന്നത് എന്തുകൊണ്ടും നല്ലകാര്യം തന്നെ. കോടതിയുടെ നൂലാമാലകളില്‍‌ കാലങ്ങളോളം കുരുങ്ങി കിടക്കേണ്ടതാണോ ഭൂപ്രശ്നം?

            ടാറ്റായുടെ മൂന്നാറിനെ നോക്കുക. പൂഞ്ഞാര്‍‌ രാജാവ്, മന്‍‌റോസായിപ്പിന്, തോട്ടമുണ്ടാക്കാന്‍‌ 1877-ല്‍‌ പാട്ടത്തിനു കൊടുത്ത 1,27,000  ഏക്കര്‍, സായിപ്പു മറിച്ചുകൊടുക്കയും, 99-വര്‍‌ഷം കാലാവധി കഴിഞ്ഞ 1976-ല്‍‌ കേരളത്തില്‍‌ ജനകീയ സര്‍‌ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍, ഈ ഭൂമിയുടെ അവകാശികളെന്ന നിലയ്ക്ക്  പൂഞ്ഞാര്‍‌ രാജാവകാശികള്‍‌ ട്രസ്റ്റു രൂപീകരിച്ച് കക്ഷി ചേരുകയാണ്. ഇവിടെ ഇവരുടെ അര്‍ഹത പരിശോധിക്കാന്‍ ചരിത്രത്തിലൂടെ അല്പം പുറകോട്ടു പോകേണ്ടിവരും. രാജവാഴ്ച്ചയുടെ കാലത്ത്  തിരുവിതാംകൂര്‍ മഹാരാജാവ്, മധുരയില്‍‌ നിന്ന് ഒരു ശൂദ്ര കുടുംബത്തെ തിരുവിതാംകൂറിന്റെ വടക്കേ അതിരില്‍‌ ക്ഷത്രിയരാക്കി കൊണ്ടുവന്നു താമസ്സിപ്പിച്ചു. നിബിഢവനവും, കോടമഞ്ഞു മൂടിയമലകളും, പുഴകളും, കുറേ ഗോത്രജനതയും മാത്രമുണ്ടായിരുന്നുള്ളു. ബ്രട്ടന്റെ കണ്ണില്‍‌ , യൂറോപ്പ്യന്‍‌ കാലാവസ്ഥയും, തോട്ടവിളയ്ക്കുള്ള സാധ്യതയും തെളിഞ്ഞപ്പോള്‍, അവര്‍ ഈ സ്ഥലം ചെറിയ തുകയ്ക്ക് പാട്ടത്തിനെടുത്തു. ഗോത്ര ജനതയെ തുരത്തി തോട്ടമുണ്ടാക്കി. അതിന്, കിഴക്കും പടിഞ്ഞാറുമുള്ള കീഴാള/അടിമ ജനതയെ കങ്കാണിമാരുടെ സഹായത്താല്‍‌ വേട്ടയാടികൊണ്ടുവന്നു. രൂക്ഷമായ കാലാവസ്ഥയും, പടര്‍‌ന്നുപിടിച്ച് മലമ്പനിയും (തുള്ളപനി) കൊണ്ട്  ചത്തുകെട്ടി  പോയവരെത്ര?, ആര്‍‌ക്കറിയാം. അവരുടെ അഞ്ചാം തലമുറയിലേയും ആറാം തലമുറയിലേയും ജീവികള്‍‌, ഇന്നും ലായങ്ങളിലും, പുറമ്പോക്കിലെ തകര ഷീറ്റടിച്ച കൂരകളിലും കഴിയുന്നു. ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങളുന്നയിച്ചുകൊണ്ടെ മുന്നേറാനാവൂ. സത്യത്തില്‍‌  ഈ ഭൂമിയുടെ അവകാശികള്‍‌ ആരാണ് ? രാജാവു കൊണ്ടുവന്നു താമസ്സിപ്പിച്ച ക്ഷത്രിയരുടെ പിന്മുറക്കാരായ, കേസില്‍ കക്ഷി ചേര്‍ന്ന പൂഞ്ഞാറുകാരോ, ആ മണ്ണില്‍ അദ്ധ്വാനിക്കുക മാത്രം ചെയ്ത് അടിമളായി പൊലിഞ്ഞു പോയവരുടെ പിന്മുറക്കാരോ ? എന്തിന്റെ അടിസ്ഥാനത്തിലാണ് ഭൂവുടമസ്ഥത ജനകീയ സര്‍ക്കാര്‍ അടയാളപ്പെടുത്തുന്നത് ? ആരൊക്കെയാണ് മൂന്നാ‍റിനെ പ്രകൃതിവിരുദ്ധമാക്കിയത്. തീര്‍‌ച്ചയായും, തമിഴും, മലയാളവും ഇടകലര്‍‌ത്തി സംസാരിക്കുന്ന കറുത്ത മനുഷ്യരല്ല. അവരെന്നെങ്കിലും ഭൂമിയുടെ അവകാശികളായിരുന്നുവോ ? ഗവേഷിക്കാവുന്ന വിഷയം.

              ഇന്ന് സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെ ചട്ടുകങ്ങളായ, ദലിത് ആദിവാസി പോഷക സംഘനകളെ കൊണ്ടു നടത്തിക്കുന്ന അശ്ലീല ഭൂസമരങ്ങള്‍ ചിലരോട് കണക്കു തീര്‍ക്കാനുള്ള ശ്രമം മാത്രം, അത് അവര്‍ കൈയ്യേറിയ ഭൂമിയാണെങ്കില്‍ പോലും !

                    ഈ ‘കണ്ണന്‍‌ തേവന്‍’ എന്ന് ടാറ്റയുടെ തോട്ടത്തിനെങ്ങനെ പേരുവന്നു ? അത് അയാളുടെ മക്കളുടെ പേരു വല്ലതുമാണോ..? അതോ പൂഞ്ഞാറ്റിലെ മണ്മറഞ്ഞ ഏതെങ്കിലും തമ്പ്രാക്കന്മാരുടെ ..? ഏതായാലും സായിപ്പന്മാര്‍‌ക്കാര്‍ക്കും ആ പേരുള്ളതായി അറിവില്ല !

12 അഭിപ്രായങ്ങൾ:

 1. പ്രസക്തമായ ചില ചോദ്യങ്ങള്‍ മാഷു ചോദിച്ചു. ഉത്തരം തരേണ്ടവര്‍ തീര്‍ചയായും മൌനം പാലിക്കും. "ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി"........ സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 2. എന്തുകൊണ്ട് കേരളത്തിലും ബംഗാളിലും മാത്രം? മറ്റിടങ്ങളില്‍ പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞോ? മറുചോദ്യമല്ല അറിയാന്‍ വേണ്ടിയാണ്.

  മറുപടിഇല്ലാതാക്കൂ
 3. യാത്രികനും,സന്തോഷിനും നന്ദിയുണ്ട്,വന്നു പ്രതികരിച്ചതിന്.
  ഇന്ത്യന്‍‌ കമ്മ്യൂണിസ്റ്റുപാര്‍‌ട്ടിയുടെ പരിപാടിയില്‍‌ പെടുത്തിയ വിഷയമാണ് ഭൂപരിഷ്ക്കരണം(4-1954-പാലക്കാട്).പാര്‍‌ട്ടി അധികാരത്തിലെത്തിയ ആദ്യ സംസ്ഥാനം കേരളമായതിനാല്‍‌ ഇവിടെയാണ് തുടങ്ങിയത്.പിന്നീട് ബംഗാളിലും.ത്രിപുര പൂര്‍‌ണ്ണമായും ട്രൈബല്‍‌ സ്റ്റേറ്റായതിനാല്‍‌ അവിടെ ഇതിന്റെ പ്രസക്തി ഇല്ലന്നു പറയാം.നൂറ്റാണ്ടുകളായി ഫൂഡലിസം അതിന്റെ ജാതി-ജന്മി അടിത്തറയില്‍‌ രൂപപ്പെടുത്തിയ വര്‍‌ഗ്ഗബന്ധങ്ങളുള്ള നാട്ടില്‍‌ ,കേവലം ഭരണകൂട നിയമങ്ങളാല്‍‌ നടപ്പാക്കവുന്നതല്ല ഭൂപരിഷകരണം.ഇക്കാലത്ത് കോണ്‍‌ഗ്രസ്സ് ഇതേപറ്റി ചിന്തിച്ചിട്ടുപോലുമില്ല.വിനോബാഭാവേ നടത്തിയ ഭൂദാന പ്രസ്ഥാനമാണ് അല്പം ആശ്വാസമായി പറയാവുന്നത്.
  ഇവിടെ പ്രശ്നം കാര്‍‌ഷിക വൃത്തി ജീവിതോപാദിയായ ജനസമൂഹം ഉണ്ട്.അവര്‍‌ക്ക് ഭൂമിയെന്ന മൂലധനം സ്വായത്തമാക്കാന്‍‌ കഴിഞ്ഞോ എന്നതാണ്.ഇല്ലങ്കില്‍‌ എന്തുകൊണ്ടു കഴിഞ്ഞില്ല.സന്തോഷിന്റെ വീക്ഷണം എന്താണ്?
  മറ്റിടങ്ങളില്‍‌ ഇത്തരമൊരു വിഷയം ചര്‍‌ച്ചപോലുമായില്ല.

  മറുപടിഇല്ലാതാക്കൂ
 4. ഒന്നാമതായി ഇതൊരു “പ്രശ്നം‘ ആണ് എന്ന് identify ചെയ്യുന്നുണ്ടെങ്കില്‍ ആരുടെ പക്കലും ready made ഉത്തരങ്ങള്‍ പ്രതീക്ഷിക്കരുത്. പ്രശ്നങ്ങളുടെ ഉത്തരം സമൂഹത്തിന്റെ പൊതു രാഷ്ട്രീയ ബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരേണ്ടതാണ്.ഇവിടെ പ്രശ്നം, ഭൂമി എന്നത് സാമ്പത്തിക ഉല്പാദനത്തിന്റെ അടിസ്ഥാന ഉപാധിയാണ്. അത് എങ്ങനെ വിനിയോഗിക്കപ്പെടണം എന്നതാണ്. ശവമടക്കിന്റെ കാര്യമൊക്കെ ഒരു പൊതു ശ്മശാനത്തിന് പരിഹരിക്കവുന്നതേയുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 5. ഈ ‘കണ്ണന്‍‌ തേവന്‍’ എന്ന് ടാറ്റയുടെ തോട്ടത്തിനെങ്ങനെ പേരുവന്നു ? അത് അയാളുടെ മക്കളുടെ പേരു വല്ലതുമാണോ..? അതോ പൂഞ്ഞാറ്റിലെ മണ്മറഞ്ഞ ഏതെങ്കിലും തമ്പ്രാക്കന്മാരുടെ ..? ഏതായാലും സായിപ്പന്മാര്‍‌ക്കാര്‍ക്കും ആ പേരുള്ളതായി അറിവില്ല
  അതു ചിലപ്പോ മണ്മറഞ്ഞ ഏതോ ഗോത്രകാരന്റെ പേരാകാം.ഏതായാലും ഭൂമിയ്ക്കു വേണ്ടിയുള്ള ഈ സമരം ഇനിയും പരിഹരിച്ചില്ലേല് പ്രശ്നം കൂടുതൽ ഗുരുതരമാകും.

  മറുപടിഇല്ലാതാക്കൂ
 6. അനൂപ്,അതുതന്നെയാണ് സത്യം.ഇന്ന് ആദിവാസികളെന്ന് വിളിക്കപ്പേടുന്ന നിരവധി ഗോത്രസമൂഹങ്ങളുടെ ആവാസ വ്യവസ്ഥ് തകര്‍‌ത്തെറിഞ്ഞാണ് ‘തോട്ടവത്ക്കരണം’നടന്നത്.ഒരു മരം വെട്ടുമ്പോള്‍ അതില്‍‌ കൂടുകൂട്ടിയ കിളികളും,അസംഖ്യം ജീവി വര്‍‌ഗ്ഗങ്ങളും ഒഴിഞ്ഞുപോയേ കഴിയൂ.ഭൂമിയുടെ വിഷയം അധിനിവേശത്തിന്റേതാണ്.ഇര ആരാണ്,വേട്ടക്കാരന്‍‌ ആരാണ് എന്നുള്ളത് വായനക്കാരന്റെ രാഷ്ട്രീയ ബൊധവുമായി ബന്ധ്പ്പെട്ടിരിക്കും.
  സന്തോഷ്,റെഡിമെയ്ഡ് ഉത്തരങ്ങള്‍‌ പ്രതീക്ഷിച്ചില്ല.
  ശവമടക്കു സൂചിപ്പിച്ചത് നിവൃത്തികേടിനെ കുറിക്കാനാണ്.
  കേരളത്തിലെ ഗ്രാമങ്ങളൊന്നും പൊതുശ്മശാനം ഉള്ളതല്ല.(കാണുമായിരിക്കാം)മത/ജാതി/സമുദായ കേന്ദ്രീകൃത മായ നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍‌,ശവമടക്കുപോലും വിഷയമാവുന്നത് കാണാതിരുന്നു കൂടാ.

  മറുപടിഇല്ലാതാക്കൂ
 7. ഗോത്ര ജനതകള്‍‌ ചരിത്രത്തേ വായിച്ചെടുക്കുന്നത്,അവരുടെ പാട്ടുകളീല്‍‌ നിന്നാണ്.മന്നാന്മാര്‍‌,ഉള്ളാടര്‍‌,മലയരയര്‍‌,വേട്ടുവര്‍‌ എന്നീ പ്രാകൃത ഗോത്രങ്ങളും,പറയര്‍‌,പുലയര്‍‌,കുറവര്‍‌,വേലര്‍‌,തുടങ്ങിയ,ജാതിസമൂഹങ്ങളും,വിപുലമായ പാട്ട്/കഥ/കലാ-ശേഖരമുള്ളവരാണ്.
  ഒ:ടോ:വലിയൊരു വിഷയമായതിനാല്‍‌ കമന്റിനു പ്രതികരിക്കാന്‍‌ കഴിയില്ല.പോസ്റ്റുതന്നേ വേണം.

  മറുപടിഇല്ലാതാക്കൂ
 8. കണ്ണൻ തേവൻ എന്നത് ടാറ്റയുടെയോ സായിപ്പിന്റെയോ കുടുംബത്തിലെ ആരുടെയും പേരല്ല എന്നു മനസ്സിലായി, മാഷേ സസ്പെൻസ് കളഞ്ഞിട്ട് അതിന്റെ കഥയും പറഞ്ഞു കൂടെ ?!

  മറുപടിഇല്ലാതാക്കൂ
 9. വളരെ പ്രധാനപ്പെട്ട മാനുഷിക പ്രശ്നം വ്യക്തതയോടെ വിശകലനം ചെയ്യുന്ന പോസ്റ്റ്.
  മാനവിക സ്വാതന്ത്ര്യസമര സേനാനികളായ ജാനുവും,ഗീതാനന്ദനും,ളാഹ ഗോപാലനുമെല്ലാം ആത്മബോധം നല്‍കി ഉയര്‍ത്തിക്കൊണ്ടുവരുന്ന നമ്മുടെ സമൂഹത്തിലെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട നമ്മുടെ സഹോദരങ്ങളെ ഇനിയെങ്കിലും മനുഷ്യരായി അംഗീകരിക്കാനും അവര്‍ക്ക് നഷ്ടപ്പെട്ട നമ്മുടെ നാടിന്റെയും കാടിന്റേയും ഉടമസ്താവകാശം പരിമിതമായെങ്കിലും തിരിച്ചുനല്‍കാനും പൊതുജനാഭിപ്രായം
  ഉയരേണ്ടിയിരിക്കുന്നു. കോളനികളിലും തൊഴുത്തുകളിലും ഒതുക്കപ്പെടാതെ,
  നഷ്ടപ്പെട്ട കൃഷിസ്ഥലവും, കാടും,നാടും,വനവിഭവങ്ങളില്‍ നിന്നുള്ള ആദിവാസികള്‍ക്കുള്ള റോയല്‍റ്റിയും ഈ മണ്ണിന്റെ അവകാശികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടതാണെന്നും,അതിനുള്ള അവകാശബോധം ആര്‍ജ്ജിക്കുന്നതിനായുള്ള വിദ്ധ്യാഭ്യാസം നേടാനും സമരം സംഘടിപ്പിക്കാനും, ചരിത്രം രേഖപ്പെടുത്താനും ഈ മനുഷ്യ സഹോദരങ്ങള്‍ക്ക് കഴിയട്ടെ എന്നാശിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 10. അസുരൻ,ഗോത്ര വർഗ്ഗങ്ങളുടെ പാട്ടിലൊക്കെ വരുന്ന കഥാപാത്രമാണു 'കണുവാൻ തേവർ'.മഹാഭാരത ത്തിൽ ,ശകുന്തളെയെ സം രക്ഷിക്കുന്ന മഹർഷി ടിയാനായിരിക്കും.അതു പോലെ 'കടുകൈയ്യൻ എന്നൊരു രാജാവിനെ പറ്റി പറയുന്നുണ്ട്.ഘടോല്കചനാവാം.എല്ലാവ്യവഹാരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ജനതകൾ ,പാട്ടുകളിലൂടെ ചരിത്രം വെളിപ്പെടുത്തുന്നതാകാം.

  മറുപടിഇല്ലാതാക്കൂ
 11. ചിത്രകാരൻ വന്നതിനു നന്ദി.
  ഭൂമിയൊരു 'വിഭവാധികാര'മായി കാണുന്ന പ്രത്യശാസ്ത്ര ബോധം,വിപ്ളവ കാരികൾക്കില്ലാതെ പോയതു കാരണം,കാർഷിക മേഖലയിലെ നിർണായ ഘടകമായ കർഷകതൊഴിലാളികു കുടികിടപ്പു മാത്രമാണു കിട്ടിയത്.അവരുടെ രണ്ടാം തലമുറയും,മൂന്നാം തലമുറയും,പുറമ്പോക്കിലും -കോളനികളിലും അഴുകി ജീവിക്കുകയാൺ‌.ആദിവാസികളുടെ കാര്യം,കാടും-ഭൂമിയും തള്ളയും-തന്തയുമായി കണ്ടിരുന്നവർ,പരിഷ്ക്കാരികളുടെ മുമ്പിൽ തോറ്റു പോയവരാണുതാനും.മനുഷ്യരായി ഈ വിഷയത്തെ സമീപിക്കുമ്പോഴാണു 'തിരിച്ചറിവ്' നേടുന്നത്.

  മറുപടിഇല്ലാതാക്കൂ
 12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം