2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

സി.പി.എമ്മിന്റെ ദളിതുപീഢനം !

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ....അങ്ങനെ ഒട്ടേറെ മഹത്വ്യക്തികള്‍ നടത്തിയ സാമുദായിക നവോത്ഥാനപരിശ്രമങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും, ഹൈന്ദവമൂല്യവാദിയായ സ്വാ‍മിവിവേകാനന്ദന്‍ പോലും
ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ, ഭ്രാന്തില്‍ നിന്നും ഒരു
പരിധിവരെ മോചിപ്പിക്കാന്‍ സാധിച്ചു. ജാതിചിന്ത മനസ്സില്‍ നിന്നും ഒഴിഞ്ഞു പോയില്ലെങ്കിലും ‘പീഢനകലക’ളായ തൊട്ടുകൂടായ്മ, ഭ്രഷ്ട്, തീണ്ടല്‍, ശാരീരികപീഢനം തുടങ്ങിയവയൊക്കെ അവസാനിപ്പിക്കാനും ബാഹ്യതലത്തില്‍ മാനവിക മൂല്യങ്ങളെ  മാനിച്ചു കൊണ്ട് ജീവിക്കുവാന്‍
വിമ്മിഷ്ടത്തോടെയെങ്കിലും മലയാളി തയ്യാറായി. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇന്നും ഇക്കാര്യത്തില്‍ കാര്യമായി മുന്നേറാനാട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ രൂപം കൊള്ളാനും അവരുടെ സന്ദേശം സമൂഹം ഉള്‍ക്കൊള്ളുവാനും
കാരണം സാമൂഹികവും സാംസ്ക്കാരികവുമായ ഈ ഉണര്‍വാണ്. ആത്മീയവും സാംസ്ക്കാരികവുമായ ഈ മുന്നേറ്റത്തെ എറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയത് കമ്മ്യൂണിസ്റ്റ് കക്ഷികളാണെന്നാണ് വെയ്പ്പ്.(വിപ്ലവകരമായ ഒരു സാമൂഹിക നവോത്ഥാനം ഇവിടെ നടന്നിട്ടില്ല എന്നത് വാസ്തവം)

നമ്മുടെ അയല്‍ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ജാതി പീഢനം പ്രത്യേകിച്ച് ദളിതര്‍ക്കു നേരെയുള്ള ക്രൂതകള്‍ അവിരാമം
മുന്നേറിക്കോണ്ടിരിക്കുന്നു. അവിടെ, പ്രമുഖ കമ്മ്യൂണിസ്റ്റ് കക്ഷിയായ CPM, ദളിതരേയും സവര്‍ണ്ണരേയും വേര്‍തിരിച്ചു കൊണ്ട് സവര്‍ണ്ണര്‍ കെട്ടിയുയര്‍ത്തിയ അയിത്ത മതില്‍ രണ്ടിടത്തു പൊളിച്ചതായി നാമറിഞ്ഞു എന്നാല്‍ ഈ കാര്യം മുഖ്യധാരാ മാധ്യമങ്ങളൊന്നും കൊട്ടിഘോഷിച്ചുമില്ല. CPM വിരുദ്ധമായ മാധ്യമ സിന്‍ഡിക്കേറ്റായിരിക്കാം അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തമസ്ക്കരിക്കുന്നത്. ഈ വലിയ കാര്യത്തെ   മുന്‍നിറുത്തിക്കൊണ്ട്, ‘ജനജാഗ്രത’യെന്ന പ്രോ-സി. പി. എം ബ്ലോഗില്‍ പോസ്റ്റു വരികയും പ്രമുഖ CPM ബ്ലോഗറന്മാരും അനുഭാവികളും, CPM സവര്‍ണ്ണാഭിമുഖ്യമുള്ള പാര്‍ട്ടിയാണെന്ന ദളിതു-പിന്നോക്ക വിമര്‍ശനങ്ങളെയും മുന്‍വിധികളെയും,
വ്യംഗ്യമായി ചില ന്യൂനോക്തികളുപയോഗിച്ച് തോണ്ടിക്കൊണ്ട് കമന്റുകളുമിട്ടിരുന്നു. അതെ, CPM, ദളിതര്‍ക്കും ആദിവാസികള്‍ക്കും  വേണ്ടി ചെയ്യുന്ന ആത്മാര്‍ത്ഥമായ കാര്യങ്ങള്‍, അവര്‍ തിരിച്ചറിയുന്നില്ലെങ്കില്‍ ആര്‍ക്കാണു ദേഷ്യം വരാത്തത് !

പക്ഷെ വളരെ പഴക്കമുള്ള, CPM നുമേലുള്ള ഈ ആരോപണം അസ്ഥാനത്തൊന്നുമല്ലെന്ന്, കേരളത്തില്‍ അവര്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. തമിഴ്നാട്ടില്‍ കാണിക്കുന്നത് പാര്‍ട്ടി വളര്‍ത്താനുള്ള ചില ഗിമ്മിക്കുകള്‍ മാത്രമാണ്. ദളിതരും പിന്നോക്കരും ഉള്‍പ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗത്തെ കൈയിലെടുത്ത്, പാര്‍ട്ടി വളര്‍ന്നു കഴിഞ്ഞാല്‍, അവരെ വിറകുവെട്ടികളും വെള്ളം കോരികളുമാക്കി നിലനിര്‍ത്തുക എന്ന തന്ത്രം തന്നെയാണ് അവര്‍ ഇവിടുത്തെയും പോലെ അവിടെയും പ്രയോഗിക്കുവാന്‍ പോകുന്നത്.  സി പി എം സവര്‍ണ്ണതാല്പര്യങ്ങള്‍   സംരക്ഷിക്കുന്നവര്‍ മാത്രമല്ല, ദളിതുവിരുദ്ധര്‍ കൂടിയാണ് (കേരളത്തില്‍ ദളിതരെ അപേക്ഷിച്ചു നോക്കുമ്പോള്‍ പ്രമുഖ ജാതിയായ ഈഴവരും ഇന്ന് അര്‍ത്ഥസവര്‍ണമാരാണ്). ശക്തമായ ഈ ആരോപണത്തിനുള്ള വര്‍ത്തമാനകാലത്തെ ഏറ്റവും നല്ല ഉദാഹരണമാണ് പയ്യന്നൂരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി CPM- ന്റെയും CITU- വിന്റെയും നേതൃത്വത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ‘ചിത്രലേഖാവധം ’!!

ചിത്രലേഖയെന്ന ദളിതുയുവതി, ശ്രീഷ്കാന്ത് എന്ന തീയന്‍/ചോവ യുവാവുമായി പ്രണയത്തിലായി, അയാളെ വിവാഹവും കഴിച്ചു. പോരെ പൂരം! ചിത്രലേഖയുടെ ഭര്‍‌ത്താവായ, ശ്രീഷ്കാന്തിന്റെ സഹോദരിയുടെ ഭര്‍‌ത്താവ് P.A.രവീന്ദ്രന്‍, പോലീസ് മന്ത്രിയുടെ പേഴ്സണല്‍‌ സ്റ്റാഫില്‍‌ പെടുമ്പോള്‍‌, തീയന്മാര്‍ ഈ അപമാനം ഒരുവിധം സഹിച്ചാല്‍ തന്നെ പാര്‍ട്ടിക്കു സഹിക്കാന്‍ പറ്റുമോ ? CPM ന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ വിപ്ലവം വരുന്ന കാലത്ത്, മാനുഷരെല്ലാരുമൊന്നായി തീരുന്ന മുഹൂര്‍ത്തത്തില്‍ സാക്ഷാത്ക്കരിക്കേണ്ട ‘മതേതരജാതിരഹിത സോഷ്യലിസ്റ്റ് പ്രണയം’ ഇന്നേ പ്രാവര്‍ത്തികമാക്കിയാല്‍ എങ്ങനെ ക്ഷമിക്കും?! അതോടെ ‘ചിത്രലേഖാവധം ബാലെ’ ആരംഭിക്കുകയായി. CITU  എന്ന തൊഴിലാളിവര്‍ഗ്ഗ ബഹുജന സംഘടനയെ ആരാച്ചാരാക്കി, പൂച്ച എലിയെ കൊല്ലും പോലെ കടിച്ചും മാന്തിയും കീറിയും വിണ്ടും അനങ്ങുമ്പോള്‍ തട്ടിക്കളിച്ചും രസിച്ചും കൊണ്ടിരിക്കുകയാണ് CPM. ആരെങ്കിലും ചോദിച്ചാല്‍ CPM നുകൈയ്യൊഴിയാന്‍ എളുപ്പമാണ്, കാരണം CITU-വിലുള്ള തൊഴിലാളികളെല്ലാം CPMകാരല്ലെന്ന സാങ്കേതിക ന്യായം പറയാം. ഇതു പച്ചക്കള്ളമാണെന്നു ഏതു പൂച്ചക്കുഞ്ഞിനും അറിയാം.

2001- ലായിരുന്നു ചിത്രലേഖയുടെയും  ശ്രീഷ്കാന്തിന്റെയും  വിവാഹം. ശ്രീഷ്കാന്തിനെ വീട്ടില്‍ നിന്നും പുറത്താക്കി. അന്നു രാത്രി  CPM-കാര്‍  ചിത്രലേഖയുടെ അമ്മാവന്റെ വീട്ടില്‍ നിന്നും ശ്രീഷ്കാന്തിനെ കട്ടിലോടു കൂടി വെളിയിലിട്ട് തല്ലിച്ചതച്ച്, പിടിച്ചുകൊണ്ടുപോയി. കൂടാതെ അയാളുടെ വണ്ടി എടുത്തു കൊണ്ടു പോകുകയും ചെയ്തു. മറ്റൊരവസരത്തില്‍ രാത്രിയില്‍
പണികഴിഞ്ഞു വരുമ്പോള്‍ അയാളെ വളഞ്ഞുവെച്ചു തല്ലുകയും മൂക്കിന്റെ പാലം ഇടിച്ചു തകര്‍ക്കുകയും ചെയ്തു. ഇയാള്‍ DYFI പ്രവര്‍ത്തകനായിരുന്നു. ജേഷ്ഠന്‍ CITU നേതാവായിരുന്നു. അച്ഛന്‍ CPM, ‘നടക്കുതാഴ’ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. അടിമുടിസര്‍വ്വം കമ്മ്യൂണിസ്റ്റുകളായ ഒരു കുടുംബം പോലും ഒരു പുലച്ചിയുമായുള്ള മിശ്രവിവാഹം ഉള്‍ക്കൊള്ളാനാവാതെ, അയാളെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ എന്തുതരം മനുഷ്യത്വമായിരിക്കും ഇവര്‍ക്കുള്ളത്. എന്നിട്ടും അവര്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന പേരില്‍ ഊറ്റം കൊള്ളുന്നു.

പയ്യന്നൂരിലെ എടാട്ട് തുരുത്തിറോഡ് എന്ന സ്ഥലത്തു ജീവിക്കുന്ന ചിത്രലേഖ, ജനകീയാസൂത്രണം വഴി ഓട്ടോ ഡ്രൈവിംഗ് പഠിച്ച്, P.M.R.Y- വഴി ലോണെടുത്ത് 2004-ല്‍ ഓട്ടോ വാങ്ങി. എടാട്ട് സ്റ്റാന്‍ഡില്‍ കിടന്ന് ഓടുവാന്‍ വേണ്ടി, CITU-വില്‍ മെംബര്‍ഷിപ്പ് എടുത്താല്‍ മാത്രം വണ്ടിയോടിക്കാന്‍ അനുവദിക്കൂ എന്നറിഞ്ഞതു കൊണ്ട്, അതിന് അപേക്ഷിച്ചു. മൂന്നുമാസം താമസം വരുത്തിയ ശേഷം മനസ്സില്ലാമനസ്സോടെ മെംബര്‍ഷിപ്പു കൊടുത്തു.

എന്നാല്‍ അതോടെ പീഢനങ്ങളും ആരംഭിച്ചു. ആദ്യം ഭര്‍ത്താവ് ശ്രീഷ്കാന്താണ് വണ്ടിയോടിക്കാന്‍ തുടങ്ങിയത്. അപ്പോള്‍
പുറകിലത്തെ ചില്ല് തല്ലി പൊട്ടിച്ചു. ഫോണ്‍ വഴികിട്ടുന്ന ട്രിപ്പ് കൊടുക്കാതായി. ഒരുതരം ഒറ്റപ്പെടുത്തലും വിവേചനവും!, പണി കിട്ടാതെ പട്ടിണി കിടക്കേണ്ടി വന്നപ്പോള്‍ താന്‍ വരത്തനായിട്ടായിരിക്കും പ്രശ്നങ്ങള്‍ എന്നു വിചാരിച്ച്
നാട്ടുകാരിയായ ഭാര്യ തന്നെ വണ്ടിയോടിക്കട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ ചിത്രലേഖ വണ്ടിയോടിക്കാന്‍ തുടങ്ങി.

“ ഓ.... പൊലച്ചി നന്നായിപ്പോയല്ലോ, പൊലച്ചി വണ്ടിയോടിക്കാന്‍ തൊടങ്ങിയല്ലോ...”എന്നെല്ലാം സഹപ്രവര്‍ത്തകരും മറ്റും പരിഹസിക്കാനും അസഭ്യം പറയാനും തുടങ്ങി. എല്ലാം സഹിച്ചു കൊണ്ട് അവര്‍ ജോലി ചെയ്യുവാന്‍ തുടങ്ങി. ഭര്‍ത്താവ് പയ്യന്നൂരില്‍ വാടകയ്ക്ക് വണ്ടിയോടിക്കാനും
പോയി.

2005 -ല്‍  CITU, നടത്തിയ നവമിപൂജയില്‍ രണ്ടുപേരുടെയും വണ്ടികള്‍ പൂജിക്കുവാന്‍ കൊടുത്തു. വെളുപ്പിന് പൂജ കഴിഞ്ഞ് വണ്ടിയെടുക്കാന്‍ ചെന്നപ്പോള്‍ ചിത്രലേഖയുടെ വണ്ടിയുടെ റെക്സിന്‍ ബ്ലേഡുപയോഗിച്ച് കീറിയിട്ടുണ്ടായിരുന്നു. CPM- ന്റെ അറിയപ്പെടുന്ന ഗുണ്ടയായ മറ്റൊഒരു ഓട്ടോ ഡ്രൈവറായിരുന്നു റെക്സിന്‍ കീറിയത്. കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, വേണ്ടി വന്നാല്‍ ‘നിന്നെയും കത്തിക്കും’എന്നാ‍ണ്. യൂണിയനോട്
പരാതിപ്പെട്ടപ്പോള്‍ അവരും കൈയ്യൊഴിഞ്ഞതിനാല്‍ പോലീസില്‍ പരാതി കൊടുത്തു. പോലീസില്‍ പ്രതിയെ വിളിപ്പിച്ചപ്പോള്‍ എല്ലാ CITU ഓട്ടോ ഡ്രൈവറന്മാരും നേതാവും പഞ്ചായത്തു മെംബറുമെല്ലാം സ്റ്റേഷനിലെത്തി, അവള്‍ തന്നെ കീറിയതാണെന്നും മദ്യപിക്കുന്നവളും വേശ്യയുമാണെന്നുംഒപ്പുശേഖരണം നടത്തി പരാതികൊടുത്തു. എങ്കിലും പോലീസ്, ഇനിയും ഇങ്ങനെ ഉണ്ടാകില്ലെന്ന് പറഞ്ഞ് ചിത്രലേഖയെ ഒപ്പിടുവിച്ച് മടക്കി അയച്ചു.

പിറ്റേന്ന് സ്റ്റാന്റിലെത്തിയ ചിത്രലേഖയെ അസിസ്റ്റന്റ് യൂണിയന്‍ സെക്രട്ടറിയും മറ്റും ചേര്‍ന്ന് വണ്ടിയില്‍ നിന്നും വലിച്ചു പുറത്തിട്ടു മര്‍ദ്ദിച്ചു. വണ്ടി പാര്‍ക്കിംഗ് ലൈനില്‍ നിന്നും തള്ളിമാറ്റി. തന്നെ ഓടിക്കാനാനുവദിച്ചില്ലെങ്കില്‍ ആരും വണ്ടിയോടണ്ട എന്ന പ്രതിഷേധ നിലപാടെടുത്ത ചിത്രയെ “പൊലച്ചി, നായിന്റെ മോളെ, നീ ബാക്കിയുണ്ടെങ്കിലല്ലെ നിനക്ക് വണ്ടിയോടിക്കാന്‍ പറ്റൂ, നിന്നെയൊക്കെ കൊന്നാല്‍ ആരാ ചോദിക്കാന്‍ വരുക” എന്നു പറഞ്ഞ് രമേശന്‍ എന്നയാള്‍, അയാളുടെ ഓട്ടോ ഇടിപ്പിച്ചു അവരെ കൊല്ലാന്‍ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാല്‍ കാലിലൂടെ വണ്ടികയറി അവര്‍ ആശുപത്രിയിലായി. പ്രതിയെ പോലീസ് പിടിച്ചു കൊണ്ടു പോയി. രമേശനെ പോലീസ് മര്‍ദ്ദിച്ചു
എന്നു പ്രതിഷേധിച്ച് പാര്‍ട്ടിക്കാരെല്ലാവരും പോലീസ് സ്റ്റേഷന്‍ വളഞ്ഞു. ഈ കേസില്‍ രമേശനെ 25,000 രൂപ പിഴയും ഒരു മാസം കഠിന തടവിനും വിധിച്ചു. ശിക്ഷ അയാള്‍ അനുഭവിച്ചോയെന്ന് അറിയില്ലെന്നാണ് ചിത്രലേഖ പറയുന്നത്.

രണ്ടു മാസത്തിനു ശേഷം അര്‍ത്ഥരാത്രിയില്‍ വീട്ടുമുറ്റത്തു കിടന്ന അവരുടെ ഓട്ടോ തീയിട്ടു നശിപ്പിക്കപ്പെട്ടു. കുറച്ചുമാസം കഴിഞ്ഞ് ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആളെ വിട്ടു. എന്നാല്‍ ഈ ഗൂഢാലോചന അറിയിക്കാന്‍ വന്ന അനിയത്തിയുടെ ഭര്‍ത്താവിനാണ് ആളുമാറി വെട്ടേറ്റത്. വണ്ടി കത്തിച്ചതിന്
പട്ടിജാതി വികസന വകുപ്പില്‍ നിന്നും കിട്ടിയ 10,000 രൂപയുടെ ധനസഹായം അനിയന്റെ ചികിത്സയ്ക്ക് ചിലവായി. ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ പേടിയോടെയാണെങ്കിലും അല്പം പ്രതികരണശേഷിയുള്ളവര്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. സുല്‍ഫത്ത് ടീച്ചര്‍ കണ്‍വീനറായ കമ്മിറ്റി ഭീഷണിക്കിടയിലും പൊതുയോഗം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ടീച്ചറുടെയും ചിത്രലേഖയുടെയും പേരില്‍
അശ്ലീലപോസ്റ്ററുകള്‍ യോഗസ്ഥലത്ത് പാര്‍ട്ടിക്കാര്‍ ഒട്ടിച്ചു. പോലീസ് ഇതിനെതിരെ സ്വമേധയാ കേസെടുത്തു.
ആക്ഷന്‍ കമ്മിറ്റി വാടകയ്ക്ക് ഇവര്‍ക്ക് ഓട്ടോയെടുത്ത് കൊടുക്കുകയും  7,500 രൂപയോളം പിരിവെടുത്തു  കൊടുക്കുകയും ചെയ്തു. പിന്നെ കമ്മിറ്റി പിരിച്ചുവിട്ടു. കുറച്ചു വ്യക്തികള്‍ ചേര്‍ന്ന് പുതിയ ഓട്ടോ വാങ്ങികൊടുത്തു. എന്നാല്‍ കൂട്ടത്തില്‍ പാര്‍ക്കുചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ ആരും വണ്ടിയില്‍
കയറാന്‍ വരാത്ത അവസ്ഥയില്‍ പയ്യന്നൂര്‍ ടൌണില്‍ മുന്‍സിപ്പാലിറ്റി പെര്‍മിറ്റിന് അപേക്ഷ കൊടുത്തു. അവിടെയും കാര്‍ഡിനായി CITU വിനെ സമീപിച്ചപ്പോള്‍ രാഷ്ട്രപതി വന്നു പറഞ്ഞാലും തരില്ലായെന്നാണറിയിച്ചത്. പിന്നീട് BMS, INTUC തുടങ്ങിയവരുടെ ഭൂരിപക്ഷ തീരുമാന പ്രകാരം നാലുമാസം കാത്തിരുന്ന ശേഷമാണ് കാര്‍ഡ് കിട്ടുന്നത്. പിന്നെ കുറേനാള്‍ കുഴപ്പമൊന്നുമില്ലാതെ പോകുകയായിരുന്നു.

2010 ജാനുവരി 20 രാവിലെ, പയ്യന്നൂരിലെ പെരുമ്പയിലുള്ള മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ ചിത്രലേഖ ഓട്ടോ കൊണ്ടു വന്നു നിറുത്തി. ഭര്‍ത്താവ് മകനു മരുന്നു വാങ്ങാന്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി. അവിടെയുണ്ടായിരുന്ന ഒരു ഓട്ടോക്കാരന്‍ വന്നു പറഞ്ഞു  “വണ്ടിയെടുത്ത് മാറ്റ് നായിന്റമോളെ...ആരോടു ചോദിച്ചിട്ടാ ഇവിടെ വണ്ടി വെച്ചത് ” ട്രിപ്പ് ഓടാന്‍ വന്നതല്ലെന്നും മരുന്ന്
വാങ്ങി ഉടനെ പോകുമെന്നു പറഞ്ഞിട്ടും കേള്‍ക്കാതെ യൂണിയന്‍കാര്‍ മനഃപൂര്‍വ്വം വളഞ്ഞു വെച്ച് പ്രശ്നമുണ്ടാക്കി പോലീസിനെ വിളിപ്പിച്ചു. മദ്യം കുടിച്ചിട്ട് ലഹളയുണ്ടാക്കിയെന്ന് യൂണിയന്‍കാര്‍ പരാതിപ്പെട്ടതനുസരിച്ച് കേസെടുത്തു. ചിത്രയോ ഭര്‍ത്താവോ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ അവരെ മര്‍ദ്ദിക്കുകയും ഉന്തിതള്ളി ജീപ്പിലിട്ട് ചിത്രയുടെ കരണത്തും നെഞ്ചത്തും അടിക്കുകയുക് ചെയ്തു. അടിവയറ്റില്‍ ബൂട്ടിട്ടു ചവിട്ടി. വനിതാ പോലീസാണിതു ചെയ്തത്. കൂടാതെ മുഴുവന്‍ യൂണിയന്‍കാരും ജീപ്പു വളഞ്ഞ് അവരെ രണ്ടു പേരേയും
അടിച്ചു. ഭര്‍ത്താവിനോട് അയാളെയും അവളെയും കത്തിക്കുമെന്നു പറഞ്ഞു. യൂണിയന്‍കാരും പോലീസും  ചേര്‍ന്നുള്ള ഒത്തുകളിയായിരുന്നു അവിടെ നടന്നത്.

ഏകദേശം രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ഹാജരാക്കിയ ദമ്പതികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാക്കി കേസെടുത്ത് ജാമ്യത്തില്‍ വിടാന്‍ പറഞ്ഞിട്ടും വഴങ്ങിയില്ല. യൂണിയന്‍കാര്‍ മുഴുവന്‍ തമ്പടിച്ചിരുന്ന സ്റ്റേഷനില്‍, വൈകിട്ട് ആറുമണിക്ക് ശേഷം പോലീസ് മോണിറ്ററിംഗ് കമ്മിറ്റി മെംബര്‍ അയ്യപ്പന്‍മാഷ് വന്ന ശേഷമാണ് ഇവരെ വിടുന്നത്. വീടിന്റെ പണിക്കു വേണ്ടി കടം വാങ്ങിയ 10,000 രൂപ ഓട്ടോയിലുള്ള കാര്യം പോലീസിനെ ഓര്‍മ്മിപ്പിച്ചിട്ടും ഓട്ടോ സ്റ്റേഷനിലേക്കെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല്ല. അങ്ങനെ പതിനായിരവും പോയി. യൂണിയന്‍കാരല്ലാത്ത ചിലര്‍ വന്ന് ചിത്രയെ തല്ലുന്നത് മൊബയിലില്‍ ഫോട്ടോ എടുത്തപ്പോള്‍ പോലീസ് അവരുടെ കോളറിനു പിടിച്ചു മൊബൈല്‍ വാങ്ങി ഫോട്ടോ മായ്ച്ചു കളഞ്ഞു.  ബൂട്ടിട്ട് അടിവയറ്റില്‍ ചവിട്ടെറ്റതിനാല്‍ ബ്ലീഢിംഗ് ഉണ്ടായി. ഒരു ദിവസം ആശുപത്രിയില്‍ കിടന്നു.കാശില്ലാത്തതിനാല്‍ അടുത്ത ദിവസം തിരിച്ചു പോരുന്നു. അങ്ങനെ ഇപ്പോള്‍ അവരെ പണിയെടുത്തു ജീവിക്കാന്‍ വയ്യാ‍ത്ത അവസ്ഥയിലാക്കി. ഈ സംഭവം അന്നു റിപ്പോര്‍ട്ടു ചെയ്തത് നേര് ’ നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയും മറ്റു ചില അന്തിപ്പത്രങ്ങളും മാത്രമാണ്. മറ്റ് മുഖ്യധാരക്കാരാരും സംഭവം അറിഞ്ഞില്ല. പോലീസും പത്രക്കാരും കൂടി എഴുതിയത് “മദ്യലഹരിയില്‍ ബഹളം വെച്ചതിനും ഗതാഗതം സ്തംഭിപ്പിച്ചതിനും കേസെടുത്തു” എന്നായിരുന്നു.

ഇതിനു മുന്‍പ് ശ്യാമള എന്ന വനിതയുടെ ഓട്ടോയും കത്തിച്ചിട്ടുണ്ട്. ദളിതയായ എലിസബത്ത്, റഹ്മത്ത് ഇവരെല്ലാവരും പീഢനങ്ങളും  ശല്യവും സഹിക്കാനാവാതെ പണിയുപേക്ഷിച്ച് പോയവരാണ്. എല്ലാവര്‍ക്കുമെതിരെ
ഒരേ ആയുധമാണ് യൂണിയന് പ്രയോഗിക്കാനുണ്ടായിരുന്നത്. അസന്മാര്‍ഗി, വേശ്യ, മദ്യപിക്കുന്നവള്‍...അങ്ങിനെ !
  
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഗെയില്‍ ഓംവേദത്ത്, ദില്ലി യൂണിവേസിറ്റിയിലെ പ്രൊ.നിവേദിതാ മേനോന്‍, രണ്ടു പ്രാദേശിക പൊതുപ്രവര്‍ത്തകരായ വി.ഗീത, കെ.കെ.പ്രീത എന്നിവരുടെ സംഘം പയ്യന്നൂരും പരിസരത്തും ചിത്രലേഖ, സാക്ഷികള്‍, ഓട്ടോ യൂണിയന്‍, പോലീസ് എന്നിവരില്‍ നിന്നും നടത്തിയ തെളിവെടുപ്പില്‍ യൂണിയന്റെയും പോലീസിന്റെയും ഭാഷ്യങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍, ഈ മേഘലയിലെ ദളിതുവനിതാ ഓട്ടോ തൊഴിലാളികള്‍ക്കു നേരെ ക്രൂരമായഭീഷണിപ്പെടുത്തല്‍, ലൈംഗിക പീഢനം, ലൈംഗിക വിവേചനം, ജാത്യാവഹേളനം, സദാചാരപരമായ ദുരാരോപണങ്ങള്‍ എന്നിവ യൂണിയന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും അവരുടെ ഓട്ടോകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹികജീവിതത്തിന്റെയും പൊതുവ്യവഹാരങ്ങളുടെയും അതിരിനു വെളിയില്‍ ജീവിക്കേണ്ട ഹീനജാതികളായ ദളിതര്‍ പൊതുതൊഴിലില്‍ കൈവെക്കുമ്പോഴുള്ള അസഹിഷ്ണുത, ജാതിപരമായ അയിത്തം, ഭ്രഷ്ട് ഇവയ്ക്കൊപ്പം ലിംഗപരമായ വിവേചനവും അസഹിഷ്ണുതയും,മിശ്രവിവാഹം ചെയ്തതിലുള്ള വൈരാഗ്യം തുടങ്ങി അനേകകാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും ഈ വേട്ടയ്ക്കു പിന്നില്‍.
      
കേരളത്തില്‍ ജാതി ഒരു സംഘര്‍ത്മാക സാമൂഹിക ഘടകമാണോ, ഇവിടെ ജാതി പീഢനം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് ബൂലോകത്തുള്ള ഭൂരിപക്ഷ സവര്‍ണ്ണപക്ഷക്കാരും വെച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞുപോയ പലസംവാദങ്ങളിലും പലരുടെയും കണ്ടെത്തല്‍ ഇത്തരത്തിലായിരുന്നു. എന്നാല്‍ അവിരാമം ദളിതുപീഢനം കേരളത്തിലും നടക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. കാര്യങ്ങള്‍ അറിയുന്നുണ്ടെങ്കിലും അവര്‍ കണ്ണടച്ചിരുട്ടാക്കുന്നത് സംവരണം അട്ടിമറിക്കുകയെന്ന മറ്റൊരു ലക്ഷ്യത്തോടെയാണ്.

ഇന്ത്യയിലെ ജാതിവ്യവസ്ഥ ‘ശ്രേണീകൃത’മാവുന്നത് തൊഴിലിനേയും  തൊഴിലെടുക്കുന്നവരെയും ഉച്ചനീചാവസ്ഥകള്‍ക്കുള്ളില്‍ അടയാളപ്പെടുത്തി വിഭജിക്കുന്നതു കൊണ്ടാണ്. ജാതിയില്‍‌ മുകളിലേക്ക് ആഢ്യത്വവും, കീഴോട്ട് മ്ലേച്ഛത്വവുമാണ്. അതുതന്നെ തൊഴിലിന്റെ കാര്യത്തിലും. തൊഴിലില്‍‌ ജാതിക്കപ്പുറം ലിംഗപരവുമായ തീര്‍‌പ്പും ശക്തമാണ്. ജാതിപരമായ അയിത്തം

ഭ്രഷ്ട്, തീണ്ടല്‍, തൊടീല്‍ തുടങ്ങിയ സനാതനധര്‍മ്മത്തിന്റെ മിച്ചമൂല്യങ്ങള്‍ ഭാരതീയന്റെ മനസ്സില്‍ നിന്നും ഒരിക്കലും വിട്ടൊഴിയുന്നില്ല. അതു സാധ്യമാകണമെങ്കില്‍ സനാതനമൂല്യങ്ങളും ഹൈന്ദവമതവും തകര്‍ന്നേ മതിയാകു. വര്‍ഗ്ഗസമരം ഇതിനൊരു പരിഹാരമാകുന്നില്ലെന്നു മാത്രമല്ല
ഹൈന്ദവമൂല്യങ്ങള്‍ക്കൊപ്പം ഫാഷിസം കൂടി ചേരുമ്പോഴുള്ള
മാനസികാവസ്ഥയിലാണ് സഖാക്കള്‍. ഒരുകാലത്ത് സ്ത്രീകള്‍‌ സൈക്കിള്‍‌ ചവിട്ടുന്നത് കൌതുകത്തിനപ്പുറം അഹങ്കാരമായി കണക്കാക്കുന്ന സമൂഹമായിരുന്നു നമ്മള്‍‌. ഇതിന്റെ ബാക്കിയാണ് ആട്ടോറിക്ഷാ ഡ്രൈവറാകുന്ന സ്ത്രീകളോട് പുരുഷകേസരികളുടെ അസഹിഷ്ണുത. എന്നാല്‍ ഇതു ദളിതയായതിനാല്‍‌ തീവ്രത കൂടി നുരഞ്ഞു പൊങ്ങുന്നുവെന്നു മാത്രം.

 ഇന്ത്യയില്‍‌ ആദ്യമായി കര്‍‌ഷകതൊഴിലാളിക്ക് സംഘടയുണ്ടാവുന്നതും, വിലപേശല്‍‌ ശക്തിയാവുന്നതും കേരളത്തിലാണ്, കുട്ടനാട്ടില്‍. കമ്മ്യൂണിസ്റ്റു മേല്‍ക്കൈയില്‍‌ അതു രൂപംകൊള്ളുമ്പോള്‍‌ ‌ ജാതി-ജന്മിത്വവിരുദ്ധവും, മനുഷ്യാവകാശപരവുമായ നിലപാടില്‍‌ ഉറച്ചു നിന്നിരുന്നു. അതിനാല്‍ പുരോഗമനപരമായ ഇടതു ചേരിയില്‍ വന്‍‌തോതില്‍‌ ബുദ്ധിജീവികളും, കലാകാരും, സാമൂഹ്യ പ്രവര്‍‌ത്തകരും അണി നിരക്കുകയും കമ്മ്യൂണിസ്റ്റുകളായി മാറുകയും ചെയ്തു. നാട്ടില്‍‌ ചെറുതും വലുതുമായ എല്ലാ സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുക്കാന്‍‌ തക്ക പ്രാപ്തരും ധീരരുമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍. അതുകൊണ്ട്
നിലവിലുണ്ടായിരുന്ന ജാതിസംഘടനകള്‍‌ വിട്ട് ദലിത്-പിന്നോക്ക ജനസമൂഹങ്ങള്‍‌ കമ്മ്യൂണിസ്റ്റു പാര്‍‌ട്ടിയില്‍‌ അഭയം തേടി. എഴുപതുകളുടെ അവസാനംവരെ ഇതു തുടര്‍‌ന്നു. എണ്‍‌പതില്‍‌ മുന്നണിഭരണത്തിലൂടെ മാര്‍‌ക്സിസ്റ്റുകള്‍‌ അധികാരം കൈയേറിയതു മുതല്‍‌ വ്യവസയ-സര്‍‌വ്വീസ് മേഖലയിലെ ട്രേഡുയൂണിയനുകള്‍‌ ശക്തമായി. അവര്‍ പാര്‍‌ട്ടിയിലെ‌ നിര്‍‌ണ്ണായക സ്ഥാനമായി. ബൂര്‍ഷ്വാസംഘടിത തൊഴിലാളി വര്‍‌ഗ്ഗത്തിന്റെ മുഷ്ക്ക് കേരളം കണ്ടുതുടങ്ങി. പാര്‍‌ലമന്ററി ജനാധിപത്യം പ്രായോഗിക പരിപാടിയാകുമ്പോള്‍-പോലും, തൊഴിലാളിവര്‍‌ഗ്ഗ സര്‍‌വ്വാധിപത്യമെന്ന ആത്യന്തികലക്ഷ്യം  സ്വപ്നങ്ങളില്‍‌ നുരയുന്നതു കൊണ്ടാകാം, പ്രാഥമിക ജനാധിപത്യ മര്യാദകള്‍‌ പോലും പാലിക്കാന്‍‌ കഴിയാതെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടരെ ചവിട്ടിയരച്ചു പോകുന്നത്.

അതേ കാലത്താണ്, വടക്കേമലബാറില്‍‌ ആറെസ്സെസ്സ്--മാര്‍‌ക്സിസ്റ്റു സംഘട്ടനങ്ങളുടെ തുടര്‍‌കഥയുണ്ടാവുന്നത്. അതിലൂടെ പോലീസ് വേട്ടയും, പ്രതിരോധവും, അരാജകത്വവും. അങ്ങനെയാണ് പാര്‍‌ട്ടിഗ്രാമങ്ങള്‍- എല്ലാകക്ഷികള്‍‌ക്കും ഉണ്ടാവുന്നത്. അതില്‍‌ അകപ്പെടാതെ നോക്കാന്‍‌ സാധാരണക്കാരനാവില്ല. മതമൌലീകവാദികള്‍‌ ഊരുവിലക്കിയാല്‍‌ ആരെങ്കിലും കാണും, പാര്‍‌ട്ടി വിലക്കിയാല്‍‌ ഒരാളും അടുക്കില്ല.

ചിത്രലേഖയുടെ വിവരം അന്വേക്ഷിക്കാന്‍‌ ചെന്ന അയ്യപ്പന്‍ മാഷ് , സ്റ്റാന്റില്‍‌ ചെന്ന് ഒരോട്ടോ വിളിച്ച് ചിത്രലേഖയുടെ വീട്ടില്‍‌ പോകണമെന്നു പറഞ്ഞു. പത്തുമുപ്പതു പേര്‍‌ വളഞ്ഞ് അടുത്ത ചോദ്യം‘കൈയും കാലും വേണോ, അതോ അവടെ വീട്ടില്‍‌ പോണോ?’ മാഷു പറഞ്ഞത്, ഇതെല്ലാം വേണം.
തൊഴിലാളിവര്‍ഗ്ഗ സ്നേഹം  വഴിഞ്ഞൊഴുകുന്നതു കാണണമെങ്കില്‍‌ അവിടെ പോകണം. സ്വയം തൊഴില്‍‌ പദ്ധതിപ്രകാരം, ലോണെടുത്ത് ഓട്ടോ വാങ്ങി ഓടിച്ച് കുടുംബം പുലര്‍‌ത്താന്‍‌ ശ്രമിച്ച ദരിദ്ര ദലിത് യുവതിയെ ശത്രുസൈന്യത്തോടെന്നപോലെ പെരുമാറുന്ന തൊഴിലാളി മനസ്സിനെ നമ്മള്‍‌ എങ്ങനെ വായിച്ചെടുക്കും. പക്ഷെ പ്രാദേശിക ജനതയുടെ പിന്തിരിപ്പന്‍ ജാതി- ജന്മി സാംസ്ക്കാരികാവസ്ഥയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് പറഞ്ഞ് പാര്‍ട്ടിയ്ക്ക് ഒരിക്കലും കൈയ്യൊഴിയാനാവില്ല. ഒരു ബദല്‍ സംസ്ക്കാരത്തിന്റെയും സാമൂഹിക തുല്യതയുടെയും പ്രത്യയശാസ്ത്രം വിളിച്ചു കൂവുന്ന പാര്‍ട്ടിയുടെ കേരളനേതൃത്വത്തിന് മൃഗീയമായ മനുഷ്യത്വരഹിതമായ അവരുടെ സഖാക്കളുടെ പ്രവൃത്തി അറിഞ്ഞില്ലെന്നു പറയാന്‍ കഴിയില്ല. എന്തു കൊണ്ട് ഈ അതിക്രമത്തെ നിയന്ത്രിച്ചില്ല എന്നുള്ളതിന് സമാധാനം പറയാന്‍ ബാധ്യതയുണ്ട്. അതുപോലെ ബൂലോഗത്തെ കമ്മ്യൂണിസ്റ്റ് സിംഹങ്ങള്‍ക്കും അനുഭാവികള്‍ക്കും. കള്ളന്മാരല്ലെങ്കില്‍ അവര്‍ വാതുറക്കുമെന്നു പ്രതീക്ഷിക്കാം !!


ഈ വരുന്ന മാര്‍ച്ചു മാസം 12 ആം തീയതി (തീരുമാനം ആയില്ല.) പയ്യനൂരുവെച്ചു കൂടുന്ന കണ്‍‌വന്‍‌ഷനില്‍‌, കാഞ്ചഇളയ്യാ, ചന്ദ്രഭാനുപ്രസാദ് എന്നിവരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍‌. ജാതിക്കും മതത്തിനും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ, സാംസ്ക്കാരികവും രാഷ്ട്രീയവുമായി പോരാടുകയുകയും മാതൃകാ ജീവിതത്തിന് ആഹ്വാ‍നം ചെയ്യുന്നത് തങ്ങള്‍ മാത്രമണെന്നത്  വെറും ഗീര്‍വാണവും പുറംപൂച്ചും മാത്രമാണെന്നും തെളിയിച്ചു കഴിഞ്ഞു. എന്തുതരം നവോത്ഥാനമാണ് CPM സാംസ്ക്കാരിക കേരളത്തില്‍ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയത് ? സ്വന്തം അണികളിലും അനുയായികളിലും എന്ത് മാനവിക മൂല്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ CPM  ഊട്ടിയുറപ്പിക്കാനായത്?തങ്ങളില്‍ ജാതിമതചിന്തകളില്ലെന്നും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന വീരശൂര പരാക്രമികളാണ് തങ്ങളെന്നും യാതൊരു ഉളുപ്പുമില്ല്ലാതെ വിളിച്ചു പറയാന്‍ ലജ്ജയെന്നൊരു സാധനമുണ്ടോ സഖാക്കള്‍ക്ക് ?! ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലും !

കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിലെ ഉള്‍പ്പിരിവ് വ്യക്തമാണ്. രാഷ്ട്രീയക്കാര്‍ രണ്ടു ഇസത്തിന്റെ അടിസ്ഥാനത്തില്‍ പല ചേരിയിലാണെങ്കിലും ദളിതുവിരുദ്ധതയുടെ കാര്യത്തില്‍ ഒറ്റചേരിയിലാണ്. കോണ്‍ഗ്രസ്സ്, ബിജെപ്പി, ജനദാദള്‍, കമ്മ്യൂണിസ്റ്റുകള്‍ . കടുവകള്‍ വലതായാലെന്ത് ? ഇടതായാലെന്ത് ? നിറം സവര്‍ണ്ണം തന്നെ ! അതായത് കോരനു കുമ്പിളില്‍ കഞ്ഞി !!
--------------------------------------------------------------------------
(അവലംബം:-പത്ര വാര്‍ത്തകള്‍, മാധ്യം വാരിക 2010 ഫെബ്രുവരി 8, ബ്ലോഗ് വായന-http://keralaletter.blogspot.com/2010/02/dalits-ight-against-
bias.html)
---------------------------------------------------------------------------

20 അഭിപ്രായങ്ങൾ:

 1. ജാതിക്കും മതത്തിനും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ, സാംസ്ക്കാരികവും രാഷ്ട്രീയവുമായി പോരാടുകയുകയും മാതൃകാ ജീവിതത്തിന് ആഹ്വാ‍നം
  ചെയ്യുന്നത് തങ്ങൾ മാത്രമണെന്നത് വെറും ഗീർവാണവും പുറംപൂച്ചും മാത്രമാണെന്നും തെളിയിച്ചു കഴിഞ്ഞു. എന്തുതരം നവോത്ഥാനമാണ് CPM സാംസ്ക്കാരിക കേരളത്തിൽ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയത് ? സ്വന്തം അണികളിലും
  അനുയായികളിലും എന്ത് മാനവിക മൂല്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ CPM ഊട്ടിയുറപ്പിക്കാനായത് ? തങ്ങളിൽ ജാതിമതചിന്തകളില്ലെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുന്ന വീരശൂര പരാക്രമികളാണ് തങ്ങളെന്നും യാതൊരു ഉളുപ്പുമില്ല്ലാതെ വിളിച്ചു പറയാൻ ലജ്ജയെന്നൊരു സാധനമുണ്ടോ സഖാക്കൾക്ക് ?! ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പോലും !

  മറുപടിഇല്ലാതാക്കൂ
 2. dalits should unite together , they should not depend on major political parties who from time to time use them and thorw them to dust bin

  മറുപടിഇല്ലാതാക്കൂ
 3. We cant totally dismiss the left polity as 'Savarna'/anti-Dalit, i can give an instance here: In the common minimum program (CMP) drafted by the UPA and the left parties for the last Union government (2004 - 2009) ,one of the items stated include

  "It is absolutely essential that the deprived sections of our society benefit form the growth processes we have unleashed. The Government should constitute a Group of Ministers to engage in a dialogue with industry to explore mechanisms for increasing employment opportunities for Scheduled Castes and Scheduled tribes in the private sector. The Government should introduce the Reservation Bill in Parliament codifying all provisions on reservation in government. In addition, a Standing Committee of Ministers on Dalit Affairs should be formed to give focused attention to all issues related to the welfare of Dalits"

  When the document was formed it Basu and Surjeet at the helm of CPI-M. Then when the mantle got passed down to Karat (Oxford graduate). His interest was more towrads foreign policy issues vis a vis the Indo-US nuclear deal, so instead of putting pressure on Govt to implement this (Resr in private sector) , he put Indo- us n-deal in forefront foreseeing a particular vote bank.

  Had the Reservation Bill been passed in Parliament codifying all provisions on reservation in pvt sector in 2oo4 , by now many dalits may have entered IT,BT banking etc.

  മറുപടിഇല്ലാതാക്കൂ
 4. ചിത്രലേഖയുടെ അനുഭവം ,തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനോടൊപ്പം,ജാതീയമായ ഒറ്റപ്പെടുത്തലിനേകൂടി പരിഗണിക്കണം.മനുഷ്യരൂപമുള്ളവരെല്ലാം മനുഷ്യരല്ലന്ന പാഠവും ഇതോടെ കിട്ടി.

  മറുപടിഇല്ലാതാക്കൂ
 5. Dear Alith,
  I am not entirely rejecting the left polity as absolutely anti-Dalith, while they working out program and policies at National level, considering the oppression and aggression endured by these class of people. But in regard to the indian social, cultural and spiritual life, we can
  see the mindset of upper class and backward class evolved through centuries had not changed a bit at all. There may be civil and criminal laws for the protection of downtrodden, but how it could give shelter to them,
  since the hands executing these laws are still biased by the so called brahmanical ideals and ideology, which was absolutely inhuman and thereby anti-Dalith. We also expect the left a reformed class as they claimed it by their pedagogy, transcending all forms of prejudices generated by the religions and beliefs embarking discrimination by the way of caste, creed, culture or color or any kind of apartheid or untouchability. So these kind of
  sordid incidents frequently happening especially in kerala prove nothing had changed their approach even they called themselves the LEFT
  or COMMUNIST. In kerala the scenario is entirely different since it is the place of pseudo Communists and leaders comparing to other places. Here
  they are manipulating and trying to overrule the protections guarantied by the Constitution by diluting norms and parameters of Reservations and also stalemating the land security act of adivaasis'

  മറുപടിഇല്ലാതാക്കൂ
 6. ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ പത്രവാര്‍ത്തയായി എപ്പോഴോ വായിച്ചിരുന്നു. പേരിന്റെ സൌന്ദര്യംകൊണ്ടാണ് ശ്രദ്ധിച്ചതെന്നു പറയുകയാണു ശരി. കാരണം പയ്യന്നൂര്‍ തളിപ്പറംബ് പ്രദേശത്ത് ദിവസവും ഒന്നോ രണ്ടോ കാറുകളും, ഓട്ടോയോ, നാലഞ്ചു ബൈക്കുകളോ കത്തിക്കുക, റബ്ബറ് തോട്ടവും വാഴത്തോട്ടവും മറ്റു കൃഷികളും വെട്ടി നശിപ്പിക്കുക എന്നതൊക്കെ ഉച്ചപൂജ,അത്താഴപൂജ എന്നൊക്കെപ്പറയുന്നതുപോലെ എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന സാധാരണ സംഭവമാണ്. വിരോധത്തിനിരയായാല്‍ വീടും പറംബും ഉപേക്ഷിച്ചുപോകുകയാണ് ഇവിടത്തെ സുരക്ഷിത മാര്‍ഗ്ഗം. നമ്മുടെ വീടിന്റെ പൂജാമുറിയില്‍ രാഷ്ട്രീയക്കാരന്‍ കുഴിയെടുത്ത് തെങ്ങിന്‍ തൈ നട്ടാലും പ്രതിഷേധിച്ചുകൂട.(പാര്‍ട്ടി-ആര്‍ എസ് എസ് ഗ്രാമങ്ങളില് അതൊക്കെ നാടന്നിട്ടുണ്ട്.‍)ചിലപ്പോള്‍ രാവിലെ ഉണര്‍ന്ന് വാതില്‍ തുറക്കുംബോള്‍ കാണുക എതിര്‍ പാര്‍ട്ടിക്കാര്‍ വീട്ടിന്റെ കോലായിലോ വാതില്‍ക്കലോ അവസാന മുന്നറിയിപ്പായി റീത്ത് വച്ചതായിരിക്കും ! പക്ഷേ ഇതെല്ലാം ചില സ്ഥലങ്ങളിലേ ഉള്ളു കെട്ടോ.
  പറഞ്ഞുവരുന്നത് അത്രയും രാഷ്ടീയ ഭക്തിഭ്രാന്ത് ബാധിച്ച സ്ഥലമാണിതെന്നാണ്.

  എന്നാല്‍ പയ്യന്നൂരിന് ഈ രാഷ്ട്രീയ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിനു പുറമെ സവര്‍ണ്ണതയുടെ കുലിന പരിവേഷം കൂടിയൂണ്ട്.
  പയ്യന്നൂരിലെ ക്ഷേത്രങ്ങള്‍,ജ്യോത്സ്യത്തിന്റേയും,പൊതുവാളന്മാരുടേയും,സവര്‍ണ്ണ ഉദ്ദ്യോഗസ്ഥന്മാരുടേയും അയ്യരുകളികൂടിയ ഈ ഭാഗത്തെ സവര്‍ണ്ണ സാന്ദ്രത ഏത് കമ്മ്യൂണിസ്റ്റിനേയും സവര്‍ണ്ണ മൂല്യങ്ങളുടെ ആരാധകനും വക്താവുന്മാക്കുന്ന സാഹചര്യം നിലവിലുണ്ട്.ഈ സവര്‍ണ്ണ സാന്നിദ്ധ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള കഴുതക്കാലായി ആദരിക്കുകയും പൊക്കിവക്കുകയും കൂടി ചെയ്യുംബോള്‍ പാര്‍ട്ടി സവര്‍ണ്ണവല്‍ക്കരിക്കപ്പെടുകയും സവര്‍ണ്ണ ശീലങ്ങള്‍ നാട്ടുനടപ്പും ആചാര വിശ്വസങ്ങളുമായി പുരോഗമന ചിന്താഗതിക്കാരെക്കൂടി വിലങ്ങിടുകയും ചെയ്യുന്നത് ആരും അറിയാതിരിക്കുകയാണു ചെയ്യുന്നത്.

  അതുകൊണ്ടുതന്നെ ഈ ദുരവസ്ഥയെ നേരിടുംബോള്‍ സി.പി.എം എന്ന പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത പ്രായോഗികമല്ലെന്നു മാത്രമല്ല,ആത്മഹത്യാപരം കൂടിയാണെന്നാണ് ചിത്രകാരന്റെ അഭിപ്രായം.
  കാരണം,പാര്‍ട്ടി സവര്‍ണ്ണതയുടെ ഇരകൂടിയാണിവിടെ. നമ്മുടെ ശത്രു സവര്‍ണ്ണതയാണ്; സവര്‍ണ്ണര്‍പോലുമല്ല എന്നതും ഓര്‍ക്കണം. അപ്പോള്‍,സവര്‍ണ്ണ ഹിന്ദുത്വ അജണ്ടക്ക് എതിരെ സ്വാഭാവികമായി അണിനിരക്കാന്‍ തയ്യാറുള്ള പയ്യന്നൂരിലെ സി.പി.എം.നെ ശത്രു പക്ഷത്ത് നിര്‍ത്തുന്നത് ബുദ്ധിശൂന്യതയാകും. കാരണം അവിടത്തെ പാര്‍ട്ടി അണികള്‍ അത്യന്തം ആത്മാര്‍ത്ഥതയുള്ളവരും, സത്യസന്ധരുമാണ്.പാര്‍ട്ടി ഭക്തിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അവര്‍ തങ്ങളുടെ നേതാക്കളായ സവര്‍ണ്ണരുടെ ജാതീയ അജണ്ടകള്‍ക്ക് വഴിപ്പെട്ട്
  പ്രകടമാക്കുന്ന സവര്‍ണ്ണതയേയും,അയിത്തത്തേയും വളരെ ശ്രദ്ധയോടെ വിഷമിറക്കേണ്ടതാണ്. അവിടത്തെ സി.പി.എം.സവര്‍ണ്ണ നേതാക്കളെക്കൊണ്ടുതന്നെ ഈ സവര്‍ണ്ണ വിഷം ഇറക്കുകയാണ് വേണ്ടത്.
  അല്ലാതുള്ള മാര്‍ഗ്ഗം ചിത്രലേഖ എന്ന ആ സ്ത്രീയെ ഇനിയും ദ്രോഹിക്കുന്ന
  തരത്തില്‍ വളരാനാണു സാധ്യത.മാത്രമല്ല,അതിനായി അവര്‍ണ്ണശക്തിയായ സി.പി.എമ്മിനെ സവര്‍ണ്ണരാക്കി സവര്‍ണ്ണതക്ക് ശക്തികൂട്ടുകയും ചെയ്യുന്നുണ്ട്.

  എന്നാല്‍,അഖിലേന്ത്യ തലത്തിലുള്ള സി.പി.എമ്മിന്റെ ദളിത സ്നേഹകാപട്യം തുറന്നുകാണിക്കാനും, ആ പാര്‍ട്ടിയെ തകര്‍ക്കാനും,മറ്റൊരു പുരോഗമന പാര്‍ട്ടിയെ അവരോധിക്കാനുമാണെങ്കില്‍ ...കുഴപ്പമില്ല. ചിത്രലേഖയുടെ ത്യാഗോജ്ജ്വലമായ തുടര്‍ന്നുള്ള സമരത്തിലൂടെ അഖിലേന്ത്യതലത്തില്‍ തന്നെ നല്ല ശക്തിലഭിക്കും.പക്ഷേ,ഒരു സ്ത്രീയെ അതിനു കുരുതികൊടുക്കണൊ ?

  സി.പി.എമ്മിനെ സവര്‍ണ്ണ മൂല്യങ്ങള്‍ ഹൈജാക്കു ചെയ്തു എന്ന സത്യം
  പാര്‍ട്ടി അണികളെ ഓര്‍മ്മിപ്പിക്കുന്ന സാംസ്ക്കാരിക വിദ്യകളാണ് കൂടുതല്‍ ഉചിതം. സി.പി.എം പാര്‍ട്ടി മോശമാണെന്നു പറയുന്നത്...വിശ്വാസികളോട് ദൈവമില്ലെന്നു പറയുന്നതുപോലെ അവര്‍ക്ക് മനസ്സിലാക്കാനാകാത്ത കാര്യമാണ് :)പാര്‍ട്ടി അണികള്‍ അത്രക്ക് അന്ധരാണ്.

  എന്തുതന്നെയാലും ചിത്രലേഖയുടെ അയിത്തത്തിനും, വിവേചനത്തിനുമെതിരായ സമരത്തിന് ചിത്രകാരന്റെ പിന്തുണ അറിയിക്കുന്നു.മാര്‍ച്ച് 12 ന് കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാനും ശ്രമിക്കും.

  മറുപടിഇല്ലാതാക്കൂ
 7. ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ പത്രവാര്‍ത്തയായി എപ്പോഴോ വായിച്ചിരുന്നു. പേരിന്റെ സൌന്ദര്യംകൊണ്ടാണ് ശ്രദ്ധിച്ചതെന്നു പറയുകയാണു ശരി. കാരണം പയ്യന്നൂര്‍ തളിപ്പറംബ് പ്രദേശത്ത് ദിവസവും ഒന്നോ രണ്ടോ കാറുകളും, ഓട്ടോയോ, നാലഞ്ചു ബൈക്കുകളോ കത്തിക്കുക, റബ്ബറ് തോട്ടവും വാഴത്തോട്ടവും മറ്റു കൃഷികളും വെട്ടി നശിപ്പിക്കുക എന്നതൊക്കെ ഉച്ചപൂജ,അത്താഴപൂജ എന്നൊക്കെപ്പറയുന്നതുപോലെ എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന സാധാരണ സംഭവമാണ്. വിരോധത്തിനിരയായാല്‍ വീടും പറംബും ഉപേക്ഷിച്ചുപോകുകയാണ് ഇവിടത്തെ സുരക്ഷിത മാര്‍ഗ്ഗം. നമ്മുടെ വീടിന്റെ പൂജാമുറിയില്‍ രാഷ്ട്രീയക്കാരന്‍ കുഴിയെടുത്ത് തെങ്ങിന്‍ തൈ നട്ടാലും പ്രതിഷേധിച്ചുകൂട.(പാര്‍ട്ടി-ആര്‍ എസ് എസ് ഗ്രാമങ്ങളില് അതൊക്കെ നാടന്നിട്ടുണ്ട്.‍)ചിലപ്പോള്‍ രാവിലെ ഉണര്‍ന്ന് വാതില്‍ തുറക്കുംബോള്‍ കാണുക എതിര്‍ പാര്‍ട്ടിക്കാര്‍ വീട്ടിന്റെ കോലായിലോ വാതില്‍ക്കലോ അവസാന മുന്നറിയിപ്പായി റീത്ത് വച്ചതായിരിക്കും ! പക്ഷേ ഇതെല്ലാം ചില സ്ഥലങ്ങളിലേ ഉള്ളു കെട്ടോ.
  പറഞ്ഞുവരുന്നത് അത്രയും രാഷ്ടീയ ഭക്തിഭ്രാന്ത് ബാധിച്ച സ്ഥലമാണിതെന്നാണ്.

  എന്നാല്‍ പയ്യന്നൂരിന് ഈ രാഷ്ട്രീയ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിനു പുറമെ സവര്‍ണ്ണതയുടെ കുലിന പരിവേഷം കൂടിയൂണ്ട്.
  പയ്യന്നൂരിലെ ക്ഷേത്രങ്ങള്‍,ജ്യോത്സ്യത്തിന്റേയും,പൊതുവാളന്മാരുടേയും,സവര്‍ണ്ണ ഉദ്ദ്യോഗസ്ഥന്മാരുടേയും അയ്യരുകളികൂടിയ ഈ ഭാഗത്തെ സവര്‍ണ്ണ സാന്ദ്രത ഏത് കമ്മ്യൂണിസ്റ്റിനേയും സവര്‍ണ്ണ മൂല്യങ്ങളുടെ ആരാധകനും വക്താവുന്മാക്കുന്ന സാഹചര്യം നിലവിലുണ്ട്.ഈ സവര്‍ണ്ണ സാന്നിദ്ധ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള കഴുതക്കാലായി ആദരിക്കുകയും പൊക്കിവക്കുകയും കൂടി ചെയ്യുംബോള്‍ പാര്‍ട്ടി സവര്‍ണ്ണവല്‍ക്കരിക്കപ്പെടുകയും സവര്‍ണ്ണ ശീലങ്ങള്‍ നാട്ടുനടപ്പും ആചാര വിശ്വസങ്ങളുമായി പുരോഗമന ചിന്താഗതിക്കാരെക്കൂടി വിലങ്ങിടുകയും ചെയ്യുന്നത് ആരും അറിയാതിരിക്കുകയാണു ചെയ്യുന്നത്.

  അതുകൊണ്ടുതന്നെ ഈ ദുരവസ്ഥയെ നേരിടുംബോള്‍ സി.പി.എം എന്ന പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത പ്രായോഗികമല്ലെന്നു മാത്രമല്ല,ആത്മഹത്യാപരം കൂടിയാണെന്നാണ് ചിത്രകാരന്റെ അഭിപ്രായം.
  കാരണം,പാര്‍ട്ടി സവര്‍ണ്ണതയുടെ ഇരകൂടിയാണിവിടെ. നമ്മുടെ ശത്രു സവര്‍ണ്ണതയാണ്; സവര്‍ണ്ണര്‍പോലുമല്ല എന്നതും ഓര്‍ക്കണം. അപ്പോള്‍,സവര്‍ണ്ണ ഹിന്ദുത്വ അജണ്ടക്ക് എതിരെ സ്വാഭാവികമായി അണിനിരക്കാന്‍ തയ്യാറുള്ള പയ്യന്നൂരിലെ സി.പി.എം.നെ ശത്രു പക്ഷത്ത് നിര്‍ത്തുന്നത് ബുദ്ധിശൂന്യതയാകും. കാരണം അവിടത്തെ പാര്‍ട്ടി അണികള്‍ അത്യന്തം ആത്മാര്‍ത്ഥതയുള്ളവരും, സത്യസന്ധരുമാണ്.പാര്‍ട്ടി ഭക്തിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അവര്‍ തങ്ങളുടെ നേതാക്കളായ സവര്‍ണ്ണരുടെ ജാതീയ അജണ്ടകള്‍ക്ക് വഴിപ്പെട്ട്
  പ്രകടമാക്കുന്ന സവര്‍ണ്ണതയേയും,അയിത്തത്തേയും വളരെ ശ്രദ്ധയോടെ വിഷമിറക്കേണ്ടതാണ്. അവിടത്തെ സി.പി.എം.സവര്‍ണ്ണ നേതാക്കളെക്കൊണ്ടുതന്നെ ഈ സവര്‍ണ്ണ വിഷം ഇറക്കുകയാണ് വേണ്ടത്.
  അല്ലാതുള്ള മാര്‍ഗ്ഗം ചിത്രലേഖ എന്ന ആ സ്ത്രീയെ ഇനിയും ദ്രോഹിക്കുന്ന
  തരത്തില്‍ വളരാനാണു സാധ്യത.മാത്രമല്ല,അതിനായി അവര്‍ണ്ണശക്തിയായ സി.പി.എമ്മിനെ സവര്‍ണ്ണരാക്കി സവര്‍ണ്ണതക്ക് ശക്തികൂട്ടുകയും ചെയ്യുന്നുണ്ട്.

  എന്നാല്‍,അഖിലേന്ത്യ തലത്തിലുള്ള സി.പി.എമ്മിന്റെ ദളിത സ്നേഹകാപട്യം തുറന്നുകാണിക്കാനും, ആ പാര്‍ട്ടിയെ തകര്‍ക്കാനും,മറ്റൊരു പുരോഗമന പാര്‍ട്ടിയെ അവരോധിക്കാനുമാണെങ്കില്‍ ...കുഴപ്പമില്ല. ചിത്രലേഖയുടെ ത്യാഗോജ്ജ്വലമായ തുടര്‍ന്നുള്ള സമരത്തിലൂടെ അഖിലേന്ത്യതലത്തില്‍ തന്നെ നല്ല ശക്തിലഭിക്കും.പക്ഷേ,ഒരു സ്ത്രീയെ അതിനു കുരുതികൊടുക്കണൊ ?

  സി.പി.എമ്മിനെ സവര്‍ണ്ണ മൂല്യങ്ങള്‍ ഹൈജാക്കു ചെയ്തു എന്ന സത്യം
  പാര്‍ട്ടി അണികളെ ഓര്‍മ്മിപ്പിക്കുന്ന സാംസ്ക്കാരിക വിദ്യകളാണ് കൂടുതല്‍ ഉചിതം. സി.പി.എം പാര്‍ട്ടി മോശമാണെന്നു പറയുന്നത്...വിശ്വാസികളോട് ദൈവമില്ലെന്നു പറയുന്നതുപോലെ അവര്‍ക്ക് മനസ്സിലാക്കാനാകാത്ത കാര്യമാണ് :)പാര്‍ട്ടി അണികള്‍ അത്രക്ക് അന്ധരാണ്.

  എന്തുതന്നെയാലും ചിത്രലേഖയുടെ അയിത്തത്തിനും, വിവേചനത്തിനുമെതിരായ സമരത്തിന് ചിത്രകാരന്റെ പിന്തുണ അറിയിക്കുന്നു.മാര്‍ച്ച് 12 ന് കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാനും ശ്രമിക്കും.

  മറുപടിഇല്ലാതാക്കൂ
 8. ‘ചിത്രലേഖാവധ’ത്തെക്കുറിച്ചുള്ള മാധ്യമം ലക്കം വായിച്ചിരുന്നു.

  ഇക്കാലയളവിൽ ഈ സംഭവത്തിൽ ചിലർ നടത്തിയ മുതലെടുപ്പുകൾ കാണുമ്പോൾ കേരളീയർ യാതൊരു മനഃസാക്ഷിയില്ലാത്ത കൂറകളാണെന്നു മനസ്സിലാകും.

  1)ചിത്രലേഖയുടെ കഥയറിഞ്ഞ് അമേരിക്കയിലുള്ള ഒരു ജെയിംസ് കുഞ്ഞുമോൻ എന്ന വ്യക്തി തളിപ്പറമ്പിലെ ഒരു ബ്രദറൻ സഭവഴി എത്തിച്ചു കൊടുത്ത 1,50,000/ രൂപ സഭയുടെ ആൾ മുക്കി. അഞ്ചു പൈസ ഈ കുടുംബത്തിനു കൊടുത്തില്ല.

  2)ഡി.ഐ.സി യെന്ന പഴയ വയറ്റിൽ പിഴപ്പുപാർട്ടിയുടെ നേതാവ് കൊട്ടറ വാസുവും സംഘവും ഓട്ടോവാങ്ങിക്കൊടുക്കാനെന്നു പത്രപ്രസ്താവന നടത്തി 1,00,000/- പിരിച്ച് അതുമായി മുങ്ങി.

  3)ജനകീയ തെളിവെടുപ്പിനെന്ന പേരിൽ ഇവരെയും മറ്റൊരു കുടുംബത്തെയും ആലപ്പുഴയിലെ ഒരു നേതാവ് ഡൽഹിയിൽ കൊണ്ടു പോയി അവിടെ നിന്നും 2,00,000/- രൂപയുടെ ചെക്ക് കേസു നടത്തുന്ന ആവശ്യത്തിലേക്കായി നേതാവ് കൈപ്പറ്റി അഞ്ചു പൈസ കൊടുത്തതുമില്ല കേസു കൊടുത്തതുമില്ല.

  ഇവരെ സഹായിച്ചത് ക്രിസ്റ്റി, ജെന്നി എന്നീ രണ്ടു ഗവേഷകരാണ്. അവ്ര്ക്കു കിട്ടിയ 75000/- സ്ക്കോളർഷിപ്പിൽ നിന്നും 20,000/- ഈ കുടുംബത്തിനു കൊടുത്തു.കൂടാതെ ഈ ഗവേഷകർ മുൻകൈയെടുത്ത ബാക്കി തുക പിരിച്ചാണ് ഓട്ടോ വാങ്ങി കൊടുത്തത്.നാട്ടുകാരെക്കാൾ എത്രയോഭേദമാണ് വിദേശിയർ !

  മറുപടിഇല്ലാതാക്കൂ
 9. "അതുപോലെ ബൂലോഗത്തെ കമ്മ്യൂണിസ്റ്റ് സിംഹങ്ങൾക്കും അനുഭാവികൾക്കും. കള്ളന്മാരല്ലെങ്കിൽ അവർ വാതുറക്കുമെന്നു പ്രതീക്ഷിക്കാം !!"
  സംഭവം പച്ചക്കള്ളമാണെന്നു പറയാനെങ്കിലും ബൂലോകത്തെ കമ്മ്യൂണിസ്റ്റ് പുലികളെയും അനുഭാവിക്കരടികളെയും പ്രത്യയശാസ്ത്ര വിശാരദന്മാരെയും പേരിനു പോലും കാണുന്നില്ലല്ലോ ? സംഭവത്തെ അവഗണിച്ചു തമസ്ക്കരിക്കുകയായിരിക്കും ലക്ഷ്യം !

  മറുപടിഇല്ലാതാക്കൂ
 10. ചിത്രലേഖാവധത്തിനെതിരെ ശക്തമായ ഭാഷയിൽ ഞാനും പ്രതികരിക്കുന്നു.

  സ്ത്രീക്കെതിരെയും താഴ്ന്നജാതിക്കെതിരെയുമുള്ള അക്രമത്തോടൊപ്പം കണേണ്ട ഒന്നാണ്‌ സംഘടന ഗുണ്ടായിസം. ഈ ഗുണ്ടായിസം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്‌ പാവങ്ങളും, തീർച്ചയായും ഈ ഗണത്തിൽ കൂടുതലും ദളിതരും, സ്ത്രീകളും, കൃഷിക്കാരും...

  നീണ്ട 20 വർഷം വിനീത കോട്ടായി എന്ന വിധവക്കെതിരെ “വർഗസമരം” നടത്തിയതും കൂടെ ഓർക്കുക.

  പോസ്റ്റിൽ നിന്ന്‌:-

  “2005 -ൽ CITU, നടത്തിയ നവമിപൂജയിൽ !!!!!!

  CITU-വിൽ മെംബർഷിപ്പ് എടുത്താൽ മാത്രം വണ്ടിയോടിക്കാൻ അനുവദിക്കൂ!!!!!”

  മറുപടിഇല്ലാതാക്കൂ
 11. നിസ്സഹായന്‍,
  ഒറ്റപ്പെട്ട വിഷയം എന്നു തന്നെ പറയാം.
  അഥവാ ദലിത് പീഠനം എന്നത് സി.പി.എം മുഖമുദ്ര എന്ന് ആരോപിക്കാന്‍ തക്കവണ്ണമുള്ള ഒരു സംഭവമായി ഇതിനെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം ചെറുക്കപ്പെടണം. കാരണം സി.പി.എം എന്ന സംഘടനയുടെ നിലപാട് അതല്ല തന്നെ. അതിലേക്ക് ഞാന്‍ കൂടുതല്‍ കടക്കുന്നില്ല.

  കണ്ണൂര്‍ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ സംഭവങ്ങളിലും വാദിസ്ഥാനത്തോ പ്രതിസ്ഥാനത്തോ പാര്‍ട്ടി വരിക സ്വാഭാവികമാണ്, അത് പാര്‍ട്ടിയുടെ പ്രാതിനിധ്യമാണ് കാണിക്കുന്നത്. എന്നിരുന്നാലും പല സംഭവങ്ങളും പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നതാണെന്ന കാര്യത്തില്‍ വ്യക്തിപരമായി എനിക്ക് അഭിപ്രായവ്യത്യാസമില്ല.
  .
  ചിത്രലേഖ എന്ന സ്ത്രീയോട് ഇത്തരത്തിലുള്ള ക്രൂരത, അത് ആര് ചെയ്താലും, ജനമദ്ധ്യത്തില്‍ തുറന്നു കാട്ടപ്പെടേണ്ടതു തന്നെയാണ്. പാര്‍ട്ടി അംഗത്വം എന്നത് ഒരാളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തെ സ്വാധീനിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു, ബൊധപൂര്‍വ്വമായൊരു ശ്രമം നടന്നില്ലെങ്കില്‍ ഒരു തിരിച്ചുപോക്ക് ഇനി ഇല്ല താനും. അതിനാല്‍ തന്നെ കേരളീയ സമൂഹത്തില്‍ കാണപ്പെടുന്ന എല്ലാ തെറ്റുകുറ്റങ്ങളും പാര്‍ട്ടി അംഗങ്ങള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കും ഉണ്ടാവുക സ്വാഭാവികം തന്നെ. ചുരുക്കത്തില്‍ ഈ സംഭവത്തില്‍ കണ്ണൂരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രതിസ്ഥാനത്ത് വരാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.

  ഇത്രയധികം പാര്‍ട്ടി ശത്രുക്കളുള്ള ഈ നാട്ടില്‍, മാര്‍ക്സിസ്റ്റുകാരനെന്തുചെയ്യുന്നു എന്ന് ചാനലുകള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഈ നാട്ടില്‍, ഇത് പൊതു ചര്‍ച്ചയാവാത്തത് എന്തെന്ന് സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ തെളിയുന്നത് ഇതൊരു ദളിത് പീഢമാണ് എന്നതാണെന്ന് വ്യക്തമാവും. പക്ഷെ ഇത്തരം മാദ്ധ്യമ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

  സി.പി.എംനെ കൂട്ടില്‍ക്കയറ്റാന്‍ ഈ സംഭവത്തെ ഉപയോഗിക്കുന്നതിനുപകരം ദളിതനോടുള്ള കേരള സമൂഹത്തിന്റെ സമീപനം തുറന്നുകാട്ടാന്‍ ഉപയോഗിക്കുകയാവും ഫലപ്രദം.
  എന്തു തന്നെയായാലും എന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

  മറുപടിഇല്ലാതാക്കൂ
 12. അനിൽ,കഴിഞ്ഞ എഴുപതു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടികൾ ഭരണക്ഷിയായും,പ്രതിപക്ഷ കക്ഷിയായും,സാംസ്കാരിക രംഗത്തെ വൻ സാനിദ്ധ്യവുമായത് വലിയ പോരാട്ടത്തിന്റെയും,ഉയർന്ന നീതിബോധത്തിന്റേയും ചലനാത്മകതയിലാണ്.സാമൂഹ്യ-തൊഴിൽ രംഗങ്ങളിൽ നില നിന്ന ഫ്യൂഡ്ല്‌ ബ്ന്ധങ്ങളോട് കണക്കു തീർത്തുകൊണ്ടാണ്.അതുകൊണ്ടാണ് കീഴാളജാതികളായ കർഷകതൊഴിലാളികളും,മറ്റു ചെറുകിട പാരമ്പര്യ തൊഴിലുകാരും കമ്മ്യൂണിസ്റ്റുപാർട്ടിയെ നെഞ്ചിലേറ്റിയത്.നിരക്ഷരായ അവരൊരിക്കലും സൈദ്ധാന്തിക ബോധത്താലായിരുന്നില്ല.എന്നാൽ ഉയർന്ന സാമൂഹ്യ സ്ഥിതിയിലുണ്ടായുരുന്നവർ ലോകത്തിന്റെ മാറ്റം ഗ്രഹിച്ചവരുമായുരുന്നു.1964-ൽ കമ്മ്യൂണിസ്റ്റു പാർട്ടി പിളർന്നു.നേതാക്കൾ ഭൂരിപക്ഷവും സി.പി.ഐ യിലും അണികൾ ഭൂരിപക്ഷം സി.പി.എം ലും നിലയുറപ്പിക്കാനുണ്ടായ കാരണം തൊഴിൽ രംഗത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ,എറ്റെടുക്കാൻ എ.കെ.ജി.യെപോലെ ചിലരുണ്ടായിരുന്നതാണ്.ദേശീയ ജനാധിപത്യവും,ജനകീയ ജനാധിപത്യവുമായിരുന്നില്ല എന്നു ചുരുക്കം.പാർട്ടി ഭരണകക്ഷിയായി ,മദ്ധ്യ-താഴ്ന മദ്ധ്യവർഗങ്ങൾ പാർട്ടിയിലേയ്ക്ക് ഒഴുകി.ബഹുജനസംഘടനകൾക്ക് മേൽ കൈ നേടാനായി.പാർട്ടിയുടെ രൂപവും,പരിപാടികളും മാറുകയായിരുന്നു.ഇതിൽ ‘തള്ളി’പോയൊരു ജനത കീഴാളജാതികളായിരുന്നു.ഇതറിയണമെങ്കിൽ എഴുപതുകൾ കഴിഞ്ഞ പഴയ കാല പാർട്ടി പ്രവർത്തകരെ കണ്ടുപിടിച്ചാൽമതി.
  അനിലിനു മാധ്യമ സാന്നിദ്ധ്യം പ്രശ്നമാണന്നു തോന്നുന്നു.പാർട്ടിക്കിന്നു കാണുന്ന ഇത്തരം സൌഭാഗ്യങ്ങളൊക്കെയുണ്ടാകുന്നതിനു മുമ്പ് കൊച്ചിയിൽ നിന്നുമിറങ്ങുന്ന ‘ദേശാഭിമാനി’വൈകിട്ട് അഞ്ചര കഴിഞ്ഞാണ് നാട്ടിലെത്തിയിരുന്നത്.ആകെ പതിനൊന്നു കോപ്പി,അച്ച്ൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായതിനാൽ ഞങ്ങൾക്കും ഒരണ്ണമുണ്ടായിരുന്നു.അന്നൊന്നും പാർട്ടി നേരിടേണ്ടിവന്നിട്ടില്ലാത്ത നൂറുകൂട്ടം പ്രശ്നങ്ങൾ‌ ഇന്നുണ്ടാകുന്നതിന്റെ കാരണം സാവകാശം ചിന്തിക്കുക.
  നിസ്സഹായൻ പ്രതിസ്ഥാനത്ത് സി.പി.എം നെ പ്രതിഷ്ഠിക്കാൻ കാരണം ,സി.ഐ.ടി.യു വിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികൾ ഇങ്ങനെയൊരു നിലപാടെടുത്തപ്പോൾ,പാർട്ടി എന്തു ചെയ്തു..?
  പൊളിറ്റ്ബ്യൂറൊ മെമ്പറ്‌‘വൃന്ദാ’കാരാട്ടുവരെ ഇടപെട്ട കാര്യമാണ്.
  ഇപ്പോൾ പറയുന്നത് ചിത്രലേഖയെ ‘വേണമെങ്കിൽ’സമ്മതിക്കാം പക്ഷേ അവടെ കെട്ടിയോനെ പറ്റില്ലന്ന്.
  അനിൽ,ഇതിന്റെ ബലതന്ത്രം കേവലം തൊഴിൽ പ്രശ്നത്തിനുപരി ജാതിയുടെതുമാണന്നു തിരിച്ചറിയണം.അധികാരം പുരുഷനിലും അത് വളർന്ന് സവർണ്ണ പുരുഷനിലേക്കും നീളുന്ന സാമൂഹികതയെ തിരിച്ചറിയുന്നതാണ് മനുഷ്യത്വത്തിലേക്കേത്താനുള്ള വഴി.

  മറുപടിഇല്ലാതാക്കൂ
 13. തമിഴ്നാട്ടിൽ CPM വീണ്ടും അയിത്തമതിൽ പൊളിക്കുന്നു. പക്ഷേ പയ്യന്നൂരിലെ തെറ്റ് സമ്മതിക്കുന്നില്ല. അവിടെ ഞാനിട്ട കമന്റ് ഇവിടെയും പോസ്റ്റു ചെയ്യുന്നു.

  ദളിതരോടുള്ള അസ്പർശ്യമനോഭാവവും
  അയിത്തവും ഇന്ത്യയിലെ പൊതുമനോഭവമാണ്. കേരളത്തിലും അത് ഒട്ടും
  കുറവല്ലെന്ന് പയ്യന്നൂരിലെ സംഭവം തെളിയിക്കുന്നു. അതിൽ
  ട്രേഡുയൂണിയൻ-രാഷ്ട്രീയകക്ഷി ഭേദമില്ല. അതുകൊണ്ടാണ്
  സംഭവത്തെ നിഷേധിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി,
  ബി.എം.എസ് സംഘടനാ പ്രതിനിധികള്‍ പ്രസ്ഥാവനകളുമായി മുന്നോട്ടു
  വരുന്നത്. ഇങ്ങനെ നിഷേധിക്കേണ്ടത് പയ്യന്നൂരുകാരുടെയും പ്രത്യേകിച്ച്
  സി.ഐ.റ്റി.യുവിന്റെയും സി.പി.എമ്മിന്റെയും പ്രത്യേക ആവശ്യംകൂടിയാണ്. കാരണം മറ്റുള്ളവരെക്കാൾ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിൽ, അതും പ്രബുദ്ധത കൂടിയ കക്ഷിയായ സി.പി.മ്മിൽനിന്നും ഇങ്ങനെയൊരു പീഢനമുണ്ടാകുന്നത് അന്താരാഷ്ട്രനാണക്കേടാണ്. അതുകൊണ്ടാണ് യാതൊരു ലജ്ജയുമില്ലാതെ കാര്യങ്ങൾ തുടർന്നും നിഷേധിക്കുന്നത്.
  യഥാർത്ഥത്തിൽ ദുരഭിമാനം വെടിഞ്ഞ്, പറ്റിപ്പോയ തെറ്റു
  സമ്മതിച്ച്, അതു തിരുത്താനുള്ള നടപടികൾ നീക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ മനുഷ്യസ്നേഹികളാണെങ്കിൽ ചെയ്യേണ്ടത്. ഇപ്പോഴുണ്ടായ പീഢത്തിന് സി.പി.എമ്മിനെ മാത്രമായി ആരും കുറ്റം പറയില്ല. കാരണം ജാതിബോധം
  നിലനിക്കുന്ന ഒരു സമൂഹത്തിലെ സാധാരണ ജനങ്ങളാണ് പീഢകർ. അവരെ ഉദ്ബോധിപ്പിക്കുകയും തെറ്റു മനസ്സിലാക്കിക്കുകയും ചെയ്യുകയാണ് പാർട്ടി നേതൃത്വം ചെയ്യേണ്ടത്. അല്ലെങ്കിൽ ഒരു ഐക്യകക്ഷിയോഗം വിളിച്ച് പ്രശ്ന
  പരിഹാരത്തിന് ശ്രമിക്കണം. സി.പി.എമ്മുകാർ മാത്രമല്ലല്ലോ തെറ്റുകാർ. പൊതുമനോഭാവമല്ലെ മാറേണ്ടത്. ആ കുടുബത്തെ നിർഭയം ജീവിക്കാനനുവദിക്കുക. രണ്ടുപേരെയും തൊഴിൽ ചെയ്തു ജീവിക്കാൻ അനുവദിക്കുക. അവർക്ക് അനുവദിച്ച ഭവനപദ്ധതി പ്രകാരമുള്ള 75000 രൂപയിൽ 15000 കഴിച്ച് ബാക്കി തുക സാങ്കേതിക കാരണം പറഞ്ഞ്
  നിഷേധിക്കാതെ അതുകൊടുത്ത് സഹായിക്കുക. അവരോടുള്ള
  പ്രതികാരബുദ്ധിയും വൈരാഗ്യവും വെടിയാൻ തദ്ദേശീയരെ
  ബോധവത്ക്കരിക്കുക. ഇതൊക്കെയാണ് ഒരു നല്ല പാർട്ടിക്കു ചെയ്യാവുന്നത്.
  പക്ഷേ ആ ദിശയിലേക്കല്ല കാര്യങ്ങൾ പോകുന്നത്. കള്ളങ്ങൾക്ക് മീതെ
  കള്ളങ്ങൾ പറഞ്ഞ് സ്വയം ന്യായീകരീക്കാൻ ലജ്ജയില്ലേ നിങ്ങൾക്ക് ?!

  മറുപടിഇല്ലാതാക്കൂ
 14. വിനീതയുടെ ദുര്‍വിധി കേരള മനസ്സാക്ഷിയില്‍ ഏല്‍പിച്ച മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല . ഇപ്പോള്‍ ചിത്രലെഖയും. പാര്‍ടിയുടെ ഇപ്പോഴത്തെ പലനിലപാടുകളും സാധാരണ ജനങ്ങളെ ഒരുപാടു വേദനിപ്പിക്കുന്നത് തന്നെ. അല്ലെങ്കിലും പാര്‍ടിക്കിപ്പോള്‍ സാധാരണ ജനങ്ങള്‍ ഒരാവശ്യമല്ലല്ലോ! ധനികരുടെ പാര്‍ടിയില്‍ സാധാരണകാരനു എന്ത് പ്രസക്തി " പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം" ........സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 15. കുറച്ചധികം ദിവസമാ‍യി ഒരു പോസ്റ്റിടണം കരുതിയിട്ട്.

  ഇതിലെ പലവിധ വർണ്ണങ്ങൾ മാറ്റി എല്ലാം ബ്ലാക്കിൽ തന്നെ ഫോർമാറ്റ് ആക്കുമോ ദയവായി? വായിക്കുമ്പോൾ കണ്ണടിച്ചു പോകുന്നു...

  മറുപടിഇല്ലാതാക്കൂ
 16. @Inji Pennuഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ ?

  മറുപടിഇല്ലാതാക്കൂ
 17. പന്ത്രണ്ടാം തീയതി പയ്യന്നൂരിൽ നടന്ന കൺവെൻഷന്റെ റിപ്പോർട്ട് ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഢ്യം എന്ന പോസ്റ്റിലും ചിത്രകാരന്റെ പോസ്റ്റിലും ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 18. @ഒരു യാത്രികന്‍ വന്നതിന് നന്ദി. താഴെ കാണുന്ന ലിങ്കുകളും നോക്കുക..

  മറുപടിഇല്ലാതാക്കൂ
 19. സിപിഎം അനുഭാവി എന്ന നിലയില്‍ മനോവിഷമം തോന്നുന്ന നിമിഷങ്ങള്‍ വേറേയും ഉണ്ടായിട്ടുണ്ട്. ഇതും അത്തരത്തില്‍ ഒന്ന്. മുകളില്‍ ചിത്രകാരന്‍ സൂചിപ്പിച്ചത് തന്നെയാണ് എനിയ്ക്കും പറയാനുള്ള. സവര്‍ണതയുടെ അധിനിവേശത്തിന് ഇരയായ സിപിഎമ്മിനെ അടച്ചാക്ഷേപിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണം സവര്‍ണതാവിഷം ഇറക്കുന്നതായിരിയ്ക്കും.

  മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം